പ്രൈവറ്റ് ബസ്സുകൾ യാത്രക്കാരെ പിഴിയുന്നതും കെഎസ്ആർടിസി യാത്രക്കാർക്ക് താങ്ങാവുന്നതുമായ ധാരാളം വാർത്തകൾ വരുന്ന സമയമാണല്ലോ ഇത്. ഒരു പ്രൈവറ്റ് ഓപ്പറേറ്റർ ചെയ്ത കുറ്റത്തിന് പേരുദോഷം വന്നിരിക്കുന്നത് മൊത്തത്തിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകൾക്കാണ്. അത് എന്തെങ്കിലും ആകട്ടെ. പ്രൈവറ്റുകളുടെ കുറ്റങ്ങളും കെഎസ്ആർടിസിയുടെ നന്മകളും വാർത്തകളായിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു അഭിനന്ദനീയമായ സംഭവം പുറത്തുവന്നിരിക്കുന്നത് കർണാടക ആർടിസിയുടെ പേരിൽ.
സംഭവം ഇങ്ങനെ.. ബെംഗളൂരുവിൽ നിന്നും മൈസൂർ വഴി രാത്രി സമയത്ത് കേരളത്തിലേക്ക് വരികയായിരുന്ന കർണാടക ആർടിസിയുടെ ഐരാവത് വോൾവോ മൾട്ടി ആക്സിൽ ബസ് മൈസൂർ കഴിഞ്ഞപ്പോൾ എന്തോ തകരാറു മൂലം യാത്ര തുടരുവാൻ കഴിയാത്ത അവസ്ഥയായി. രാത്രിയായതിനാൽ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അതുകൊണ്ട് ബസ് തകരാറിലായി വഴിയിൽ നിർത്തിയ കാര്യം അവരാരും അറിഞ്ഞില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കുവാനായി നല്ലവരായ ബസ് ജീവനക്കാർ ബസ് ഓണാക്കി ഇടുകയും എസി പ്രവർത്തിപ്പിക്കുകയും ചെയ്തു.
ഇതിനുശേഷം ജീവനക്കാർ സംഭവം അധികൃതരെ അറിയിച്ചു. വെളുപ്പിന് 3.30 ഓടെ അതേ ക്ലാസ്സിൽപ്പെട്ട മറ്റൊരു ബസ് മൈസൂരിൽ നിന്നും ബസ് കേടായിക്കിടക്കുന്ന സ്ഥലത്തെത്തച്ചേർന്നു. പകരം പോകുവാനുള്ള ബസ് എത്തിയതിനു ശേഷമാണ് ബസിലുണ്ടായിരുന്ന യാത്രക്കാർ സംഭവം അറിയുന്നത്. അതും ജീവനക്കാർ എല്ലാവരെയും വിളിച്ചുണർത്തി കാര്യം പറഞ്ഞപ്പോൾ മാത്രം. ഇരുട്ടത്ത് ബസ് ജീവനക്കാർ ടോർച്ച് അടിച്ച് യാത്രക്കാരുടെ ലഗേജുകളും മറ്റും പുതിയ ബസ്സിലേക്ക് മാറ്റുവാൻ സഹായിക്കുകയും ചെയ്തു. ഈ സംഭവം പ്രസ്തുത ബസിലെ യാത്രക്കാരനായിരുന്ന ദിലീപ് മുതുമന എന്ന വ്യക്തി ഫേസ്‌ബുക്കിൽ കുറിപ്പായി പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ കൊടുക്കുന്നു.
“ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണ്ണാടക RTC, മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി,( അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ് ). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് AC പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരിൽ നിന്ന് വേറേ multi axle ബസ് ആണ് എത്തിയത്.
ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം. ഇവിടെ കർണ്ണാടക ബസ് ജീവനക്കാർ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്, ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിeപ്പായി എങ്കിലും AC ഒക്കെ ഓൺ ചെയ്ത വെച്ച് സുഖമായി ഉറങ്ങാൻ സമ്മതിച്ചു,, മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു
എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി.
ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു.ഇപ്പോ വേറേ ഒരു ബസ്റ്റിൽ (same class) യാത്ര തുടരുന്നു. ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന KSRTC management നും (കർണ്ണാടക) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു.”