ആലപ്പുഴയിൽ ഭിന്നശേഷിയുള്ളവർക്കായി ഒരു ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഇതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് ഐ.എ.എസ് തൻ്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ എല്ലാവരെയും അറിയിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. കളക്ടറുടെ പോസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.

“ഏറെ നാളത്തെ പരിശ്രമമായിരുന്നു ഭിന്നശേഷി സഹോദരങ്ങൾക്കു തൊഴിൽ കണ്ടെത്തുക എന്നത്. ഇതിനായി സൗഹൃദവലയങ്ങളിൽ ഒരുപാടു അന്വേഷിക്കുകയും കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സന്നദ്ധനായി വരികയും ചെയ്തു. ആലപ്പുഴയിൽ നിന്നും പോകുന്നതിനു മുൻപായി ഇത് ചെയ്യാൻ കഴിയുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു.

സമൂഹത്തില്‍ പല പ്രവര്‍ത്തികളിലും മികവ് തെളിയിച്ചിട്ടുള്ള ഭിന്നശേഷിയുള്ളവരെ നമ്മള്‍ കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ കൈത്താങ്ങുണ്ടെങ്കില്‍ മറ്റാരെയും പോലെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനും ഉയരങ്ങൾ കീഴടക്കുവാനും സാധിക്കും . അത്തരക്കാര്‍ക്ക് തൊഴില്‍ നല്‍കാനായി ആലപ്പുഴയില്‍ ഒരു ജോബ് ഫെയര്‍ “ഉയരെ “ തിങ്കളാഴ്ച ജൂണ്‍ 17-ന് സംഘടിപ്പിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 ആം ക്ലാസ്, +2 പാസ്സായ എഴുതാനും വായിക്കാനും കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനും കഴിയുന്നവരെയാണ് പരിഗണിക്കുക. ചലനശേഷി, സംസാരശേഷി, കാഴ്ചശക്തി എന്നിവ ഇല്ലാത്തവരെ പരിഗണിക്കുന്നതല്ല. കൊച്ചി കാക്കനാടുള്ള ഐടി പാര്‍ക്കിലാണ് നിയമനം ലഭിക്കുക. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. പ്രതിമാസം 14,000 രൂപ ശമ്പളവും ഇഎസ്‌ഐ, ഇപിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളും നിയമനം ലഭിക്കുന്നവര്‍ക്ക് ലഭിക്കും.

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ആലപ്പുഴ ജനറല്‍ ആശുപത്രി കോബൗണ്ടിലുള്ള എന്‍എച്ച്എം ട്രെയിനിങ് സെന്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടക്കുന്ന ജോബ് ഫെയറില്‍ നേരിട്ട് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ അറിയാന്‍ 8943341396 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇതൊരു തുടക്കമായി കരുതി ഇനിയും നിരവധി “ഉയരെ”കൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുകയും ആലപ്പുഴയുടെ പുറത്താണെങ്കിലും എന്നിൽ എന്നും ഒരു ആലപ്പുഴക്കാരൻ ഉണ്ടാവുമെന്നും ഇതുപോലെയുള്ള സഹായങ്ങൾ പുറത്തുനിന്നും പരമാവധി ചെയ്യാൻ എപ്പൊഴും സന്നദ്ധനായിരിക്കുകയും ചെയ്യും.”

ആലപ്പുഴ കണ്ടിട്ടുള്ള മികച്ച കലക്ടർമാരിൽ ഒരാളാണ് എസ്.സുഹാസ്. പ്രളയത്തിൽ ആണ്ടുപോയ ഒരു ജില്ലയെ പുനരധിവസിപ്പിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോഴിതാ അദ്ദേഹം സ്ഥലം മാറ്റം കിട്ടി ആലപ്പുഴയോട് വിടപറയുകയാണ്. വയനാട് കലക്ടറുടെ പദവിയിൽനിന്നാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്. ഇപ്പോൾ ആലപ്പുഴക്കാരുടെ സ്വന്തം സുഹാസ് സാർ സ്ഥലം മാറിപോകുന്നത് തൊട്ടടുത്തുള്ള എറണാകുളത്തേക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.