കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രിക്കേറ്റ ബസ് ഡ്രൈവർ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തലശ്ശേരിയിൽ നിന്നും ബെംഗലൂരുവിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ അമ്പാരി സ്ലീപ്പർ ബസ് ആണ് അപകടത്തിൽപെട്ടത്. പുലർച്ചെ നാലോടെ പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാൻ കോവിലിനടുത്ത കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കൂറ്റൻ മരത്തിലിടിക്കുകയായിരുന്നു. ബസ് മരത്തിലിടിച്ചു നിന്നില്ലായിരുന്നുവെങ്കിൽ താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടമുണ്ടായേനെ.
പുലർച്ചെ നടന്ന അപകടം ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ ആളുകളാണ് പുറംലോകത്തെ അറിയിച്ചത്. വിവരമറിഞ്ഞ് ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടാതെ വിരാജ്പേട്ടയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മുൻഭാഗം തകർന്ന ബസില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയര്‍ ഫോഴ്‌സ് പുറത്തെടുത്തത്. ഇദ്ദേഹത്തിൻ്റെ നില ഗുരുതരമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിൻ്റെ ഫലമായി ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കാം.