എഴുത്ത് – ജംഷീർ കണ്ണൂർ.

ഇതൊരു ഒരു സാഹിത്യകാരൻ തന്റെ ഭാവനയ്ക്ക് അനുസരിച്ച് തൂലിക ചലിപ്പിച്ചുണ്ടാക്കിയ കഥ അല്ല. മറിച്ച് നമ്മളെ പോലെ ആഗ്രഹങ്ങൾ ഉള്ള ഒരു സഞ്ചാരി എന്നോട് പങ്ക് വെച്ച അനുഭവങ്ങൾ നിങ്ങളുടെ അറിവിലേക്കായി ഞാൻ കുത്തി കുറിച്ചതാണ്. എഴുത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പറയട്ടെ, ഈ എഴുത്ത് നാല് ലൈക്കിനു വേണ്ടി മാത്രം എഴുതിയതല്ല. ഒരു സഞ്ചാരി, റൈഡർ എന്ന നിലക്ക് ഞാൻ അറിഞ്ഞ കാര്യങ്ങൾ മറ്റ് റൈഡേഴ്സിന്റെ നന്മ മാത്രം ഉദ്ദേശിച്ച് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ വാട്ട്സപ്പിലേക്ക് ഒരു മെസേജ് വന്നു.ഒരു പാവം തൃശ്ശൂർക്കാരൻ ചങ്ങാതി. ആൾ എന്റെ FB ഫ്രണ്ട് ആണ്. പുള്ളിയുടെ പേര് ഈ എഴുത്തിൽ കൊടുക്കരുത് എന്ന് പറഞ്ഞത് കൊണ്ട് പേര് തൽക്കാലം ഇവിടെ കൊടുക്കുന്നില്ല. പ്രായം വെച്ച് നോക്കുമ്പോൾ പുള്ളി എന്നെക്കാൾ മൂത്ത ആൾ ആയത് കൊണ്ട് എല്ലാവരും വിളിക്കുന്നത് പോലെ ഞാനും പുള്ളിയെ വിളിക്കുന്നത് അച്ചായൻ എന്നാണ്.

പുള്ളി ചാറ്റിംഗ് ആരംഭിച്ചത് തന്നെ ലഡാക്ക് ക്യാരിയറെ കുറിച്ചു ചോദിച്ചു കൊണ്ടായിരുന്നു. പതിവ് പോലെ തന്നെ എന്താ നിങ്ങൾ ലഡാക്കിലേക്ക് പോകാനുള്ള ഒരുക്കത്തിലാണോ എന്ന എന്റെ മറു ചോദ്യം. അതിനുള്ള മറുപടി ഇപ്രകാരമായിരുന്നു. ഹേ അല്ല bro, എന്റെ ലഡാക്ക് എന്ന സ്വപ്നം അതൊക്കെ അന്നേ തകർന്നു. നിങ്ങൾ 4 പേരുടെയും ലഡാക്ക് യാത്രയുടെ ഫോട്ടോ നിങ്ങൾ Fb യിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ കാണാറുണ്ട്. അത് കാണുമ്പോൾ എനിക്ക് സങ്കടം വരും. ഇതു കേട്ടപ്പോൾ സ്വഭാവികമായും എല്ലാവരും ചോദിക്കുന്നത് പോലെ തന്നെ ഞാനും പുള്ളിയോട് ചോദിച്ചു. “അതെന്താ ഭായി നിങ്ങൾ അങ്ങനെ പറഞ്ഞത്. നിങ്ങളുടെ സ്വപ്ന യാത്ര എങ്ങനെ ആണ് മുടങ്ങിയത്?”

ആ ചോദ്യത്തിന് പുള്ളി എനിക്ക് തന്ന ഉത്തരമാണ് ഈ എഴുത്തായി നിങ്ങളുടെ മുന്നിൽ എത്താനുള്ള കാരണം. പുള്ളി വർഷങ്ങളായി മനസ്സിൽ നിധിപോലെ കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു സ്വന്തം ബൈക്കുമായി ലഡാക്കിലേക്ക് പോവുക എന്നത്. ആദ്യം വീട്ടുകാരുടെ സമ്മതം കിട്ടാനായിരുന്നു പ്രയാസം അത് കിട്ടിയതോട് കൂടി യാത്രക്കുള്ള വഴി തുറന്നു. ഒറ്റക്ക് യാത്ര ചെയ്യാനുള്ള മടി കാരണം തനിക്ക് അറിയുന്ന സുഹുർത്തുക്കളുമായി യാത്രയെ പറ്റി ചർച്ച ചൈതു. എന്തൊ ചങ്കു പോലെ ഉണ്ടായിരുന്ന ചങ്ങാതിമാർ ആരും ആ യാത്രക്ക് താൽപര്യം പ്രകടിപ്പിച്ചില്ല.

അത് തന്റെ യാത്രക്ക് തടസ്സം നേരിടുന്നു എന്ന് കണ്ടപ്പോൾ കേരളത്തിലെ പ്രമുഖ യാത്ര ഗ്രൂപ്പിൽ പുള്ളി ഒരു പോസ്റ്റ് ഇട്ടു. ഞാൻ ഒരു ലഡാക്ക് യാത്രക്ക് ഒരുങ്ങുകയാണ്. എന്റെ കൂടെ യാത്ര ചെയ്യാൻ താൽപര്യമുള്ളവർ കോൺട്ടാക്റ്റ് ചെയ്യുക. അതു പ്രകാരം 3 പേർ ആ യാത്രക്ക് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നു. വന്നതിൽ 2 പേർ മലപ്പുറം സ്വദേശികളും. ഒരാൾ വയനാട് സ്വദേശിയും ആയിരുന്നു.

അങ്ങനെ നാല് പേരും കൂടി ഒരു വാട്ട്സപ്പ് ഗ്രൂപ്പ് തുടങ്ങി. നാല് പേരിൽ വയസ്സിന് മൂത്ത ആൾ എന്ന നിലക്ക് പുതുതായി വന്ന 3 പേരും കൂടി പുള്ളിയെ ടീം ക്യാപ്റ്റനും ആക്കി. റൂട്ടും മറ്റു പ്ലാനുകളും ചർച ചെയ്തു. അമിത വേഗത പാടില്ല എന്നും, വളരെ അച്ചടക്കത്തോടെ ആയിരിക്കണം റൈഡ് ചെയ്യാൻ പാടുള്ളു എന്നൊക്കെ ഉള്ള ഉപദേശ, നിർദ്ദേശങ്ങളും തന്റെ അനുജൻമാരുടെ പ്രായം വരുന്ന സഹ യാത്രികരായ ടീമിന് നൽകി. ആ സമയത്തൊക്കെ അവരുടെ മറുപടി എല്ലാം അച്ചായൻ തീരുമാനിച്ചാ മതി ഞങ്ങൾ അച്ചായനെ പിന്നിൽ അണി നിരന്നോളാം എന്ന്.

അങ്ങനെ തീരുമാനിച്ചത് പോലെ തന്നെ അവർ 4 പേരും രണ്ട് ബൈക്കിൽ ആയി യാത്ര ആരംഭിച്ചു. ഒന്ന് രണ്ട് ദിവസങ്ങൾ നല്ല രീതിയിൽ തന്നെ വളരെ സന്തോഷത്തോടു കൂടി യാത്ര മുന്നോട്ട് പോയി. കേരളം വിട്ട് കർണാടക എത്തിയതോടെ 3 പേരുടെയും സ്വഭാവം മാറി തുടങ്ങി. റൈഡിനിടയിൽ യാതൊരു നിയന്ത്രണവുമില്ലാതെ കിട്ടുന്ന ഭക്ഷണം അമിതമായി കഴിച്ചും, അതോടപ്പം വാഹനം അമിത വേഗതയിൽ അവർ ഓടിക്കാനും തുടങ്ങി.

ആ സമയം ഒക്കെ റൈഡിനിടയിൽ ഇങ്ങനെ ഭക്ഷണം വാരി വലിച്ച് കഴിക്കരുത് എന്നും അങ്ങനെ ചെയ്യുമ്പോൾ വണ്ടി ഓടിക്കുന്ന സമയത്ത് ഉറക്കം വരാനും അതിലൂടെ അപകടം സംഭവിക്കാനും, അതുപോലെ കണ്ണിൽ കണ്ടെതല്ലാം വാരി വലിച്ച് തിന്നാൽ ഫുണ്ട് പോയിസൻ വരെ സംഭവിക്കാനുള്ള ചാൻസും, അതുപോലെ അമിത വേഗത മറ്റ് വലീയ ആപത്തിലേക്ക് എത്തിക്കും എന്നും പുള്ളി കൂടെ കൂടെ അവരെ ഉപദേശിച്ചു. എന്ത് പ്രയോജനം? പുള്ളിയുടെ വാക്ക് അവർ ചെവി കൊണ്ടില്ല. പുള്ളിയുടെ ഉപദേശങ്ങൾ അവർക്ക് 3 പേർക്കും ഒരു പ്രയാസമായി മാറി.

പിന്നീട് അവർ പ്രതികരിക്കാൻ തുടങ്ങി. നാട്ടിൽ 70 – 80 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിച്ച് ശീലിച്ച പുള്ളിക്ക് ഇവരുടെ വേഗതയ്ക്ക് അനുസരിച്ച് ഓടി എത്താൻ പറ്റാതായപ്പോൾ അവരുടെ കുറ്റപ്പെടുത്തലുകളും, കളിയാക്കലും കൂടി വന്നു. വളരെ സന്തോഷത്തോടും, പ്രതീക്ഷകളോടും കൂടി തുടങ്ങിയ യാത്ര പിന്നീട് മനം മടുപ്പിക്കുന്നതായി മാറിയപ്പോൾ തന്റെ ഭാര്യയേയും സുഹുർത്തുക്കളെയും വിളിച്ച് എനിക്ക് ഇവരോടത്ത് യാത്ര ചെയ്യാൻ സാധിക്കില്ല എന്നും, ഡൽഹിയിൽ എത്തിയാൽ ഞാൻ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞു.

ഇതൊക്കെ കണക്കു കൂട്ടി അവരോടപ്പം ഡൽഹി ലക്ഷ്യമാക്കി യാത്ര തുടർന്നു. യാത്ര രാജാസ്ഥാനിൽ എത്തിയപ്പോൾ പുള്ളി ഭയപ്പാടോടെ കണ്ട കാര്യം തന്നെ സംഭവിച്ചു.
പുള്ളിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ബൈക്ക് അമിത വേഗതയിൽ എതിരെ വന്ന ട്രാക്ട്ടറുമായി കൂട്ടി ഇടിച്ചു. രക്തത്തിൽ കുളിച്ച് കിടന്നിരുന്ന രണ്ടു പേരെയും വാരി എടുത്ത് പുള്ളിയും കൂടെ ഉണ്ടായിരുന്ന ആളും കൂടി നേരെ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. അടിയുടെ അഘാതത്തിൽ ഒരാൾക്ക് തലക്ക് ക്ഷതം പറ്റി. ഒരാൾക്ക് ശരീരത്തിൽ ഒമ്പതോളം ഫാക്ചർ സംഭവിച്ചു. അവരുടെ ആയുസ്സിന്റെ ബലം കൊണ്ടും, വീട്ടുകാരുടെ ഭാഗ്യം കൊണ്ടും അവർ കഠിന പരിക്കുകളോട് കൂടി രക്ഷപ്പെട്ടു.

അതോട് കൂടി ലഡാക്ക് എന്ന സ്വപ്ന യാത്രക്ക് അവിടെ അവസാനം കണ്ടു. ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട വണ്ടി നാട്ടിൽ എത്തിച്ചു. വണ്ടിയുടെ രൂപം കണ്ട പുളളിയുടെ വൈഫും, അമ്മയും കൂടി പുള്ളിയെ കെട്ടി പിടിച്ച് കരഞ്ഞത്രെ. അതിന്റെ കൂടെ ഒരു കാര്യം കൂടി വീട്ടുകാർ പറഞ്ഞു. ഇനി മേലാൽ ഇങ്ങനെ ഒരു യാത്രക്ക് പോകരുതെന്നും, പോകാനാണ് പുറപ്പാട് എങ്കിൽ ഞങ്ങൾ സമ്മതിക്കില്ല എന്നും കൂടി പറഞ്ഞതോട് കൂടി ലഡാക്കെന്ന സ്വപ്നം എന്നന്നേക്കുമായി പുള്ളിയുടെ ജീവിതത്തിൽ തിരശ്ശീല വീണു.

ഈ അനുഭവം വായിച്ചിട്ട് നിങ്ങൾക്കെന്ത് തോന്നുന്നു? വാക്കിന് വില കൊടുക്കാതെ നടത്തിയ അമിത വേഗത വരുത്തി വെച്ച വിന തകർത്തത് രണ്ട് പേരുടെ ജീവിതവും. ഒരു വ്യക്തിയുടെ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നവുമാണ്. പലപ്പോഴും പല റൈഡേഴ്സും അമിതവേഗതയിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. നമ്മൾ സഞ്ചാരികൾ ബൈക്കുമായി ഊരുതെണ്ടലിന് ഇറങ്ങുന്നത് തന്നെ നമുക്ക് ചുറ്റുമുള്ള ലോകം കണ്ട്‌ ആസ്വദിക്കാനല്ലേ. ഇങ്ങനെ വേഗതയിൽ വണ്ടി പായിച്ചാൽ നിങ്ങൾക്ക് എങ്ങനെ ആണ് ആ റൈഡ് ആസ്വദിക്കാൻ കഴിയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അതുപോലെ തന്നെ നിങ്ങൾ യാത്ര തുടങ്ങി കഴിഞ്ഞാൽ നിങ്ങൾ ലക്ഷ്യത്തിൽ എത്തി നിങ്ങളുടെ വീടുകളിൽ തിരിച്ചെത്തുന്നത് വരെ നിങ്ങളെയും കാത്ത് നിങ്ങളുടെ കുടുംബം ഉറങ്ങാതെ, സമാധാനമില്ലാതെ കാത്തിരിക്കുന്നുണ്ട് എന്ന ഓർക്കുന്നത് നന്നായിരിക്കും. ഒരു നേരത്തെ അശ്രദ്ധ ചിലപ്പോൾ ഒരു ആയുസ്സിന്റെ കണ്ണീരിന് ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.