ജോണി വാക്കർ – പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഓടിവരുന്നത് രണ്ടു കാര്യങ്ങളായിരിക്കും. ഒന്ന് മമ്മൂട്ടിയുടെ സിനിമ, രണ്ടാമത്തേത് ഒറിജിനൽ ജോണിവാക്കർ വിസ്കി. മലയാളികൾക്ക് സുപരിചിതമായ ഈ ബ്രാൻഡ് ആദ്യമായി നമ്മുടെ നാട്ടിൽ പ്രശസ്തമാക്കിയത് ലീവിനു വരുന്ന പ്രവാസികൾ ആണെന്നു തന്നെ പറയാം. ചുമ്മാ രുചിച്ചു നോക്കുമെങ്കിലും (ചിലർ വലിച്ചു കേറ്റുകയും ചെയ്യും) ഈ ജോണി വാക്കറിന്റെ ചരിത്രം ഭൂരിഭാഗമാളുകൾക്കും അറിയില്ല എന്നതാണ് സത്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പോടെ നമുക്ക് തുടങ്ങാം.

സ്കോട്ട്ലണ്ടിലെ അയർഷയർ എന്ന സ്ഥലത്തായിരുന്നു ലോകം മുഴുവനും പേരുകേട്ട ജോണി വാക്കറിന്റെ ജനനം. ഈ സ്കോച്ച് വിസ്‌കിക്ക് ജോണിവാക്കർ എന്നു പേരു വന്നത് അതേ പേരുള്ള ഒരാളിൽ നിന്നുമായിരുന്നു. ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു ജോണി വാക്കർ. 1819 ൽ ജോണിയുടെ, കൃഷിക്കാരനായ അച്ഛൻ മരണപ്പെട്ടു. ഇതോടെ അവർ കൃഷിസ്ഥലം വിൽക്കുകയും പകരം ഒരു പലചരക്കു കട തുടങ്ങുകയുമായിരുന്നു. പലചരക്ക് വിൽപ്പനയോടൊപ്പം വൈനുകളുടെ വിൽപ്പനയും അവർ ചെയ്തിരുന്നു. കൗമാരപ്രായത്തിൽ തന്നെ ജോണി വാക്കർ തൻ്റെ പുതിയ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

1823 ൽ അവിടത്തെ പുതുക്കിയ എക്സ്സൈസ് ആക്ട് പ്രകാരം വിസ്‌കി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ടാക്സ് തുക വളരെ കുറയ്ക്കുകയുണ്ടായി. ഇതൊരു പിടിവള്ളിയായി കണ്ടുകൊണ്ട് ജോണി വാക്കർ 1825 മദ്യവിൽപ്പന ആരംഭിച്ചു. തുടക്കത്തിൽ റമ്മും ബ്രാണ്ടിയും വിസ്കിയും ജിന്നുമൊക്കെയായിരുന്നു നിർമ്മാണവും വില്പനയുമെങ്കിൽ പിന്നീടത് വിസ്‌ക്കിയിൽ മാത്രമായി കേന്ദ്രീകരിച്ചു.

വിസ്‌ക്കികൾ നന്നായി വിറ്റുപോയിരുന്നെങ്കിലും താൻ ഉണ്ടാക്കിയ ഉൽപ്പന്നത്തിന് ഒരു ബ്രാൻഡ് നെയിം കണ്ടെത്താൻ ജോണിയ്ക്ക് ആയില്ല. അവസാനം അയാൾ തൻ്റെ സ്വന്തം പേരായ ‘ജോണി വാക്കർ’ എന്നുതന്നെ വിസ്‌ക്കിയ്ക്കും പേരിടുകയായിരുന്നു. വാക്കറുടെ വിസ്‌കി കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ചിരുന്നതും ബിസിനസ്സ് ചുരുങ്ങിയതുമായിരുന്നുവെങ്കിലും അയർഷയർ എന്ന ആ സ്ഥലത്ത് ജോണിവാക്കറും അയാളുടെ വിസ്ക്കിയും ജനപ്രിയമായിത്തീർന്നു.

പതിയെപ്പതിയെ ബിസ്സിനസ്സ് ക്ലച്ച് പിടിച്ചു വരുന്നതിനിടെ 1852 ൽ അവിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ജോണിയുടെ എല്ലാം നഷ്ടമായി. ഇൻഷുറൻസ് ഒന്നും എടുക്കാതിരുന്നതിനാൽ നഷ്ടപരിഹാരമൊന്നും കിട്ടിയതുമില്ല. ഒരു സാധാരണക്കാരന് ആത്മഹത്യ ചെയ്യുവാനോ നാടുവിടാനോ ഇതു തന്നെ ധാരാളം. പക്ഷേ വിധിയിൽ കുലുങ്ങാതെ ജോണി വാക്കർ വീണ്ടും ബിസ്സിനസ്സ് തുടങ്ങുവാൻ തീരുമാനിച്ചു. മനോധൈര്യത്തേക്കാൾ അയർഷയറിലെ ആളുകളുടെ പിന്തുണയായിരുന്നു ജോണിയെ വീണ്ടുമൊരു തിരിച്ചു വരവിനു പ്രേരിപ്പിച്ചത്. ബിസ്സിനസ്സ് തിരിച്ചു പിടിച്ചു നഷ്ടങ്ങളെല്ലാം നികത്തി ഒരു നിലയിലായപ്പോഴേക്കും 1857 ൽ ജോണി വാക്കർ മരണമടഞ്ഞു.

ജോണിവാക്കറുടെ മരണത്തോടെ മകൻ അലക്‌സാണ്ടർ വാക്കർ ബിസ്സിനസ്സ് ഏറ്റെടുക്കുകയാണുണ്ടായത്. പിന്നീട് വച്ചടിവച്ചടി കയറ്റമായിരുന്നു. 1860 ൽ വിസ്‌ക്കിയുടെ ബോട്ടിൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചതുരാകൃതിയിൽ പുറത്തിറക്കി. പെട്ടികളിൽ കൃത്യതയോടെ ഫിറ്റായി (fit) ബോട്ടിലുകൾ അടക്കി വെക്കാമെന്നതായിരുന്നു ഈ രൂപമാറ്റത്തിന്റെ പിന്നിലെ ബുദ്ധി. ഇതുമൂലം കുപ്പികൾ പെട്ടികളിൽ ലൂസായി കിടന്നടിച്ചു പൊട്ടിപ്പോകുന്ന സാഹചര്യം ഇല്ലാതെയായി.

1865 ൽ ‘Old Highland വിസ്കി’ എന്ന പേരിലായിരുന്നു അവർ മദ്യം പുറത്തിറക്കിയത്. അലക്‌സാണ്ടർക്ക് വയ്യാതായപ്പോൾ ഈ ബ്രാൻഡ് തന്റെ മക്കളെ അദ്ദേഹം ഏൽപ്പിച്ചു. ജോണി വാക്കർ വിസ്കി കച്ചവടം തുടങ്ങിയ കാലത്ത് 8% മാത്രമായിരുന്നു ലാഭമെങ്കിൽ അലക്‌സാണ്ടർ തൻ്റെ മക്കൾക്ക് ബിസ്സിനസ്സ് കൈമാറുമ്പോൾ ലാഭം 90 – 95% ആയി മാറിയിരുന്നു. അവിടുന്നങ്ങോട്ട് ‘ജോണി വാക്കർ’ എന്ന കമ്പനിയുടെ ഉദയമായിരുന്നു.

1908 ൽ തങ്ങളുടെ ഉൽപ്പന്നത്തിന് ഒരു പോസ്റ്റർ ഡിസൈൻ ചെയ്യുവാനായി അവർ അക്കാലത്തെ പ്രമുഖ കലാകാരനായിരുന്ന ടോം ബ്രൗണിനെ സമീപിച്ചു. അദ്ദേഹമാണ് കയ്യിലൊരു വാക്കിംഗ് സ്റ്റിക്കുമായി രാജാവിനെപ്പോലെ നടക്കുന്ന പരിഷ്ക്കാരിയായ ഒരു മനുഷ്യന്റെ ചിത്രം ഡിസൈൻ ചെയ്തത്. അക്കാലത്തെ സ്കോച്ച് നിർമ്മാതാക്കളെല്ലാം ‘ബാഗ്പൈപ്പർ വായിക്കുന്ന താടിക്കാരന്റെ’ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ജോണി വാക്കറിന്റെ ഈ വ്യത്യസ്തമായ ‘നടക്കുന്ന മനുഷ്യൻ’ പെട്ടെന്നു ജനശ്രദ്ധയാകർഷിക്കുകയും ഹിറ്റാകുകയും ചെയ്തു.

1909 ൽ ‘Old Highland വിസ്കി’ റീബ്രാൻഡ് ചെയ്യുകയും പകരം റെഡ് ലേബൽ, ബ്ളാക്ക് ലേബൽ തുടങ്ങിയ പേരിൽ ജോണിവാക്കർ വിസ്‌ക്കികൾ പുറത്തിറക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ഈ രണ്ടു ബ്രാൻഡുകളെ മുൻ നിർത്തിയായിരുന്നു ജോണി വാക്കറിന്റെ പ്രയാണം. ലോകത്തിലെ ഏറ്റവും വലുതും പേരുകേട്ടതുമായ സ്കോച്ച് നിർമ്മാതാക്കൾ എന്ന വിശേഷണം ജോണിവാക്കറിന് ലഭിച്ചു. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ജോണിവാക്കർ വിസ്കികൾക്ക് ആരാധകരുണ്ടായി.

1986ല്‍ ഐറിഷ് ബ്രൂവറിയായ ഗിന്നസ് ഡിസ്റ്റിലേഴ്സ് കമ്പനി വാങ്ങി. പതിനൊന്നുവര്‍ഷത്തിനുശേഷം അത് ഗ്രാന്‍ഡ്‌ മെട്രോപ്പോളിറ്റനുമായി ചേര്‍ന്ന് ഇന്നത്തെ ജോണി വാക്കര്‍ ഉടമയായ ഡിയെഗോ ഉണ്ടായി. ഇന്ന് ലോകത്താകമാനം ഏറ്റവുമധികം വരുമാനം നേടുന്ന മദ്യക്കമ്പനിയാണിത്. വിദേശരാജ്യങ്ങളിൽ നിന്നും ലീവിന് വന്നിരുന്ന പ്രവാസികളായിരുന്നു മലയാളികൾക്ക് ആദ്യമായി ജോണിവാക്കറിനെ പരിചയപ്പെടുത്തിയത്. ഇന്ന് പലതരം സ്കോച്ച് ബ്രാൻഡുകൾ നിലവിലുണ്ടെങ്കിലും ജോണി വാക്കറിന്റെ ജനപ്രീതിയെ കടത്തിവെട്ടാൻ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.

Disclaimer : ലോകപ്രശസ്തമായ ഒരു കമ്പനിയുടെയും ഉൽപ്പന്നത്തിന്റെയും ചരിത്രം മനസ്സിലാക്കിത്തരിക എന്ന ഉദ്ദേശ്യത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. യാതൊരു തരത്തിലും മദ്യപാനത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.