വിവരണം – ഷഹീർ അരീക്കോട്.
നാളെ അവധിയല്ലേ മ്മക്ക് എങ്ങോട്ടേലും പോയാലോ, ന്നാ പിന്നെ കക്കയം ഡാമും കരിയാത്തൻ പാറയും (കോഴിക്കോട് ജില്ല) ആയ്ക്കോട്ടെ, ഞാനൂം ന്റാളും ഓക്കെ കുട്ട്യോള് ഡബിൾ ഓക്കെ. ‘ചട്ടിയും കലവുമാകുമ്പോ തട്ടിയും മുട്ടിയും’ എന്നാണല്ലോ, അങ്ങനെ തട്ടിയും മുട്ടിയും സമയം പോയി. ആാാ…കുഞ്ഞുകുട്ടി പരാധീനതകളൊക്കെ ആകുമ്പോൾ ഇതൊക്കെ സ്വാഭാവികം. 8 മണീന്ന് തീരുമാനിച്ചാ 7:30 ന് റെഡിയാവാൻ ഇത് മ്മളെ സോളോ ട്രിപ്പൊന്നും അല്ലാലോ. ഹല്ല പിന്നെ. എന്നാ പിന്നെ ഉച്ചഭക്ഷണം കഴിച്ച് ഇറങ്ങാമെന്ന് വച്ചു. അപ്പോഴേക്കും ഞാനുമുണ്ട് എന്ന് പറഞ്ഞ് അനിയന്റെ മോനും റെഡിയായി. മണി ഒന്നടിച്ചപ്പോഴേക്കും കഴിപ്പും കഴിഞ്ഞ് യാത്ര ആരംഭിച്ചു.
അരീക്കോട് നിന്നും മുക്കം – താമരശ്ശേരി – പൂനൂർ വഴി കക്കയം റോഡിലേക്ക് കയറി പിന്നെ ഗുഗിളാന്റിയോട് ചോയ്ച്ച് ചോയ്ച്ച് തലയാട് വഴി മുന്നോട്ട് പോയി. ഇടക്ക് വയലട 7 കിലോമീറ്റർ എന്ന ബോർഡ് കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ കാൽ ആക്സിലറേറ്ററിൽ നിന്നും ബ്രേക്കിലേക്ക് മാറി. “മറ്റൊരു ദിനം ഞാൻ വരും വയലടെ നിന്നെ കാണാൻ..” എന്നു മൂളിക്കൊണ്ട് ഞാൻ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി.
കക്കയം എത്തുന്നതിന് ഏകദേശം മൂന്ന് കിലോമീറ്റർ മുന്നെ കരിയാത്തൻ പാറ / തോണിക്കടവ് റോഡ് എന്ന ബോർഡ് കണ്ട് കാർ സ്ലോ ചെയ്തപ്പോൾ തന്നെ റോഡിൽ നിൽക്കുന്ന ഒരാൾ ഇടത് വശത്തേക്ക് കൈ ചൂണ്ടി വഴി കാണിച്ചു തന്നു. ‘ഉണ്ണിയെ കണ്ടാലറിയാല്ലോ ഊരിലെ പഞ്ഞം’ നീയൊക്കെ കരിയാത്തൻ പാറയിലേക്കുള്ള വഴിയേ ചോദിക്കൂ എന്നെനിക്കറിയാം എന്ന ഭാവം അയാളുടെ മുഖത്ത് ഞാൻ വായിച്ചെടുത്തു.
കരിയാത്തൻ പാറ കടവിനോടടുത്തപ്പോഴേക്കും നിരവധി വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. അതിനടുത്തായി ഞാനും കാർ ഒതുക്കി. അവധി ദിനമായതുകൊണ്ട് നല്ല തിരക്കായിരുന്നു. വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് എനിക്കവിടെ കാണാൻ സാധിച്ചത്. എന്നിരുന്നാലും സംഭവം കിടുവാണ്. പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ ഭംഗി ആസ്വദിക്കാം, കുളിച്ചും കളിച്ചും തിമർക്കാം. പച്ചപ്പും വെള്ളക്കെട്ടും മലകളും ചേർന്ന് പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകൾ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനും ആൽബം ഷൂട്ടിനും മറ്റും പറ്റിയ നല്ല ഇടമാണ്.
കക്കയമെന്ന സ്ഥലനാമം കേൾക്കുമ്പോഴേക്കും അടിയന്തരാവസ്ഥയുടെ ഭീകരമുഖമായിരിക്കും പലരുടേയും മനസ്സിലേക്കോടിയെത്തുന്നത്. അത് ആർക്കും മറക്കാൻ പറ്റാത്ത പഴയ കാര്യങ്ങൾ തന്നെ. എന്നാൽ ഇന്ന് കക്കയം ഡാം എന്ന് കേൾക്കുമ്പോൾ കോടമഞ്ഞിന്റെ അകമ്പടിയാൽ സൗന്ദര്യത്തിന്റെ നിറകുടമായി മാറുന്ന ഡാമിന്റെ ആ ദൃശ്യഭംഗി ഒരു സഞ്ചാരിയെ സംബന്ധിച്ചേടത്തോളം കുളിരു പൂക്കുന്ന കാഴ്ചകളാണ്.
സമയം നാലു മണിയോടടുത്തിരിക്കുന്നു. കക്കയം ഡാമിൽ പോകാമെന്ന് വച്ച് കുട്ടികളെ വിളിച്ചിട്ട് അവർ കയറി വരുന്നില്ല. കുറച്ചൂടെ കഴിയട്ടെ എന്നും പറഞ്ഞ് അവിടെ കളിക്കുകയാണ്. അവസാനം അവരെ ഓടിച്ചിട്ട് പിടിച്ച് കാറിൽ കയറ്റേണ്ടി വന്നു. ഉച്ചഭക്ഷണം നേരത്തെ കഴിച്ചതിന്റെയാണ് വയറ്റിൽ കിണികിണി നാദം തുടങ്ങിയിരുന്നു. നേരെ കക്കയം അങ്ങാടിയിലേക്ക് വിട്ടു. ഹോട്ടലിലേക്ക് കയറി ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആ കടക്കാരൻ പറഞ്ഞു 4:30 മണി കഴിഞ്ഞാൽ ഡാമിലേക്ക് കയറ്റിവിടത്തില്ലെന്ന്. ഒൻപത് കിലോമീറ്ററോളം ദൂരം ഇനിയും സഞ്ചരിക്കണം. അതും കാട്ടിനകത്തൂടെ. പോരാത്തതിന് വീതി കുറഞ്ഞ അത്ര നല്ലതല്ലാത്ത വഴിയും. ഏതായാലും കത്തിച്ചു വിട്ടു. പക്ഷെ ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയപ്പോഴേക്കും 4:35 ആയി. നോ രക്ഷ, കൗണ്ടർ അടച്ചു കഴിഞ്ഞിരുന്നു.
അടുത്ത തവണ നമുക്ക് നേരത്തെ വരാം എന്ന് സ്വയം ആശ്വസിപ്പിച്ച് കൊണ്ട് പ്രകൃതിയിലെ കാഴചഭംഗിയൊക്കെ ആസ്വദിച്ചു ഞങ്ങൾ സാവധാനം തിരിച്ചിറങ്ങി. നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു. പ്രതീക്ഷിച്ചതിലും വൈകി പുറപ്പെട്ടതുകൊണ്ട് നേരത്തെ വീടണയാൻ സാധിച്ചു.