ഒരുകാലത്ത് ഇന്ത്യൻ ഏവിയേഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഒരു എയർലൈനായിരുന്നു ഇന്ത്യൻ എയർലൈൻസ്. ഇന്ത്യയുടെ ഫ്ലാഗ് കാരിയർ എയർലൈനുകളിൽ ഒന്നായിരുന്ന ഇന്ത്യൻ എയർലൈൻസ് 2011 ൽ എയർ ഇന്ത്യയുമായി ലയിച്ച് എന്നെന്നേക്കുമായി ഓർമ്മകളിൽ മറഞ്ഞതാണ്‌. എന്നാൽ അതേ ഇന്ത്യൻ എയർലൈൻസ് 2020 ൽ സർവ്വീസ് നടത്തുന്നുവെന്നു കേട്ടാൽ ആരായാലും അത്ഭുതപ്പെട്ടു പോകും അല്ലേ? അത്തരത്തിൽ ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം വൈറലായി മാറിയിരിക്കുകയാണ്.

സ്‌കോട്ട്ലണ്ടിലെ ഗ്ലാസ്‌ഗോയിലെ പ്രെസ്ട്വിക് എയർപോർട്ടിലാണ് 80 കളിലെ ലിവെറിയോടെ ഇന്ത്യൻ എയർലൈൻസ് വിമാനം ആളുകളുടെ കണ്ണിൽപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ട ഈ ഇന്ത്യൻ എയർലൈൻസ് വിമാനം ഏതാണെന്നാണ് പലരും ചിന്തിക്കുന്നത്.

എന്നാൽ കേട്ടോളൂ ഇത് ശരിക്കും ഒറിജിനൽ ഇന്ത്യൻ എയർലൈൻസ് വിമാനമല്ല. ഒരു സിനിമാ ഷൂട്ടിംഗിനായി പഴയ ഇന്ത്യൻ എയർലൈൻസ് വിമാനം റിക്രിയേറ്റ് ചെയ്തതാണ്. അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന ‘ബെൽ ബോട്ടം’ എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇന്ത്യൻ എയർലൈൻസ് വിമാനം ഒരിക്കൽക്കൂടി എയർപോർട്ടിൽ നിലംതൊട്ടത്‌.

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ചാർട്ടർ എയർലൈനായ ടൈറ്റൻ എയർവെയ്‌സിൻ്റെ എയർബസ് A321 വിമാനത്തിലൊരെണ്ണമാണ് ലിവെറി മാറ്റി ഇന്ത്യൻ എയർലൈൻസ് ആയി മാറിയിരിക്കുന്നത്. 1980 കളിൽ നടക്കുന്ന വിമാനം ഹൈജാക്ക് ചെയ്യുന്ന കഥയായതിനാലാണ് ചിത്രത്തിൽ അക്കാലത്തെ പ്രമുഖ എയർലൈനായ ഇന്ത്യൻ എയർലൈൻസും അഭിനയിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തെത്തിയതോടെ ഏവിയേഷൻ ആരാധകർ ധാരാളമായി എയർപോർട്ടിലേക്ക് എത്തിത്തുടങ്ങി. ഷൂട്ടിംഗ് കാണുക എന്നതിലുപരി പഴയ ഇന്ത്യൻ എയർലൈൻസ് വിമാനം അതേ ലിവറിയിൽത്തന്നെ ഒന്ന് കാണുവാൻ സാധിക്കുമോ എന്ന പ്രതീക്ഷയിലാണ് ഇവർ എയർപോർട്ട് പരിസരത്ത് എത്തുന്നത്.

കോവിഡ് പ്രശ്നങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്താണ് പുനരാരംഭിച്ചത്. 2021 ഏപ്രിൽ മാസത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. എന്തായാലും ഒരു കിടിലൻ പ്ലെയിൻ ഹൈജാക്കിംഗ് മൂവി കാണുവാൻ തയ്യാറായി ഇരുന്നോളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.