വിവരണം – ശ്യാം രാജ്.
പ്രളയവും പേമാരിയും ദുരന്തം വിതച്ചപ്പോൾ യാത്രകൾക്ക് തൽക്കാലം ഒരു അവധി നല്കിയിരിക്കുമ്പോഴാണ് പലരുടെയും കമന്റ് കല്യാണം ഉറപ്പിച്ചോ എന്ന്. ചോദിച്ചവരോട് നന്നായി ഒന്ന് ഇളിച്ചു കാട്ടി. കാണിച്ചു തരാടാ തെ@&#%കളെ എന്ന് മനസ്സിലും പറഞ്ഞു. കാത്തിരുന്നു മൂന്ന് ദിവസം അവധി വീണ് കിട്ടിയെങ്കിലും എപ്പോഴത്തെയും പോലെ ഇടുക്കിക്ക് വിടാം എന്നല്ലാതെ പ്രതേകിച്ചു ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല പോകുന്നതിനു രണ്ടു ദിവസം മുന്നേ വരെ. മിക്കയാത്രയിലും കൂടെ ഉണ്ടാവുന്ന ചങ്ക് ആദർശ് ആണ് “ബിജാപുർ” പോകാം എന്ന് പറഞ്ഞത്.
“ങ്ങേ ബിജാപുരോ അതെവിടാ”, സ്ഥലം കർണാടകയിൽ ആണെങ്കിലും അത് വരെ ഞാൻ കേട്ടിട്ട് പോലുമില്ല അങ്ങനെയൊരു പേര്. വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ചിത്രങ്ങൾ കണ്ടതും ഞാൻ മൂക്കും കുത്തി വീണു. ആ ഫിക്സിഡ്, പോകാം. വീഴാൻ ആഗ്രഹം ഉള്ളവർ വേഗം പോയി ഗൂഗിൾ ചെയ്തു നോക്ക്.
ഉത്തര കർണാടകയിൽ ആണ് ബിജാപുർ. കേട്ടറിവ് പോലും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് എങ്ങനെ എത്തിപ്പെടും എന്നത് ഒരു കടമ്പയായിരുന്നു. മൂന്ന് ദിവസം ഉണ്ട് വേറെ ഏതെങ്കിലും സ്ഥലങ്ങൾ കൂടെ ഉൾപ്പെടുത്താം പക്ഷെ ആദ്യമൊന്നും ഒരെത്തും പിടിയും കിട്ടിയില്ല. വെറുതെ ഗൂഗിൾ മാപ്പ് എടുത്ത് പരതി നോക്കിയപ്പോഴാണ് ബൾബ് കത്തിയത്. പിന്നെല്ലാം പെട്ടന്നായിരുന്നു ഗൂഗിളിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ച് ബാക്കി സ്ഥലങ്ങൾ കൂടെ ഉൾപ്പെടുത്തി കൊണ്ട് റൂട്ട് മാപ്പ് റെഡിയാക്കി. ഈ യാത്ര പ്ലാൻ ചെയ്യാൻ ഗൂഗിൾ ഏറെക്കുറെ സഹായിച്ചു എന്ന് വേണം പറയാൻ.
അങ്ങനെ സെപ്റ്റംബർ 29ന് ശനിയാഴ്ച രാത്രി ഞങ്ങൾ രണ്ടുപേരും കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് ബസ് കയറി. എട്ടരയ്ക്ക് പുറപ്പെടുന്ന കർണാടക സർക്കാരിന്റെ വോൾവോ ബസ്സാണ്. ഉറക്കം അത്ര ശെരിയായില്ലെങ്കിലും വെളുപ്പിന് ആറു മണിക്ക് മംഗലാപുരം എത്തി. ആദ്യത്തെ ലക്ഷ്യം ഉഡുപ്പിയിലെ St Marys ദ്വീപാണ്. ഒരു ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഉടുപ്പിക്കുള്ള ബസ് കിട്ടി. പുലർച്ചെ കർണാടകയുടെ ആനവണ്ടിയിൽ വിന്ഡോ സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ട് നല്ലൊരു യാത്ര. ഇരുവശത്തേയും കാഴ്ചകൾ കേരളം പോലെ തന്നെ, നല്ല പച്ചപ്പ്. ഈ റൂട്ടിൽ ഒരുപാട് ബീച്ച് ഉണ്ടെന്ന് തോന്നുന്നു. പോകുന്ന വഴിയെല്ലാം പല പല ബീച്ചുകളിലേക്കുള്ള ബോർഡുകൾ കണ്ടു. മംഗലാപുരത്ത് നിന്ന് ഏകദേശം ഒരുമണിക്കൂർ സമയം എടുക്കും ഉഡുപ്പി എത്താൻ.
8 മണിയോടെ ഉടുപ്പിയെത്തി. നല്ല വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന സ്ഥലമാണെന്ന് കേട്ടിട്ടുണ്ട് പക്ഷെ സമയക്കുറവു മൂലം പരീക്ഷണം നടത്താൻ പോയില്ല. ബസ് സ്റ്റാന്റിന് അടുത്ത് ആദ്യം കണ്ട കടയിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ഉഡുപ്പിയിൽ നിന്ന് മാൽപെ എന്ന സ്ഥലത്തോട്ടു പോകുന്ന ബസ് ആണ് കയറേണ്ടത്. പത്തു രൂപ ടിക്കറ്റ് ആണ്. ഉഡുപ്പിയിൽ നിന്ന് അരമണിക്കൂർ സമയമെടുക്കും മാൽപെ എത്താൻ.
ബസ് മാൽപെ ബീച്ചിൽ തന്നെ നിർത്തി. വളരെ മനോഹരവും വൃത്തിയുള്ളതുമായ ബീച്ച്. ദ്വീപിലേക്കുള്ള വലിയ ബോട്ട് സർവീസിന്റെ ടിക്കറ്റ് കൌണ്ടർ കണ്ടില്ല. പകരം ബീച്ചിൽ നിന്ന് ദ്വീപിലേക്കുള്ള വേറെ ബോട്ടിനു ടിക്കറ്റ് എടുത്തു. ഒരാൾക്ക് 300രൂപയാണ് ചാർജ്. രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു അവർ. സഞ്ചാരികൾ വേറെയും ഉണ്ടായിരുന്നു ഒപ്പം പലരും മലയാളികൾ തന്നെ. ആ സമയം ബീച്ചിലെ കാഴ്ചകൾ കണ്ടും ചിത്രങ്ങൾ എടുത്തും സമയം കളഞ്ഞു.
അരമണിക്കൂറോളം യാത്രയുണ്ട് ദ്വീപിലേക്ക്. ബോട്ട് അടുക്കുന്തോറും ദ്വീപിലെ തെങ്ങിൻ തലപ്പുകളും പാറക്കെട്ടുകളും തെളിഞ്ഞു കാണാം. ബോട്ടിൽ നിന്നിറങ്ങി പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു വശത്തോട്ടു നടന്നു. കണ്ടൽ ചെടികളുടെ പച്ചപ്പും കറുത്ത പാറക്കൂട്ടങ്ങളും നല്ല തെളിഞ്ഞ വെള്ളം അലയടിക്കുന്ന പഞ്ചാര മണലുകളും ചേർന്ന് വിദേശ രാജ്യങ്ങളിലെ ബീച്ച് ഓർമിപ്പിക്കും വിധം ഭംഗിയുണ്ട്. പടിഞ്ഞാറേ തീരം നിറയെ മണലിന് പകരം നിറയെ കക്കകൾ(Shell) ആണ്. ചെരിപ്പില്ലാതെ നടന്നാൽ കാല് മുറിയാൻ സാധ്യതയുണ്ട്. നടക്കുമ്പോൾ കക്കകൾ അമരുന്ന ശബ്ദം കേൾക്കാൻ തന്നെയൊരു രെസമുണ്ട്.
എവിടെത്തേയും പോലെ സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അങ്ങിങ്ങായി കിടപ്പുണ്ട്. എങ്കിലും മൊത്തത്തിൽ വളരെ മനോഹരവും ശാന്തവുമാണ് ദ്വീപ്. കുടുംബമായും സഞ്ചാരികൾ എത്തുന്നുണ്ട്. പലരും ബീച്ചിലെ കുളിയും, കളിചിരികളും, ഫോട്ടോ പിടിക്കലുമൊക്കെയായി സന്തോഷം കണ്ടെത്തുന്നു. ആകെ രെസംകൊല്ലിയായത് കത്തുന്ന വെയിലാണ്.
ദ്വീപിന്റെ പ്രതേകതയായ “Basaltic Rock” ആണ് ചുറ്റിനും. ഈ പാറകൾ ആണ് ദ്വീപിന്റെ സൗന്ദര്യം കൂട്ടുന്നത്. ഇവയെല്ലാം 88 മില്യണ്‍ വര്‍ഷങ്ങള്‍ക് മുന്‍പ് മഡഗാസ്കര്‍ ഇന്ത്യയുടെ ഭാഗമായിരുന്നപോള്‍ സംഭവിച്ച “Sub-aerial Sub-volcanic activity” മൂലം രൂപംകൊണ്ടതാണ്. 2001 ല്‍ ഈ പാറകള്‍ National Geological Monument ആയി പ്രഖ്യാപിച്ചു. 1498 ൽ കാപ്പാട് തീരത്തേക്കുള്ള യാത്രയിൽ വാസ്കോ ഡി ഗാമ ഈ ദ്വീപിൽ ഇറങ്ങി. അദ്ദേഹം ദ്വീപിന് നൽകിയ “O Padrão de Santa Maria” എന്ന പേരിൽ നിന്നാണ് ദ്വീപിന് ഇപ്പോഴത്തെ പേര് ലഭിച്ചത്. Coconut Island എന്നും പേരുണ്ട്.
പ്രധാന കവാടത്തിനടുത്തായി ലെഘു ഭക്ഷണ ശാലകൾ ഉണ്ട് അത്യാവശ്യം വിശപ്പും ദാഹവും മാറ്റാനുള്ളത് ഇവിടെ നിന്ന് കിട്ടും. തിരികെ ബോട്ട് കയറി മാൽപെ ബീച്ചിൽ നിന്ന് ഉടുപ്പിക്ക് വന്ന് കുറച്ച് സ്‌നാക്‌സും വെള്ളവും വാങ്ങി മുരുഡേശ്വർ പോകുന്ന ബസ് കയറി. രണ്ട് മണിക്കൂറോളം സമയമെടുക്കും അവിടെയെത്താൻ. ഉത്തര കർണാടകയിലെ ഭട്ക്കൽ താലൂക്കിലാണ് മുരുഡേശ്വരം സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിൽ മുരുഡേശ്വർ അമ്പലത്തിന്റെ വലിയ കവാടത്തിനു മുന്നിൽ തന്നെ സ്റ്റോപ്പ് ഉണ്ട്.
ഇവിടെ നിന്ന് അമ്പലത്തിലേക്ക് രണ്ട് കിലോമീറ്ററോളം പോകണം. നല്ല വെയിൽ ആയത് കൊണ്ട് നടക്കാൻ പറ്റില്ല. ഓട്ടോ നോക്കി നിക്കുമ്പോഴാണ് വഴിയരികിൽ നിന്ന കച്ചവടക്കാർ അത് വഴി വന്ന ടെമ്പോയിൽ ഞങ്ങളെ കയറ്റി വിട്ടു. ഒരാൾക്ക് അഞ്ച് രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ.
അമ്പലത്തിനു മുന്നിൽ ഇറങ്ങി ഉച്ചഭക്ഷണം കഴിഞ്ഞു ഒരു റൂം തിരക്കി നടന്നപ്പോഴാണ് ബൈക്കിൽ ഒരാൾ വന്നിട്ട് റൂം വേണോ എന്ന് ചോദിക്കുന്നത്. അമ്പലത്തിനടുത്ത് തന്നെ 500 രൂപയ്ക്ക് നല്ലൊരു മുറി കിട്ടി. ഫ്രഷ് ആയി വിശ്രമം കഴിഞ്ഞു റൂമിൽ ഇരുന്ന് ബിജാപുർ പോകാനുള്ള ബസ് ഓൺലൈൻ വഴി ബുക്ക് ചെയ്തു. ഒരാൾക്ക് 800 രൂപയായി. മംഗലാപുരത്തു നിന്ന് ബിജാപൂരിലേക്കു ടൂറിസ്റ്റ് ബസ് സർവീസ് ഉണ്ട്. വെയിൽ താണ് തുടങ്ങിയപ്പോൾ അഞ്ച് മണിയോടെ അമ്പലത്തിലേക്ക് പോയി.
അമ്പലം മാത്രമല്ല നല്ലൊരു ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ് മുരുഡേശ്വർ. മൂകാംബികയ്ക്കു പോകുന്നവർക്ക് ഇതും കൂടെ ഉൾപ്പെടുത്താം. നല്ലൊരു അനുഭവം ആയിരിക്കുമത്. മൂന്ന് ഭാഗം കടലാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമയും 20 നിലകൾ ഉള്ള കൂറ്റൻ ഗോപുരവുമാണ് പ്രധാന ആകർഷണങ്ങൾ. ഇവ രണ്ടും കാണുമ്പോൾ തന്നെ നമ്മൾ അത്ഭുതം കൊണ്ട് വാ പൊളിച്ചു പോകും. മുരുഡേശ്വരനാണ്(ശിവൻ) പ്രധാന പ്രതിഷ്ഠ. രാവിലെ 6 മണി മുതൽ 1 മണി വരെയും വൈകീട്ട് 6 മണി മുതൽ 8.30 വരെയുമാണ് ദർശന സമയം. മനോഹരവും വൃത്തിയുള്ളതുമായ ബീച്ച് കൂടിയായപ്പോൾ ശെരിക്കും കടലിനു മുകളിൽ ഒരു വിസ്മയം തന്നെയാണ് ഇവിടം.
പ്രവേശന കവാടത്തിന് മുന്നിലായി കോൺക്രീറ്റിൽ തീർത്ത രണ്ട് ഗജവീരന്മാരുണ്ട്. അവിടെ നിന്നും കടക്കുന്നത് വലിയൊരു ഗോപുരത്തിലേക്കാണ്. പുറമെ മനോഹരമായ ശില്പങ്ങളോട് കൂടിയ 237 അടിയോളം ഉയരമുള്ള ഗോപുരം. ഒരാൾക്ക് പത്തു രൂപ ടിക്കറ്റ് എടുത്താൽ ലിഫ്റ്റ് വഴി ഏറ്റവും മുകളിലെ നിലയിൽ എത്താം. അവിടെ അറബിക്കടലിന്റെയും ശിവ പ്രതിമയുടെയും ഏരിയൽ വ്യൂ കാണാം. പക്ഷെ അത് സൂര്യാസ്തമയം ആകുമ്പോൾ മതി എന്ന് തീരുമാനിച്ചു മുന്നോട്ട് നടന്നു.
ഗോപുരത്തിനടിയിലൂടെ പടവുകൾ കയറി മുകളിൽ എത്തിയാൽ ശിവപ്രതിമയുടെ താഴെ എത്താം. കാശിനാഥ് എന്ന ശിൽപിയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിലെ കൂടുതൽ നിർമ്മിതികളും. ശ്രീകോവിലിനു മുന്നിലായി നന്തി മണ്ഡപവും ചുറ്റിനും മറ്റ് ഉപദേവതകളും സ്ഥിതി ചെയ്യുന്നു. തൊഴുതു കഴിഞ്ഞു അൽപനേരം ആ മഹാത്ഭുതം നോക്കി നിന്ന ശേഷം ടിക്കറ്റെടുത്തു മ്യൂസിയം കാണാൻ കയറി. മുരുഡേശ്വരന്റെ പുരാണ കഥകൾ പറയുന്ന പലതരം ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും. കണ്ട് തീർന്നാൽ പ്രതിമയുടെ മറ്റേ അറ്റത്തു കൂടെ പുറത്ത് വരാം. പിന്നിലായി അറബിക്കടലിന്റെ മനോഹര ദൃശ്യവും.
സൂര്യാസ്തമയത്തിനു സമയമായപ്പോൾ ഗോപുരത്തിനടുത്തേക് നടന്നു. ടിക്കറ്റെടുത്തു അൽപനേരം ക്യൂ നിന്ന് ലിഫ്റ്റ് കയറി മുകളിൽ എത്തി. നല്ല തണുപ്പാണ് ഉള്ളിൽ. ഇപ്പോൾ തന്നെ ജനാലപ്പാളിയിലൂടെ ചിത്രങ്ങൾ എടുക്കാൻ നല്ല തിരക്കാണ്. കാത്തിരുന്ന് കിട്ടിയ സമയം കൊണ്ട് ഞാനും ചറപറാന്ന് ചിത്രങ്ങൾ എടുത്തു. ആ കാഴ്ച മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ആകാശത്തിൽ ചുവപ്പ് വിതറി അറബിക്കടലിൽ മുങ്ങാൻ പോകുന്ന സൂര്യനും ആ വെളിച്ചത്തിൽ ശിവന്റെ പ്രതിമയും ചേർന്ന് ഭക്തിയും ശാന്തതയും സന്തോഷവും ഒന്നിച്ച് മനസ്സിന് തന്ന കുറച്ച് നിമിഷങ്ങൾ.
താഴെ ഇറങ്ങി അൽപനേരം പുറത്ത് തിരക്ക് ഒഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന ശേഷം ബീച്ചിലോട്ട് പോയി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. ബീച്ചിൽ നിറയെ കച്ചവടക്കാരാണ്. ഒന്ന് ചുറ്റിയടിച്ചു വരുമ്പോഴാണ് നല്ല ഫ്രഷ് മീൻ ഫ്രൈ ചെയുന്ന കട കണ്ടത്. അപ്പോ തന്നെ ചൂടോടെ രണ്ട് അയല ഫ്രൈ വാങ്ങി കഴിച്ചു. മസാല നമ്മുടെ നാട്ടിലെ പോലെ സ്വാദ് തോന്നിയില്ല. എങ്കിലും മീൻ നല്ല ഫ്രഷ് ആയിരുന്നു.
തിരികെ റൂം എത്തി, ഉറങ്ങാനല്ല പാക്ക് ചെയ്യാൻ. രാത്രി 10.45ന് ആണ് ബസ് വരുന്നത്. ഉറങ്ങാനുള്ള സൗകര്യം നോക്കി സ്ലീപ്പർ ബസ്സാണ് ബുക്ക് ചെയ്തത്. 9 മണിയോടെ മുരുഡേശ്വരനോട് വിട പറഞ്ഞു മെയിൻ റോഡിലേക്ക് നടന്നു. അരമണിക്കൂർ വൈകിയാണ് ബസ് വന്നത്. നല്ല ക്ഷീണമുള്ളതിനാൽ കിടന്നപാടേ ഉറങ്ങിപ്പോയി. ബിജാപ്പൂരിലെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ..