കഴിഞ്ഞ രണ്ടു തവണയും കേരളത്തിൽ പ്രളയം വന്നപ്പോൾ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരിൽ ഒരു പ്രധാന പങ്ക് മോഡിഫൈഡ് ജീപ്പുകൾക്കാണ്. സാധാരണ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾക്ക് വഴി തെളിയിച്ചത് ഇവരായിരുന്നു. അക്കൂട്ടത്തിൽ പോലീസിനു വേണ്ടിയും ഇത്തരം മോഡിഫൈഡ് ജീപ്പുകൾ ഓടിയിരുന്നത് സോഷ്യൽ മീഡിയയിൽ നാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും കണ്ടതുമാണ്.

എന്നാൽ പ്രളയകാലത്ത് പോലീസിനു വേണ്ടി ഓടിയിരുന്ന ഒരു ജീപ്പിനു മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ പിഴ ചുമത്തി നൽകിയിരിക്കുന്ന വാർത്തയാണ് വന്നിരിക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും അനധികൃതമായി മോഡിഫിക്കേഷൻ വരുത്തി എന്നു പറഞ്ഞായിരുന്നു പോലീസ് ജീപ്പിനെതിരെ ചാർജ്ജ് ചെയ്തത്. 3000 രൂപയാണ് പിഴയായി ജീപ്പുടമ അടക്കേണ്ടി വരിക. സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ആളുകൾ രംഗത്തു വന്നു. പ്രസ്തുത വിഷയത്തിൽ മോട്ടോർ വാഹനവകുപ്പ് അധികൃതരെ കുറ്റം പറയാൻ പറ്റില്ലെങ്കിലും ചെയ്ത ഉപകാരങ്ങൾക്ക് സ്മരണ വേണ്ടേ എന്നാണ് ഒരു കൂട്ടം ആളുകൾ ചോദിക്കുന്നത്.

ചെളിയായാലും കുണ്ടും കുഴിയായാലും മലയും കുന്നുമായാലും ഒരു 4×4 ജീപ്പ് അനായാസം അതുവഴി കടക്കും. ജീപ്പേഴ്‌സ് മിക്കവരും ജീപ്പുകൾ മികച്ച രീതിയിൽ മോഡിഫൈ ചെയ്ത് ഇറക്കാറുണ്ട്. അപകടരഹിതമായ മോഡിഫിക്കേഷനുകളാണ് ഇവർ ചെയ്യാറുള്ളതും. ഒരു തരത്തിലുള്ള‌ മോഡിഫിക്കേഷനുകളും അനുവദിക്കരുത് എന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് വലിയ ടയറുകളും സ്നോർക്കലുമെല്ലാം ഫിറ്റ് ചെയ്ത മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു തുടങ്ങിയത്.

എന്നാൽ നാലു വീൽ ഡ്രൈവ് വാഹനങ്ങളെ മോഡിഫിക്കേഷൻ കാറ്റഗറിയിൽ ഉൾപെടുത്തരുതെന്നാണ് 4×4 ജീപ്പ് ഉടമകൾ പറയുന്നത്. “പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഞങ്ങളുടെ വാഹനങ്ങൾ ചെറുതെങ്കിലും ഒരു പങ്ക് വഹിച്ചു. അന്ന് ഞങ്ങളുടെ വാഹനങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾ സ്വമനസ്സാലെ ഇറങ്ങുകയും, വിജയകരമായി അത് പൂർത്തീകരിക്കുകയും ചെയ്തു. അന്ന് ഈ സേവനങ്ങളെ വാനോളം പുകഴ്ത്തിയവർ ഇന്ന് ഞങ്ങളെ തള്ളി പറയുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. അന്ന് ഉപയോഗിച്ച വാഹനങ്ങൾ modification ചെയ്തതാണെന്നും അപകടങ്ങൾ വരുത്തുന്നതിൽ മുഖ്യ പങ്ക് ഞങ്ങളുടെ വാഹനങ്ങൾക്ക് ആണെന്നും ആണ്‌ പുതിയ വിലയിരുത്തൽ. ആകെയുള്ള അപകടങ്ങളുടെ എണ്ണത്തിൽ എത്ര ശതമാനം ഞങ്ങളുടേത് പോലെയുള്ള 4×4 വാഹനങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് ഒന്ന് പരിശോധിച്ചാൽ മനസ്സിലാവും.” ഓഫ്‌റോഡ് ജീപ്പുടമകളുടെ വാക്കുകളാണിവ.

പലതരത്തിലുള്ള പ്രളയ അനുഭവങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ നമ്മുടെ പോലീസിനും വേണ്ടേ അത്തരത്തിലുള്ള ഓഫ്‌റോഡ് വാഹനങ്ങൾ എന്നാണു സോഷ്യൽമീഡിയ ഇപ്പോൾ ഒന്നടങ്കം ചോദിക്കുന്നത്. ഓഫ്‌റോഡ് റൈഡർമാർക്കൊപ്പം കേരളം പോലീസിനും കൂടി ഇത്തരം വാഹനങ്ങൾ ഉണ്ടെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ കുന്നുകളിലും, മലകളിലും, കാടുകളിലുമെല്ലാം സുഗമമായി എത്തിച്ചേരുവാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാനും എളുപ്പത്തിൽ സാധിക്കും.

ചില ഡിസൈനിംഗ് വിദഗ്ധർ കേരള പോലീസിനു സ്വന്തമായി ഓഫ്‌റോഡ് വാഹനങ്ങൾ ഉണ്ടെങ്കിൽ അതെങ്ങനെയിരിക്കും എന്നുവരെ കൃത്യമായി വരച്ചും ഫോട്ടോഷോപ്പ് ചെയ്തുമൊക്കെ ഷെയർ ചെയ്യുന്നുണ്ട്. ഇത് വെറുമൊരു തമാശ മാത്രമായി കാണാതെ വേണ്ടപ്പെട്ട അധികാരികൾ ഒട്ടും വൈകാതെ തന്നെ നമ്മുടെ പോലീസ്, ഫയർഫോഴ്‌സ് സേനകൾക്ക് എന്തു പ്രതിസന്ധികളെയും മറികടക്കുവാൻ പര്യാപ്തമായ എമർജൻസി ഓഫ്‌റോഡ് വാഹനങ്ങൾ സ്വന്തമായി ലഭ്യമാക്കണമെന്നാണ് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.