വിവരണം – Vinod Kp.

ഈ മാസം 5 (ബുധൻ) നു രാവിലെ 4:30 ന് കൂത്തുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര രാത്രി 10 മണിക്ക് പുനെയിൽ അവസാനിച്ചു. കഴിഞ്ഞ 25 വർഷങ്ങളായി ഞാനുമായി സൗഹൃദത്തിലുളള ഷബീർ ബിൻ അസ്സു എന്ന ഞങ്ങളുടെ ഷബീർ ബില്ലയുടെ “നിസ്സാൻ ടെറാനോ” യിലായിരുന്നു യാത്ര. ഷബീറിന് പുനെ – ബാംഗ്ളൂർ എൻ. എച്ച്. 4 ൽ ഷിർവാൽ എന്ന സ്ഥലത്ത് ഹോട്ടൽ ബിസിനസ്സാണ്. രാവിലെ 4:30 ന് ഷബീർ എന്റെ വീട്ടിൽ വന്നു എന്നെയും കൂട്ടി യാത്ര ആരംഭിച്ചു. കാഞ്ഞങ്ങാട് വരെ ഷബീർ ഡ്രൈവ് ചെയ്തു. ഇവിടെ നിന്നും പുനെ വരെ ഞാനും.

യാത്രയുടെ ആദ്യഘട്ടം NH 66 ലൂടെയായിരുന്നു. NH 66 > കന്യാകുമാരിയിൽ നിന്നും പനവെൽ വരെ നീണ്ടു നില്ക്കുന്ന ഈ ദേശീയ പാത തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്.
മുൻപ് ഈ പാത അറിയപ്പെട്ടത് NH 17 എന്ന പേരിലായിരുന്നു.

ഞങ്ങളുടെ റൂട്ട് ഇങ്ങിനെ ആയിരുന്നു. കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉഡുപ്പി, കുന്ദാപുരം, ഭട്കൽ, മുരുഡേശ്വരം, കുംട്ട, ഹൊന്നവർ, വഴി അങ്കോള. ഇനിയുള്ള യാത്ര NH 66 ൽ നിന്നും വഴി മാറിയിട്ടായിരുന്നു. അങ്കോളയിൽ നിന്നും വലത്തോട്ട് കട്ട് ചെയ്ത് ഹുബ്ളി റൂട്ടിൽ യെല്ലാപുരം, കൽഗട്കി വഴി പോകുമ്പോൾ ഹുബ്ളിക്കു മുൻപ് ഇടതു ഭാഗത്ത് ദാർവാഡ് റോഡ് എന്ന സൈൻ ബോർഡ് കാണാം. ഇതു വഴി പോവുകയാണെങ്കിൽ ഹുബ്ളി നഗരത്തിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി സഞ്ചരിക്കാം. ഗ്രാമങ്ങളിലൂടെയാണ് ഈ റൂട്ട്. ഏകദേശം അര മണിക്കൂർ സഞ്ചരിച്ചാൽ നാഷണൽ ഹൈവേ കടന്നു പോകുന്ന ഒരു വലിയ മേൽപാലം കാണാം. മേൽപാലം ക്രോസ്സ് ചെയ്താൽ ഉടൻ തന്നെ വലത്തോട്ട് കട്ട് ചെയ്താൽ ഒരു ടോൾ ബൂത്തുണ്ട്‌. ഈ ബൂത്തിൽ നിന്നും ബെൽഗാം സൈഡ് എന്നു പറഞ്ഞ് ടിക്കറ്റ് വാങ്ങണം. ഇതു സൂക്ഷിച്ചു വക്കണം. ഈ ബൂത്തിൽ നിന്നാണ് എൻ. എച്ച്. 4ൽ കയറുന്നത്. ഹൈവെയിൽ നിന്നും വലത്തോട്ട് കട്ട് ചെയ്താണ് പുനെയിലേക്ക് പോകേണ്ടത്.

എൻ.എച്ച്. ൽ ആദ്യം കാണുന്ന ടോൾ ബൂത്തിൽ നേരത്തെ സൂക്ഷിച്ച ടിക്കറ്റ് കാണിച്ചാൽ മതി. ഇനിയുള്ള യാത്ര ബെൽഗാം, കോലാപൂർ, കരാട്, സത്താറ വഴിയാണ്. യാത്രയിൽ മനോഹരമായ പല കാഴ്ചകളും ഉണ്ടായിരുന്നു, പുൽതകിടിൽ മേയുന്ന ആട്ടിൻകൂട്ടങ്ങളും, തടാകത്തിലൂടെ സഞ്ചരിക്കുന്ന വട്ട വഞ്ചികളും, മല്ലിക പുഷ്പങ്ങളൾ വിരിഞ്ഞ പാടങ്ങളും, എത്രയോ കി.മി. ദൂരം കാണുവാൻ സാധിക്കുന്ന എൻ.എച്ച്. റോഡുകളും, കരിമ്പിൻ തോട്ടങ്ങളും, ചോള കൃഷിയും അങ്ങിനെ എന്തെല്ലാം കാഴ്ചകൾ. ചിത്രങ്ങൾ പകർത്തണമെന്ന് മനസ്സിൽ ഏറെ ആഗ്രഹിച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായിരുന്നു കൂടുതൽ പ്രാധാന്യം നല്കിയത്.

കാഴ്ചകൾ ക്യാമറയിൽ പകർത്തുവാൻ സാധിച്ചില്ലെങ്കിലും ഒരു വൈറസിനും ഡിലീറ്റ് ചെയ്യുവാൻ സാധിക്കാത്ത ഹൃദയമാകുന്ന ക്യാമറയിൽ പതിഞ്ഞുവല്ലോ എന്ന ആശ്വാസത്തോടു കൂടി കൂടുതൽ കരുത്തോടു കൂടി ഞാൻ മുൻപോട്ട് കുതിച്ചു കൊണ്ടേയിരുന്നു. സാധാരണ രാവിലെ 4 മണിക്ക് യാത്ര ആരംഭിച്ചാൽ രാത്രി 8 മണിക്ക് പുനെയിൽ ചെന്നെത്തുവാറുണ്ട്. പക്ഷെ ഈ തവണ റോഡിന്റെ മോശം അവസ്ഥ കാരണം പതിവിലും രണ്ടു മണിക്കൂർ വൈകിയാണ് പുനെയിലെത്തിയത്.

പിറ്റേന്ന് ഷബീറിന്റെ ഹോട്ടലിൽ നിന്നും ലഞ്ചിനു ശേഷം നാട്ടിലേക്ക് യാത്ര തിരിച്ചു.
അതു വരെ ഇവിടെ ചിലവഴിച്ചു. ഹോട്ടലിന്റെ പുറകു വശത്ത് വിജനമായ എത്രയോ ഏക്കറിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആട്ടിടയൻമാർ ആട്ടിൻകൂട്ടങ്ങളെ മേയുവാൻ വിടുമായിരുന്നു. ആ കാഴ്ചകളും ഹോട്ടലിലെ അന്തേവാസിയായ ലൂസി എന്ന നായയും നല്ല ഒരു നേരംപോക്ക് തന്നെയായിരുന്നു.

പുനെയിൽ നിന്നും നാട്ടിലേക്ക് വരുവാൻ അനവധി ഓപ്ഷനുകളുണ്ട്.

1) പുനെയിൽ നിന്നും കേരളത്തിലേക്ക് ഡയറക്ട് ട്രെയിൻ ആഴ്ചയിൽ 3 ദിവസം മാത്രമെയുള്ളൂ. ഞായറും, ബുധനും സന്ധ്യക്ക് പുറപ്പെടുന്ന എറണാകുളം സൂപ്പർഫാസ്റ്റ്. ശനിയാഴ്‌ച രാത്രി 11:30 നു പുറപ്പെടുന്ന പൂർണ്ണ എക്സ്പ്രസ്സ്. എറണാകുളം എക്സ്പ്രസ്സ് പനവെൽ, രത്നഗിരി വഴിയാണ് മഡ്ഗാവിൽ (ഗോവ) ചെന്നെത്തുന്നത്. ഈ റൂട്ടിൽ ആണെങ്കിൽ പുനെയുടെയും പനവെലിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ലോനാവാല ചുരത്തിന്റെ രാത്രി സൗന്ദര്യം നന്നായി ആസ്വദിക്കാം. പൂർണ്ണ എക്സ്പ്രസ്സ് സത്താറ, ബെൽഗാം വഴിയാണ് മഡ്ഗാവിൽ ചെന്നെത്തുന്നത്. ഈ റൂട്ടിൽ ദൂധ്സാഗർ വെള്ളച്ചാട്ടവും നന്നായി ആസ്വദിക്കാം.

2 ) പുനെയിൽ നിന്നും പനവെലിലേക്ക് ബസ്സിലോ, ട്രെയിനിലോ ചെന്നാൽ പനവെലിൽ നിന്നും കേരളം, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്ക് എന്തായാലും ട്രെയിൻ ലഭിക്കും. പനവെൽ സ്റ്റേഷനിൽ എന്നും തിരക്ക് തന്നെയാണ് അതിനാൽ റിസർവേഷൻ ഇല്ലെങ്കിൽ സീറ്റ് ലഭിക്കുവാൻ ഏറെ ബുദ്ധിമുട്ട് തന്നെയാണ്.

3 ) എല്ലാ ദിവസവും വൈകുന്നേരം 4:20 നു നിസ്സാമുദ്ദീനിൽ നിന്നും വാസ്കോയിലേക്ക് പോകുന്ന ഗോവ എക്സ്പ്രസ്സിൽ കയറിയാൽ പിറ്റേന്ന് കാലത്ത് 6 മണിക്കു മുൻപായി ഗോവയിലെത്തും.

ഈ തവണ ഞാൻ സത്താറയിൽ നിന്നുമാണ് ട്രെയിൻ കയറിയത്. ഗോവ എക്സപ്രസ്സിൽ ഗോവയിൽ വന്നിറങ്ങിയതിനു ശേഷം വെരാവൽ എക്സ്പ്രസ്സിൽ തലശ്ശേരിയിൽ വന്നിറങ്ങി. ഹോട്ടലിന്റെ പരിസരത്ത് നിന്നും കരാടിലേക്കു പോകുന്ന ബസ്സിൽ സത്താറയിൽ ചെന്നിറങ്ങി. കണ്ടാല ചുരം വഴിയാണ് വാഹനങ്ങൾ സത്താറയിലേക്ക് പോകുന്നത്. കണ്ടാലയിൽ നിന്നും ചുറ്റും കാണുന്ന കാഴ്ചകൾ അതി മനോഹരം തന്നെയാണ്.

മഹാരാഷ്ട്രയിൽ രണ്ടു കണ്ടാല ചുരങ്ങളുണ്ട്. 1 ) പുനെയിൽ നിന്നും പനവെൽ റൂട്ടിൽ ലോനാവാലക്ക് സമീപം. 2 ) പുനെ – സത്താറ റൂട്ടിൽ. യാത്രകൾ ഹരം ആയതിനാൽ പുനെയിൽ നിന്നും നാട്ടിലേക്ക് വ്യത്യസ്തമായ യാത്രകൾ ഞാൻ സ്വീകരിക്കുവാറുണ്ട്.

ഹോട്ടലിന്റെ മുൻപിൽ നിന്നും സത്താറ ഹൈവെ വരെ ഏതെങ്കിലും ലോറിയുടെ കാബിനിൽ. ഇവിടെ നിന്നും റെയിൽവെ സ്റ്റേഷൻ വരെ ഓട്ടോറിക്ഷ. ലോണ്ട വരെ ട്രെയിൻ യാത്ര. ലോണ്ടയിൽ നിന്നും രാംനഗർ വരെ ഷെയർ ഓട്ടോ. രാംനഗറിൽ നിന്നും ഗോവ വരെ ബസ്സ് യാത്ര. മഡ്ഗാവ് റെയിൽവെ സ്റ്റേഷനിലേക്ക് ബൈക്ക് ടാക്സി.
തലശ്ശേരി വരെ ട്രെയിൻ യാത്ര. ഇവിടെ നിന്നും കൂത്തുപറമ്പ് വരെ ബസ്സിൽ.
വ്യത്യസ്തമായ വാഹനങ്ങളിൽ വ്യത്യസ്ത നിറഞ്ഞ സംസ്ക്കാരങ്ങളും അറിഞ്ഞു കൊണ്ടുള്ള യാത്ര. ഇതു ഒരു തരം ലഹരി തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.