ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയും സ്നേഹമുള്ള ഫാമിലിയും ചൂടുള്ള ചായയും

Total
33
Shares

വിവരണം – ദീപു തോമസ്.

“നീ കുടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചായ എവിടുത്തെ ആണ്?” രാവിലത്തെ ചായക്ക്‌ ഒപ്പം അപ്രതീക്ഷിതം ആയിട്ട് അമ്മയുടെ ചോദ്യം. അത് എന്നാ ചോദിക്കാനാ അമ്മേ അമ്മയുടെ ചായ അതല്ലേ ലോകത്തിലെ ഏറ്റവും നല്ല ചായ . പിന്നെ ഒന്ന് പോടാ അവിടുന്ന് എന്നും പറഞ്ഞു അമ്മ അമ്മയുടെ പണിക്കു പോയി. എന്തായാലും അമ്മയുടെ ചോദ്യം കൊള്ളാം ശരിക്കും ഞാൻ കുടിച്ച ഏറ്റവും നല്ല ചായ അത് എവിടുത്തെ ആയിരിക്കും?

നാല് വര്ഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒരു പത്തുപേര് ചേർന്ന് രണ്ടു വണ്ടികളിൽ ആയി ഒരു ഗ്രേറ്റ് ഇന്ത്യൻ ഡ്രൈവ് നടത്തിയിരുന്നു. കോഴിക്കോട് നിന്നും യാത്ര തുടങ്ങി 17 സംസഥാനങ്ങൾ കറങ്ങി തിരിച്ചു 30 ദിവസം കൊണ്ട് കോഴിക്കോട് തന്നെ തിരിച്ചു എത്തുന്ന വിധത്തിൽ. അങ്ങനെ കറങ്ങി തിരിഞ്ഞു ഞങ്ങൾ ജമ്മുകശ്‍മീർ എത്തി. ജമ്മുവിൽ ആറു ദിവസത്തെ ചുറ്റിക്കറങ്ങൽ ഉണ്ട്. ആ ചുറ്റിക്കറങ്ങലിനു വേണ്ടി മാത്രം ഞങ്ങളുടെ ഒരു എട്ടു പ്രവാസി സുഹൃത്തുക്കൾ കൈ നിറയെ കാശും,ഇഷ്ട്ടം പോലെ ചോക്‌ലേറ്റുകളും ആയി വരുന്നു.

അങ്ങനെ ആഘോഷം ആയി കശ്മീർ കാണൽ ആരംഭിക്കുന്നു. പതിനെട്ടു പേര് രണ്ടു ഇന്നോവയിൽ കൊള്ളാത്തതു കൊണ്ട് അവിടെ നിന്നും ഒരു മിനി ബസ് സംഘടിപ്പിച്ചു ആണ് ഞങ്ങളുടെ യാത്രകൾ. അങ്ങനെ സഞ്ചാരികളുടെ പറുദീസ ആയ സോനാമാർഗിലേക്കു ആഘോഷം ആയി യാത്ര പുറപ്പെട്ടു. നല്ല തണുപ്പുണ്ട്. വഴിയുടെ രണ്ടു സൈഡിലും മഞ്ഞും മഴയും ചെളിയും എല്ലാം കൂടെ കൂടി ചേർന്ന് പല സ്ഥലത്തും പ്രത്യേകിച്ച് ചെറിയ അങ്ങാടികളിൽ എല്ലാം തരക്കേടില്ലാത്ത ബ്ലോക്കും ഉണ്ട് .

തിളങ്ങുന്ന ചാരക്കണ്ണുകൾ ഉള്ള ഹൃതിക് റോഷനെക്കാൾ സുന്ദരൻ ആയ ഞങ്ങളുടെ ഡ്രൈവർക്കു അതൊന്നും ഒരു പ്രശനമേ ആയിരുന്നില്ല. അല്ലെങ്കിൽ അതൊന്നും ഒരു പ്രശനം ആക്കാൻ ,എപ്പോളും ചിരിക്കുന്ന , ചിരിക്കാത്തപ്പോൾ പാട്ടു പാടുന്ന ഞങ്ങളുടെ ക്ളീനർ സമ്മതിക്കുമായിരുന്നുല്ല .

മുന്നോട്ട് പോകുംതോറും വഴിയരുകിലെ മഞ്ഞുകൂടികൊണ്ടിരുന്നു ,ചെറുതായി മഞ്ഞു പെയ്യാനും തുടങ്ങി .അടിപൊളി കാഴ്ച ,നാട്ടിൽ ആലിപ്പഴം വീഴുന്നത് പലപ്പോഴും ഞാൻ ഉറങ്ങുന്ന സമയത്തു ആയതു കൊണ്ട് അത് കാണാൻ പറ്റിയിട്ടില്ല അതുകൊണ്ടു തന്നെ മഞ്ഞു വീഴ്ച നല്ല ഞാനും എന്റെ ക്യാമറയും പോലെ അങ്ങ് ആസ്വദിച്ചു.

പോകുന്ന വഴിക്കു “welcome to paradise on earth” എന്ന ജമ്മു ടൂറിസത്തിന്റെ ബോർഡ് കണ്ടു അതിനു താഴെ കൂടെ കടന്നു പോകുന്നത്തിൽ കൂടുതൽ പട്ടാള വാഹനങ്ങൾ ആണ് എന്നുള്ളത് ആണ് അതിന്റെ വിരോധാഭാസം . റോഡിന്റെ ഇരുവശവും മഞ്ഞ് പെയ്യുന്ന താഴ്വരകളും , മഞ്ഞിൽ കുളിച്ചു ഒരില പോലും ഇല്ലാതെ നിൽക്കുന്ന മരങ്ങളും ,മേൽക്കൂരയിൽലും ,മുറ്റത്തും മുഴുവന് മഞ്ഞു പെയ്തു സുന്ദരം ആയി കാണുന്ന മരവീടുകളും. പണ്ട് ക്രിസ്മസ് കാർഡുകളിൽ കണ്ടിരുന്ന കാഴ്ചകൾ പോലെ മനോഹരം .

റോഡിൽ ഒന്നും അധികം ആൾക്കാരൊന്നും ഇല്ല നീളൻ കുപ്പായം ഇട്ടു നടന്നു പോകുന്ന അതിസുന്ദരൻമാരായ ചെറുപ്പക്കാരുടെ ചെറുസംഘങ്ങളും യാതൊരു മുന്നറിയിപ്പും ഇല്ലാതെ റോഡ് മുറിച്ചു കടക്കുന്ന കുതിരകളും മാത്രം .ഇടയ്ക്കു ഇടയ്ക്കു കാണുന്ന ചെറു അങ്ങാടികളിൽ ഒന്നും തന്നെ വലിയ ആളനക്കമോ ,തിരക്കോ ഒന്നും തന്നെയില്ല .മഞ്ഞു വീഴ്ച ശക്തമായി വരുന്നുണ്ട് അതിനൊപ്പം തണുപ്പും കൂടുന്നു , പതിനെട്ടു പേര് കുറച്ചൊക്കെ തിക്കി തിരക്കി ഇരിക്കുന്നത് കൊണ്ട് തണുപ്പിന് ഒരു ആശ്വാസം ഉണ്ടെന്നു മാത്രം .ചൂരൽ കൊണ്ട് ഉണ്ടാക്കിയ ഒരു കോട്ടക്ക് അകത്തു കനൽ ഇട്ടു എരിയിക്കുന്ന ഒരു ഉപകരണം മാത്രമാണ് തണുപ്പിനെ പ്രതിരോധിക്കാൻ വണ്ടിയിൽ ഉള്ള ഏക സംവിധാനം .

സോനാമാർഗിൽ എത്തുന്നതിനു മുൻപ് തന്നെ ഒരുസ്ഥലത്തു കുതിര സവാരിക്കാരുടെ ഒരു കൂട്ടം ഏതാണ്ട് വണ്ടി തടഞ്ഞു എന്ന് തന്നെ പറയാം ഇനിയങ്ങോട്ട് വണ്ടി പോകുന്നത് അത്ര എളുപ്പമല്ല എന്ന് ഡ്രൈവറും പറഞ്ഞു ഇനി കുതിരപ്പുറത്തു ആണ് സവാരി , മഞ്ഞു മൂടി കിടക്കുന്ന ഒരു പെട്രോൾ പുമ്പിന്റെ അടുത്ത് ബസ് സൈഡ് ആക്കി , എല്ലാവരും ഇറങ്ങി കുതിര സവാരി പ്ലാൻ ചെയ്തു മഞ്ഞു പെയ്യുന്ന വഴിത്താരയിലൂടെ കരുത്തനായ ഒരു കുതിര പുറത്തു ഒരു സവാരി ആരാണ് ആഗ്രഹിക്കാത്തത് .പക്ഷെ വലിയ ക്യാമറ ബാഗും ചുമലിൽ ഏറ്റി ഒരു കുതിര സവാരിക്കുള്ള ആരോഗ്യം അവശേഷിക്കാത്തതു കൊണ്ടും ,ക്യാമറ ബാഗു ബസ്സിൽ വെച്ചിട്ടു പോകാൻ ധൈര്യം ഇല്ലത്തതു കൊണ്ടും ഞാൻ കുതിര സവാരിയിൽ നിന്നും പിന്മാറി.

ഫോട്ടോ ഗ്രാഫർ ഇല്ലാതെ ,ചരിത്രത്തിൽ ഭാഗമാവാൻ കഴിയില്ല എന്നറിയാവുന്ന രണ്ടു അതി ബുദ്ധിമാൻമാരായ കൂട്ടുകാരും എന്റൊപ്പം കൂടി .നിരനിരയായി കുതിരപ്പുറത്തു പോകുന്ന കൂട്ടുകാർക്കു ടാറ്റ കൊടുത്തു അവരെ മഞ്ഞിൽആലിയാൻ വിട്ടു ഞങ്ങൾ അടുത്ത് കണ്ട ഒരു റെസ്റ്റോറെന്റിൽ കയറി ,അത്യാവശ്യം നല്ല വ്രത്തിയുള്ള ഹീറ്റർ ഒക്കെയുള്ള റെസ്റ്റോറെന്റ് . റെസ്റ്റോറെന്റിന്റെ കണ്ണാടിച്ചില്ലുകൾക്കു ഉള്ളിലൂടെ പുറത്തു മഞ്ഞു പെയ്യുന്നതു കണ്ടങ്ങനെ ഇരുന്നു , റോജയിലെ “പുതു വെള്ളയ് മഴ “ഒക്കെ മനസ്സിൽനിറഞ്ഞങ്ങനെ വന്നു . കണ്ണടച്ച് ഇരുന്നാൽ ഇപ്പോളും വരും ആ കാഴ്ച മനസ്സിൽ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ചില്ലിട്ടു വെക്കേണ്ട കാഴ്ചളിൽ ഒന്ന് .

റസ്റ്റോറന്റിൽ കയറി വെറുതെ അങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ നമുക്ക് മലയാളികൾക്ക് ,ഒരു മഴ പെയ്താൽ നമുക്ക് കട്ടൻ കുടിക്കാൻ തോന്നും അന്നേരം ആണ് ഈ മഞ്ഞു പെയ്യുമ്പോൾ ,അങ്ങനെ ഞങ്ങളും പറഞ്ഞു ഒരോ കട്ടൻചായ കൂടെ കഴിക്കാൻ എന്താ ഉള്ളെ എന്ന് ചോദിച്ചപ്പോൾ പൊരിച്ച നല്ല ചിക്കൻ ഉണ്ടെന്നു പറഞ്ഞു .അടിപൊളി പോരട്ടെ ” കട്ടൻ ചായയും ചിക്കൻ പൊരിച്ചതും നല്ല എണ്ണം പറഞ്ഞ കോമ്പിനേഷൻ.

കട്ടൻ ചായയും ചിക്കനും ഒക്കെ കഴിച്ചു അങ്ങനെ കുറച്ചു സമയം കൂടെ ഇരുന്നു കഴിഞ്ഞപ്പോൾ എന്നാൽ ഇനി മെല്ലെ പുറത്തു ഇറങ്ങിയേക്കാം എന്ന് കരുതി ഡോർ തുറക്കാൻ നോക്കിയപ്പോൾ തുറക്കാൻ പറ്റുന്നില്ല. മഞ്ഞു വീണു ബ്ളോക് ആയിരിക്കുന്നു ഒരു വിധം തള്ളി തുറന്നു പുറത്തു ഇറങ്ങിയപ്പോൾ ആണ് ശരിക്കും ചെറുതായി ഒരു ആന്തൽ ഉള്ളിൽ നിന്നും വരുന്നത് ഞങ്ങൾ റെസ്റ്റോറന്റിലേക്കു ഇറങ്ങി വന്ന വഴിയൊന്നും കാണാനേ ഇല്ല അവിടെ ചെറിയ ഒരു മഞ്ഞു മല മാത്രം. ശരീരം വേദനിക്കുന്ന വിധത്തിൽ ആയിരിക്കുന്നു മഞ്ഞിന്റെ വീഴ്ച. റോഡിൽ തിക്കും തിരക്കും കൂട്ടിയിരുന്ന കുതിരക്കാരെ ഒന്നും കാണാനേ ഇല്ല .

ഞങ്ങളുടെ ബസ് സ്റ്റാർട്ട് ആക്കി ഇട്ടിട്ടുണ്ട് കുതിര സവാരിക്ക് പോയവർ ഒറ്റയും പെട്ടയും ആയി തിരിച്ചു വരുന്നുണ്ട് ,ഡ്രൈവറുടെയും ക്ളീനറുടെയും മുഖത്തു അല്പം തിരക്കു ഉള്ള പോലെ , ബാക്കിയുള്ളവര് എവിടെ അവരെ വിളിക്കു എന്നൊക്കെ ഉള്ള ഒരു ഭാവം. കുതിര സവാരിക്ക് പോയി വന്നവരും ആകെ തളർന്നിരിക്കുന്നു. അങ്ങോട്ട് പോയ ഒരാവേശവും ഇല്ല ആർക്കും എല്ലാവരും ഓടി വന്നു ബസ്സിൽ കയറി ചൂട് പിടിക്കാൻ ഉള്ള കുട്ടക്കു ചുറ്റും ഇരുന്നു കയ്യൊക്കെ ചൂടാക്കുന്നു. ചെറുതായി നാല് മണി ആവുന്നതേ ഉള്ളു. അന്തരീക്ഷം ഇരുട്ടി തുടങ്ങി. മഞ്ഞു വീഴ്ച കൂടുതൽ ശക്തമായി. മുകളിൽ ഏതോ തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട് എന്ന് കുതിരക്കാർ പറഞ്ഞു.

ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി. റോഡിനിരുവശവും ഇങ്ങോട്ടു വന്നതിനേക്കാൾ ചുരുങ്ങിയിരിക്കുന്നു .റോഡിലും മഞ്ഞുണ്ട് , ചില സ്ഥലത്തു എത്തുമ്പോൾ മുന്നോട്ട് കാണാൻ പോലും പറ്റാത്ത വിധം മഞ്ഞു പെയ്യാൻ തുടങ്ങി ,വൈപ്പറിന് മുകളിൽ മഞ്ഞു വീണു ഇടയ്ക്കു അത് പ്രവർത്തിക്കാതെ ആകും ,ചെറിയ ചെറിയ വാഹനങ്ങൾ (സിനിമാക്കാരുടെ ആണെന്ന് തോന്നുന്നു ) ,ഞങ്ങളുടെ ബസ്സിനെ മറികടന്നു മുന്നോട്ടു പോകുന്നുണ്ട് . കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ബസ് ചെറുതായി റോഡിൽ നിന്നും തെന്നിമാറാൻ തുടങ്ങിയോ എന്ന് ഒരു സംശയം അല്ല സംശയം അല്ല തെന്നിമാറുന്നുണ്ട്. വളരെ മെല്ലെ ഡ്രൈവർ വണ്ടി മുന്നോട്ടു അനക്കി അനക്കി കൊണ്ട് പോകുന്നു എന്ന് മാത്രം. ഞങ്ങളെ മറികടന്നു പോയ കാറുകൾ എല്ലാം അധികം ഒന്നും പോയിട്ടില്ല എല്ലാം റോഡിൽ തന്നെയുണ്ട്.റോഡിൽ കിടന്നു ചക്രങ്ങൾ വെറുതെ തിരിഞ്ഞു കളിക്കുന്നു എന്നെ ഉള്ളു വണ്ടി ഒരനക്കം പോലും മുന്നോട്ടു പോകുന്നില്ല.

ഞങ്ങളിൽ ചിലരുടെ തണുപ്പിൽ ഉറങ്ങി കിടന്നിരുന്ന “പരോപകാരി” പെട്ടന്ന് ചാടി എണീറ്റു റോഡിൽ കുടുങ്ങി കിടക്കുന്ന കാറുകൾ തള്ളികൊടുക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തു (വെറും പരോപകാരം മാത്രം ആണ് അല്ലാതെ കാറിൽ ഉണ്ടാകാൻ സാധ്യതയുള്ള സിനിമാക്കാരെ കാണുക എന്ന ലക്‌ഷ്യം ഇല്ലാട്ടോ).

കുറച്ചു സമയം കൂടെ കഴിഞ്ഞതേ കുറച്ചു ആൾക്കാർ ഒക്കെ മെല്ലെ മെല്ലെ വന്നു തുടങ്ങി ആ ഗ്രാമവാസികൾ ആണ്എന്ന് തോന്നുന്നു നീളൻ കുപ്പായം ധരിച്ച, വെള്ളാരം കണ്ണുകൾ ഉള്ള ,നീണ്ട മൂക്കുള്ള, വെളുത്തു തുടുത്ത, കാസ്മീർ സുന്ദരൻമാർ .വണ്ടി തള്ളികൊടുക്കുക എന്നുള്ളത് മെല്ലെ മെല്ലെ അവർ ഏറ്റെടുത്തു തുടങ്ങി . മുന്നോട്ടു പോകും തോറും കുടുങ്ങി കിടക്കുന്ന കാറുകളുടെ എണ്ണവും കൂടി കൂടി വരുന്നു .ചിലതെല്ലാം റോഡിൽ നിന്നും തെന്നിമാറി മുന്നോട്ടു പോകാൻ പോലും കഴിയാതെ കിടക്കുന്നു . ഞങ്ങളുടേത് വലിയ വണ്ടി ആയതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന ആവേശത്തിൽ ഞങ്ങൾ മഞ്ഞിൽ കളിയും വണ്ടി തള്ളലും തുടർന്ന് കൊണ്ടേ ഇരുന്നു .

സമയം പോയികൊണ്ടേ ഇരുന്നു. ബസ്സ് മുന്നോട്ട് പോകും എന്നുള്ള വിശ്വാസത്തിനു അല്പം ഇളക്കം തട്ടിയോ എന്ന് ഒരു സംശയം. ഡ്രൈവറും ക്ളീനറും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. വണ്ടിയിൽ ഉള്ള കയറെടുത്തു ചക്രത്തിൽ ചുറ്റി കുറച്ചു ദൂരം കൂടെ മുന്നോട്ടു പോയി. വണ്ടി തള്ളി തരാം എന്ന് പറഞ്ഞു കുറച്ചു പേര് അടുത്ത് കൂടി 2000 രൂപ ആണ് അവരുടെ ചാർജ് എവിടെ വരെ തള്ളി തരും എന്ന് ചോദിച്ചപ്പോൾ മുന്നോട്ട് കൈ ചൂണ്ടി അടുത്ത വളവു വരെ എന്ന് മറുപടി .അതിനു ഞങ്ങൾ തയ്യാറായിരുന്നു “ആ വളവിനു അപ്പുറം പിന്നെ എന്ത് ചെയ്യും” എന്ന ഡ്രൈവറുടെ ചോദ്യം ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് വലിച്ചു .കുടുങ്ങി കിടക്കുന്ന പല കാറുകളും അവര് തള്ളി കൊടുക്കുന്നുണ്ടായിരുന്നു എന്തെങ്കിലും ഒക്കെ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് ഞങ്ങൾക്ക് മനസിലായി തുടങ്ങി .പക്ഷെ ഒന്നും ചെയ്യാനും കഴിയില്ലല്ലോ എല്ലാ പ്രതീക്ഷയും ഡ്രൈവറുടെ കയ്യിലാണ് .

ഇടയ്ക്കു ഇടയ്ക്കു വണ്ടി തള്ളാൻ എന്നും പറഞ്ഞു വരുന്നവർ വീണ്ടും വരുന്നുണ്ട്. നല്ല ഉയരമുള്ള കട്ടിയുള്ള നീളൻ കുപ്പായങ്ങൾധരിച്ച കരുത്തരായ ചെറുപ്പക്കാർ. വണ്ടി തള്ളണ്ട എന്ന് പറഞ്ഞത് കൊണ്ടാവാം അത്ര സൗഹാർദ്ദപരമൊന്നും അല്ല പലരുടെയും പെരുമാറ്റം തണുപ്പിനോടൊപ്പം ചെറിയ ഒരു പേടിയും മനസ്സിലോട്ടു അരിച്ചരിച്ചു കയറാൻ തുടങ്ങി കണ്ടു തള്ളിയിട്ടുള്ള സിനിമകളിൽ ഒക്കെ കയ്യിൽ തോക്കുമായി പാഞ്ഞു വന്നു തലങ്ങും വിലങ്ങും വെടി വെച്ച് തകർക്കുന്ന തീവ്രവാദികൾക്കും ഇതേ രുപം ആണല്ലോ. സമയം പോയിത്തുടങ്ങി കളി കാര്യമയ്യോ എന്ന് ചെറുതായി ഉള്ളിൽ ഒരു തോന്നൽ. തണുപ്പിൽ ആയതു കൊണ്ട് വണ്ടി തള്ളൽ ശരീരത്തെ ബാധിച്ചത് അറി ഞ്ഞതും ഇല്ല കടുത്ത ക്ഷീണം പെട്ടന്നാണ് വന്നത്. മെല്ലെ വണ്ടിക്കതു കയറി.

വണ്ടിക്കുള്ളിൽ എല്ലാവരും ഊഴം വെച്ച് ചൂരൽ കൊട്ടയിലെ തീകായൽ ആണ്. ആർക്കും എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല പുറത്തു തണുപ്പിനൊപ്പം ഇരുട്ടിനും ശക്തി കൂടിക്കൊണ്ടേ ഇരുന്നു .തമാശയും കളിയും ചിരിയും ഒക്കെ മെല്ലെ പേടിക്കു വഴിമാറി തുടങ്ങി. വണ്ടി മുന്നോട്ടു കൊണ്ട് പോവുക എന്ന ഉദ്യമം നിർത്തി ഡ്രൈവറും ക്ളീനറും കൂടെ തീ കായൻ വന്നതോടെ ഞങ്ങളുടെ അവസാന പ്രതീക്ഷയും കഴിഞ്ഞു. മൊബൈൽ റേഞ്ച് എന്നതിനെ കുറിച്ച് ചിന്തിക്കുന്നതെ ഇല്ല. പുറത്തു കേൾക്കുന്ന ഓരോ ശബ്ദവും ഒരോ അനക്കം പോലും അസ്വസ്ഥം ആക്കാൻ തുടങ്ങി .തണുപ്പ് സഹിക്കാൻ പറ്റാത്ത പോലെ കഠിനം ആവുന്നുണ്ട് എത്ര കൂട്ടിതിരുമ്മിയിട്ടും കൈകൾ ചൂടവുന്നും ഇല്ലാ ചൂരൽ കൊട്ടയിലെ കനൽ കൂടി അണഞ്ഞാൽ പിന്നെ ഓർക്കാൻ പോലും പറ്റുന്നില്ല.

വണ്ടിയുടെ പുറത്തു നിന്നും ആരോ ഉറക്കെ വിളിക്കുന്നത് കേട്ട് പോയി നോക്കിയപ്പോൾ നമ്മുടെ നരേന്ദ്രപ്രസാദിനെ പോലെ ഒരാൾ. “നിങ്ങൾ എന്ത് ആണ് ഇവിടെ കിടക്കുന്നതു? ഇവിടെ സേഫ് ആയ സ്ഥലം അല്ല. നിങ്ങൾ ഇറങ്ങു. എന്റെ വീട് ഇവിടെ അടുത്താണ്. അവിടെ തങ്ങാം” എന്ന് അയാൾ പറഞ്ഞു.

ഞങ്ങൾ നോക്കിയപ്പോൾ ആ മനുഷ്യൻ ചെറുതായി ആടുന്നുണ്ടോ എന്ന് ഒരു സംശയം (ഊഹിക്കാമല്ലോ). അയാളുടെ വീട്ടിലേക്കു പോകാൻ ആർക്കും ധൈര്യം ഇല്ല. വേണ്ട എന്ന് പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല ഇവിടെ എന്തിനു നിക്കുന്നു? നിങ്ങൾ എന്റെ കൂടെ വന്നേ മതിയാകു എന്ന് അധികാര സ്വരത്തിൽ അയാൾ പറഞ്ഞു തുടങ്ങി. അതോടെ ഞങ്ങൾ വരുന്നില്ല എന്ന് പറഞ്ഞു ബസ്സിന്റെ ഡോർ അടച്ചു.

ഒരു അരമണിക്കൂർ കഴിഞ്ഞു ആ മനുഷ്യൻ വീണ്ടും വന്നു.”നിങ്ങൾ ഇവിടെ കിടന്നു ചാവാൻ ആണോ നാശങ്ങളെ പ്ലാൻ” എന്നായി. അതും ഒട്ടും നമുക്ക് ദഹിക്കുന്ന വിധത്തിൽ ഉള്ള സംസാരശൈലി പോലും അല്ല. ഞങ്ങൾ വരുന്നില്ല എന്ന് പറഞ്ഞു വീണ്ടും അയാളെ മടക്കി. വണ്ടിയുടെ പുറത്തു നിന്നും ഉറക്കെ അയാൾ ചീത്ത വിളിക്കുന്നത് കേൾക്കാമായിരുന്നു. തണുപ്പും അസ്വസ്ഥതയും കൂടികൊണ്ടേ ഇരുന്നു. ഡ്രൈവറും ക്ളീനറും ആണെങ്കിൽ നിങ്ങൾ രക്ഷപെടുകയാണെങ്കിൽ ഞങ്ങളെ കൂടെ രക്ഷിക്കണേ എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത്.

ഇരുളിൽ നിന്നും കുറെ പേര് ഓടി വന്ന് വണ്ടി വളയുന്നതും ചറ പറ വെടി വെക്കുന്നതും ഞാൻ അതിൽ നിന്നും രക്ഷെപ്പട്ടു എല്ലാവരെയും ഒക്കെ രക്ഷിക്കുന്നതും ഒക്കെ ഓർത്തുകൊണ്ട് ബസ്സിന്റെ സീറ്റിലെ കമ്പിയിൽ കൈ വെച്ച് കണ്ണ് ഇറുക്കി അടച്ചു കിടന്നു. കണ്ണടച്ച് കിടക്കുമ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്ത ബോധം ആണല്ലോ. രാത്രിയിൽ പേടിപ്പെടുത്തുന്ന സ്വപനം കാണുമ്പോൾ തലവഴി മൂടിയാൽ കിട്ടുന്ന അതെ സുരക്ഷിതത്ത ബോധം .വയറ്റിൽ വിശപ്പു വല്ലാണ്ട് കത്തിക്കയറുന്നുണ്ട്. ചിക്കനും കട്ടനും ഒക്കെ വണ്ടി തള്ളി ആവേശം കാണിച്ച വഴി പോയി. കുറച്ച് വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കിൽ.

വണ്ടിയുടെ ഡോറിൽ ആരോ ശക്തമായി ഇടിക്കുന്നത് കേട്ടാണ് ഞെട്ടി എഴുന്നേൽക്കുന്നത്. വണ്ടിയിലേക്ക് മൂന്ന് നാല് പേര് കയറി വന്നു, പോലീസ് കാരാണ് എന്ന് പരിചയപ്പെടുത്തി. നിങ്ങളുടെ ടീം ലീഡർ ആരാണ് എന്ന് ചോദിച്ചു. എല്ലാവരുടെയും ഐഡി കാർഡ് ഒക്കെ പരിശോധിച്ചു. കേരളത്തിൽ നിന്നും ഡ്രൈവ് ചെയ്തു വന്നതാണ് എന്നൊക്കെ പറഞ്ഞപ്പോൾ “ഒക്കെ ഗുഡ് ഗുഡ് അച്ഛാ അച്ഛാ” എന്നൊക്കെ പറഞ്ഞു. പിന്നെ ഈ സമയത്തു ഇങ്ങോട്ടു കൊണ്ട് വന്നതിനു ഡ്രൈവറെ ഒരു നീക്കു തെറി.

ഇത്രയും മഞ്ഞു വീഴുന്ന സമയത്തു സോനാമാർഗിലേക്കു വന്നത് ശരിയായില്ല എന്നും നിങ്ങൾ ഡൽഹിയും ബോംബെയും ഒക്കെ കാണേണ്ട സമയം ആണിത് എന്ന് ഞങ്ങളേയും ഒന്ന് ഉപദേശിച്ചു. എന്റെ സഹോദരന്റെ വീട് ഇവിടെ അടുത്താണ് നിങ്ങൾക്ക് ഈ രാത്രി സുരക്ഷിതം ആയി അവിടെ താമസിക്കാം എന്റെ കൂടെ വന്നോളൂ എന്ന് പറഞ്ഞു അയാൾ പുറത്തെ തണുപ്പിലേക്ക് ഇറങ്ങി. കെട്ടും ഭാണ്ഡവും ഒക്കെ എടുത്തു മഞ്ഞു വീണു തെന്നി തെറിച്ചു കിടക്കുന്ന വഴിയിലൂടെ കട്ട ഇരുട്ടിൽ അയ്യാളുടെ പുറകെ ഞങ്ങളും നടന്നു.

കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ അത്യാവശ്യം വലിയ ഒരു വീടിന്റെ മുറ്റത്തു ഞങ്ങൾ എത്തി. മരം കൊണ്ട് ഉണ്ടാക്കിയ ഗേറ്റിനു മുന്നിൽ അയാൾ. നമ്മുടെ നരേന്ദ്രപ്രസാദിന്റെ മുഖമുള്ള ഞങ്ങളെ ആവും വിധം വീട്ടിലേക്കു ക്ഷണിച്ച ആ മനുഷ്യൻ. അയാളുടെ വീടാണിത്. വിളിച്ചിട്ടു ഞങ്ങൾ വരാത്തത് കൊണ്ട് പോലീസ് ഉധ്യോഗസ്ഥൻ ആയ സഹോദരനെ വിളിച്ചു വരുത്തിയതാണ്.

“എന്തിനാണ് ഇപ്പോൾ നിങ്ങൾ ഇങ്ങോട്ടു പോന്നത്? അവിടെ കിടന്നു കൂടായിരുന്നോ? പറഞ്ഞാൽ മനസിലാക്കണം. അതിനു ബോധം വേണം” എന്നൊക്കെ (കുറച്ചു കൂടെ ഉണ്ട് ) പറഞ്ഞു കൊണ്ട് ഞങ്ങൾ ഓരോരുത്തരെ മഞ്ഞു കട്ടകൾ വീണു തെന്നി പോകുന്ന നടകൾ കൈ പിടിച്ചു കയറ്റി. വലിയ ഒരു ഹാൾ അവിടെ നിലത്തു വിരിച്ചിട്ട മെത്തയിൽ എല്ലാവരും ഇരുന്നു. തണുപ്പും വിശപ്പും ക്ഷീണവും എല്ലാം കൂടി വല്ലത്തൊരു അവസ്ഥയിൽ എല്ലാവരും മെത്തയിലേക്കു വീഴുകയായിരുന്നു എന്ന് പറയാം. ഭിത്തിയിലെ അലമാരകൾ തുറന്നു എല്ലാവര്ക്കും പുതക്കാൻ ഉള്ള കമ്പിളി പുതപ്പുകൾ അവര് എടുത്തു തന്നു. എല്ലാവര്ക്കും ആവശ്യത്തിന്. അപ്പോളേക്കും ആ വീടിന്റെ ഗൃഹനാഥ നിറഞ്ഞ ചിരിയോടെ ചൂട് പറക്കുന്ന ചായയും ആയി എത്തി. കൂടെ ബിസ്ക്കറ്റും ആയി ആ വീട്ടിലെ മൂന്നു മാലാഖ കുഞ്ഞുങ്ങളും. ആ ചായ കുടിച്ചിറക്കുമ്പോൾ എന്റെ ഉള്ളിൽ തോന്നി ഞാൻ ഇത് വരെ കുടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചായ ഇതാണ് എന്ന്.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ അവരോടു യാത്ര പറഞ്ഞു ഇറങ്ങി. വണ്ടിയിൽ കയറി മുന്നോട്ടു പോരുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി. വീടിനു മുന്നിൽ നിന്ന് ആ കുടുംബം ഞങ്ങളെ കൈ വീശി യാത്രയാക്കുകയാണ്. കണ്ണിൽ നിന്നും മറഞ്ഞു പോകുന്നത് വരെ അവര് അവിടെ നിന്നും കൈ വീശുന്നുണ്ടായിരുന്നു. എന്തിനു വേണ്ടിയായിരിക്കും അയാൾ ഞങ്ങൾ അവഗണിച്ചിട്ടും വീണ്ടും വീണ്ടും ഞങ്ങളെ തേടി വന്നത്? അഞ്ചു പേര് മാത്രം ഉള്ള ആ വീട്ടിൽ (ഹോം സ്റ്റേ ഒന്നുമല്ല ആ വീട്) എന്തിനാണ് അത്രയും കമ്പിളി പുതപ്പുകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നത്? ഇങ്ങനെ വഴിയിൽ കുടുങ്ങി പോകുന്ന സഞ്ചാരികൾക്കു വേണ്ടി മാത്രം ആയിരിക്കും. അതുകൊണ്ടു ഒക്കെയാണല്ലോ ഇവിടം സഞ്ചാരികളുടെ സ്വർഗം ആയി മാറുന്നത്.

അവർക്കു എന്ത് സമ്മാനം ആണ് കൊടുക്കൻ പറ്റുക എന്ന് ഞങ്ങൾ ചുമ്മാ ചിന്തിച്ചിരുന്നു. അവരുടെ ഒരു ഫാമിലി ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു അയച്ചു കൊടുത്തിരുന്നു എങ്കിൽ എന്ത് മനോഹരം ആയേനെ അല്ലെ? ചെയ്തില്ല അല്ലെങ്കിൽ അങ്ങനെ തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post