എഴുത്ത് – നിഖിൽ എബ്രഹാം.
ആമുഖം ആയി അല്പം കുടുംബകാര്യം. എന്റെ പിതാവിന്റെ ചേട്ടൻ തിരുവനന്തപുരം റിസർവ് ബാങ്കിൽ നിന്ന് ഉന്നത പദവിയിൽ ഇരുന്ന് റിട്ടയർ ആയ ആളാണ്. മൂവാറ്റുപുഴയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ കുടുംബം ആണ് ഞങ്ങളുടേത്. എന്നാൽ സാമ്പത്തികമായി വലിയ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല കുടിയേറ്റ കാലത്ത്. അങ്ങനെ കഷ്ടിച്ച് മുൻപോട്ടു പോകുന്ന കാലം. എന്നാൽ സഹോദരങ്ങൾ പലരും പഠനത്തിൽ മികച്ചവർ ആയിരുന്നു. അങ്ങനെ പിതാവിന്റെ ചേട്ടന് 1970 കളുടെ ആദ്യം റിസർവ് ബാങ്കിൽ ജോലി കിട്ടി. അവിടെ മുതൽ ആണ് ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അഭിവൃതി ആരംഭിക്കുന്നത്.
അന്ന് അദ്ദേഹം തിരുവനന്തപുരം നിന്ന് വീട്ടിലേക്ക് വന്നിരുന്നത് ഒരു ബസിൽ ആയിരുന്നു. KSRTC പുറത്തിറക്കിയ ആദ്യത്തെ സൂപ്പർ ഡീലക്സ് സർവീസിൽ. പേര് : കണ്ണൂർ ഡീലക്സ്. സർവീസ് ആരംഭിച്ച വർഷം 1967. പണ്ട് കുട്ടിക്കാലത്ത് പേരപ്പൻ തന്റെ യവ്വനകാലത്തെ തിരുവനന്തപുരം യാത്രകളിൽ പറഞ്ഞു കേട്ടു പരിചയം ഉള്ള ഈ പേരിൽ 1969 ൽ പുറത്തു ഇറങ്ങിയ ഒരു സിനിമ കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ കൗതുകം. അതാണ് കണ്ണൂർ ഡീലക്സ് കാണാൻ കാരണം ആയ ഘടകം.
അന്ന് ട്രെയിൻ ടിക്കറ്റിനേക്കാൾ നിരക്ക് കുറവ് ആയിരുന്നു തിരുവനന്തപുരം നിന്ന് കണ്ണൂർക് ഉള്ള ഡീലക്സ് ബസ് യാത്ര. കണ്ണൂരിൽ നിന്നുള്ള ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥൻമാർക്കും മറ്റും തലസ്ഥാനത്ത് എത്താൻ വേണ്ടി ആണ് സർവീസ് ആരംഭിച്ചത് എന്നും കേട്ടിട്ടുണ്ട്. അന്നു ടാറ്റാ ബെൻസ് വണ്ടികൾ ആയിരുന്നു കണ്ണൂർ ഡീലക്സ് സർവീസ് നു ഉണ്ടായിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ സിനിമയിൽ ഉപയോഗിച്ചത് യഥാർത്ഥ കണ്ണൂർ ഡീലക്സ് ബസ് അല്ല, പകരം മറ്റൊരു ബസ് കണ്ണൂർ ഡീലക്സ് ആയി അവതരിപ്പിച്ചത് ആണെന്നാണ് കേട്ടറിവ്. KLT 9611 എന്ന ഈ ബസ് ലെയ്ലാൻഡ് ആണ്. എന്തായാലും നമുക്ക് കണ്ണൂർ ഡീലക്സ് ബസിന്റെ സിനിമ കഥയിലേക്ക് കടന്ന് ചെല്ലാം.
തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയ യുവതി ജോലി ആവശ്യത്തിനു വേണ്ടി കോഴിക്കോട് നു പോകുക ആണ്. കണ്ണൂർ ഡീലക്സ് ബസിൽ ആണ് യാത്ര. അവരുടെ സ്ഥാപന ഉടമ ചില കടമകൾ അവരെ ഏൽപ്പിച്ചിട്ടുണ്ട്. അവ നിറവേറ്റി തിരിച്ചു തിരുവനന്തപുരം എത്തുക ആണ് അവരുടെ ലക്ഷ്യം. അങ്ങനെ കഥാനായിക ബസിൽ കയറാൻ വേണ്ടി തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ എത്തുന്നു. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾ അവരുടെ പിറകെ ബസ് സ്റ്റാൻഡിൽ എത്തി. അവരെ ബസിൽ നിന്ന് ഇറക്കി ഒരു കെട്ടു നോട്ട് കൈയിൽ കൊടുക്കുക ആണ് അദ്ദേഹം. എന്നിട്ട് പറഞ്ഞു, മാനന്തവാടി ഉള്ള ഒരാൾ കോഴിക്കോട് സ്റ്റാൻഡിൽ വന്നു ഈ പണം വാങ്ങിക്കും. സ്ഥാപന ഉടമയുടെ സ്നേഹിതൻ ആണ് അദ്ദേഹം. തിരിച്ചു അറിയാൻ ഉള്ള അടയാളം അയാൾക് ഫോണിലൂടെ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി അഥവാ ആരുമവിടെ വന്നില്ല എങ്കിൽ പണവും ആയി തിരിച്ചു വന്നാൽ മതി എന്ന്. ബസ് പുറപ്പെടാൻ ഉള്ള സമയം ആയി, അത് യാത്ര തിരിച്ചു.
സിറ്റിങ് ആളെ മാത്രം എടുക്കുന്ന ഡീലക്സ് ബസ് ആണല്ലോ. അതിൽ കയറുന്ന യാത്രക്കാർ പലരും സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ ആണ്. ഒപ്പം സാധാരണക്കാരും ആ ബസിൽ ഉണ്ട്. നാട്ടു വിശേഷങ്ങളും അല്പം പൊതു കാര്യങ്ങളും ഒക്കെ ആയി കണ്ണൂർ ഡീലക്സ് മുൻപോട്ടു കുതിക്കുന്നു. നല്ലവരും അല്പം മോശക്കാരും ബസ് യാത്ര നടത്തി പരിചയം ഇല്ലാത്തവരും ഒക്കെ ഈ വാഹനത്തിലും ഉണ്ട്. ഈ ബസ് യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ രസകരമായ ആവിഷ്കാരം ആണ് കണ്ണൂർ ഡീലക്സ് എന്ന സിനിമ. സാധാരണ ബസ് യാത്രയിൽ സംഭവിക്കുന്നത് പോലെ അഹങ്കാരം കാണിച്ചു ലോങ്ങ് ബസിൽ ചെറിയ ദൂരത്തേക്ക് കേറി ടിക്കറ്റ് എടുത്തു ഇരിക്കുന്നവരും, (അതിന് നിയമപ്രശ്നം ഒന്നും ഇല്ല എങ്കിൽ കൂടി ഈ പ്രവണത ശരിയല്ലല്ലോ) പണം മോഷ്ടിക്കാൻ നോക്കുന്നവരും, രാഷ്ട്രീയം പറയുന്നവരും, ബസ് യാത്ര പരിചയം ഇല്ലാത്ത താമസക്കാരൻ മലപ്പുറം നമ്പൂരിശ്ശനും, ഇടക്ക് കേറുന്ന അല്പം പിരി പോയ നായകനും അയാളുടെ കാര്യസ്ഥനും ഒക്കെ കൂടി ബസ് യാത്ര കാഴ്ചക്കാർക്ക് രസകരം ആക്കുന്നു.
നായികയും നായകനും ബസിൽ നിന്നിറങ്ങുന്നത് കോഴിക്കോട് ആണ്. പിന്നെ നടക്കുന്നത് അല്പം സസ്പെൻസ് കാര്യങ്ങൾ ആയതിനാൽ അത് പറഞ്ഞാൽ കാഴ്ചയുടെ രസം നഷ്ടം ആകും. എങ്കിൽ കൂടി പറയാം സിനിമ നല്ലൊരു ത്രില്ലർ തന്നെ ആണ്. അവക്ക് ഒക്കെ ശേഷം കണ്ണൂർ ഡീലക്സ് തിരിച്ചു തിരുവനന്തപുരത്തിനു പോകുന്നിടത്ത് ആണ് സിനിമ തീരുന്നത്. നായകനെക്കാൾ നായികക്ക് കഥയിൽ പ്രാധാന്യം ഉള്ള, ഒരു പക്ഷെ മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന രീതിയിൽ നോക്കി കണ്ടാൽ അന്നത്തെ കാലത്ത് ഏറെ പുതുമകൾ പ്രേക്ഷകർക്ക് നൽകിയ ഒരു സിനിമ ആണ് കണ്ണൂർ ഡീലക്സ്. സിനിമ സംവിധാനം ചെയ്തത് A. B രാജ് എന്ന പ്രമുഖ സംവിധായകൻ ആണ്. നായിക കഥാപാത്രം ആയി വന്നത് ഷീല, നായകൻ നിത്യ ഹരിതനായ പ്രേം നസീർ. അടൂർ ഭാസി, ശങ്കരാടി, പറവൂർ ഭരതൻ, കെ പി ഉമ്മർ, ജോസ് പ്രകാശ്, ജി. കെ പിള്ള, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയ ഒരു വൻ താര നിരയെ തന്നെ ആണ് അന്ന് ഈ സിനിമയിൽ അവതരിപ്പിച്ചത്. SL പുരം സദാനന്ദൻ ആയിരുന്നു രചന.
കണ്ണൂർ ഡീലക്സ് എന്ന സിനിമ അടിമുടി വിലയിരുത്തിയാൽ ഒരുപാട് പിഴവുകൾ കാണാൻ സാധിക്കുന്നതാണ് . യാത്രയിൽ പലയിടത്തും കാണിക്കുന്ന ബസ് സ്റ്റാൻഡ്കൾ ഒക്കെ ഒരേ സ്ഥലം തന്നെയാണ്. എന്നത് സൂക്ഷിച്ചു നോക്കുക പോലും വേണ്ട തിരിച്ചു അറിയാൻ. അതുപോലെ ബസിന്റെ അകഭാഗമൊക്കെ യാത്രയിൽ തന്നെ ആണ് ചിത്രീകരിച്ചത് എന്നതിൽ സംശയം ഉണ്ട്. ഒരു പക്ഷെ കുറെ ഭാഗങ്ങൾ ബസിന്റെ സെറ്റ് ഇട്ടു പൂർത്തിയാക്കിയത് ആകാം.
ഒരു ബസ് ഓടുന്ന ഭാഗങ്ങൾ, ബസ് സ്റ്റാൻഡിന്റെ casual ഭാഗങ്ങൾ ഒക്കെ അടുത്തടുത്ത സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തു, ബസ്സ് യാത്രക്കാർ ആയി വന്ന ഏതാനും പ്രധാന നടന്മാരെ മാത്രം പല ഇടങ്ങളിൽ കൊണ്ട് ചെന്നു ആകും സിനിമ എടുത്തത് എന്ന് ആണ് എന്റെ നിഗമനം. അതുപോലെ ക്ലോസ് അപ്പ് ഷോട്ട്കളിൽ ഒക്കെ നാടകീയത തെളിഞ്ഞു കാണാം. വഴിയിൽ വച്ചു ഇറങ്ങി പോയ നടന്മാർ വീണ്ടും ബസ് യാത്രയിൽ ഉണ്ട് പോലുള്ള കണ്ടിന്യൂയിറ്റി പിഴവുകളും കാണാം. എന്നാലും ആ കാലഘട്ടം വച്ച് നല്ലൊരു പരീക്ഷണം തന്നെ ആണ് കണ്ണൂർ ഡീലക്സ് എന്ന സിനിമ. കാരണം സാങ്കേതികമായി അത്രയും മാത്രം അല്ലെ അന്ന് സിനിമ വളർന്നിട്ടുള്ളു.
ആകെ കൂടി നോക്കിയാൽ പഴയ കാലത്തെ ഒരു ബ്ലാക് ആൻഡ് വൈറ്റ് ത്രില്ലെർ സിനിമ. അവതരിപ്പിച്ച പ്രമേയത്തോട് നീതി പുലർത്തിയ സിനിമ. റോഡ് മൂവി എന്ന നിലയിൽ വിജയം ആണ് താനും. കുറെ ഭാഗങ്ങൾ റോഡിലും ബസ് സ്റ്റാൻഡ്കളിലും ചിത്രീകരിച്ചു എന്നതിനാൽ അന്നത്തെ വാഹനങ്ങൾ, പ്രത്യേകിച്ച് KSRTC ബസുകൾ പലയിടത്തും വരുന്നു എന്നതും ഒരു ബസ് പ്രേമിയെ സംബന്ധിച്ച് കാഴ്ചക്ക് താല്പര്യം വർധിപ്പിക്കുന്നു.