എഴുത്ത് – ജിതിൻജോഷി.

ഒരുപാട് യാത്രകൾ ചെയ്യുന്നവരാണ് നാമെല്ലാവരും. വാഹനം ഏതുമാകട്ടെ, നിരത്തിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അവ പാലിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ ഉപകരിക്കും എന്നതിൽ സംശയമില്ല. യാത്രകൾക്കിടയിൽ പലപ്പോളായി തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവച്ചുകൊള്ളട്ടെ..

യാത്ര തുടങ്ങുന്നതിനുമുന്നെ വണ്ടിയുടെ എല്ലാ ഭാഗവും പരിശോധിച്ചില്ലെങ്കിലും ബ്രേക്ക്‌, ഹെഡ്‍ലൈറ്റ്, ടയറുകളിലെ കാറ്റ് ഇവ നിർബന്ധമായും ചെക്ക് ചെയ്യുക. റോഡിൽ എപ്പോളും ഒരേ വേഗത (60-70) നിലനിർത്താൻ ശ്രമിക്കുക. വലിയ കുഴപ്പമില്ലാത്ത രീതിയിൽ നിയന്ത്രണം കിട്ടുന്ന വേഗതയാണിത്. ഹോൺ ആവശ്യത്തിന് മാത്രം. ഇപ്പോൾ ഇറങ്ങുന്ന AC ഉള്ള ലോറികളെ ഓവർടേക് ചെയ്യുമ്പോൾ നിശ്ചയമായും ഡ്രൈവർ നിങ്ങളെ കണ്ടു എന്ന് ഉറപ്പ് വരുത്തുക. ഗ്ലാസ് പൊക്കി വച്ചിരിക്കുന്നതിനാലും, അത്യാവശ്യം എഞ്ചിൻ സൗണ്ട് ഉള്ളതിനാലും എപ്പോളും ഹോൺ ഇവർ കേൾക്കണം എന്നില്ല.

രാത്രിയിൽ ഓവർടേക് ചെയ്യുമ്പോൾ ഡിം ആൻഡ് ബ്രൈറ്റ് മാറി മാറി ഉപയോഗിച്ചു ചെയ്യുക. രാത്രിയിൽ വളവുകളിൽ നിർബന്ധമായും ഹെഡ് ലൈറ്റ് ഡിം ചെയ്തു ബ്രൈറ്റ് ചെയ്യുക. എതിരെ വാഹനം വരുമ്പോൾ ഒരിക്കലും ഹെഡ്‍ലൈറ്റ് ബ്രൈറ്റ് ചെയ്യരുത്. ബസ്, ലോറി മുതലായ വലിയ വാഹനങ്ങളിൽ “ബ്ലൈൻഡ് സ്പോട്ട്” ഉണ്ടെന്ന് മനസിലാക്കുക. നമ്മുടെ വാഹനം വലിയ വാഹനത്തിന്റെ റിയർ വ്യൂ മിററിൽ പതിയാത്ത ചില അവസരങ്ങൾ ഉണ്ട്. ആയതിനാൽ പെട്ടെന്നുള്ള ഓവർടേക്കിങ് ഒഴിവാക്കുക. മുൻപിലുള്ള വാഹനത്തിനോട് വളരെ അടുപ്പിച്ചു വാഹനം ഓടിക്കരുത്. ട്രാക്ക് മാറുമ്പോൾ നിർബന്ധമായും ഇൻഡിക്കേറ്റർ നൽകണം. അത് ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും.

കണ്ണാടികൾ ഉപയോടിക്കുക. യഥാർത്ഥത്തിൽ വശങ്ങളിലേക്കും പിന്നിലേക്കുമുള്ള കണ്ണുകളാണ് വാഹനത്തിലെ കണ്ണാടികൾ. എപ്പോളും അവയിൽ ഒരു ശ്രദ്ധ വയ്ക്കണം. പലപ്പോഴും കാണാറുണ്ട് സൈഡ് മിററുകൾ മടക്കിവച്ചുള്ള ഡ്രൈവിംഗ്. ഓർക്കുക കണ്ണുകൾ അടച്ചു വാഹനം ഓടിക്കുന്നതുപോലെ ആണത്. അത്യാവശ്യം വാഹനസംബന്ധിയായ കാര്യങ്ങൾ അറിഞ്ഞുവയ്ക്കുക. ടയർ മാറ്റിയിടാനെങ്കിലും. കാറിന്റെ ടയർ മാറ്റാൻ ഒരാൾ ഒറ്റയ്ക്ക് മതി.

ഫ്രീക്കന്മാർ റൈഡ് ചെയ്യുമ്പോൾ ജാക്കറ്റ് ഇടുന്നില്ലെങ്കിൽ ദയവായി ഷർട്ടിനടിയിൽ ഒരു ബനിയൻ ഇടാൻ ശ്രദ്ധിക്കുക. പിന്നിൽ വരുന്നവർക്ക് ഷർട്ട് കാറ്റിൽ പറത്തി കാഴ്ചയുടെ വിരുന്നൊരുക്കാതെ. കഴിവതും ഇടതുവശത്തൂടെയുള്ള ഓവർടേക്കിങ് ഒഴിവാക്കുക. ഒന്നിച്ചുള്ള റൈഡ് ആണെങ്കിൽ തമ്മിൽ സംസാരിച്ചു റോഡ് നിറഞ്ഞു പോകാതെ ഒന്നിനുപിറകെ ഒന്നായി ബൈക്കുകൾ ഓടിക്കുക.

മത്സരം_വേണ്ടേവേണ്ട. പ്രത്യേകിച്ചു വലിയ വാഹനങ്ങളോട്. അവയുടെ സ്പീഡും ബ്രെക്കും ആയിരിക്കില്ല നമ്മുടെ വണ്ടിക്ക്. ട്രാഫിക് സിഗ്നലിൽ വാഹനം ഗിയറിൽ ഇട്ട് ക്ലച് ചവിട്ടി / പിടിച്ചു വാഹനം നിർത്തിയിടുന്നത് നല്ലതല്ല. ന്യൂട്രൽ ഗിയർ ആണ് അഭികാമ്യം.സ്വയം കണ്ടെത്തിയ സിഗ്നലുകൾ പ്രയോഗിക്കരുത്. ഉദാഹരണം : കവലയിൽ നേരെ പോവാൻ ഹസാർഡ് വാണിംഗ് ലൈറ്റ് ഇടുക, ഓവർടേക് ചെയ്യാൻ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് സിഗ്നൽ കൊടുക്കുക മുതലായവ. നിങ്ങൾ വേഗത കുറച്ചാണ് പോകുന്നതെങ്കിൽ റോഡിന്റെ ഇടത് വശത്തുള്ള ട്രാക്ക് ഉപയോഗിക്കുക. ഏറ്റവും വലതു വശത്തെ ട്രാക്ക് വേഗത കൂടിയവർക്കുള്ളതാണ്.

ഉറക്കം വന്നാൽ അത് സഹയാത്രികരോട് പറഞ്ഞു വിശ്രമിക്കുക. ഏറ്റവും കൂടുതൽ ദൂരം വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുന്നയാളല്ല മികച്ച ഡ്രൈവർ. യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം പ്രധാന പാതയിൽ നിന്നും മാറ്റി ചെറിയ ഇടവഴികളിലോ സർവീസ് റോഡിലോ പാർക്ക്‌ ചെയ്തു ഉറങ്ങുക. ഒരിക്കലും തിരക്കേറിയ പ്രധാന പാതയുടെ അരികിൽ വണ്ടി ഇട്ട് ഉറങ്ങരുത്. മറ്റു വാഹനങ്ങൾ വന്നിടിച്ചുള്ള അപകടം ഇങ്ങനെ ഒഴിവാക്കാം. ഇനിയും ഒരുപാട് ഉണ്ട്..അപ്പൊ എല്ലാവർക്കും ശുഭയാത്ര..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.