കാണ്ഡഹാർ ഹൈജാക്ക്; തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനം

Total
54
Shares

Courtesy: Vimal Gayathri, ‎Liju Tirur‎, National Geographic Channel & Google images.

ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു.

പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി!

ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു.

തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, ‘ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല’ എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ‘ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട’ എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി!

അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked!

ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും.

പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!

സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി.

എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.

എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി.

ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു.

പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു – “we all dying now. we are heading towards lahore”!! അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!

പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു!

ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി.

എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- “സാബ്‌, യേ തൊ റോഡ്‌ ഹെ!!” പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!

വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌ വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു.

പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി.

വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ – കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!!

രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി.

വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.

4 ദിവസങ്ങൾക്കു ശേഷം… വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 1999 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു.

താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള ‘അതിബുദ്ധി’ ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!

മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി.

ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു.

എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്.

ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ….!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post