ആപ്പിൾ വിളയുന്ന കാന്തല്ലൂരിലേക്ക് മഞ്ഞു മാസത്തിൽ ഒരു യാത്ര

Total
160
Shares

വിവരണം – Deepa Gangesh.

“കുഴലൂതും പൂന്തിങ്കളേ മഴവിൽ ചാർത്തി കൂടെ വരുമോ?” – ഭ്രമരത്തിലെ ശിവൻകുട്ടിയായി ലാലേട്ടൻ മനോഹരമായ ഒരു മലഞ്ചെരിവിലൂടെ ജീപ്പ് ഓടിച്ച് കയറുന്ന സീൻ ഓർമ്മയില്ലേ? അതാണ് മറയൂർ ചന്ദനക്കാടുകളിൽ നിന്ന് കേരളത്തിന്റെ പഴങ്ങളുടെ ഗ്രാമമായ കാന്തല്ലൂരിലേക്കുള്ള അതി മനോഹരമായ ഹെയർപിൻ വളവുകൾ. ആറ്റിൻകരയോരത്ത് പാടി മീരാ ജാസ്മിൻ ചുവടുവച്ച പശ്ചാത്തലം.. അതേകാന്തല്ലൂർ.. മൂന്നാർടോപ്പ് സ്റ്റേഷന്റെ ഏകദേശം ഉയരത്തിൽ തന്നെയുള്ള എന്നാൽ മൂന്നാറിനേക്കാളും തണുപ്പുള്ള ഇടുക്കിയിലെ ഒരു കൊച്ചുഗ്രാമം.

മലയാള മനോരമയുടെ ഫാസ്റ്റ് ട്രാക്ക് മാസികയിൽ സിനിമാതാരം ജ്യോതിർമയിയുടെഅഭിമുഖത്തിലൂടെയാണ് കാന്തല്ലൂരിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ആപ്പിൾ മുതലുള്ള പഴങ്ങൾ വിളയുന്ന ഈ കൊച്ചുഗ്രാമം കണ്ട് സുഹൃത്തുക്കൾ അത്ഭുതപ്പെട്ടുപോയി എന്നതിൽ പറയുന്നുണ്ടായിരുന്നു. ആത്മസുഹൃത്തുക്കളായ ഡോ.പ്രദീക്ഷും ഭാര്യ ഞങ്ങൾ പിങ്കി എന്നു വിളിക്കുന്ന ഡോ. സുനിതയും കാന്തല്ലൂരിൽ ഭൂമി വാങ്ങിയതോടെ കാന്തല്ലൂർ യാത്രകളുടെ ആരംഭമായി ..

കാന്തല്ലൂർ എന്നും സുന്ദരിയാണ്. ഓരോ യാത്രയിലും ഓരോ ഭാവമാണ് അവൾക്ക്.ഒരു പത്തു വർഷം മുൻപാണ് ഇവരോടൊത്തുള്ള ആദ്യ കാന്തല്ലൂർ യാത്ര. അന്ന് ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം ആയിട്ടില്ല. വളരെക്കുറച്ച് താമസസ്ഥലങ്ങൾ മാത്രം. കാന്തല്ലൂർ ട്രൈബൽ കോളനിയ്ക്ക് സമീപമുള്ള ഒരു കോട്ടേജിലായിരുന്നു അന്നത്തെ താമസം. വൈകുന്നേരം നടക്കാനിറങ്ങിയ ഞങ്ങളോട് ഒരു നാട്ടുകാരൻ അല്പം താഴേക്ക് നടന്നാൽ മനോഹരമായ ഒരു സ്ഥലം കാണാം എന്നു പറഞ്ഞു. ഭ്രമരത്തിൽ ലാലേട്ടന്റെ വീട് സെറ്റ് ഇട്ട സ്ഥലമാണെത്രെ.

അയാൾ ചൂണ്ടി കാണിച്ച പൊളിഞ്ഞു കിടക്കുന്ന മൺറോഡിലേക്കായി പിന്നത്തെ യാത്ര. ഫോറസ്റ്റിന്റെ സ്ഥലമാണ്. ഇഞ്ചിപ്പുല്ലുകൾ വളർന്നു നിൽക്കുന്ന ഒരു സ്ഥലത്താണ് വഴി അവസാനിച്ചത്. പുൽതൈലം വാറ്റുന്ന കൊച്ചു മൺകുടിൽ സമീപത്ത് .ഇഞ്ചിപ്പുൽ വകഞ്ഞു മാറ്റി സമീപത്തെ വലിയ പാറയിലേക്ക് നടന്നു. അതിശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിന്റെ ശക്തി കൂടി വരികയാണ് മുന്നോട്ട് നടക്കുമ്പോൾ വേയ്ച്ച് പോകുന്ന പോലെ. കാന്തല്ലൂർക്കാർ ഇതിനെ ബുള്ളറ്റ് കാറ്റ് എന്നാണെത്രെ വിളിക്കുക. സീസണൽ വിൻഡ് അണ് ഇത്.

കുറച്ചു കൂടി നടന്ന് പാറയിൽ കയറി ചുറ്റും നോക്കി. നാലുവശവും മലകളാൽ ചുറ്റപ്പെട്ട ആ പച്ചപ്പിനുള്ളിൽ ഞങ്ങൾ മാത്രം. ഏതോ മായാലോകത്ത് എത്തിപ്പെട്ട പ്രതീതി. തണുത്ത ബുള്ളറ്റ് കാറ്റുമായുള്ള ബലപരീക്ഷണം. മഞ്ഞ് അരിച്ചിറങ്ങുന്നു.. മീരാജാസ്മിൻ ചുവട് വച്ചത് ഇവിടെയാണ്. ഒരു വശത്ത് മോഹൻലാലിന്റെ വീടിന്റെ സെറ്റ് പൊളിച്ചതിന്റെ അസ്ഥിവാരം കാണുന്നു. അവസാന സീനിലെ ഭാര്യയുടെയും മകളുടെയും കുഴിമാടം ഏകദേശം അതേപോലെ തന്നെ അവിടെ കിടക്കുന്നുണ്ട്. വഴി പറഞ്ഞുതന്ന മനുഷ്യന് മനസ്സാൽ നന്ദി പറഞ്ഞു.

മലമുകളിലെ അസ്തമയവും കണ്ട് ഇരുട്ടു വീണിട്ടാണ് ഞങ്ങൾ മടങ്ങിയത്. രാത്രി ബാർബിക്യു ചിക്കൻ ഉണ്ടാക്കുമ്പോൾ സാധാരണ വേണ്ടി വരുന്ന ടേബിൾ ഫാൻ എടുക്കേണ്ടി വന്നില്ല. ബുള്ളറ്റ് കാറ്റ് കനൽ തന്നെ പറത്തുകയായിരുന്നു. അവസാനം വീടിന്റെ ജനൽ പാളിയുടെ സ്റ്റോപ്പർ പോലും ഈ കക്ഷി ഒടിച്ചു കളഞ്ഞു.
ഇന്ന് ഈ സ്ഥലം കാന്തല്ലൂരിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് പ്ലേയ്സ് ആണ്. ജീപ്പുകൾ ട്രിപ്പ് അടിച്ചു കൊണ്ടിരിക്കുന്നു. വല്ലാത്ത തിക്കും തിരക്കും .പുതിയൊരു ട്രീ ഹൗസ് ,പുല്ലുമേഞ്ഞ വിശ്രമസ്ഥലം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് .. പക്ഷെ ആ പഴയ മനോഹാരിത എന്തോ അനുഭവപ്പെട്ടില്ല. മനസ്സിന്റെതാകാം..

കായ്കൾ പഴുത്തു ചുവന്ന് നിൽക്കുന്ന പ്ലം മരങ്ങൾ ആയിരുന്നു ആദ്യ കാന്തല്ലൂർ യാത്രയുടെ ഓർമ്മകളിൽ .ചില സമയത്ത് ആപ്പിൾ,ഓറഞ്ച്,സബർജിൽ.പാഷൻ ഫ്രൂട്ട്. കഴിഞ്ഞ യാത്രയിൽ ബ്ലാക്ക്ബെറിയും സ്ട്രോബെറിയും ധാരാളം കിട്ടിയിരുന്നു. ഇതിനിടയിൽ വാങ്ങിയ സ്ഥലത്ത് സുഹൃത്തുക്കൾ വീട് വച്ചു. മൂന്ന് ബെഡ് റൂമുകളും ഡ്രോയിംഗ് റൂമും കിച്ചണുമുള്ള നല്ലൊരു വീട്. ഇന്നത് ഹോം സ്റ്റേ ആയി ടൂറിസ്റ്റുകൾക്ക് നൽകുന്നുണ്ട്. വീട് വന്നതോടെകാന്തല്ലൂർ യാത്രകൾ പതിവായി മാറി.

ഡിസംബർ ജനുവരി മാസങ്ങളിലാണ് കാന്തല്ലൂരിൽ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുക എന്ന് കേട്ടിട്ടുണ്ട്. അത് അനുഭവിക്കാനായിരുന്നു ഇപ്രാവശ്യത്തെ യാത്ര. ഡിസംബർ 24, 25 തിയതികൾ അതിനായി മാറ്റിവച്ചു.തൃശൂർ നിന്ന് പാലക്കാട് ഗോവിന്ദാപുരം, ആനമല ,ചിന്നാർ, മറയൂർ വഴിയാണ് എന്നും കാന്തല്ലൂർ യാത്രകൾക്കായി തെരഞ്ഞെടുത്തിരുന്നത്. ആനമല ടൈഗർ
റിസർവിലൂടെയും ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ കൂടെയുമുള്ള യാത്ര. തിക്കും തിരക്കും ഇല്ലാതെ കാട്ടിലൂടെ വന്യമൃഗങ്ങളെയൊക്കെ കണ്ടു കൊണ്ട് പ്രകൃതിയോട് ചേർന്നുള്ള ഒരു യാത്ര.കാട്ടിലൂടെ പോകുമ്പോൾ എന്നും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി കാടിൻറെ ഗന്ധം സ്വരം ഇവയൊക്കെ ആസ്വദിച്ച് യാത്ര ചെയ്യുന്നത് ഒരു അനുഭൂതിയാണ്.

ആനമലചെക്ക് പോസ്റ്റിലും ചിന്നാർ ചെക്ക്പോസ്റ്റിലും വാഹനത്തിന്റെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ചിന്നാർ ചെക്ക്പോസ്റ്റിൽ ആദ്യം കുരങ്ങന്മാരുടെ ശല്യം അതിഭീകരം ആയിരുന്നു. വിവരങ്ങൾ നൽകാൻ ഗംഗേട്ടനും പ്രദീക്ഷും ചെക്പോസ്റ്റിലേക്ക് നടന്നു പോയ സമയത്താണ് അത് സംഭവിച്ചത്. ഞാൻ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭീകരനായ ഒരു കുരങ്ങൻ തൊട്ടടുത്ത മരത്തിൽ ഇരുന്ന് വണ്ടിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഗംഗേട്ടൻ നടന്നു കഴിഞ്ഞപ്പോൾ അവൻ ചാടി വന്ന് കാറിന്റെ ഫ്രണ്ട് മിററിൽ ഇരുന്നു. കാർ ഓഫ് ആയതിനാൽ ഗ്ലാസ് കയറ്റാൻ കഴിയുന്നില്ല. തുറന്നുകിടക്കുന്ന ജനലിലൂടെ അകത്ത് കടന്ന് അവൻ എനിക്ക് മുഖാമുഖമായി ഡാഷ്ബോർഡിൽ ഇരുന്നു.

പേടികൊണ്ട് ശബ്ദംനഷ്ടപ്പെട്ട ഞാൻ സീറ്റിൽ ബലമായി പിടിച്ചു. ഞാൻ അനങ്ങിയാൽ അവൻ എന്നെ ആക്രമിക്കും എന്ന് ഉറപ്പാണ്. എന്നിൽനിന്ന് കണ്ണുകൾ എടുക്കാതെ അവൻ ഡാഷ്ബോർഡ് തുറന്ന് ഉള്ളിലേക്ക് കയ്യിട്ടു. കയ്യിൽ തടഞ്ഞ പ്ലാസ്റ്റിക് കവറുമായി പുറത്തേക്ക്.. അതിൽ കാറിന്റെ പേപ്പറുകൾ ആയിരുന്നു. മോളുടെ കരച്ചിൽ കേട്ട് ഗംഗേട്ടൻ ഓടി വന്നപ്പോഴേക്കും അവൻ കവർ തുറന്ന് പരിശോധന തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രതീക്ഷിച്ചത് കിട്ടാത്ത ദേഷ്യത്തിൽ വലിച്ചെറിഞ്ഞ കവർ എടുക്കാൻ ചെന്ന ഗംഗേട്ടന്റെ കാലിൽ അവൻ ശക്തിയായി മാന്തുകയും ചെയ്തു. ജീൻസ് ആയതു കൊണ്ട് അന്ന് മുറിവേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് എന്നും ചിന്നാർ എത്തുമ്പോഴേക്കും വിൻഡോഗ്ലാസ് ഉയർന്നിട്ടുണ്ടാവും. അനുഭവം ഗുരു.

ഈ യാത്രയിലും ആനക്കൂട്ടത്തെയും കാട്ടുപന്നിയെയും പലതരം കാട്ടു പക്ഷികളെയും വഴിയിൽ കണ്ടു. ആനയെ കണ്ട ആവേശത്തിൽ കാറിൽ നിന്നിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ച എന്നെ ഒരു തമിഴ് ഡ്രൈവർ അതിലെ അപകടം ചൂണ്ടിക്കാട്ടി തിരിച്ചു കയറ്റി.

പത്തു മണിയോടെ കാട് പിന്നിട്ട് മറയൂർ എത്തി. ചന്ദനക്കാടുകളാണ് മറയൂർ എന്ന പേര് ലോകപ്രസിദ്ധം ആക്കിയത്. വഴിയിൽ നിറയെ നമ്പറിട്ട ചന്ദനമരങ്ങൾ. പ്രധാന വഴിയിൽ നിന്ന് ഒന്ന് തിരിഞ്ഞ് പോയാൽ ചന്ദനക്കാടുകൾ കാണാം. കാറ്റിനു പോലും ചന്ദനസുഗന്ധം ഉണ്ടോ എന്നൊരുസംശയം. മുനിയറകളാണ് മറയൂരിന്റെ മറ്റൊരു ആകർഷണീയത. മറയൂർ കാന്തല്ലൂർ റോഡിൽ കോവിൽക്കടവ് എന്ന സ്ഥലത്തുള്ള ആനക്കോട്ടപാർക്കിൽ ചെന്നാൽ ഇവ അടുത്ത് കാണാം. മുനിയറകൾ ആദിമ മനുഷ്യരുരുടെ ശവകുടീരങ്ങൾ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇവ ആദിമ മനുഷ്യന്റെ വാസസ്ഥലങ്ങൾ ആണെന്ന പുതിയൊരറിവ് പങ്കുവച്ചത് പാർക്കിലെ ഗൈഡ് ആയി നടക്കുന്ന സ്ഥലവാസിയാണ്.

താരതമ്യേന പൊക്കം കുറഞ്ഞ ഈ മനുഷ്യർ വന്യമൃഗങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷ നേടാൻ ഇവിടെയാണ് താമസിച്ചിരുന്നതെത്രെ. കരിങ്കൽ പാളികൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പലതും കാലപ്പഴക്കത്താൽ തകർന്നിട്ടുണ്ട്: ഞാനും ഒരു മുനിയറയിലേക്ക് ഇറങ്ങി നോക്കി. അത്യാവശ്യം നിവർന്ന് നിൽക്കാനുള്ള സ്ഥലം ഉണ്ട്. ഉയരം കുറഞ്ഞ മനുഷ്യർക്ക് അപ്പോൾ ഇത് ധാരാളം തന്നെ.

ആദ്യയാത്രയിൽ ആനക്കോട്ട പാറ തുറസ്സായി കിടക്കുന്ന വലിയൊരു പാറയായിരുന്നു. സ്ഥലത്തിന്റെ മനോഹാരിത കണ്ട് അവിടെയിറങ്ങി മുനിയറകളുടെ ഫോട്ടൊ എടുക്കുമ്പോൾ ആ പരിസരത്ത് ഒരു മനുഷ്യ ജീവിയെ പോലും അന്ന് കണ്ടിരുന്നില്ല. ഇന്ന് വനം വകുപ്പ് ഇത് കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നു. പാർക്കിനുള്ളിലേക്ക് കടക്കാൻ എൻട്രൻസ് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.

കരിമ്പാണ് അവിടുത്തെ പ്രധാന കൃഷിയായി തോന്നിയത് .കരിമ്പിൽ നിന്ന് ശർക്കര ഉണ്ടാക്കുന്ന സ്ഥലങ്ങൾ പോകുന്ന വഴിയിൽ കാണാം.കരിമ്പ് നീരാക്കി അത് വലിയ ഇരുമ്പു പാത്രത്തിലെത്തിച്ച് അത് വറ്റിച്ച് ശർക്കരയാക്കുന്നത് കാണാൻ കൗതുകമുള്ള കാഴ്ചയാണ്.

മറയൂർ നിന്ന് 14 കി.മി കയറിയാൽ കാന്തല്ലൂർ എത്തും.ആദ്യം കുറച്ച് ജീപ്പുകൾ മാത്രം കാണാമായിരുന്ന കാന്തല്ലൂർ ഇപ്പോൾ പട്ടണമായി വളരുകയാണ്. നിരത്തിലെല്ലാം നിറയെ വാഹനങ്ങൾ . ഗ്രാമത്തിന്റെ ശാലീനത നഷ്ടപ്പെട്ടിരിക്കുന്നുവോ എന്നൊരു തോന്നൽ. സമയം പതിനൊന്നായിട്ടും മൂടൽമഞ്ഞ് തന്നെ. ഉച്ചയ്ക്കും സ്വെറ്റർ ഇടാതെ രക്ഷയില്ലാത്ത അവസ്ഥ. വീടിന്റെ പിൻവശത്ത് മനോഹരമായ തട്ടുകളായി തിരിച്ച വലിയൊരു മല അതിർത്തിയായ കൃഷിസ്ഥലങ്ങളാണ്. കാന്തല്ലൂരിന്റെ ആത്മാവ് ഇത്തരം ഇടങ്ങളിലാണ്. ആ മലയ്ക്ക് അപ്പുറം വട്ടവടയാണെത്രെ. അഭിമന്യുവിന്റെ നാട്. അഭിമന്യുവിന് വേണ്ടി പണിതു കൊടുത്ത പുതിയ വീട് ആ മലയിൽ കയറി നോക്കിയാൽ കാണാമെത്രെ. ആ മലയിലൂടെ കാൽനടയായി വട്ടവടയിലേക്ക് നടപ്പാതയുണ്ട്. ടൂറിസ്റ്റുകൾക്ക് അതിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല.

കാന്തല്ലൂരിന്റെ സ്വന്തം ഷോലവനമായ ആനമുടിഷോല എന്ന മന്നവൻ ഷോലയിലൂടെ മുൻപ് വട്ടവട വഴി കുണ്ടള ഡാമിലേക്കും ടോപ്പ് സ്റ്റേഷനിലേക്കും ജീപ്പിൽ യാത്ര ചെയ്യാമായിരുന്നു. പടയപ്പ എന്നു വിളിപേരുള്ള കുറുമ്പനായ ഒറ്റകൊമ്പനെ വഴിയിൽ കാണുമോ എന്ന ചെറിയ ഉൾഭയത്തോടെ കാടിന്റെയും തേയില തോട്ടങ്ങളുടെയും ഗന്ധം അറിഞ്ഞുള്ള ആ യാത്രകൾ ഒരു വേറിട്ട അനുഭവം ആയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണം കൂടിയപ്പോൾ വനം വകുപ്പ് അതിലൂടെ കടത്തിവിടാതായി. ഈയാത്രകളിലാണ് കാട്ടുപോത്തിനെ തേടി കാട്ടിൽ അലഞ്ഞതും.. സാധാരണക്കാർക്ക് അപ്രാപ്യമായ ടാറ്റയുടെ ടൂറിസ്റ്റ് ബംഗ്ലാവ് കാണുവാനുള്ള അവസരം ഉണ്ടായതുമെല്ലാം. ഇന്ന് അതിനുള്ള അനുമതി കിട്ടുക എളുപ്പമല്ല.

വീടിന്റെ മുകൾ ഭാഗത്ത് ക്യാമ്പ് ഫയർ ഇടുന്നതിനും കാഴ്ചകൾ കണ്ട് ഇരിക്കുന്നതിനും സൗകര്യമുണ്ട്.. ഉച്ചയോടെ മുകളിലെത്തി. തൊട്ടടുത്ത മരങ്ങളിൽ നിറയെ പക്ഷികൾ വന്ന് ബഹളം ഉണ്ടാക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും കോടമഞ്ഞ് കയറി പിന്നിലെ കൃഷിസ്ഥലങ്ങളെല്ലാം കാഴ്ചയിൽ നിന്ന് മറഞ്ഞ് തുടങ്ങി. അവസാനം തൊട്ടടുത്ത ആളെ വരെ കാണാൻ ബുദ്ധിമുട്ടായ അവസ്ഥ. കഥകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും കുട്ടികളുടെ കൂടെ കളിച്ചും ഞങ്ങൾ അവിടെ ആഘോഷമാക്കി മാറ്റി.

രാത്രിയിലും കൊടും തണുപ്പ് തന്നെയായിരുന്നു. ആദ്യം നൂലുപോലെ പെയ്യാൻ തുടങ്ങിയ മഞ്ഞ് അവസാനം തുളളികളായി മാറുന്നു.രാവിലെ എഴുന്നേറ്റപ്പോൾ മഴ പെയ്ത പ്രതീതി. രാവിലെ ക്യാമറയും കൊണ്ട് നടക്കാൻ ഇറങ്ങിയ എന്റെകൂടെ മോളും പിന്നാലെ കൂടി.. വഴയരികിൽ പക്ഷികളുടെ ചിത്രമെടുത്ത് നിൽക്കുമ്പോൾ വീടിന്റെ കെയർടെയ്ക്കർ ആയ മനോഹരൻ വന്ന് ഞങ്ങളെ കൃഷിസ്ഥലങ്ങളിലേക്ക് കൊണ്ടു പോയി. മുൻ ദിവസങ്ങളിലെ മഴ കാരണം പാടത്ത് ചെളി നിറഞ്ഞിരുന്നു. അതിലൂടെയെല്ലാം ചാടിക്കടന്ന്, ക്യാരറ്റ് പറിച്ചു വാങ്ങി, കർഷകരെയെല്ലാം കണ്ടുള്ള ആ നടപ്പ് രസകരമായിരുന്നു. ഇതിനിടയിൽ മോള് ചളിയിൽ വീണതും തമാശക്ക് വകയായി.

അന്നത്തെ ദിവസം മഞ്ഞ് മഴ തന്നെയായിരുന്നു.പുറത്തിറങ്ങാൻ ബുദ്ധിമുട്ട്. വൈകീട്ട് വേറേ വഴിയിലൂടെ കൊണ്ടുപോവാണമെന്ന് മനോഹരേട്ടനെ രാവിലെ തന്നെ ശട്ടം കെട്ടിയിരുന്നു. കനത്ത മൂടൽമഞ്ഞിൽ മഞ്ഞുമഴയിൽ കുട ചൂടി ഞാനും മോളും നടക്കാൻ തുടങ്ങി. കുടയില്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥ ആയതിനാൽ മറ്റുള്ളവർ വന്നില്ല. കാന്തല്ലൂരിനെ കണ്ടറിഞ്ഞ് സ്പർശിച്ച് അനുഭവിച്ചുള്ള ഒരു യാത്ര. ഒരു മൂന്നു നാലു കിലോമീറ്റർ നടന്നത് അറിഞ്ഞില്ല. ശരിക്കും ആ കനത്ത മൂടൽമഞ്ഞിൽ കാന്തല്ലൂരിനെ എക്സ്പ്ലോർ ചെയ്യുകയായിരുന്നു ഞങ്ങൾ.

പഴങ്ങളും പച്ചക്കറികളും വാങ്ങി വഴിയരികിലെ കടയിലെ ചുടുകാപ്പി കുടിച്ച് ആ മനോഹര യാത്ര ആസ്വദിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോൾ സമയം 7 മണി ആയിരുന്നു. പിറ്റേന്ന് പ്രവൃത്തി ദിനമായതുകൊണ്ടും ഓഫീസിൽ എത്തേണ്ടത് അത്യാവശ്യം ആയതിനാലും രാവിലെ അഞ്ചു മണിക്ക് തന്നെ നാട്ടിലേക്ക് തിരിച്ചു. ഇനിയും വരും എന്ന് അവളോട് യാത്ര പറയാതെ തന്നെ. കാരണം അവളെ അധികം നാൾ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന് അവൾക്കും അറിയാം ഞങ്ങൾക്കും അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post