വിവരണം – Lijaz AAmi.
അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ യാത്ര പോകാറുണ്ട്. അങ്ങനെയുള്ള ഒരു സ്ഥലമാണ് എന്റെ നാടായ കോഴിക്കോടുള്ള കാരിയാത്തുംപാറ. പെരുവണ്ണാമുഴി തടാകത്തിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറയുടെ കുളിർമയേകുന്ന കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും അപ്പുറമാണ്.
നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നവരും, ആ ഭംഗി കൺകുളിരെ ആസ്വദിക്കുന്നവരും ആണെങ്കിൽ കാരിയാത്തുംപാറ അതിന് യോജിച്ച സ്ഥലം തന്നെ. കുന്നിറങ്ങി ആർത്തുല്ലസിച്ഛ് വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നീന്തിത്തുടിയ്ക്കുകയും കൂടി ആയാൽ സംഗതി ഉഷാർ.
കോഴിക്കോട്- കക്കയം റൂട്ടിലാണ് കരിയാത്തും പാറ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി എസ്റ്റേറ്റ്മുക്ക് എത്തി ഇടത്തോട്ട് തിരിഞ്ഞാൽ കക്കയം റോഡാണ്. ഇവിടെനിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ച്, കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച്, ചുരവുമൊക്കെ കയറിയിറങ്ങി കുറച്ച് മുന്നോട്ട് ചെന്നാൽ ഒരു ചെറിയ പാലം കാണാം. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ എത്തിപ്പെടുന്നത് കാരിയാത്തുംപാറയിലേക്കാണ്. മഴക്കാലത്താണ് പോകുന്നതെങ്കിൽ ചെറു വെള്ളച്ചാട്ടങ്ങളും യാത്രയിൽ കണ്ണിന് കുളിരേകും.
പരവതാനി വിരിച്ച പോലെ പുൽമേടും, അതിൽ മേയുന്ന കാലിക്കൂട്ടങ്ങളും അതിനെ വലയം വെച്ചുള്ള മലനിരകളും, തടാകവും, തടാകത്തിന് നടുവിൽ ഉയർന്നു നിൽക്കുന്ന മരങ്ങളും കാറ്റും, അരുവിയും, എല്ലാം നിറഞ്ഞ കരിയാത്തുംപാറയുടെ മനോഹര കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും അപ്പുറമാണ്.
ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും വളരെ അടുത്താണ് കരിയാത്തും പാറ. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്. പ്രകൃതിയില്‍ അലിയാനും, പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും.