കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യത്തിനു നഷ്ടമായത് ധീരന്മാരായ 40 ജവാന്മാരെയാണ്. രാജ്യമെങ്ങും ഈ ആക്രമണത്തിൻ്റെ ഞെട്ടലിലും വേദനയിലുമാണ്. ഭീകരാക്രമണത്തെ തുടർന്ന് അടിയന്തിര സാഹചര്യമുണ്ടായതിനാൽ ലീവിൽ നാട്ടിൽ പോയ സൈനികരെയെല്ലാം തിരികെ വിളിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മലയാളിയായ ആറന്മുള സ്വദേശി രഞ്ജിത്ത് എന്ന ജവാൻ ഫേസ്‌ബുക്കിൽ കുറിച്ച വരികൾ പട്ടാളക്കാരുടെ കർത്തവ്യബോധവും മനക്കരുത്തും പ്രകടമാക്കുന്നതായിരുന്നു. രഞ്ജിത്തിന്റെ ആ കുറിപ്പ് ഇങ്ങനെ.

“ഭാരതത്തിന്റെ അഭിമാനമാകുന്ന ജന്മു കാശ്മീരിന്റെ,നേർപാതിയായ ജന്മുവിലെ വിവിധ സൈനിക ട്രാൻസിസ്റ്റ് ക്യാമ്പുകളിൽ നിന്നും സ്വന്തം നാടും പ്രീയപ്പെട്ടവരേയും ഉപേക്ഷിച്ച് സ്വന്തം രാജ്യത്തിന്റെ അഭിമാനം കാക്കാൻ ഇൻഡോ- പാകിസ്ഥാൻ ബോർഡറുകളിലേക്ക് കാൺവോയ് ബസ്സിൽ യാത്ര ചെയ്യുമ്പോൾ മനസ്സിൽ ഉണ്ടാകുന്നതെന്തന്നറിയാമോ? അത് മനസ്സിലാക്കാൻ ഒരിക്കൽ ആ ബസ്സിൽ യാത്ര ചെയ്യണം. സുന്ദരഭൂമിയായ കാശ്മീരിലെ കാഴ്ചകൾ കാണുന്നതിലുപരി, പ്രീയപ്പെട്ടവരെയും പ്രിയപ്പെട്ടതെല്ലാം വിട്ടു വന്നതിലുപരി ഏപ്പോൾ വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും കടന്നു വരാവുന്ന ഒരു വെടിയുണ്ടയെയോ ഒരു പൊട്ടിതെറിയുടെ ഒച്ചയോ കുറിച്ചുള്ള ചിന്തകൾ ആയിരിക്കും.

നീണ്ട കോൺവോയുടെ ഇടകളിൽ ഉള്ള പ്രൊട്ടക്ഷൻ വണ്ടികളിലെയും ഒരോ വണ്ടിയിലും ഉള്ള സായുധരായ രണ്ടോ മൂന്നോ സഹപ്രവർത്തകരുടേയും വിശ്വാസത്തിൽ നിരായുധരായിരിക്കുന്ന ഒരോ പട്ടാളക്കാരന്റേയും ഉള്ളിൽ ഉളള ആ ഭീതിയെ ഒരിക്കലും യൂണിഫോം അണിഞ്ഞ ഒരു സൈനികനും പുറത്ത് കാണിക്കുകയുണ്ടാവില്ല. ആ ഭീതിയിലുപരി അവന്റെ മുഖത്ത് കാണാനാകുക പിറന്ന നാടിന്റെ യശ്ശസ് കാക്കാൻ പോകുന്ന അഭിമാനമായിരിക്കും.

അതേ അഭിമാനത്തോടെ യാത്രയായ ഒരുപറ്റം ഭാരതത്തിന്റെ ധീര സൈനികരുടെ സ്വപ്നങ്ങളാണ്, ഒരു മനുഷ്യന്റെ അല്ലങ്കിൽ ഒരു കൂട്ടം മനുഷ്യരുടെ മനസ്സിന്റെ വികലതകൾ മൂലം റോഡിൽ പൊട്ടിച്ചു തീർത്തത്. നഷ്ടമായത് കുറച്ച് ജീവനുകളിലുപരി നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. തിരിച്ചു പിടിക്കണം നമുക്കത്.പാടത്തെ ജോലിക്ക്, വരമ്പത്തും,അവന്റെ വീട്ടിലും കയറി നമുക്ക് കൂലി കൊടുക്കണം, കൊടുത്തിരിക്കും. അതിനായി രാഷ്ട്രിയവും ജാതിയും മതവും മറന്ന് നമ്മുടെ ധീര സൈനികരേയും സർക്കാരിനേയും നമുക്ക് സപ്പോർട്ട് ചെയ്യാം. പ്രാർത്ഥിക്കാം അവർക്കായി.

ലീവ് തീരും മുൻപേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും. സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും.

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും. ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു. അപ്പോൾ നിങ്ങൾക്കു മനസിലാകും the beauty of JOURNEY through heaven valley of India. ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല. ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ.”

അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ ഒരുമിച്ച് ചേർന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാൻമാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറിൽ നിന്ന് 20 അകലെ ജമ്മു – ശ്രീനഗർ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു – ശ്രീനഗർ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. 2547 സൈനികരാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികർ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവിൽ തുടരുകയായിരുന്നു. ഇത്രയധികം സൈനികർ കോൺവോയിൽ ഉൾപ്പെട്ടത് ഇതുകൊണ്ടാണ്.

ആക്രമണത്തിൽ മലയാളിയും വയനാട് സ്വദേശിയുമായ വസന്തകുമാർ വീരചരമമടഞ്ഞിരുന്നു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – Asianet News, മറ്റു ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.