യുഎഇയിലെ ഏറ്റവും ഉയർന്ന മലനിരകൾ… അതാണ് റാസൽഖൈമ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ജബൽ ജൈസ്. 6,345 അടി ഉയരമുള്ള ജബല്‍ ജൈസിലേക്ക് റാസൽഖൈമയിൽ നിന്നും ഏകദേശം 70 കിലോമീറ്ററോളം ദൂരമുണ്ട്. ഈ മലനിരകളുടെ ഒരു ഭാഗം ഒമാൻ രാജ്യത്തിനുള്ളിലാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു രാജ്യാന്തര അതിർത്തി കൂടിയാണ് ഈ വലിയ മലനിരകൾ.

ഇവിടേക്കുള്ള യാത്രയിൽ റാസൽഖൈമയിലെ നഗരപ്രദേശങ്ങൾ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ വരണ്ടതും മനോഹരമായതുമായ ഭൂപ്രകൃതിയിലൂടെയായിരിക്കും പിന്നീടുള്ള സഞ്ചാരം. ഒപ്പം അങ്ങ് ദൂരെ മലനിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്യും. കൂറ്റന്‍ പാറക്കെട്ടുകള്‍, വിശാലമായ മലഞ്ചെരിവുകള്‍, ബദുക്കളുടെ കൃഷിയിടങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചപ്പ് എന്നിവ ആസ്വദിച്ചു കൊണ്ട് ജബൽ ജൈസിലേക്ക് യാത്ര ചെയ്യാം. മല കയറുന്നതിനു മുൻപായി ഇടതുവശത്ത് നീലനിറത്തിലുള്ള ഒരു റിസർവോയർ (തടാകം) കാണാം.

തടാകത്തിനു എതിർവശത്തുള്ള മലയിൽ സഞ്ചാരികൾക്ക് സ്വാഗതമോതുന്ന വിധത്തിൽ യു.എ.ഇ-യുടെ പതാക പാറിക്കളിക്കുന്ന കാഴ്ച അതിമനോഹരമാണ്. അങ്ങനെ കയറ്റം ഇവിടെ നിന്നും തുടങ്ങുകയായി. ജബൽ ജൈസ് മലമുകളിലേക്ക് എത്താന്‍ ഒട്ടേറെ ഹെയര്‍ പിന്‍ വളവുകള്‍ കടന്ന് കയറിപ്പോകണം. പൊതുവെ ചാരനിറത്തിലുള്ള, അതീവ കഠിനമല്ലാത്ത ഒരു തരം പറകളാണ് ഈ മലനിരകളിലുള്ളത്. അടുക്കി വെച്ച പാളികളായാണ് പാറകള്‍ കാണപ്പെടുന്നത്.

അങ്ങ് മുകളിലെത്തി താഴേക്ക് നോക്കിയാൽ കാണുന്ന കാഴ്ച അതിമനോഹരമായിരിക്കും. അഗാധമായ കൊക്കയും മലകളെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വഴിയും അങ്ങകലെ മരുഭൂമിയുടെ വിശാലതയും… പറഞ്ഞറിയിക്കുവാൻ വയ്യാത്ത ഒരനുഭൂതി തന്നെയായിരിക്കും അത്.

UAE യിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി മഞ്ഞ് പെയ്യുന്ന മലനിരകളാണ് ജബല്‍ ജൈസ്. മഞ്ഞു പെയ്യുന്ന അവസരത്തിൽ ഈ മലനിരകള്‍ കണ്ടാൽ ഏതോ ഒരു യൂറോപ്യൻ രാജ്യമെന്നേ ഒറ്റത്തോട്ടത്തിൽ തോന്നിക്കൂ. ശൈത്യകാലത്ത് ജബല്‍ ജൈസ് മലമുകളിലെ ചൂട് അഞ്ച് ഡിഗ്രി മാത്രമായിരിക്കും. ചിലപ്പോൾ അതിലും കുറയുവാനും സാധ്യതയുണ്ട്. ചൂടുകാലത്ത് UAE യിലെ മറ്റു സ്ഥലങ്ങളിൽ താപനില 45 – 50 ഡിഗ്രിയൊക്കെ ആകുമ്പോൾ ജബൽ ജൈസിൽ കൂടിപ്പോയാൽ 29 – 31 ഡിഗ്രി ഒക്കെയേ അനുഭവപ്പെടുകയുള്ളൂ.

മലയാടുകൾ, ഒട്ടകങ്ങൾ, ചെന്നായ്ക്കൾ, കാട്ടുപൂച്ചകൾ, വിവിധയിനം പക്ഷിവർഗ്ഗങ്ങൾ തുടങ്ങിയവയുടെയൊക്കെ വാസസ്ഥലം കൂടിയാണ് ജബൽ ജൈസ് മലനിരകൾ.

മലമുകളിലെ കാഴ്ചയും, വ്യത്യസ്തമായ കാലാവസ്ഥയും, വളഞ്ഞുപുളഞ്ഞു കിടക്കുന്ന ചുരം പാതയിലൂടെയുള്ള യാത്രയും, സാഹസികതയും ഒക്കെ ജബല്‍ ജൈസിനെ UAE യിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. ടൂറിസത്തിൻ്റെ ഭാഗമായി ജബൽ ജൈസിൽ സീസൺ സമയങ്ങളിൽ സിപ് ലൈൻ, ഹൈക്കിംഗ്, സൈക്ലിംഗ്, ക്യാമ്പിംഗ് തുടങ്ങിയ ആക്ടിവിറ്റികൾക്കായുള്ള സൗകര്യങ്ങളുണ്ട്.

സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ലോകത്തെ ഏറ്റവും നീളംകൂടിയ ഇവിടത്തെ സിപ് ലൈനിലൂടെ മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ യാത്ര ചെയ്യാം. ഉയരമുള്ള മലയില്‍നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളില്‍ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മൂന്ന് കിലോമീറ്ററോളം ദൂരമുള്ള മലനിരകളെ സിപ് ലൈന്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 1,934 മീറ്റര്‍ ഉയരത്തിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്.

45 നും 150 നുമിടയില്‍ കിലോ ശരീരഭാരമുള്ളവര്‍ക്കും 120 സെന്റി മീറ്ററില്‍ കൂടുതല്‍ ഉയരവുമുള്ള ആരോഗ്യപ്രശ്നം ഇല്ലാത്തവര്‍ക്ക് സിപ് ലൈനിലൂടെ യാത്രചെയ്യാം. യാത്രികരെ സഹായിക്കാന്‍ ട്രെയിനര്‍മാരുടെ സേവനം ലഭ്യമാണ്. കുറേനാൾ മുൻപ് നടൻ ടോവിനോ തോമസ് ഈ സിപ് ലൈനിലൂടെ യാത്ര ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നായിരുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംവിധാനവും ഇവിടെയുണ്ട്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനവും ലഭ്യമാണ്. കൂടാതെ സഞ്ചാരികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഭക്ഷണശാലയും വിശ്രമസ്ഥലവും ഇവിടെയുണ്ട്.

നല്ല ശുദ്ധവായു ശ്വസിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് യോഗ ചെയ്യാനുമുള്ള സൗകര്യം അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച വ്യൂവിംഗ് ഡെക്ക് പാര്‍ക്കുമുണ്ട് ഇവിടെ. ഇവിടെ ഒരുക്കിയിരിക്കുന്ന ബൈനോക്കുലറിലൂടെ യുഎഇയും അതിനപ്പുറവും കാണാനാവും.

UAE യിൽ താമസിക്കുന്നവർക്കും, UAE സന്ദർശകർക്കും ഒരു വീക്കെൻഡിൽ പോയി ആസ്വദിച്ചു വരുവാൻ കഴിയുന്ന മനോഹരമായ ഒരു സ്ഥലമാണ് ജബൽ ജൈസ്. തീർച്ചയായും ഇവിടം സന്ദർശിച്ചിട്ടില്ലാത്തവർ അടുത്ത തവണ ഒന്നു ട്രൈ ചെയ്തു നോക്കുക. കൊവിഡ് കാലത്ത് ധൈര്യമായി സഞ്ചരിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ് റാസല്‍ഖൈമ. സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നായി വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ അംഗീകാരവും ഈ എമിറേറ്റിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.