വിവരണം – വൈശാഖ് കീഴേപ്പാട്ട്.
ട്രെയിൻ വരാൻ ഇനിയും സമയം ഉണ്ടല്ലോ എന്നോർത്തു വീടിന്റെ ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് അടിക്കുന്ന കാറ്റിലെ തണുപ്പിന്റെ തീവ്രത മനസിലാക്കിയത്. ഇനിയും ഈ കാറ്റേറ്റ് ഇവിടെ ഇരുന്നാൽ സ്റ്റേഷനിലേക്കുള്ള യാത്ര നനഞ്ഞിട്ടാകും എന്ന ബോധ്യം വന്നതിനാൽ ഭാര്യയെയും കൂട്ടി ഇറങ്ങി. മുൻപ് പല യാത്രയിലും മഴ കൂടെ വന്ന അനുഭവം ഉണ്ട്. ഇത്തവണ അതൊഴിവാക്കാം എന്ന് കരുതിയാണ് നേരത്തെ ഇറങ്ങിയത്. പക്ഷെ കുറ്റിപ്പുറം എത്തിയപ്പോൾ തന്നെ മഴ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൂടെ കൂടിയിരുന്നു. ഇത്തവണ ഇടിയും മിന്നലും കൂടെ ഉണ്ടായി എന്ന മാറ്റം മാത്രമേ ഒള്ളു. കാത്തിരിപ്പിനിടയിൽ ആണ് കറണ്ട് മഴയുടെ കൂടെ പോയത്.
പിന്നീട് സ്റ്റേഷനലിൽ വെളിച്ചം അങ്ങിങ്ങായി മാത്രമായി. അധികം മുഷിപ്പിക്കാതെ ട്രെയിൻ വന്നു. ട്രെയിനിൽ കയറിയപ്പോഴേക്കും യാത്രയാക്കാൻ വന്ന മഴ തിരിച്ചുപോയി. പിന്നീടുള്ള യാത്ര ഞങ്ങൾ മാത്രമായിരുന്നു. കാലത്ത് 7 മണിയോടെ വണ്ടി ബാംഗ്ലൂർ എത്തും. അതിനാൽ രാത്രി സമയം ഉറക്കത്തിനായി മാറ്റിവെച്ചു. തണുപ്പിന്റെ കാഠിന്യം ബാംഗ്ലൂർ എത്തുന്നതിന്റെ സൂചന നൽകി. ബനാസ്‌വാഡി ആണ് ഇറങ്ങേണ്ട സ്റ്റേഷൻ.
ഓൺലൈൻ ടാക്സി സേവനം ഉള്ളതിനാൽ സുഹൃത് വണ്ടി ബുക്ക് ചെയ്തിരുന്നു. അതിനാൽ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര എളുപ്പമായി. രാത്രിയിൽ ആണ് കാഴ്ചകൾ കാണാനുള്ള യാത്ര ആരംഭിക്കുന്നത്. അതുവരെ സമയം ഉണ്ട്. പക്ഷെ തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിൽ പകൽ സമയം കാണാൻ ഇറങ്ങുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.എന്നിരുന്നാലും ഒരു ചെറിയ കറക്കം രാത്രിക്കു മുൻപേ നടത്തേണ്ടി വന്നു. രാത്രി ഭക്ഷണം കഴിച്ചു ഏകദേശം പത്തുമണിയോടെ സക്ലേശപൂർ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ഈ യാത്രയിൽ ഞങളുടെ കൂടെ സുഹൃത്തും ഭാര്യയും ഉണ്ട്.
ബാംഗ്ലൂർ നിന്ന് ഏകദേശം 230 കിലോമീറ്റർ ദൂരമാണ് സക്ലേശപൂരിലേക്കുള്ളത്. ട്രെയിൻ ലഭ്യമല്ലാത്തതിനാൽ റെഡ്ബസ് ആപ്പ് വഴി ബസിലാണ് യാത്ര ചെയ്തത്. പുലർച്ചെ അവിടെ എത്തുന്ന രീതിയിൽ ഉള്ള ബസ് ആണ് തിരഞ്ഞെടുത്തത്. ഇന്ദിര നഗറിൽ നിന്ന് രാത്രി ആരംഭിച്ച യാത്ര പുലർച്ചെ നാലുമണിയോടെ സക്ലേശപൂരിൽ അവസാനിച്ചു. ബസ് സ്റ്റാൻഡിന്റെ അടുത്താണ് ബസ് ഇറങ്ങിയത്.
പുലർച്ചെ സമയം ആയതിനാൽ തിരക്ക് ഒട്ടും ഇല്ല. ഇനി ഇവിടെ നിന്ന് ആദ്യം പോകേണ്ടത് ബെരവേശ്വര ക്ഷേത്രത്തിലേക്കാണ്. ഗൂഗിൾ നോക്കിയപ്പോൾ 31 KM ആണ് ദൂരം കാണിച്ചത് പക്ഷെ ഓട്ടോക്കാരോട് തിരക്കിയപ്പോൾ 40 KM ആണ് പറഞ്ഞത്. പോയി തിരിച്ചുവരാൻ ഏകദേശം 1800 രൂപയും. പണം അല്പം കൂടുതലായതിനാൽ സ്റ്റാന്റിനകത്തുള്ള ഹോട്ടലിൽ ചെന്ന് തിരക്കി. അവിടത്തെ ചേട്ടൻ മറ്റൊരു ഓട്ടോ ഒപ്പിച്ചുതന്നു 1300 രൂപക്ക്. ഒടുവിൽ 1000 പറഞ്ഞു ഉറപ്പിച്ചു.
അന്നേരം ആണ് ഇതേ സ്ഥലത്തേക്കുള്ള രണ്ടു പേര് ഞങളുടെ കൂടെ വന്നോട്ടെ എന്ന് ചോദിച്ചത്. മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. അങ്ങനെ 6 പേര് ആയി ടീം വലുതായി. ഓട്ടോ ചേട്ടൻ വന്നു. നമ്മുടെ നാട്ടിലെ സാധാ ഓട്ടോ ആണ് വണ്ടി. 6 പേരും അവരുടെ ബാഗും എങ്ങനെ കയറും എന്നായി അടുത്ത ആലോചന. പക്ഷെ ഡ്രൈവർ ചേട്ടന്റെ മുഖത്തു അങ്ങനെ ഒരു ചിന്തയെ കണ്ടില്ല. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ എല്ലാരേം തള്ളി കയറ്റി യാത്ര തുടങ്ങി. ഉൾഗ്രാമങ്ങൾ ആണെങ്കിലും റോഡുകൾ എല്ലാം അടിപൊളിയാണ്. എതിരെ വാഹനങ്ങൾ ഒന്നും ഇല്ല. കുറച്ചു ദൂരം പോയതിനു ശേഷം വണ്ടി നിർത്തി.
ഇനി നേരം വെളുക്കാതെ പോകാൻ കഴിയില്ല എന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞു. മൃഗങ്ങൾ ഇറങ്ങുന്ന വഴിയാണ്. കൂടുതലും ആന എന്ന് കേട്ടപ്പോൾ കൂടെ ഉള്ളവരുടെ മുഖത്തു അല്പം പേടിയാണെകിൽ എനിക്ക് അതുകേട്ടപ്പോൾ സന്തോഷം ആണ് ഉണ്ടായത്. വെള്ളച്ചാട്ടത്തിന്റെ അരികിൽ അങ്ങനെ അര മണിക്കൂറോളം ഇരുന്നു. എന്നിട്ടാണ് പിന്നീടുള്ള യാത്ര ആരംഭിച്ചത്. ക്ഷേത്രം അടുക്കും തോറും റോഡിൻറെ അവസ്ഥ മോശമാണ്. ചെറിയ റോഡ്.ഇരുവശവും നെൽവയലുകൾ.ചെറിയ വീടുകൾ അങ്ങനെ നീളുന്നു കാഴ്ചകൾ. കുത്തനെയുള്ള കയറ്റം കയറിവേണം ക്ഷേത്രത്തിൽ എത്താൻ. റോഡ് ഇല്ല എന്ന് തന്നെ പറയാം. അതിനാൽ കുറച്ചു പേര് ഇറങ്ങി നടന്നാണ് പോയത്. ബാക്കിയുള്ളവരുമായി ചേട്ടൻ ഓട്ടോ കയറ്റിക്കൊണ്ടുപോയത് എങ്ങനെ എന്ന് ചേട്ടന് മാത്രമേ അറിയൂ . നമ്മുടെ നാടാണെങ്കിൽ പോകില്ല എന്ന് തീർത്തു പറയും.
അങ്ങനെ കയറ്റത്തിനൊടുവിൽ കണ്മുന്നിൽ ബേട്ടട ബെരവേശ്വര ക്ഷേത്രം. വലിയ പ്രത്യേകതകൾ ഒന്നും ഈ ക്ഷേത്രത്തിനില്ല. പ്രേത്യേകത അവിടത്തെ കാഴ്ചകൾക്കാണ്. കൂടെ വന്ന രണ്ടു പേര് തൊട്ടടുത്തുള്ള പാണ്ഡവ ഗുഡ ഹില്ലിൽ ട്രെക്കിങ്ങിനു വന്നവരാണ്. അവർ ഞങ്ങളോട് യാത്ര പറഞ്ഞു അവരുടെ ലക്ഷ്യത്തിലേക്കു പോയി. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രത്തിനു ഏത് ഭാഗത്തു നിന്ന് നോക്കിയാലും മലകൾ ആണ്. പച്ചപ്പ് നിറഞ്ഞ പ്രദേശം. ഏകദേശം 600 വർഷത്തോളം പഴക്കുമുണ്ട് ഈ ശിവ ക്ഷേത്രത്തിനു. പാണ്ഡവർ താമസിച്ച സ്ഥലമാണ് ഇത് എന്ന് പറയപ്പെടുന്നു. മലകളാൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ ട്രെക്കിങ്ങിനു വേണ്ടിയും ഒരുപാട് ആളുകൾ ഇവിടേക്ക് വരാറുണ്ട്.
നിശബ്തതയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന ഏതൊരാൾക്കും ഈ ക്ഷേത്രം അനുയോജ്യമായ സ്ഥലമാണ്. അതുകൊണ്ട് തന്നെയാണ് സക്ലേശപൂരിലെ പ്രധാന ആകർഷണമായി ഈ ക്ഷേത്രം മാറിയത്. കൂടുതൽ സമയം അവിടെ നിന്നാൽ ഓട്ടോ ചേട്ടനോട് പറഞ്ഞ കണക്കു എല്ലാം മാറും എന്നുള്ളതിനാൽ പതിയെ അവിടെ നിന്ന് ഇറങ്ങി. വരുമ്പോൾ നിർത്തിയ വെള്ളച്ചാട്ടമാണ് ഇനി ലക്‌ഷ്യം.
10 KM ദൂരമാണ് ക്ഷേത്രത്തിൽ നിന്നുള്ളത്.റോഡിനു അരികിൽ തന്നെ ആയതിനാൽ ശ്രദ്ധയില്പെടുകയും ചെയ്യും. വെള്ളം കുറവാണെങ്കിലും സൗന്ദര്യത്തിനു കുറവൊന്നും ഇല്ല. അല്പം സമയം അവിടെ ചിലവിട്ടാണ് സക്ലേശപൂർ നഗരത്തിലേക്കുള്ള മടക്ക യാത്ര തുടർന്നത്. പുലർച്ചെ തുടങ്ങിയ യാത്ര ആയതിനാൽ കൂടെ ഉള്ള മഹിളാരത്‌നങ്ങൾ പതിയെ ഉറക്കത്തിലേക്കു പ്രവേശിച്ചിരുന്നു. അടുത്ത ലക്ഷ്യത്തെ പറ്റിയുള്ള ആകാംഷ ഞങ്ങളുടെ ഉറക്കത്തെ അകറ്റി നിർത്തി..
സക്ലേശപൂരിന്റെ അടയാളം എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചാറാബാദ് ഫോർട്ട് ആണ് അടുത്ത ലക്‌ഷ്യം. ടൗണിൽ നിന്നും 7 KM ദൂരം മാത്രമേ ഇവിടെക്കൊള്ളു. അതിനാൽ ഓട്ടോ ചേട്ടനോട് അവിടെ ഇറക്കാൻ ആണ് പറഞ്ഞത്. പറഞ്ഞതിൽ നിന്നും 200 അധികം കൊടുത്താണ് ചേട്ടനെ വിട്ടത്. റോഡിൽ നിന്ന് ഏകദേശം അര കിലോമീറ്റര് ദൂരം നടന്നു വേണം കോട്ടയിലെത്താൻ.
കുറച്ചു ദൂരം കയറ്റവും പിന്നീട് അങ്ങോട്ട് പടികളും ആണ്. 1792 ആണ് നക്ഷത്ര രൂപത്തിൽ ഉള്ള ഈ കോട്ട ടിപ്പു പണികഴിപ്പിച്ചത്. പട്ടാള കോട്ടയുടെ മാതൃകയിൽ ഫ്രഞ്ച് എൻജിനിയർ ആണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചുറ്റുമുള്ള കാര്യങ്ങളുടെ വ്യകതമായ രൂപം നൽകുന്ന ഈ കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3241 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞിൽ മൂടിയ കോട്ട എന്നർത്ഥത്തിൽ ആണ് ഇതിനു മഞ്ചാറാബാദ് ഫോർട്ട് എന്ന പേര് നൽകിയത്.
ശ്രീരംഗപട്ടണം കോട്ടയിലേക്ക് ഇവിടെ നിന്ന് ഒരു ഗുഹ ഉണ്ടെന്നു പറയപ്പെടുന്നു . കൂടാതെ കാലാവസ്ഥ അനുകൂലമാണെങ്കിൽ അറബി കടലും ഈ കോട്ടയിൽ നിന്ന് ദൃശ്യമാകും എന്നും പറയുന്നുണ്ട്. നക്ഷത്ര ആകൃതിയിൽ ഉള്ള കോട്ടയുടെ ഒരു മുനമ്പിൽ കയറിയാൽ മറ്റു എല്ലാം ഭാഗവും വ്യക്തമായി കാണാം. ചുറ്റുമുള്ള മനോഹര കാഴ്ചയും നമ്മുക് ആസ്വദിക്കാൻ കഴിയും. കൂടാതെ കോട്ടക്ക് ചുറ്റും നിർമിച്ച വലിയ കിടങ്ങുകൾ ശത്രുക്കൾ എളുപ്പത്തിൽ എത്തുന്നതിനെ തടയുകയും ചെയ്യും.
കോട്ടക്ക് നടുവിൽ ആയിട്ടുള്ള കിണർ ആണ് മറ്റൊരു പ്രത്യേകത. നാല് വശത്തു നിന്നും ഒരുപോലെ ഇറങ്ങാൻ കഴിയുന്ന രൂപത്തിൽ ആണ് അത് നിർമിച്ചിട്ടുള്ളത്. അവധി ദിനം ആയിട്ടും കാര്യമായ തിരക്ക് ഇല്ല. കാലത്തു 8 മുതൽ 5 വരെയാണ് സന്ദർശന സമയം. വെയിൽ കനക്കുന്നതിന്റെ മുന്നേ എത്താൻ കഴിഞ്ഞാൽ വളരെ നല്ലതാണു. കാഴച്ചകൾക്കു ശേഷം ശരീരം ഒന്ന് തണുപ്പിക്കാൻ ഓരോ കക്കരിക്ക വാങ്ങി കഴിച്ചാണ് കോട്ടയിൽ നിന്ന് ഇറങ്ങിയത്..ഇനിയുള്ള യാത്ര ഉൾഗ്രാമങ്ങളിലേക്കാണ്. കർണാടകയുടെ സൗന്ദര്യത്തിന്റെ മറ്റൊരു തലം തേടിയുള്ള യാത്ര..