എഴുത്ത് – ദിവ്യ ഗായത്രി.
കഴിഞ്ഞ ദിവസം ഒരു എറണാകുളം ഫാസ്റ്റ് പാസ്സന്ജർ ബസിൽ ഞാൻ നേരിട്ട ഒരു ദുരനുഭവമാണ് ഇത്. കൊല്ലം ജില്ലയിൽ പുത്തൻതുറയിൽ സ്കൂൾ കൗൺസിലറായി ഞാൻ ജോലി ചെയുന്നു. ഹൈവേ സൈഡ് ആണെകിലും സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ശങ്കരമംഗലം, തത്ത നിന്നാണ് ബസ് കയറുന്നത്.
കഴിഞ്ഞ ദിവസം ഈ സ്റ്റോപ്പിൽ നിന്ന് വൈകിട്ട് 3 മണിക്ക് നമ്പർ KL-15 A724 PVMഎറണാകുളം ഫാസ്റ്റ് പാസ്സന്ജർ ബസിൽ കയറി. എന്നാൽ ഞാൻ ബസിൽ കയറുന്നതിന് മുൻപ് തന്നെ കണ്ടക്ടർ ബെല്ലടിച്ചിരുന്നു. കണ്ടക്ടർ വന്നപ്പോൾ ആൾ കയറുന്നതിന് മുൻപ് ബെൽ അടിച്ചതിനെ പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചെങ്കിലും മറുപടി “എങ്ങോട്ടാ?” എന്നായിരുന്നു. “ഒരു ഹരിപ്പാട്” എന്ന് പറഞ്ഞതും കണ്ടക്ടർ 45 രൂപ ടിക്കറ്റ് എനിക്ക് നേരേ നീട്ടി. “സാധാരണ ഗതിയിൽ ഫാസ്റ്റ് പാസ്സന്ജറിൽ ഹരിപ്പാട് വരെ 38 അല്ലേ ചാർജെന്ന” എന്റെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും നൽകിയില്ല. “പൈസ കിട്ടാൻ ഞാൻ എന്താ ഇവിടെ കാത്തു കെട്ടി കിടക്കണോ “എന്നായി അടുത്ത മറുപടി..” തിരക്കായത് കൊണ്ടല്ലേ സാർ” എന്നു പറഞ്ഞു ഞാൻ ബാഗിൽ നിന്ന് 50 രൂപ എടുത്ത് കണ്ടക്ടർ നു നൽകി. അയാൾ കാവനാട് എന്നാ സ്ഥലത്ത് നിന്നുള്ള 45 രൂപ ടിക്കറ്റും 10 രൂപ ബാലൻസും തന്നു. ബസിന്റെ പിന്നിലേക്ക് നടന്നു.
പിന്നീട് യാത്രക്കാർ വന്നും പോയി ഇരുന്നു. അയാൾ ഓരോ തവണ ബസിനു മുൻപിലേക് വരുമ്പോഴും എന്നേ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. കായംകുളം സ്റ്റാൻഡിൽ ബസ് എത്തിയപ്പോഴേക്കും ബസിലെ തിരക്ക് കുറഞ്ഞു ഞാൻ ഡ്രൈവർ ന്റെ തൊട്ട് പിറകിലുള്ള സീറ്റിൽ ഇരുന്നു. തൊട്ട് അടുത്തിരുന്ന ഒരു അമ്മക്ക് ടിക്കറ്റ് കൊടുക്കാൻ ഇയാൾ മുൻപിൽ വന്നു. അപ്പോൾ കൈയിൽ ചില്ലറ കണ്ടപ്പോൾ ഞാൻ ബാലൻസ് കിട്ടാനുള്ള രൂപ ചോദിച്ചു. “ഹാ തരാം” എന്ന് ദേഷ്യപ്പെട്ട ഇദ്ദേഹം പോയി.
ഹരിപ്പാട് സ്റ്റാൻഡ് എത്തിയപ്പോൾ ഞാൻ ബസിൽ നിന്ന് ഇറങ്ങി കണ്ടക്ടറുടെ സീറ്റിന് അടുത്ത് ചെന്നു. ഒന്നും അറിയാത്ത രീതിയിൽ “എന്താ” എന്ന് കണ്ടക്ടർ. ഞാൻ വീണ്ടും ബാലൻസ് ചോദിച്ചതും അയാൾ പൈസ പൊക്കി താഴേക്കു ഇട്ടു. കോയിൻ വണ്ടിയുടെ അടിയിലേക്ക് പോയി. ഞാൻ ഇത് ചോദ്യം ചെയ്തപ്പോൾ “വേണേൽ എടുത്തോണ്ട് പോ, അല്ലെ കൊണ്ടു കേസ് കൊടുക്ക്” എന്നായിരുന്നു ഈ മാന്യൻ മറുപടി നൽകിയത്.
സ്റ്റേഷൻ മാസ്റ്റർ അടക്കം ഉള്ളവർ കണ്ടക്ടറുടെ ഈ പ്രവർത്തി കണ്ടതാണ്. ആളുടെ frustration കാരണം പെരുമാറിയതാകാം എന്നായി സ്റ്റേഷൻ മാസ്റ്റർ. പബ്ലിക് ൽ പലർക്കും KSRTC ജീവനക്കാരിൽ നിന്ന് ഇത്തരം തിക്താനുഭവങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ പരാതി നൽകിയാൽ ഫലം ഇല്ല എന്നത്കൊണ്ടാവാം പലരും ഇതിന് മുതിരാത്തത്. ചില്ലറയില്ലാത്തതിന് അലറുന്നതിന് മുൻപ്, സ്കൂൾ ബാഗിട്ട് കയറുന്ന നമ്മുടെ കുട്ടികളെ നോക്കി ശകാരിക്കും മുൻപ് രാത്രികാലങ്ങളിൽ ബസ് സ്റ്റോപ്പ് മാറിനിർത്തുന്നതിന് മുൻപ് ഇനിയവർ ആലോചിക്കട്ടെ. KSRTC ആരുടെയും ഔദാര്യം അല്ല അവകാശം ആണ്..