കേരളത്തിൽ കൊച്ചി നേവി എയർപോർട്ട് അടക്കം അഞ്ച് വിമാനത്താവളങ്ങളുണ്ട്. അവയിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ ആണെങ്കിലും കോഴിക്കോട് വിമാനത്താവളം എന്നാണിത് അറിയപ്പെടുന്നത്. യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ. കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

കേരളത്തിലെ മലബാർ മേഖലയിൽ ഒരു വിമാനത്താവളത്തിനായി ആവശ്യങ്ങൾ ഉയർന്നു വന്നു. കാത്തിരിപ്പിനൊടുവിൽ 1977 ൽ കൊണ്ടോട്ടിയ്ക്ക് അടുത്തുള്ള കരിപ്പൂരിൽ വിമാനത്താവളത്തിനായി അനുമതി ലഭിച്ചു. 1988 ഏപ്രിൽ 13-നാണ് കരിപ്പൂർ വിമാനത്താവളം​ പ്രവർത്തനം ആരംഭിച്ചത്​. തുടക്കത്തിൽ ആഭ്യന്തര സർവ്വീസുകൾ മാത്രമായിരുന്നു ഇവിടെ നിന്നും ഉണ്ടായിരുന്നത്. പിന്നീട് 1992 ഏപ്രിൽ 23 നു കരിപ്പൂരിൽ നിന്നും ഇന്റർനാഷണൽ സർവ്വീസുകൾ ആരംഭിച്ചു. എയർ ഇന്ത്യയുടെ ഷാർജ സർവ്വീസ് ആയിരുന്നു ഇവിടെ നിന്നും ടേക്ക്ഓഫ് ചെയ്യപ്പെട്ട ആദ്യ ഇന്റർനാഷണൽ സർവ്വീസ്.

തൊണ്ണൂറുകളിൽ ഗൾഫ് മലയാളികളായിരുന്നു കരിപ്പൂർ എയർപോർട്ടിൻ്റെ വളർച്ചയ്ക്ക് ഊന്നൽ നൽകിയ പ്രധാന പങ്കാളികൾ. 2006 ഫെബ്രുവരി 2-ന്​ കരിപ്പൂർ വിമാനത്താവളത്തിന്​ കേന്ദ്ര സർക്കാർ അന്താരാഷ്​ട്ര പദവി നൽകി. തുടർന്ന്​ കൂടുതൽ അന്താരാഷ്​ട്ര എയർലൈനുകൾ കരിപ്പൂരിലേക്ക്​ സർവീസുകൾ​ ആരംഭിച്ചു. ലോകത്തെ മികച്ച വിമാനക്കമ്പനികളായ എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​, ഇത്തിഹാദ്, സൗദി എയർലൈൻസ്​, എയർ അറേബ്യ തുടങ്ങിയവരെല്ലാം കരിപ്പൂരിൽ നിന്ന്​ സർവീസ്​ ആരംഭിച്ചു. കൂടാതെ ഹജ്ജ് സ്പെഷ്യൽ വിമാനങ്ങളും കരിപ്പൂരിൽ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെട്ടു.

എന്നാൽ 2015ൽ റൺവേ റീകാർപ്പറ്റിങ്​ ആൻറ്​ സ്​ട്രങ്​ത്തനിങിനായി വിമാനത്താവള റൺ​വേ അടക്കാൻ തീരുമാനിച്ചത്​ കരിപ്പൂർ വിമാനത്താവളത്തിന്​ തിരിച്ചടിയായി. തുടർന്ന്​ എയർ ഇന്ത്യ, എമിറേറ്റ്സ്​, സൗദി എയർലൈൻസ് തുടങ്ങിയവർ​ ഇവിടേക്കുള്ള തങ്ങളുടെ Boeing 747, Boeing 777 സർവീസുകൾ നിർത്തിവെക്കുകയുണ്ടായി. നിർത്തലാക്കിയ ഈ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം 2018 ഡിസംബർ 5 മുതൽ​ പുനരാരംഭിക്കുകയും ചെയ്തു.

മറ്റു എയർപോർട്ടുകളെ അപേക്ഷിച്ച് കരിപ്പൂരിൻ്റെ ഒരു പ്രത്യേകതയെന്തെന്നാൽ അത് അവിടത്തെ ടേബിൾടോപ്പ് റൺവേ തന്നെയാണ്. എന്താണ് ഈ ടേബിൾടോപ്പ് റൺവേ? രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്ന എയര്‍പോര്‍ട്ടിനെയാണ് ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് എന്ന് പറയുന്നത്. മലയെ വെട്ടി മാറ്റിയുണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലായിരിക്കും വിമാനത്താവളത്തിന്റെ റണ്‍വേ. കുന്നിൻപരപ്പിൽ സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കു ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുന്നതു പോലെ വിമാനം താഴേക്ക് പതിക്കും. അതുകൊണ്ടുതന്നെ വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് ടേബിള്‍ടോപ് റണ്‍വേകള്‍.

ഇവിടെ പൈലറ്റുമാര്‍ കൂടുതല്‍ ഉയരം കൈവരിച്ച് ലാന്‍ഡിംഗിന് ശ്രമിക്കണം. അല്ലെങ്കില്‍ വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. ഇതാണ് ടേബിള്‍ ടോപ് ലാന്‍ഡിങിനായി പൈലറ്റുമാർ കൈക്കൊള്ളുന്ന രണ്ടു മാർഗ്ഗങ്ങൾ. ഇന്ത്യയിൽ കരിപ്പൂർ കൂടാതെ കർണാടകയിലെ മംഗലാപുരം എയർപോർട്ട്, മിസോറാമിലെ ലെങ്‌പുയി എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലെ റൺവേകൾ ടേബിള്‍ടോപ്പ് ആണ്.

2020 ഓഗസ്റ്റ് 7 നു എയർപോർട്ട് ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ അപകടത്തിനാണ് കരിപ്പൂർ എയർപോർട്ട് സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയും രണ്ടായി പിളരുകയും ചെയ്തു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നു. പൈലറ്റും കോ പൈലറ്റും അടക്കം 19 പേർ ഈ അപകടത്തിൽ മരണപ്പെട്ടു. അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ.

ചിത്രം – Dhruvaraj Subhashchandran, വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, The Cue.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.