എഴുത്ത് – സാദിയ അസ്‌കർ.
ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ രാജ്യസ്നേഹം ഉണർത്തുന്ന വാക്ക്. 1999 ൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം.. കാർഗിൽ യുദ്ധ ദിവസത്തെ ഓർമിപ്പിക്കുന്ന “കാർഗിൽ വിജയ് ദിവസ് ” ജൂലൈ 26 നാണ്. അതിന്റെ തലേ ദിവസം ആണ് ഞങ്ങൾ കാർഗിൽ എത്തുന്നത്. കേട്ട് കേൾവി മാത്രം ഉണ്ടായിരുന്ന ആ യുദ്ധഭൂമിയിൽ ആണ് ഞാനപ്പോൾ എത്തി നിൽക്കുന്നത്. ഓരോ പട്ടാളക്കാരനെ കാണുമ്പോഴും അഭിമാനവും ബഹുമാനവും എല്ലാം കൂടെ മനസ്സിൽ.
ലേയിൽ നിന്നും ശ്രീനഗർ പോകുന്നത് കാർഗിൽ വഴിയാണ്. ലേയിലെ ടാക്സിയിൽ ശ്രീനഗർ പോകാൻ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. യൂണിയൻ പ്രശ്നം കാരണം ആണ് അങ്ങനെ. കാർഗിൽ നിന്നും വേറെ ടാക്സി വിളിച്ചു വേണം പിന്നെ പോവാൻ. അവിടെ വന്നിറങ്ങുന്നവരെ ടാക്സി ഡ്രൈവേഴ്സ് വന്നു പൊതിയും. വിലപേശി കച്ചവടം ഉറപ്പിക്കുന്ന പോലെയാണ് കാര്യങ്ങൾ. അത്യാവശ്യം പ്രായം ഒക്കെ ഉള്ള ഒരാളെ ആണ് ഞങ്ങൾക്ക് റെഡി ആയതു. എല്ലാവരും അയാളെ ഉസ്താദ് എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾക്കും അയാൾ ഉസ്താദ് ആയി. അയാളുടെ വണ്ടി Xylo ആയിരിന്നു.
4 ദിവസം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ലേയിലെ ഡ്രൈവറോട് യാത്ര പറഞ്ഞു ഞങ്ങൾ ഇയാളുടെ കൂടെ യാത്ര തുടർന്നു. പുറപ്പെടാൻ നേരം അയാൾ പറഞ്ഞു എന്റെ വീട് ഇവിടെ അടുത്താണ് ഡ്രസ്സ് മാറാനും സാധനങ്ങൾ എടുക്കാനും ഉണ്ട്. വീട് വരെ ഒന്ന് പോയാലോ എന്ന്. കേൾക്കേണ്ട നിമിഷം ഞങ്ങൾ ഓക്കേ പറഞ്ഞു. ഗ്രാമങ്ങളും ഗ്രാമങ്ങളിലെ വീടുകളും അതിലെ ആളുകളെയും കാണാൻ പറ്റുന്നതേ വലിയ കാര്യം അല്ലേ.
പട്ടണത്തെ ചുറ്റിക്കൊണ്ടാണ് സുറു നദി ഒഴുകുന്നത്. കലിതുള്ളി ഒഴുകുന്നത് കണ്ടാൽ തന്നെ പേടി തോന്നും. അതിനു മീതെയുള്ള പാലത്തിൽ കൂടെ ഒരു ചെറിയ റോഡിലേക്ക് കയറി വണ്ടി കുറച്ചു ദൂരം പോയി. കായ്ച്ചു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾ ആണ് കൂടുതലും. ഗ്രാമപ്രദേശം ഒന്നും അല്ല ചെറിയൊരു ടൌൺ. ഞങ്ങൾ വരുന്നതും ചായ ഉണ്ടാക്കാനും എല്ലാം അയാൾ ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു. മണ്ണും മരവും കൊണ്ടുണ്ടാക്കിയ വീട് ആണ്.
ഭാര്യയും രണ്ട് ചെറിയ മക്കളും അടങ്ങിയ ഒരു കൊച്ചു സ്വർഗം ആയിരുന്നു അയാളുടെ വീട്. ഒരുപാടു സ്നേഹത്തോടെയാണ് അതിഥികളായ ഞങ്ങളെ അവർ സ്വീകരിച്ചത്. കാശ്മീരി കാവയും കാർഗിൽ റൊട്ടിയും ബിസ്കറ്റും എല്ലാം വിളമ്പി വെച്ചു ഞങ്ങൾക്ക് മുന്നിൽ. കാശ്മീരി ടീ ഒരു സംഭവം തന്നെയാണ്. ഏലവും കറുവാപട്ടയും കുങ്കുമവുമൊക്കെ ഇട്ട് കലക്കനൊരു ടീ.
ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് അവർക്ക്. ഫോട്ടോക്ക് ഒന്നും നിന്നു തരാതെ അവർ ഓടി. ഡ്രസ്സ് മാറി സാധനങ്ങൾ എടുത്തു നല്ല കുട്ടപ്പനായി ഞങ്ങളെ ഉസ്താദ് എത്തി. നല്ലൊരു വൈകുന്നേരം ഞങ്ങൾക്ക് ഒരുക്കി തന്നതിന് നന്ദിയും യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി…
വീണ്ടും കണ്ടുമുട്ടലുകൾ ഇല്ലങ്കിലും ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന മറക്കാൻ പറ്റാത്ത ഒരുപാടു പേരുണ്ട് മനസ്സിൽ. അതിലേക്ക് ഈ കുഞ്ഞു കുടുംബവും കൂടി.