ലേഖകൻ – പ്രകാശ് നായർ മേലില.

ടിക്കറ്റു വിൽപ്പന , സ്റ്റേഷൻ ക്ളീനിങ് , ടിക്കറ്റ് ചെക്കിങ് , കുടി വെള്ള വിതരണം എല്ലാം നിയന്ത്രിക്കുന്നത് ഗ്രാമീണരാണ്. ഒരൊറ്റ റെയിൽവേ ജീവനക്കാർ പോലും ഇവിടെ ജോലിയിലില്ല. റെയിൽവേ സ്റ്റേഷന്റെ പൂർണ്ണനിയന്ത്രണം ഇവിടെ ഗ്രാമീണർക്കാണ്. രാജസ്ഥാനിലെ സീക്കർ ജില്ലയിലുള്ള സീക്കർ – ലക്ഷ്മൺഗഡ് മീറ്റർ ഗേജ് ലൈനിലെ റഷീദ്‌പുര ഖോറി ( RASHIDPURA KHORI ) റെയിൽവേ സ്റ്റേഷനാണ് ഇങ്ങനെ പൂർണ്ണമായും ഗ്രാമീണർ ഏറ്റെടുത്തു നടത്തുന്നത്. ഇതിനുള്ള കാരണമുണ്ട്..

നോർത്ത് -വെസ്റ്റ് റെയിൽവേയുടെ ജയ്‌പൂർ ഡിവിഷന് കീഴിലുള്ള ഈ സ്റ്റേഷൻ വളരെ നഷ്ടം സഹിച്ചാണ് നടത്തിക്കൊണ്ടു പോയത്. തന്മൂലം 2005 ൽ റെയിൽവേ ഈ സ്റ്റേഷൻ അടച്ചുപൂട്ടി.സ്റ്റേഷൻ അടച്ചുപൂട്ടിയതുമൂലം പാൽത്താന, പ്രതാപ്ഗഡ് , റഷീദ്‌പുര ഖോറി മുതലായ ഗ്രാമങ്ങളിലെ ഇരുപതിനായിരത്തോളം യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ആളുകൾ നിരവധി തവണ റെയിൽവേ അധികാരികളെക്കണ്ടു നിവേദനം നൽകി. നേതാക്കളെയും മന്ത്രിമാരെയും കണ്ടു.. ഒരു പ്രയോജനവുമില്ല.

 

ഒടുവിൽ സ്റ്റേഷൻ ഏറ്റെടുത്തു ലാഭത്തിൽ നടത്താൻ തങ്ങൾ തയ്യാറാണെന്ന് ഗ്രാമീണർ റെയിൽവേയെ അറിയിച്ചു. റെയിൽവേ നിരവധി കൂടിയാലോചനകൾ നടത്തി ഒരു നിർദ്ദേശം ആളുകൾക്ക് മുന്നിൽ വച്ചു. അതായത് സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുക്കുന്ന തോടൊപ്പം മാസം മൂന്നു ലക്ഷം രൂപയുടെ ടിക്കറ്റും വാങ്ങണം. ആളുകൾ നിർദ്ദേശം സ്വീകരിച്ചു. വിശാലമായ ഒരു കമ്മിറ്റിക്കു രൂപം നൽകി മൂന്നുലക്ഷം രൂപ കളക്ഷൻ നടത്തി ശേഖരിച്ചു.

വിജയ് എന്ന ഒരു യുവാവിന്റെ നേതൃത്വത്തിലുള്ള ടീമിനെ ടിക്കറ്റ് വാങ്ങിക്കൊണ്ടുവരാനും വിൽക്കാനായി ഏൽപ്പിച്ചു.ഒപ്പം സ്റ്റേഷന്റെ ഉത്തരവാദിത്വങ്ങളും. ഇതിനുപകരമായി ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുകയിൽ 15 % കമ്മീഷനായി അവർക്കെടുക്കാം. ആദ്യമാസ ടിക്കറ്റ് വിൽപ്പന റിക്കാർഡായിരുന്നു.5 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റത്.ഇതിൽ യാത്രക്കാരുടെയും അല്ലാത്തവരുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു. ഒരു ടിക്കറ്റ് വേണ്ടവർ രണ്ടും മൂന്നും ചിലപ്പോൾ,പത്തു ടിക്കറ്റുകൾ വരെ വാങ്ങി സഹകരിച്ചു..

ഗ്രാമീണരുടെ നേതൃത്വത്തിലുള്ള ഒരു ടീം സ്റ്റേഷൻ പരിസരത്തു സദാ സജീവമാണ്. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാനും ശുചീകരണപ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമാണിത്. റെയിൽവേയുടെ പ്രശംസ ഇവരെത്തേടിയെത്തി..അത്ര മഹത്തരമായിരുന്നു പ്രവർത്തനങ്ങൾ.

കഴിഞ്ഞ 6 വർഷം നാട്ടുകാർ ഈ സ്റ്റേഷൻ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിപ്പോന്നു. 5 ലക്ഷത്തിനു മുകളിൽ എല്ലാ മാസവും ടിക്കറ്റുകൾ വിറ്റു.ഇപ്പോൾ റൂട്ട് ബ്രോഡ്ഗേജ് ആക്കുന്നതിന്റെ ഭാഗമായി ട്രെയിനുകൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. പണികൾ തകൃതിയായി നടക്കു ന്നകൂട്ടത്തിൽ RASHIDPURA KHORI സ്റ്റേഷനും പുതുക്കിപ്പണിയുക യാണ്. ഈ വർഷം തന്നെ പണികൾ പൂർത്തിയായി ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് കണക്കുകൂട്ടൽ…

RASHIDPURA KHORI ഗ്രാമീണരുടെ ഉത്സാഹവും ,അർപ്പണബോ ധവും കണക്കിലെടുത്ത് ഇനിമുതൽ ഇവിടെ എല്ലാ ട്രെയിനുകൾക്കും ഹാൾട്ടിങ് അനുവദിക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. അപ്പോഴും ടിക്കറ്റ് വിൽപ്പനയും സ്റ്റേഷൻ സംരക്ഷണവും നാട്ടുകാരുടെ ചുമതലയായിരിക്കുമെങ്കിലും ടാർജെറ്റ് ഉണ്ടാകാനുള്ള സാദ്ധ്യതയില്ല. വളരെ മാതൃകാപരമായ ഒരു ചുവടുവെപ്പിലൂടെ രാജ്യത്തിനുതന്നെ അഭിമാനമായി മാറിയിരിക്കുന്നു റാശിദ്‌പുറ ഖോറി ഗ്രാമവും ഗ്രാമീണരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.