ബസ്സുകളിൽ യാത്രക്കാർ കയറുന്നത് ബോർഡ് നോക്കിയിട്ടായിരിക്കും. അതിനാൽ ഒരു സർവ്വീസ് ബസ്സിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൻ്റെ റൂട്ട് ബോർഡ് തന്നെയായിരിക്കും. ചിലപ്പോഴൊക്കെ ബോർഡുകൾ മാറി പ്രദർശിപ്പിക്കുന്നതും, അക്ഷരത്തെറ്റോടെ എഴുതിയ ബോർഡുകളുമെല്ലാം വാർത്തകളിലും ട്രോൾ ഗ്രൂപ്പുകളിലും ഇടം നേടാറുണ്ട്. കെഎസ്ആർടിസി ആയിരിക്കും ഇത്തരം സംഭവങ്ങളിൽ സ്ഥിരം കഥാപാത്രം.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളിൽ ഹിറ്റായ ഒരു ചിത്രം പറഞ്ഞത് വളരെ വ്യത്യസ്തമായ, കൗതുകമുണർത്തുന്ന ഒരു തമാശക്കഥയായിരുന്നു. ഇതിലും നായകൻ കെഎസ്ആർടിസി തന്നെ. പക്ഷെ നമ്മുടെ ആനവണ്ടിയല്ല, കർണാടക ആർടിസി എന്ന കെഎസ്ആർടിസിയായിരുന്നു താരം. സംഭവം വേറൊന്നുമല്ല, എറണാകുളം – ഹസ്സൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന കർണാടക ആർടിസിയുടെ ‘സുവർണ കർണാടക സാരിഗേ’ (SKS) എക്സ്പ്രസ്സ് ബസ്സിൽ കേരള ആര്ടിസിയുടെ ഏതോ സൂപ്പർഫാസ്റ്റിന്റെ ഡെസ്റ്റിനേഷൻ ബോർഡ് വെച്ചിരിക്കുന്നു.
ഒരു ബോർഡ് മാറ്റിവെച്ചതിൽ ഇത്ര പറയുവാനുണ്ടോ എന്നു ചിന്തിക്കുന്നുണ്ടാകും, എന്നാൽ ബാക്കി കൂടി കേട്ടോളൂ. ഹാസനിൽ നിന്നും എറണാകുളം വരെയാണ് കർണാടക ആർടിസിയുടെ ഈ ബസ് സർവ്വീസ് നടത്തുന്നത്. എന്നാൽ ഇതിൽ വെച്ചിരുന്ന കേരള ആർടിസിയുടെ ബോർഡിൽ എറണാകുളത്തിനു പുറമെ കൊട്ടാരക്കര, കോട്ടയം, വൈക്കം തുടങ്ങിയ സ്ഥലപ്പേരുകളും ഉണ്ടായിരുന്നു. സംഭവം വേറൊന്നുമല്ല, കന്നഡ അണ്ണന്മാർക്ക് ഒരു അമളി പറ്റിയതാണ്. എറണാകുളം ഡിപ്പോയിൽ എവിടെയോ എറണാകുളം ബോർഡ് കിടക്കുന്നതു കണ്ട അണ്ണന്മാർ അത് എടുത്ത് ബസ്സിൽ വെച്ചു.
സ്ഥിരം വരുന്ന റൂട്ട് ആയതിനാൽ എറണാകുളം എന്നു മലയാളത്തിൽ എഴുതിയത് മനസിലാക്കുവാൻ അവർക്ക് സാധിക്കുമായിരുന്നു. എന്നാൽ മലയാളം വായിക്കാൻ അറിയാത്തതിനാൽ എറണാകുളത്തിനു താഴെയുള്ള ബാക്കി സ്ഥലങ്ങൾ ഇവർക്ക് മനസ്സിലായതുമില്ല. അങ്ങനെയാണ് കൊട്ടാരക്കരയും വൈക്കവും കോട്ടയവുമെല്ലാം ബസ്സിന്റെ ബോർഡിൽ ഇടംപിടിച്ചത്. ഈ ബസ്സിൽ കയറുന്നത് കൂടുതലും കന്നഡിഗർ ആയതുകൊണ്ടാണോ എന്തോ ആരും ഇത് അധികം ശ്രദ്ധിച്ചതുമില്ല.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ആരോ ബസ്സിന്റെയും ബോർഡിന്റെയും ചിത്രമെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് രസകരമായ ഈ സംഭവം ആളുകൾ അറിഞ്ഞത്. സംഭവം വൈറലായതോടെ ‘Troll KSRTC’ തുടങ്ങിയ പേജുകളിൽ ഇത് വിഷയമാക്കി ധാരാളം ട്രോളുകളാണ് ചാകരയാണ് ഇറങ്ങിയത്. എന്തായാലും പറഞ്ഞു ചിരിക്കാൻ ഒരു കാരണമായി. ഇതോടുകൂടി കർണാടക ആർടിസി ബസ്സുകാർ അബദ്ധത്തിൽ എടുത്തു വെച്ച ‘കേരള സൂപ്പർഫാസ്റ്റ് ബോർഡ്’ മാറ്റിയെന്നാണ് അറിയുന്നത്.
ദിവസവും വൈകുന്നേരം അഞ്ചരയ്ക്കാണ് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കർണാടകയിലെ ഹാസനിലേക്ക് ബസ് പുറപ്പെടുന്നത്. തൃശ്ശൂർ, കോഴിക്കോട് വഴി പിറ്റേദിവസം രാവിലെ 7 മണിയോടെ ബസ് ഹാസൻ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുകയും ചെയ്യും. കർണാടകയിലെ ഒരു ജില്ലയാണ് ഹാസൻ. ഇവിടത്തെ ഹാസനാംബ ക്ഷേത്രത്തിലെ ദേവതയായ ഹാസനാംബയിൽനിന്നുമാണ് ഹാസന് ആ പേർ ലഭിച്ചത്. ഐ.എസ്.ആർ.ഒ.യുടെ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റത്തിനെ മാസ്റ്റർ കണ്ട്രോൾ ഫസിലിറ്റി സ്ഥിതിചെയ്യുന്നത് ഹാസനിലാണ്. ഇതുകൂടാതെ ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണ് ഹാസൻ.