വിവരണം – അമൃത എം.എസ്.

സഞ്ചാരവും ഗവേഷണത്തിലുള്ള താല്പര്യവും ആയിരുന്നു കഴിഞ്ഞ കുറച്ച വര്ഷങ്ങളായിട്ട് കൂടെ ഉണ്ടായിരുന്നത്. അങ്ങനെ അടുത്ത പടി എന്ന നിലക്ക് ജെറുസലേം ഉള്ള ഒരു നല്ല പ്രൊഫസറുടെ കൂടെ ഗവേഷണം ചെയ്യാനുള്ള അവസരം കിട്ടിയപ്പോ വേറെ ഒന്നും ആലോചിച്ചില്ല. വീട്ടുകാർക്ക് പേടിയൊക്കെ ഉണ്ടായിരുന്നു ട്ടോ. “ഉണ്ണിയേ, ഇസ്രായേൽ ഒക്കെ വേണോ, ഇനീപ്പോ നിനക്ക് നാട്ടിലെന്നെ നല്ല ഒരു ജോലി ഒക്കെ കിട്ടില്ലേ? അല്ലെങ്കിലേ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ നോക്കുന്നോ, അവിടെ ഒക്കെ ആകുമ്പോ ആരെങ്കിലും പരിചയക്കാരു കാണില്യേ” എന്ന പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു.

ഞാൻ അപ്പൊ നമ്മടെ ഗൂഗിൾ മാപ്‌സ് ഒന്ന് എടുത്തു നോക്കി, ഇസ്രായേൽ കിടക്കണ ഭൂപ്രകൃതി ഒന്ന് കൂടി ഉറപ്പു വരുത്താനായിട്ട്. യൂറോപ്പിന്റേം മിഡിൽ ഈസ്റ്റിന്റേം ആഫ്രിക്കടേം നടുക്കിങ്ങനെ കിടക്കണ ഒരു കുട്ടി രാജ്യം ആണു. വടക്ക് മഞ്ഞുപർവതം (മൌണ്ട് ഹെർമോൺ) ആണേൽ തെക്ക് മരുഭൂമി (നെഗേവ്‌) ആണ്. ഒരുദ്ദേശ്യം ഏഴു മണിക്കൂര് കൊണ്ട് ചുറ്റി രണ്ടറ്റവും കാണാം. അത്ര കുഞ്ഞി രാജ്യം. എന്നാലോ മതമായാലും മനുഷ്യരായാലും അത്ര വൈവിധ്യം ഉള്ളോരാണ്. ഞാൻ നിക്കണ സ്ഥലം ജെറുസലേം ആണ്, ലോകത്തിലെ “പുണ്യ ഭൂമി”! ആചാരങ്ങളും വിശ്വാസങ്ങളും എത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് എഴുതി ഫലിപ്പിക്കാൻ കഴിയുമോ എന്നറീല്ല.

ഇത്രയേറെ വൈവിധ്യമാർന്ന സ്ഥലത്തു നിന്ന് ആസ്വദിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്നു എന്നിലെ സഞ്ചാരി പറഞ്ഞപ്പോ പിന്നീടധികം ആലോചിച്ചില്ല, വണ്ടി കേറി. കുറെ സ്ഥലങ്ങളും അനുഭവങ്ങളും മുതൽകൂട്ടാക്കാൻ വേണ്ടീട്ടു. ഇന്നിപ്പോ എനിക്ക് പരിചയപ്പെടുത്താൻ തോന്നുന്നത്, നല്ല മനസുറപ്പുള്ള ഇത്തിരി പെങ്കുട്യോളെ ആണ്. ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകതയും അതാണല്ലോ! മലയാളികൾ അധികമൊന്നും ഉണ്ടാവില്യ എന്ന് തന്നെ ആണ് കരുതിയത്. എന്നാൽ തെറ്റി, മലയാളികൾക്ക് ആയിട്ടുള്ള കുർബാന വരെ ഇവിടെ ഉണ്ടെന്നും, നമ്മുടെ ചാള മീൻ വരെ കിട്ടുമെന്നും നല്ല മനസുറപ്പുള്ള കുറെയേറെ നഴ്സുമാരു ഉണ്ടെന്നും വന്ന ആഴ്ച തന്നെ മനസായിലായി. ഞങ്ങൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കുറച്ചു ഏട്ടന്മാരോട് ഈ ആഴ്ച നമുക്ക് മഞ്ഞുമല കാണാൻ പോയാലോ എന്ന് ചോദിച്ചപ്പോ ദേ എപ്പോ വേണേൽ പോവാലോ, എന്നാണ് പറഞ്ഞത്. പാലക്കാടിന്റേം ചെന്നൈയുടേം ചൂടിൽ കഴിയണ നമുക്ക് മഞ്ഞു തന്നെ വല്യ കാര്യം ആണ്. പിന്നെ മഞ്ഞുമല എന്ന് കേട്ടാൽ പറയണ്ടാലോ..

ഞങ്ങൾ അന്ന് പുലർച്ചെ രണ്ടു മണിക്കുതന്നെ എഴുന്നേറ്റു. മൂന്ന് മണിക്ക് വണ്ടി എത്തും പറഞ്ഞു. വേറെ കുറച്ചു പേരുണ്ടാകും പറഞ്ഞില്ലേ, അവര് ആദ്യം കേറും പിന്നെ നമ്മൾ ആറു പേരും. വണ്ടി എത്തി. കേറി നോക്കി, ഒറ്റ ആങ്കുട്യോൾ ഇല്ല. ഒക്കെ ഇവിടെ ജോലി എടുക്കാൻ വന്ന സുന്ദരി ചേച്ചിമാരാണ്. അവരെന്നെ ആണ് വണ്ടി ഏല്പിച്ചതും എല്ലാ ഒരുക്കങ്ങൾ ചെയ്തതും. ഡ്രൈവറുടെ അടുത്ത് അവര് ഹീബ്രു ഭാഷ ഒക്കെ പച്ചവെള്ളം പോലെ പറയണ കേട്ടപ്പോ സത്യത്തിൽ അന്ധാളിച്ചു കേട്ടിരുന്നു! അത്ര എളുപ്പം ഉള്ള ഭാഷ അല്ലാട്ടോ അത്. ഒരു ഏഴ് മണിയായപ്പോ അവിടെ എത്തി. ഇനി ഭക്ഷണം കഴിച്ചതാകാം എന്ന് ചേച്ചിമാര് പറഞ്ഞു. അവര് ഭക്ഷണ ഉണ്ടാക്കികൊടുന്നിട്ടുണ്ടെന്നും പറഞ്ഞപ്പോ വല്ല ബ്രെഡും ജാമും ആകും വെച്ചു. മണം കേട്ടു ഓടിപോയപ്പോൾ കാണണത് നല്ല വട്ടദോശേം താളിച്ചിട്ട തേങ്ങാ ചമ്മന്തീം വേണ്ടക്കെയും മുരിങ്ങാക്കേം ഒക്കെ വെച്ചുള്ള സാമ്പാറും (അയ്യേ ഇതിനാണോ എത്ര കൂട്ടി പറയണേ എന്ന് തോന്നണ്ടട്ടോ, പ്രവാസികൾക്കെ ഇതിന്റെ ഒക്കെ ഒരു വില അറിയൂ)..നല്ല ശാപ്പാടടിച്ചു ചേച്ചിമാരെ മനസ്സാ സ്തുതിച്ചു ഞങ്ങൾ മലയുടെ (മഞ്ഞുമലയുടെ) മുകളറ്റം തൊടാനുള്ള യാത്ര തുടങ്ങായി.

ഇത് ഇസ്രായേൽ ഉള്ള ഏറ്റവും പൊക്കംകൂടിയ സ്ഥലം ആണ്. 2814 മീറ്റർ ഉയരം. സിറിയ, ലെബനൻ എന്നെ അയൽ രാജ്യങ്ങളും ആയിട്ട് അതിർത്തി പങ്കിടുന്നു. ഞങ്ങൾ പോയത് ശൈത്യകാലത്തിന്റെ ഒടുക്കമാണ്. നല്ല മഞ്ഞു വീഴ്ച ഉണ്ടായി. ആദ്യത്തെ അനുഭവം എപ്പോളും വല്ലാത്ത മധുരം തരണതാണ്. എന്നും ഓർത്തിരിക്കുന്നതു അത് തന്നെ ആകും. വഴിയൊക്കെ വെള്ളനിറം, ആകാശം തൊടാൻ പോണ പോലെ.. ഇത്തിരി കഴിഞ്ഞപ്പോ കണ്ണൊന്നും തുറക്കാൻ പറ്റണില്ല.. റോപ്പ്‌വേ വഴി മഞ്ഞിലൂടെ ഞങ്ങൾ കൂക്കിവിളിച്ചങ്ങനെ പോയി. തണുപ്പ് ഉച്ചിവരെ എത്തി എന്നാലും അത് ഒട്ടും തന്നെ വഴിമുട്ടുകേല, മുന്നോട്ടെന്നെ. റോപ്പ്‌വേ ഇറങ്ങി നോക്കിയപ്പോൾ ചുറ്റിനും വെള്ള പടലം. എവിടൊക്കെയോ ആൾക്കാരെ കാണാൻപോലെ..

ചാടീം മറിഞ്ഞും മഞ്ഞിൽ ഉരസികളിച്ചും നേരം പോണതറിഞ്ഞില്ല.. ഒരു ചൂടൻ കപ്പേം കുടിച്ചു അവിടുന്നു മെല്ലെ തിരിച്ചു. വരണ വഴിക്ക് ജോർദാൻ പുഴയുടെ അരികിലെ യേശുവിന്റെ ബാപ്റ്റിസം പോയിന്റ് വഴിയാണെന്നും അത് കാണാം എന്നും ചേച്ചിമാർ പറഞ്ഞു. സ്ഥലമെത്തി. ദോശ ഒക്കെ മഞ്ഞിലെ കളിയിൽ ദഹിച്ചിരുന്നു. വിശപ്പിന്റെ വിളികൾ തുടങ്ങി. അവര് ചോറും കൊണ്ട് വന്നിരിക്കുന്നു പറഞ്ഞപ്പോൾ നാക്കിൽ വെള്ളം വന്നു. ഊണെന്നൊക്കെ പറഞ്ഞാൽ ചോറും, മോര്ക്കറീം, നല്ല അയല മീൻ പൊരിച്ചതും, കാബ്ബജ് ഉപ്പേരീം, ഈന്തപഴം അച്ചാറും, ചിക്കൻ കറീം ഒക്കെയായി നാട്ടിലെ ഊണ് കഴിച്ചപോലെ. എഴുതുമ്പോളും കൂടി വായിൽ വെള്ളം വരികയാണ്. ചേച്ചിമാര് സുന്ദരികുട്യോൾ തന്നെ. ഇത്രേം പേർക്കുള്ള ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരിക മാത്രമല്ല എല്ലാവര്ക്കും വിളമ്പി കൊടുത്തു, മതിയായില്ലേ എന്നുകൂടി ഉറപ്പുവരുത്തി. അവിടെ കുറെ പാശ്ചാത്യർ വന്നിരുന്നു ബാപ്റ്റിസം ചെയ്യാൻ ആയിട്ട്. അവിടത്തെ ചടങ്ങുകളും വിശ്വാസികളുടെ കണ്ണിലെ തെളിച്ചവും കണ്ടു മനസിലാക്കി.

ഇനി തിരിച്ചുപോക്ക്. നാട്ടിൽ നിന്ന് മാറി നില്കുമ്പോ നമ്മുടെ നാട്ടുകാരെ കാണുമ്പോളുള്ള സന്തോഷവും നമ്മുടെ ഭാഷയിൽ വർത്തമാനം പറയുമ്പോളുള്ള ആവേശവും ഒക്കെ ഇവരെ കണ്ടപ്പോൾ പത്തിരട്ടി ആയിന്നു പറയട്ടെ! ചുറുചുറുക്കുള്ള മനകരുത്തുള്ള പെങ്കുട്യോൾ ചുറ്റിലും ഉള്ളവർക്ക് എപ്പോളും ആവേശം പകരുന്നത് നമുക്കറിയാം. സ്വന്തം വീട്ടുകാരെയും ചെറിയ കുഞ്ഞുങ്ങളെയും മാറി നിന്ന് വീട്ടിലെ സാമ്പത്തികം മെച്ചപ്പെടുത്താനായിട്ട് നീണ്ട വർഷങ്ങൾ പ്രവാസജീവിതം നയിക്കുന്ന എല്ലാ പെൺജീവനക്കാരെയും ഓർത്തു പോവുകയാണ്. എല്ലാ തവണയും മാസികകളിൽ അടിച്ചുവരുന്ന കരുത്തുറ്റ പെൺജീവിതങ്ങൾ വായിക്കുന്ന ഇനി ഇത്തവണ ഏറ്റവും പ്രചോദനം തന്നത് ഇവരൊക്കെ തന്നെയാണ്, കൂടുതൽ മനക്കരുത്തോടെ ജീവിതം ആസ്വദിക്കാൻ… #ഇമ്മിണി വല്യ കുട്യോളായിരിക്കട്ടെ എല്ലാ പെങ്കുട്യോളും # അവരും ലോകം കാണട്ടെ! ഇസ്രായേൽ കാണാൻ കൊതിക്കുന്നൊരു ഇവിടെ വന്നു കാണണം, ഒരുപാടിരിക്കുന്നു പറഞ്ഞു തരാൻ.. പിന്നീടാകട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.