വിവരണം – ദീപ ഗംഗേഷ്.
തൃശ്ശൂർ ജില്ലയിലെ ചെമ്മണ്ട കാറളം കായൽപാടശേഖരത്തിലെ വേറിട്ടൊരു കാഴ്ചയാണ് കാഞ്ചന ചേച്ചി. കോൾ പാടങ്ങളിൽ പക്ഷികളുടെ ഫോട്ടൊ എടുക്കുന്നതിനിടയിൽ അവിചാരിതമായി ഫ്രയിമിൽ വന്നൊരു തോണി. തോണി തുഴയുന്നതൊരു സ്ത്രീയാണ്. കൗതുകത്തോടെ നോക്കി. തോണിയിൽ നിന്നു കനാലിൽ വല ഇടുകയാണ് അവർ. കിട്ടിയ സന്ദർഭം മുതലാക്കി അവരുടെ ചിത്രങ്ങളെടുത്തു. തോണി തുഴഞ്ഞ് വലയെറിഞ്ഞ് മീൻപിടിക്കുന്ന പുരുഷൻമാരെ ധാരാളം കണ്ടിട്ടുണ്ട് എന്നാൽ സ്ത്രീകൾ ഈ മേഖലയിൽ അപൂർവ്വമാണ്. അവരെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം തോന്നി.
സമുദ്രനിരപ്പിൽ നിന്ന് അര മീറ്റർ മുതൽ ഒരു മീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന വിശാലമായ പാടങ്ങളാണ് കോൾപാടശേഖരങ്ങൾ. വർഷത്തിൻ്റെ പകുതിയും വെള്ളത്തിനടിയിലായിരിക്കും ഇവ. ഈ സമയത്ത് അവിടെ മത്സകൃഷി നടത്തുന്നുകായൽ പാടശേഖരങ്ങൾ എന്നും കോൾ പാടങ്ങൾ അറിയപ്പെടുന്നു. മഴമാറി വെള്ളം താണു തുടങ്ങുമ്പോൾ പാടങ്ങളിലെ വെള്ളം വറ്റിച്ച് കൃഷിയിറക്കും. പണ്ട് കാൽ കൊണ്ട് ജലചക്രങ്ങൾ ചവിട്ടി വെള്ളം തേവിയിരുന്നത് ഇന്ന് വലിയപറ മോട്ടറുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. പാടങ്ങളുടെ നിരപ്പിനെക്കാൾ ഉയർന്നു നിൽക്കുന്ന കനാലിലേക്കാണ് പെട്ടിയും പറമോട്ടറും ഉപയോഗിച്ച് വെള്ളം തള്ളുന്നത്. കാഞ്ചന ചേച്ചിയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ അതിൻ്റെ ഡ്രൈവർ ആയിരുന്നു ചേച്ചിയുടെ ഭർത്താവ്.
നാൽപത്തഞ്ച് വർഷം മുൻപ് പതിനേഴാം വയസ്സിൽ കല്യാണം കഴിച്ച് വന്നതാണ് കാറളത്തേക്ക്. അന്നു മുതൽ കോൾപാടങ്ങളുടെ നടുവിലുള്ള കെ.എൽ ഡി.സി കനാലിലൂടെ ഭർത്താവിനോടൊത്ത് തോണി തുഴഞ്ഞ് മീൻപിടിക്കാൻ തുടങ്ങിയതാണ്. ആറ് വർഷമായി ഭർത്താവ് മരിച്ചിട്ടും അവരത് തുടരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം അധ്വാനിച്ചു ജീവിക്കണം എന്ന ഭർത്താവിൻ്റെ വാക്കുകൾ യാഥാർത്ഥ്യമാക്കി കൊണ്ട്.
മക്കളെല്ലാം നല്ല നിലയിൽ ആയിട്ടും കാഞ്ചന ചേച്ചി തൻ്റെ തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. മൂത്ത മകനും ഭാര്യയും വിദേശത്ത് അധ്യാപകരാണ്. നാട്ടിൽ സ്വന്തമായി വണ്ടിയോടിക്കുന്ന മകൻ്റെയും ഗവ.ഉദ്യോഗസ്ഥയായ ഭാര്യയുടെയും കൂടെയാണ് താമസം. അവർക്കും അമ്മയെപറ്റി അഭിമാനം തന്നെ.
ചെമ്മണ്ട കാറളം പാടത്തെ അസ്തമയ ഭംഗി കാണാൻ പോകുമ്പോഴെല്ലാം കാഞ്ചന ചേച്ചിയെ കാണാറുണ്ട്. വൈകുന്നേരങ്ങളിൽ വന്ന് തോണി തുഴഞ്ഞ് കനാലിൽ വലവിരിച്ച് വരുന്ന കാഴ്ച കാണാൻ ഞാനവിടെ കാത്തു നിൽക്കാറുണ്ട്. ചേച്ചിയും തോണിയും കനാലിനു കുറുകെയുള്ള പാലവും അസ്തമയ സൂര്യനും, വല്ലാത്ത ഭംഗിയാണ് ആ ഫ്രയിമുകൾക്ക്.
ഭർത്താവ് മരിച്ചിട്ടും ചേച്ചി ദിനചര്യകൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. രാവിലെ അഞ്ചര ആവുമ്പേഴേക്കും ഇപ്പോഴും ചെമ്മണ്ട പാടത്തെത്തുന്നു. ആദ്യം പോയി വലയെടുത്ത് വലയിൽ കുടുങ്ങിയ മീനുകളെ വേർപെടുത്തി പാലത്തിനരികിലേക്ക് കൊണ്ടു വരുമ്പോഴേക്കും ഏഴുമണിയാകും. അവിടെയാണ് മത്സ്യ വില്പന .ഫ്രഷ് കായൽ മീൻ വാങ്ങാൻ അകലെ നിന്നു പോലും വരുന്നവർ ഉണ്ട്. കനാലിൽ ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലാണ് വലയിടുന്നത്. രണ്ട് കി.മി ദൂരെ വരെ ഇടാറുണ്ടെന്ന് ചേച്ചി പറഞ്ഞു.
മത്സ്യവില്പന കഴിഞ്ഞാൽ നേരേ പാടത്തേയ്ക്ക്. ചേച്ചിയ്ക്കും സ്വന്തമായി അവിടെ കൃഷിസ്ഥലം ഉണ്ട്. ബംഗാളികളാണ് ഇന്ന് കൃഷി പണിക്കാർ. പലരുടെയും പാടത്തിൻ്റെ മേൽനോട്ടവും ചേച്ചിയുടെ ജോലി തന്നെ. വൈകുന്നേരങ്ങളിൽ ബംഗാളികൾക്ക് കൂലി കൊടുക്കുന്നതും കാണാറുണ്ട്. സ്വന്തമായി തങ്ങളുടെ പാടത്ത് പടിയെടുക്കുന്ന സ്ത്രീകളെ ചെമ്മണ്ടയിൽ ധാരാളം കാണാൻ കഴിയും. എന്നാൽ അവരിൽ നിന്നെല്ലാം വേറിട്ട് അധ്വാനിച്ചു ജീവിക്കുന്നതിൻ്റെ മഹത്വം കാണിച്ചു തന്ന് സ്ത്രീകൾക്കും അപ്രാപ്യമായ മേഖലകൾ ഇല്ല എന്ന് തെളിയിച്ചു കൊണ്ട് ചെമ്മണ്ട കാറളം കായൽ പാടശേഖരത്തെ തിളങ്ങുന്ന വ്യക്തിത്വമായി കാഞ്ചന ചേച്ചിയെ കാണാൻ കഴിയും.