ലേഖകൻ – വിനോദ് പദ്മനാഭൻ.

ഷെർലക്‌ ഹോംസ്, ജയിംസ് ബോണ്ട്, ചാർലി ചാൻ തുടങ്ങിയ സാങ്കൽപ്പിക ഡിറ്റക്ടീവ് കഥാപാത്രങ്ങൾ‍ സിനിമയിലൂടെയും, നോവലുകളിലൂടെയും എക്കാലത്തും നമ്മെ ഹരം കൊള്ളിച്ചിട്ടുണ്ട്‌. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഈ കഥാപാത്രങ്ങളെ എല്ലാം വെല്ലുന്ന ഒരു ഡിക്റ്റക്റ്റീവ് ഉണ്ട്, അതും ഒരു വനിത, പേര് രജനി പണ്ഡിറ്റ്.

മറാഠാ സാഹിത്യത്തിൽ ബിരുദധാരി ആയ രജനി പഠനത്തിന് ശേഷം ചില്ലറ ജോലികളെല്ലാം ചെയ്യുന്നതിനിടയിൽ ആണ് സ്വന്തമായി ഒരു ഡിക്ടറ്റീവ് ഏജൻസി തുടങ്ങുക എന്ന ആശയം അച്ഛനു മുൻപിൽ അവതരിപ്പിച്ചത്. പക്ഷെ, മുംബൈ പോലീസ് ഉദ്യോഗസ്ഥനായ അച്ഛൻ ശാന്താറാം പണ്ഡിറ്റ് മകളെ ഈ ഉദ്യമത്തിൽ നിന്ന് വിലക്കി.ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്റ്റീവ്‌ മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുമ്പോൾ ഉണ്ടാകാവുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനായത് കൊണ്ടാവാം ശാന്താറാം മകളെ നിരുത്സാഹപ്പെടുത്തിയത്‌ . പക്ഷെ അമ്മയിൽ നിന്ന് ലഭിച്ച പരിപൂർണ്ണ പിന്തുണയിൽ തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ രജനി ഡിക്റ്റക്റ്റീവ് ഏജൻസി തുടങ്ങി.

പക്ഷെ ഇതിനു ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ രജനി തന്റെ പ്രവർത്തന രംഗം തെരഞ്ഞെടുത്തിരുന്നു. സ്‌കൂൾകാലഘട്ടത്തിൽ മദ്യപാനത്തിന്റേയും , മയക്കുമരുന്നിന്റെയും വലയിലകപ്പെടുന്ന സ്വന്തം സഹപാഠികളെക്കുറിച്ച് അന്വേഷിച്ച് അവരുടെ വീടുകളിൽ അറിയിച്ചായിരുന്നു രജനിയുടെ ഡിറ്റക്റ്റീവ്‌ ജീവിതത്തിന്റെ തുടക്കം. കോളേജിൽ വച്ച് സെക്‌സ്റാക്കറ്റിൽ അകപ്പെട്ട ഒരു സഹപാഠിയെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തി രക്ഷപ്പെടുത്തിയപ്പോളാണ് തന്റെ പ്രവർത്തന മേഖല ഇതാണെന്ന് രജനി തിരിച്ചറിയുന്നത്.

ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്ടീവ് മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നപ്പോൾ നേരിട്ടത് എന്തൊക്കെ വെല്ലുവിളികളായിരിക്കും? ഒരു പെൺകുട്ടിയെ വിശ്വസിച്ച് കേസ് ഏൽപിക്കാൻ പാകത്തിൽ രജനി പണ്ഡിറ്റ് ഡിക്ടറ്റീവ് ഏജൻസി വളർന്നതെങ്ങനെയാണ്? 1991 ലാണ് മുംബൈയിലെ മാഹിമിൽ രജനി ഡിറ്റക്ടീവ് ഏജൻസി സ്ഥാപിക്കുന്നത്. 2010 ആയപ്പോളേക്കും ഒരു മാസം 20 ഇൽ അധികം കേസുകൾ‍ കൈകാര്യം ചെയ്യുന്ന, 30 ഇൽ അധികം ജോലിക്കാരുള്ള ഒരു സ്ഥാപനമായിതു മാറി.കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തെ പ്രവർത്തന മികവിൽ 75000 ത്തോളം കേസുകൾ രജനി തെളിയിച്ചിട്ടുണ്ട്.

വീടുകളിലെ പ്രശ്‌നങ്ങൾ , തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളെല്ലാം ഇവരുടെ ഏജൻസി കൈകാര്യംചെയ്യുന്നു. അന്ധ, ഗർഭിണി , ബധിര, വേലക്കാരി, ഭ്രാന്തി എന്നിങ്ങനെ കുറ്റാന്വേഷണ ജീവിതത്തിനിടയിൽ രജനി കെട്ടാത്ത വേഷങ്ങളില്ല.

കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ത്രീയുടെ വീട്ടിൽ രജനി ആറുമാസക്കാലം വീട്ടുജോലിക്കാരിയുടെ വേഷത്തിൽ ജീവിച്ചു. ഭർത്താവിനെയും മകനെയും കൊന്നു എന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുടെ വീട്ടിലാണു രജനി താമസിച്ചത്‌. പരപുരുഷബന്ധം അറിഞ്ഞ ഭർത്താവിനേയും മകനെയും കാമുകന്റെ സഹായത്താൽ ആ സ്ത്രീ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ‍ തെളിവുകളുടെ അഭാവത്തിൽ പോലീസിനു കാശ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണു പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ രജനിയുടെ സഹായം ഡിപ്പാർട്ട്‌മെന്റിനു ഉപകരിക്കപ്പെട്ടത്‌. ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ വീട്ടുടമസ്ഥയുടെ വിശ്വസ്തത സ്വന്തമാക്കാൻ രജനിക്ക്‌‍ സാധിച്ചു. കാമുകൻ അവിടെ ഇടക്ക്‌ വന്ന് പോകാറുണ്ടെന്ന് വിവരം കിട്ടിയെങ്കിലും പോലീസിനു അയാളെ പിടിക്കാൻ സാധിച്ചില്ല.

ഒരിക്കൽ‍ രാത്രി വീട്ടിലെത്തിയ കാമുകൻ, പ്രസ്തുത വീട്ടുകാരിയുമായി വഴക്കിട്ടു. പക്ഷേ പൊലീസിനെ വിവരം അറിയിക്കാൻ‍ രജനിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തതിനാൽ സാധിച്ചില്ല. ബുദ്ധിമതിയായ രജനി കത്തി കൊണ്ട് സ്വന്തം കാലിൽ‍ മുറിവുണ്ടാക്കി. രജനിയുടെ കാലിൽ നിന്നു രക്തം വരുന്നതു കണ്ട് വീട്ടുടമസ്ഥ പെട്ടന്ന് ഡോക്ടറെ കാണുന്നതിന് പറഞ്ഞുവിട്ടു. ഈ അവസരം മുതലാക്കി രജനി പൊലീസിനെ കൂട്ടിയെത്തി സ്ത്രീയെയും കാമുകനേയും പിടിക്കുകയായിരുന്നു.

ഒരു നല്ല ഡിറ്റക്ടീവാകാന്‍ വേണ്ടത് വിദ്യാഭ്യാസത്തേക്കാളുപരി ശ്രദ്ധയും, കഠിനാധ്വാനം ചെയ്യാനുള്ള മനസും, അർപ്പണ ബോധവും ആണെന്ന് രജനി പറയുന്നു. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാൻ‍ ദൂരദർശ്ശൻ നൽകുന്ന ഹിർക്കനി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ രജനിയെ തേടി എത്തിയിട്ടുണ്ട്‌ . രജനി തന്റെ കുറ്റാന്വേഷണ ജീവിതത്തെ കുറിച്ച് രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത് രണ്ടും ഒരുപാട് ആരാധകരെ ഉണ്ടാക്കിയതാണ്. ഫെയ്‌സസ് ബിഹൈന്‍ഡ് ഫെയ്‌സസ്, മായാജാല്‍ എന്നിവയാണ് പുസ്തകങ്ങളുടെ പേര്. ആദ്യത്തെ പുസ്തകം രണ്ടു അവാര്‍ഡ് നേടിയപ്പോള്‍ മായാജാല്‍ ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഇതിനിടെ അനധികൃത മാര്‍ഗങ്ങളിലൂടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയ കേസിൽ രജനി പണ്ഡിറ്റ് അറസ്റ്റിലുമായിരുന്നു. ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയെടുത്ത് വിറ്റതിന് അറസ്റ്റിലായ നാല് സ്വകാര്യ ഡിറ്റക്ടീവുമാരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് അന്വേഷണം രജനിയിലേക്ക് നീണ്ടത്. തങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ടെലിഫോണ്‍ രേഖകള്‍ വന്‍വില നല്‍കി രജനി പണ്ഡിറ്റ് വാങ്ങാറുണ്ടെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.