വിവരണം – ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug).
‘എറണാകുളത്തെ കുട്ടനാട്’ – കടമക്കുടിയെ എന്തോ എനിക്ക് അങ്ങിനെ വിശേഷിപ്പിക്കാനാണ് തോന്നിയത്. ജില്ലയിൽത്തന്നെ എത്രയും ഭംഗിയുള്ളൊരു കായലോര ഗ്രാമ പ്രദേശമുണ്ടോയെന്നു സംശയമാണ്. മെട്രോ നഗരിയിൽ നിന്നും അധികം ദൂരെയല്ലാത്ത ഈ ഗ്രാമീണ സുന്ദരി പ്രശസ്തിയാര്ജിച്ചുവന്നിട്ടു രണ്ടോ മൂന്നോ വർഷങ്ങളെ ആയിട്ടുള്ളു. ആദ്യമായി ഞാൻ ഇങ്ങനൊരു സ്ഥലത്തെപ്പറ്റി അറിയുന്നത് കൂടെ ജോലി ചെയ്ത കുട്ടിയുടെ ഫോണിൽ അവൾ എടുത്ത അവളുടെ വീടിന്റെയും ചുറ്റുപാടിന്റെയും ഫോട്ടോസ് കണ്ടപ്പോളാണ്. ഏകദേശം മൂന്നര വര്ഷം ആകുന്നു. അന്നൊന്നും കടമക്കുടി ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയിക്കണ്ടു ആരും പോയതായി കേട്ടിട്ടേ ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം ആ സ്ഥലത്തുപോകണമെന്നു വല്ലാത്ത വാശി.
അവളോടുതന്നെ ചോദിച്ചറിഞ്ഞു പോകുന്ന വഴിയൊക്കെ. പക്ഷെ പോകാൻ തരപ്പെട്ടത് ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാണ്. ഫോട്ടോയിൽ കണ്ടതിനേക്കാൾ അതി ഗംഭീരം. എങ്ങും പച്ചപ്പും ഓളപ്പരപ്പും തണുത്ത സുഖമുള്ള കാറ്റും. ആകെ ശാന്തമായ അന്തരീക്ഷം. പിന്നെയങ്ങോട്ട് ഇതുവരെ എത്ര തവണ അവിടെ കാറ്റുകൊള്ളാൻ പോയി ഇരുന്നിട്ടുണ്ടെന്നു അറിയില്ല. ഇൻഫോപാർക്കിലെ തല മരവിപ്പിക്കുന്ന IT ജോലിക്കിടയിൽ നിന്ന് സ്ഥിരമായി സ്വസ്ഥത തേടിപോകുന്നയിടമായി മാറി പിന്നെ കടമാക്കുടിയും അവിടുത്തെ ചെമ്മീൻ കെട്ടിനരികിലെ തട്ടുകടയിലെ കപ്പയും പോട്ടിയും കടുപ്പം കൂട്ടി എടുത്ത കട്ടനും…
എത്രതവണ പോയാലും മടുക്കാത്ത അപൂർവം ഇടങ്ങളിലൊന്ന്, നല്ല വൃത്തിയും വെടിപ്പുമുള്ള വഴിയോരങ്ങളും നിഷ്കളങ്കരായ കുറച്ചു ഗ്രാമീണരും മാത്രം. അലോസരപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങളോ മലിനീകരണമോ ട്രാഫിക് കുരുക്കൊ ഒക്കെ ഇന്നും അന്യമാണവിടെ. പോരാത്തതിന് നല്ല അടിപൊളി റോഡും. പ്രേത്യേകിച് വലിയ ചിലവുകളൊന്നും തന്നെയില്ല. ഒരു സാദാ സഞ്ചാരിക്ക് വേറെന്തു വേണം ഒരു സ്പോട് പ്രിയപ്പെട്ടതാകാൻ.
ഫുഡിന്റെ കാര്യം അതിലും കേമം, പ്രശസ്തമായ വരാപ്പുഴ ‘പെരിയാർ’ റെസ്റ്റാറ്റാന്റിലെ നാടൻ ഉച്ചയൂണിന്റെ കറികളുടെ നീണ്ട നിര കണ്ടാൽ തന്നെ വിശപ്പ് ഇരട്ടിക്കും. ഇനിയിപ്പോ എരിവും പുളിയും കുറച്ചുകൂടുതൽ വേണമെന്ന് ഉള്ളവർക്കായി പ്രസിദ്ധിയിൽ ഒന്നും പിന്നിലല്ലാതെ കട്ടക്ക് നില്ക്കാൻ കടമക്കുടി ഷാപ്പും ഉണ്ട് കേട്ടോ. വരാപ്പുഴ ടൌൺ കയറി മാർക്കറ്റും കടന്നു നേരെ പോയാൽ വലത്തോട്ട് ഒരു തിരിവും അവിടെ ബോർഡും കാണാം – ‘കടമക്കുടി’. ബസ് റൂട്ട് ആണ്, വഴി സംശയം ഉണ്ടേൽ ബസിന്റെ പിന്നാലെ പോകാം. പോകുന്ന വഴിയിൽ വലത് ഭാഗത്തായി ഒരു ചെറിയ പള്ളിയും കാണാം. പള്ളി കഴിഞ്ഞു church റോഡ് എന്ന് ബോർഡ് വെച്ച റോഡ് വഴി കേറണം. ഇങ്ങനേ landmarks പറയാൻ കാരണം GPS ആ വഴി കൃത്യമായി എത്തിക്കില്ല എന്നതുകൊണ്ടാണ്, ടെക്നോളോജിയെ ആശ്രയിക്കാതെ വഴിയിൽ ചോദിച്ചു പോകുന്നതാണ് നല്ലതു.
കടമക്കുടി എന്നാൽ വരാപ്പുഴ അടുത്ത് ചെറു ദ്വീപുകൾ ചേർന്നുള്ള ഒരു തുരുത് ആണെന്ന് പറയാം. എങ്ങും വെള്ളത്താൽചുറ്റപ്പെട്ട മനോഹരമായ ഒരു കൊച്ചു ഗ്രാമം. അധികം ചുറ്റിയടിച്ചു കറങ്ങാനുള്ള വിസ്തീർണമൊന്നുമില്ല. അങ്ങേ അറ്റം ചെന്നാൽ ഒരു കടത്തു ഉണ്ട്. ജങ്കാർ സർവീസ്. മറുകര ചെന്നാൽ ഇതുപോലെതന്നെയുള്ള മറ്റൊരു കൊച്ചു തുരുത്തുമുണ്ട്; ചാത്തനാട്. കടമക്കുടിയുടെ അനിയത്തി ആയി വരുമെങ്കിലും അത്ര പോരാ. എങ്കിലും അവിടെ വരെ പോകുന്ന സ്ഥിതിക്ക് ജങ്കാർ കേറി അപ്പുറെ പോയി ജസ്റ്റ് ഒന്ന് കറങ്ങി വരണം. അതൊരു പ്രേത്യേക രസമാണ്. അതിരാവിലെയോ വൈകിട്ടോ ഇറങ്ങുന്നതാണ് ഏറ്റവും നല്ലത്. ഫോട്ടോഗ്രാഫിയിൽ കമ്പം ഉള്ളവർ പ്രേത്യേകിച്. പലയിനം പക്ഷികളെയും കാണമെന്നതിനാൽ പക്ഷി നിരീക്ഷണത്തിനായി എവിടേക്കു വരുന്നവരും കുറവല്ല.
വരാപ്പുഴ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട്. ആളുകളുടെ പ്രധാന വരുമാന മാർഗം കായലുമായി ബന്ധപ്പെട്ടുതന്നെയാണ്. മീന്പിടിത്തവും, ചെമ്മീൻകെട്ടും കള്ളുചെത്തലും മറ്റു അനുബന്ധജോലികളും. 14 ദ്വീപുകൾ ചേർന്നതാണ് കടമക്കുടി എന്ന് പറയുന്നു. അതിൽ പ്രഥാനമായി പിഴല, മൂലമ്പിള്ളി, ചെറിയ കടമക്കുടി, മുരിക്കൽ, കോതാട്, ചെന്നൂർ, ചരിയം തുരുത്, വലിയ കടമക്കുടി.
രാത്രി ഭക്ഷണം കഴിക്കാനായി നേരത്തെ പറഞ്ഞ തട്ടുകട ബെസ്റ്റാണ്, ഉച്ചയൂണിനു ഭക്ഷണ പ്രിയർക്കു ഏറ്റവും പറ്റിയ ഇടം വരാപ്പുഴ ‘പെരിയാർ’ തന്നെയാണ്. Edapally – Panvel ഹൈവേ പാലം കയറുന്നതിനു മുൻപായി വലതു ഭാഗത്തു കുറച്ച താഴെ ആയാണ്, ബോർഡ് ശ്രദ്ധിച്ച പോകണം, അല്ലെങ്കിൽ മാപ്-ൽ ഈസി ആയി കിട്ടും. അതെ, ‘പച്ചപ്പും ഹരിതാഭയും’ കണ്ടാസ്വദിച്ചു നല്ല നാടൻ ഊണും കഴിക്കാൻ കൊതിച്ചു വരുന്ന പ്രവാസികളായ ടോമിച്ചന്മാർക്കു പറ്റിയ ഇടമാണ്. ഒരുപാടു നാളത്തെ മടുപ്പിക്കുന്ന മരുഭൂമി വാസവും പ്രാരാബ്ധങ്ങളുമൊക്കെ മറക്കാം ഇവിടുത്തെ കിളികളുടെ ശബ്ദവും കേട്ട് കുറച്ചു നേരം സ്വസ്ഥമായിരുന്നാൽ.
1 comment
wow !!!! kalakki… next vacation avide thanne…thanks for information