കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ഇപ്പോൾ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ. കണ്ണൂരിൽ വിമാനത്താവളം എന്ന സ്വപ്നത്തിനും ശ്രമങ്ങൾക്കും ഏകദേശം നൂറോളം വർഷങ്ങളുടെ പഴക്കമുണ്ടത്രേ.

1919 സെപ്റ്റംബർ 16ന് മലയാള മനോരമയിലെ വാർത്ത ഇങ്ങനെ: “വ്യോമയാനയാത്രക്കായിട്ടുള്ള പല ഏർപ്പാടുകൾ ഇപ്പോൾ പലേടത്തു ചെയ്തുപോരുന്നുണ്ടല്ലോ. എന്നാൽ, കണ്ണൂരും വ്യോമയാനത്തിന്റെ ഒരു സങ്കേതസ്ഥാനമായിരിക്കുമെന്നറിയുന്നു. ഇതിന്നായി, ഒരു സ്ഥലം ഇവിടെ കണ്ടുപിടിപ്പാൻ പല ദിക്കിലുമായി പരിശോധന നടത്തിവരുന്നുണ്ട്. (16.09.1919).”

1996 ജനുവരി 19-നു് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. കണ്ണൂരില്‍ വിമാനത്താവളമെന്ന പ്രഖ്യാപനത്തെ പറഞ്ഞ് പഴകിയ ഒരു തമാശയായി മാത്രമായിരുന്നു ആദ്യം ജനം കണ്ടത്. പക്ഷെ,സി.എം ഇബ്രാഹിമിന്റെ പ്രഖ്യാപനത്തെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പിന്തുണച്ചതോടെ കാര്യം ഗൌരവത്തിലായി.

ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ചു. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മ സമിതി രൂപം കൊണ്ടു. എങ്കിലും ഈ പ്രവർത്തനം സർക്കാർ തലത്തിൽ ഏറെ പുരോഗമിച്ചില്ല.പിന്നീട് 2005വരെ എൽഡിഎഫ്-യുഡിഎഫ് ഭരണകാലയളവിൽ കാര്യമായ പുരോഗതി പ്രാപിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തതായിരുന്നു കാരണം.

Photo – Abhishek TM.

2005 ഏപ്രിൽ 29-നു് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്ത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭ 192 ഏക്കർ ഭൂമി ഏറ്റെടുത്തു. 2006-ൽ വി.എസ്.ന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂമി ഏറ്റെടുക്കലിനു കിൻഫ്രയെ ഏർപ്പെടുത്തി. ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

2008 ഫെബ്രവരി: എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 2008 ജൂലൈ: വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ എയർ ഇന്ത്യ ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയർമാനായി കിയാൽ(KIAL, Kannur International Airport Limited) എന്നൊരു കമ്പനിയും രൂപീകരിച്ചു. 2009 ഡിസംബർ: മുഖ്യമന്ത്രി ചെയർമാനായി കിയാൽ(കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) എന്ന പ്രൈവറ്റ് കമ്പനി രൂപീകരിച്ചു.

2010 ഫെബ്രുവരി 27: പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ച് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു. 2010 ആഗസ്ത്: കിയാലിനെ പൊതുമേഖല കമ്പനിയായി പരിവർത്തിപ്പിച്ചു.

2010 ഡിസംബർ 17: വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സംബന്ധിച്ചു. 2012 ഡിസംബർ 6: കിയാൽ പ്രൊജക്ട് ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങി.

2012 ഏപ്രിൽ നാല്: എയർപോർട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചു. 2013 ജുലൈ: കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. 2013 ആഗസ്ത് 20: വിമാനത്താവളത്തിലെ ഗ്രീൻ ബെൽറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

2014 ഫെബ്രുവരി 2: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 2014 ജൂലൈ 5: ടെർമിനൽ ബിൽഡിങിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 2014 ആഗസ്ത് 25: ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്, എയർട്രാഫിക് കൺട്രോൾ ടവർ, ടെക്‌നിക്കൽ ബിൽഡിങ്, ഇആന്റ്എം ഉപകരണങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ 498.70 കോടി രൂപയ്ക്ക് ലാർസൺ ആന്റ് ട്രൂബ്രോ കമ്പനി ടെൻഡർ ലഭിച്ചു.

2016 ജനുവരി 30: കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തുന്നതിന്റെ മുന്നോടിയായി ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അധികൃതർ പരിശോധിച്ചു.— തുടർന്ന് ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്താൻ തീരുമാനിച്ചു. 2016 ഫെബ്രുവരി 29 ന് ആദ്യ പരീക്ഷണ പറക്കൽ നടത്തി.

2018 ഒക്ടോബർ 4 നു സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) ലൈസൻസ് ലഭിക്കുകയുണ്ടായി. അതിനിടെ ഒക്ടോബർ 27 നു ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രത്യേക വിമാനത്തിൽ വന്നിറങ്ങി. ഡിസംബർ 9 നു കണ്ണൂർ വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനത്തിനു കൊടിവീശി.

എയർപോർട്ടിൽ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരുന്നു. അതിനു പുറമെ ഗോ എയറിന്റെ ആഭ്യന്തര സർവ്വീസുകളും ഉണ്ടായിരുന്നു. ഉത്ഘാടനം കഴിഞ്ഞു പ്രവർത്തനം തുടങ്ങിയതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ആയി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാറി.

യാത്രക്കാർക്ക് സാധാരണ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന സമയനഷ്ടം പൂർണമായും ഒഴിവാക്കുവാൻ സെൽഫ് ബാഗേജ് ട്രോപ്പ്, ഇൻലൈൻ എക്‌സ്റേ സെൽഫ് ചെക്കിംഗ് മെഷീൻ, ആറ് ഏയ്റോ ബ്രിഡ്ജുകൾ എന്നിവ സഹായകമാകും. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യയതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ തന്നെ മാറുവാൻ പോകുകയാണ്. വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകും.

കടപ്പാട് – വിക്കിപീഡിയ,  മലയാള മനോരമ മുതലായ വിവിധ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.