വിവരണം – കൈലാസ് ജി.എസ്.
“തും ലോഗ് പാഗൽ ഹൈ ക്യാ?” ഇത്തവണ കട്ട കലിപ്പിലാണ് മാഗി കടയിലെ ചേട്ടൻ മറുപടി പറഞ്ഞത്. ചേട്ടനേയും കുറ്റം പറയാൻ പറ്റില്ല, കടയിൽ തിരക്കുള്ള സമയത്താണ് ഞങ്ങൾ പത്ത് പേര് പുള്ളിക്കാരന്റെ കടയുടെ മുന്നിൽ കൂട്ടം കൂടി നിന്നിട്ട് ട്രെക്ക് ചെയ്യാൻ ഉള്ള സ്ഥലം ചോദിക്കുന്നത്. “അപ്പോ കസോളിൽ കാണാൻ ഒരു കോപ്പും ഇല്ലല്ലേ..” കമരു എല്ലാവരേയും തളർത്തി കളഞ്ഞു. “പിന്നെ ഈ ചുറ്റും കാണുന്നതൊക്കെ എന്താണ്…നല്ല സീനറി അല്ലേ, ദോ അങ്ങോട്ടൊക്കെ നല്ല സ്പോട്ടുകൾ കാണും” ,ഞാൻ ചെറുതായി ഒന്ന് മോട്ടിവേഷൻ വാറി വിതറി. “ആൾക്കാർ കഞ്ചാവും,ഹാഷും വലിക്കാൻ വരുന്നിടത്ത് നമ്മളല്ലാതെ ആരേലും ട്രെക്കിനു വരുവോടാ..?” ആനന്ദ് പച്ചയായ അപ്രിയസത്യങ്ങൾ വിളിച്ചു കൂവാൻ തുടങ്ങി.
സമയം രാവിലെ ഏഴു മണിയായി കാണും.നല്ല മഞ്ഞും തണുപ്പും ഉണ്ട്. ചായയും മാഗിയും കഴിച്ച് ഞങ്ങൾ ഇങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്.. ചോദിക്കുന്നവരൊക്കെ ‘യഹാം പേ ട്രെക്കിംഗ് കേലിയേ കുച്ച് നഹീ ഹൈ,’ എന്ന ക്ലീഷേ ഡയലോഗ് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് അപ്രതീക്ഷിതമായ ⚡ട്വിസ്റ്റ്⚡ നല്ല അസ്സൽ മഴ….. “ട്രിപ്പ് ഗുദാ ഹവാ” ഹരി അലമുറയിടാൻ തുടങ്ങി. “മഴയ്ക്കു പോലും പിടിക്കുന്നില്ല നമ്മളെ” ‘ചടപ്പിക്കൽ ഉസ്താദ്’ കമരു എഗൈൻ. എല്ലാവരും ഡൗൺ ആകാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു ആശയം മുന്നോട്ടു വച്ചു : “റെയിൻകോട്ട് ! ” ഞങ്ങൾക്കിട്ടു ‘താങ്ങിയ’ മഴയ്ക്കിട്ടു ഒരു ‘മറുതാങ്ങായി’ റെയിൻകോട്ടുമിട്ട് ഞങ്ങൾ സ്റ്റൈലായി നടന്നു.. ഹോ എജ്ജാതി മാസ് !
“അല്ലാ സംഭവമൊക്കെ കൊള്ളാം എങ്ങോട്ടാ പോകുന്നത്” രസംകൊല്ലിയായി ഹരിയുടെ ചോദ്യം. ഞാൻ വലതുഭാഗത്തായി കണ്ട മഞ്ഞു മൂടിയ മല ചൂണ്ടിക്കാട്ടി എല്ലാവരോടും പറഞ്ഞു “അടുത്തത് നമ്മൾ ഒടിവെക്കാൻ പോകുന്നത് ; ആ മലയെ !” “അവിടേക്ക് കേറാനൊക്കെ പറ്റുമോ” ലാസിഫിന്റെ സംശയം. സത്യത്തിൽ ‘കുബേരനിൽ’ മണിചേട്ടൻ പറയുന്നത് പോലെ “തമ്പുരാനറിയാം” എന്നാണ് ഞാൻ മനസ്സിൽ വിചാരിച്ചത്..പക്ഷേ ടീമിന്റെ ആത്മവിശ്വാസം കൂട്ടാനായി ഞാൻ സുരാജേട്ടൻ പറയുന്ന പോലെ “പിന്നേ…” എന്ന് പറഞ്ഞ് എല്ലാവരേയും കൂട്ടി നടന്നു. പാർവതി നദിക്കു മുകളിലൂടെയുള്ള പാലവും കടന്നു ഞങ്ങൾ മല കയറാൻ തുടങ്ങി. മഴ ഒരു വിധം കുറഞ്ഞിട്ടുണ്ട്. മുകളിലേക്ക് കാട്ടിലൂടെയുള്ള ചെറു വഴിയിലൂടെയുള്ള യാത്ര അത്ര സുഗമം അല്ലായിരുന്നു, കാരണം പാറയിലും പുല്ലിലുമുള്ള വഴുക്കൽ തന്നെ. ഒരു വശത്ത് മഞ്ഞുമൂടിയ മലയും മറ്റൊരു വശത്ത് കുതിച്ചൊഴുകുന്ന പാർവതി നദിയും,പ്രകൃതിഭംഗി ഒക്കെ ആസ്വദിച്ചു ഞങ്ങൾ നടന്നു.
കുറച്ചു ദൂരം മകളിലേക്ക് കയറിയപ്പോൾ ഒരാൾ താഴേക്ക് ഇറങ്ങി വരുന്നു. എല്ലാവരുടെ മുഖവും സന്തോഷം കൊണ്ട് തിളങ്ങി. പുള്ളിയോട് മുകളിലേക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ “സാലേ ! മർനേ കേലിയേ തയ്യാർ ഹോ കേ ആയേ ഹേ ക്യാ, ഊപ്പർ ഭാലൂ ഹോഗാ” ആർക്കും ഒന്നും മനസിലായില്ല. ഒടുവിൽ ‘ഭാഷാപോഷിനി’ ആനന്ദിനെ കൊണ്ട് തർജ്ജമ ചെയ്തപ്പോഴാണ് കാര്യം മനസിലായത്. “മുകളിൽ കരടിയുണ്ട്, ചാകാൻ വേണ്ടി ഇറങ്ങിതിരിച്ചതാണോ പിള്ളേരേ” എല്ലാവരും ഒന്നു ഞെട്ടി! ചിലർ തിരിച്ചു പോകാം എന്നു പറഞ്ഞു തുടങ്ങി. പെട്ടെന്ന് തന്നെ എന്റെ ഉള്ളിലെ “ജോസഫ് അന്നംകുട്ടി ജോസ്” ഉണർന്നു ! “ആ കള്ള കിളവന് പ്രാന്താടാ, കാട്ടിൽ കേറി കഞ്ചാവടിച്ചിട്ട് ഓരോന്ന് തള്ളി മറിക്കുവാ ഊളൻ, പിന്നേ കരടി ഇങ്ങോർടെ മാമന്റെ മോനല്ലേ, പോകാൻ പറ അയാളോട് നിങ്ങൾ വരണുണ്ടേൽ വാ, ഞാൻ എന്തായാലും മല കേറാൻ തീരുമാനിച്ചു”.
എന്റെ മോട്ടിവേഷൻ ഏറ്റു, എല്ലാവരും എനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മല കേറാൻ തുടങ്ങി. അത് പിന്നെ മലയാളികളുടെ പൊതുവെ ഉള്ള ഒരു സ്വഭാവമാണല്ലോ,ചെയ്യരുത് എന്ന് പറയുന്നതല്ലേ ചെയ്യൂ. മല: കുത്തനെയുള്ള, ഉണങ്ങിയ പുല്ലും ഇളകിയ പാറകളും, പൈൻ മരങ്ങളും നിറഞ്ഞ മല. താഴെ അങ്ങിങ്ങായി മുള്ളുവേലിയടിച്ച് സ്ഥലം തരം തിരിച്ചിട്ടുണ്ട്. ഞങ്ങൾ ഹാൾട്ട് ചെയ്തു മുകളിലേക്ക് കയറി കൊണ്ടിരുന്നു. കയറിക്കൊണ്ടിരിക്കവേ വലതു ഭാഗത്തായി കറുത്ത എന്തോ ഒന്ന് കണ്ടു. മൂടൽ മഞ്ഞ് ആയത് കൊണ്ട് ഒന്നും വ്യക്തമല്ല. അടുത്തേക്ക് പോയി നോക്കിയപ്പോൾ ഒരു ചെറിയ ഗുഹ. “ഇനി ഇതിൽ കരടിയെങ്ങാനും..” അസീസ് ചെറിയ പേടിയോടെ പറഞ്ഞു. ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും ഗുഹയുടെ പുറത്തുള്ള പാറയിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ഞെട്ടലും സന്തോഷവും കൂടി ഒരുമിച്ചു വന്നു. “അധോലോകം !” അതും നല്ല പച്ച മലയാളത്തിൽ. അപ്പോൾ നമുക്കും മുൻപ് ഒരു കേരളാ ടീംസ് ഇവിടെ വന്നിട്ടുണ്ട്.
പിന്നെ ആ ഗുഹയുടെ ഉള്ളിൽ ചാക്ക് ഒക്കെ വിരിച്ചിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് കാര്യം മനസിലായത്. മലയാളികളുടെ സ്ഥിരം “വലി-സ്ഥലം” ആണെന്ന്. പിന്നെ ഞങ്ങൾ ഞങ്ങളുടെ പേര് ആ കല്ലിന്മേൽ പതിപ്പിച്ചിട്ട് മുകളിലേക്ക് കയറാൻ തുടങ്ങി. ഉയരം കൂടും തോറും എല്ലാവർക്കും ക്ഷീണം കൂടാൻ തുടങ്ങി. പത്ത് പേർ കയറി തുടങ്ങിയത് ചുരുങ്ങി ചുരുങ്ങി ആറ് പേരായി. പലർക്കും ശ്വാസം കിട്ടാതെ കയറ്റം നിർത്തി താഴെ പാലത്തിന്റെ അടുത്തേക്ക് പോയി. ഹരി 100cc എൻജിൻ ഘടിപ്പിച്ച പോലെ കയറി പോവുകയാണ്. “ഇവനെന്താടാ റബ്ബർ പാലാണോ രാവിലെ കുടിച്ചത്?” കിതച്ചു കൊണ്ട് ലാസിഫ് എന്നോട് ചോദിച്ചു. പത്ത് മിനുട്ട് കയറും, വിശ്രമിക്കും , വീണ്ടും കയറും. അത്രയും നേരം ആസ്വദിച്ചു കയറിയിരുന്ന ഞാൻ പേടിച്ചത് എന്റെ കാൽ ഒന്നു വഴുതിയപ്പോഴാണ്. എന്റെ സിവനേ…കാലു വഴുതി ഒരു കല്ലിളകി താഴേക്ക് അങ്ങ് പോവുകയാണ്. പേടിച്ചു പണ്ടാരടങ്ങി പോയി. പിന്നീടങ്ങോട്ട് ഓരോ ചുവടും ശ്രദ്ധിച്ചു നീങ്ങാൻ തുടങ്ങി. ഒടുവിൽ ആ മലയുടെ ഏറക്കുറെ മുകളിലെത്തി. “ഇനി കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് മുകളിലേക്ക് പോകാം” ആനന്ദ് ഫോണിൽ ഫോട്ടോ എടുത്തു കൊണ്ട് പറഞ്ഞു.
ഒരു രണ്ട് രണ്ടര കിലോമീറ്റർ മുകളിലേക്ക് നടന്നിട്ടുണ്ടാവണം.അവിടെ നിന്നും താഴേക്ക് നോക്കുമ്പോൾ കസോൾ എന്ന ഗ്രാമം മൊത്തമായി കാണാൻ സാധിക്കും. മലകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമം. മലകളുടെ തലഭാഗം മറയ്കുന്ന വിധത്തിൽ മേഘം മൂടിയിട്ടുണ്ട്. പൈൻ മരങ്ങളും ഉയരത്തിൽ നിന്നുള്ള വ്യൂവും തണുത്ത കാറ്റും എല്ലാം അതിഗംഭീരം ആയിരുന്നു. പ്രകൃതി അതിന്റെ ഭംഗിയുടെ പൂർണതയിൽ എന്ന പോലെ കാണപെട്ടു. എന്നിലെ Aesthetic Sense വളരെ വളരെ മുകളിൽ ആണെന്ന് എനിക്ക് തോന്നിപോയി. എവറസ്റ്റ് കീഴടക്കിയ ഒരു ഭാവമായിരുന്നു എനിക്ക്. ട്വിസ്റ്റ് ! മഴ റിട്ടേൺസ് വിത്ത് ഇടി & മിന്നൽ “ഞാൻ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു” വ്യസനത്തോടെ ഞാൻ പറഞ്ഞു. “നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ” ഹരി കൗണ്ടർ അടിച്ചു. “ചളിയടിക്കാതെ താഴെ ഇറങ്ങാനുള്ള വഴി നോക്ക് , പാറയ്ക്ക് ബലമില്ല, മഴ പെയ്തു പാറ ഇളകാനുള്ള ചാൻസ് ഉണ്ട് ” സഫ്വാൻ ജാഗരൂകൻ ആയി.
താഴെ ഇറങ്ങുന്നത് വലിയ ഒരു ടാസ്ക് തന്നെ ആണ്, കാരണം കേറിയത് പോലെ എളുപ്പം അല്ല. താഴേക്ക് നോക്കുമ്പോൾ കൊക്ക പോലെയാ കാണുന്നത്. മഴ കൂടി വരുന്നു, ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് കണ്ട് ഞങ്ങൾ മെല്ലെ മെല്ലെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. കമ്പ് കുത്തിയും കൈകൾ പിടിച്ചും ഞങ്ങൾ മെല്ലെ മെല്ലെ താഴേക്ക് ഇറങ്ങി. ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ ഒരു പാറയിൽ നിന്നും താഴേക്ക് ചാടി കടക്കേണ്ട അവസ്ഥയായി.ആദ്യം ലാസിഫും സഫ്വാനും ചാടി, പിന്നാലെ ആനന്ദും ഹരിയും ചാടി, എവസാനമായി ഞാനും അസിയും. അസി കുറച്ച് പരിഭ്രമം ഉള്ള കൂട്ടത്തിലാണ്. “ടാ, ചാടണോ” അസി എന്നോട് ചോദിച്ചു.
‘ഇതൊക്കെയെന്ത്’ എന്ന ഭാവത്തിൽ ഞാൻ ചാടാൻ ഒരുങ്ങി. “ഇതല്ലാ ഇതിനപ്പുറവും ചാടി കടന്നവനാണീ K.K.joseph” എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഒറ്റ ചാട്ടം അങ്ങ് ചാടി.
അഡാർ Twist : ഞാൻ ചാടിയപ്പോൾ മുൻപിലെ കൂർത്ത പാറ ഇളകി താഴേക്ക് പോയി കൃത്യം ആനന്ദിന്റെ നട്ടെല്ലായി ഇടിച്ചു. കല്ല് ആനന്ദിനെ ഇടിക്കുമ്പോൾ “ക്ലിങ്ങ്” എന്ന ശബ്ദം കൃത്യമായി ഞാൻ കേട്ടു. പോയി നോക്കിയപ്പോൾ ആനന്ദ് വേദന കൊണ്ട് പുളയുന്നു. ചോര ധാരധാരയായി പോകുന്നു. “എടാ, കാര്യമായി മുറഞ്ഞിട്ടുണ്ടോ? “ആനന്ദ് സംശയത്തോടെ ചോദിച്ചു. “യേയ്, ചെറിയ ഒരു മുറിവ്, അത്രേ ഉള്ളൂ” ആശ്വാസിപ്പിക്കാനായി അങ്ങനെയൊക്കെ പറഞ്ഞു ഒരു വിധം താഴെ ഇറക്കി. കസോളിൽ ആശുപത്രികൾ ഒന്നുമില്ല. അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങി ഞങ്ങൾ മുറിവ് കെട്ടി വച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു. വൈകുന്നേരം ആകുന്നതിനു മുൻപ് മണികരണിലെത്തണം. രാത്രി ഗുരുദ്വാരയിൽ കൂടണം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത സാഹസിക നിമിഷങ്ങൾ നൽകിയ കസോളിനു വിട പറഞ്ഞു ഞങ്ങൾ മണികരണിലേക്കുള്ള ബസിൽ കയറി.
വാൽകഷ്ണം (post credit scenes) : അന്ന് രാത്രി ഗുരുദ്വാരയിൽ വച്ച് ആനന്ദിന്റെ മുറിവിൽ നിന്നും രക്തം നിൽകാതെ ഒഴുകാൻ തുടങ്ങി. സമയം രാത്രി രണ്ട് മണി, എല്ലാ ആശുപത്രികളും അടച്ചു അവസാനം ഒരു ഡോക്ടറുടെ വീട്ടിൽ പോയി സ്റ്റിച്ചിട്ടു. മൊത്തത്തിൽ 6 Stitch ആണിട്ടത്. പക്ഷേ ആനന്ദിനോട് മൂന്ന് എന്നാണ് ട്രിപ്പ് തീരും വരെയും പറഞ്ഞത്. പുള്ളികാരൻ ഈ 6 stitchഉം കൊണ്ട് ഒരാഴച ഞങ്ങളുടെ കൂടെ പുൽഗ, ഖീർഗംഗ ട്രെക്ക്, മണാലി ഒക്കെ വന്നു. ഒടുവിൽ ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്ന് Stitch അഴിച്ചപ്പോൾ ഡോക്ടർ ആണ് 6 stitch ഉണ്ടെന്ന് ആനന്ദിനോട് പറഞ്ഞത്.