വിവരണം – Akhil surendran anchal.
കടമക്കുടി – ചരിയം ചുരത്തിലെ പ്രഭാത സൂര്യോദയം പ്രകൃതി അണിയിച്ചൊരുക്കുന്ന ഒരു മനോഹര കാഴ്ച തന്നെയാണ് . എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി ഗ്രാമം . പ്രകൃതി ഭംഗി കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത കടമക്കുടിയെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ .
യാത്രികരെ പോലെ തന്നെ ഫോട്ടോഗ്രാഫർമ്മാരുടെ ഈറ്റില്ലം കൂടിയാണ് കടമക്കുടി. ഫോട്ടോഗ്രാഫർമാരുടെ ക്യാമറ കണ്ണു കളിലെ മികവുറ്റ ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ടില്ലാത്തവരുണ്ടോ ? ഇല്ല എന്നേ ഉത്തരം വരൂ . കാരണം ഇത്രയധികം വിവിധ തരത്തിലുള്ള ദേശാടന പക്ഷികൾ ഈ ഗ്രാമത്തിൽ എത്തിചേരാതെ പോകാറില്ല, അതാണ് കാരണം. പക്ഷി നിരീക്ഷക ഫോട്ടോഗ്രഫർമ്മാരുടെ പതിവ് സന്ദർശന സ്ഥലം കൂടിയാണ് കടമക്കുടി . ആ ദ്യശ്യ ഭംഗി നേർ കാഴ്ചകളിലേക്ക് നുകരാനായി ഒരു യാത്ര .
നാട്ടിൻ പുറകാഴ്ചകളിലേക്ക് ഞാൻ എന്റെ പ്രിയപ്പെട്ട യാത്ര സ്നേഹിതരെ ക്ഷണിക്കുന്നു . ഈ ഗ്രാമം മണ്ണിനോടു ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. ഗ്രാമത്തിന്റെ മണവും , പാടങ്ങളും, ചെറു വരമ്പുകളും , തോടുകളും, തെങ്ങുകളും , കരിക്കും , നന്മ നിറഞ്ഞ ഗ്രാമവാസികളുടെയും പ്രകൃതി സൗന്ദര്യം കൊണ്ട് തുളുമ്പുന്നതുമാണ് കടമക്കുടിയുടെ സൗന്ദര്യക്കാഴ്ചകളാവുന്നത്. തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി മണ്ണിനോടു ചേർന്ന് പ്രകൃതിയോടൊപ്പം ഇരിക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്കു നല്ല ഒരു ഉത്തരമാണ് കടമക്കുടിയും സമീപത്തുള്ള ചരിയംതുരുത്ത് ഗ്രാമവും.
ഇളം കാറ്റിന്റെ തലോടലേറ്റ്, ദേശാടന കിളികളോടു കിന്നരിച്ച്, കുറച്ചു നേരത്തേക്കെങ്കിലും ജീവിക്കാൻ പറ്റിയ ഇടം. കടമക്കുടി നമ്മളെ വിളിക്കുകയല്ല, തിരിച്ചു വിളിക്കുകയാണ് കഴിഞ്ഞ കാലത്തിലോട്ട്. പിന്നിട്ട വഴികളിലോട്ട്. മണ്ണിനോടു ചേർന്ന് മനുഷ്യനാവാൻ. പ്രകൃതി കാഴ്ചകളിലൂടെ ഒരു തിരിച്ചു പോക്ക്. അങ്ങനെ ഞാനും ആ വിളികേട്ട് ഇവിടെയെത്തി. കുറച്ചു സമയം മൂടു പടങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നിയ സമയവും യാത്ര നിമിഷങ്ങളും .
1 comment
ഉഷാറായിട്ടുണ്ട്