വിവരണം – Rahim D Ce
പതിവ് പോലെ തന്നെ പുതുമയുള്ള ഒരു Event ആയിട്ടാണ് ടീം YallaGo ഇത്തവണയും എത്തിയത്. ‘കതകുപലമേട്’ ട്രെക്കിങ് ആൻഡ് ക്യാമ്പിംഗ്. എന്നത്തേയും പോലെ തന്നെ ശനിയാഴ്ച്ച വെളുപ്പിനെ ഞാനും സൽമാനും ഈരാറ്റുപേട്ടയിൽ നിന്ന് കോതമംഗലത്തിനു വണ്ടി കയറി. കുറച്ചു പേർ ട്രാവലറിലും ബാക്കിയുള്ളവർ കാറിലുമായി നിധി തേടിയുള്ള യാത്രയ്ക്ക് രാവിലെ 8 മണിയോട് കൂടി തുടക്കം ആയി. ആദ്യമേ പോയത് മുള്ളരിങ്ങാട് വഴി മീനുളിയൻ പാറയിലേക്ക് ആണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് മീനുളിയൻ പാറ സ്ഥിതി ചെയ്യുന്നത്. മൂന്ന് കിലോമീറ്ററുകളോളം കുത്തനെയുള്ള കയറ്റം കയറി വേണം മുകളിൽ എത്താൻ. കൊടും വെയിലത്ത് ആ വലിയ പാറകൾ മുഴുവൻ ഞങ്ങൾ വലിഞ്ഞു കയറാൻ പ്രയാസപ്പെട്ടു. എങ്കിലും മുകളിൽ എത്തിയപ്പോൾ ഞങ്ങൾക്കു ആയി ഒരുക്കി വെച്ചിരുന്ന പ്രകൃതിയുടെ അത്ഭുതം കണ്ട് അതിശയിച്ചു. പാറ കൂട്ടങ്ങൾക്ക് ഇടയിൽ ആയി ഒരു കാട്. മൂന്ന് ഏക്കറുകളോളം വരുന്ന കാട്ടിൽ ചെറിയതും വലിയതും ആയ മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ് നിൽക്കുന്നു.
വ്യൂ പോയിന്റും മലകളും കണ്ട് ഇറങ്ങിയപ്പോയേക്കും സമയം ഉച്ച ആയിരുന്നു. പോകുന്ന വഴിക്ക് ഉച്ച ഭക്ഷണവും കഴിച്ചിട്ട് നേരെ കാറ്റാടി പാടങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ചതുരങ്ക പാറയിലേക്ക്.. കാറ്റാടിയുടെ കാറ്റിൽ പറന്നു പോകുമോ എന്ന് വരെ സംശയിച്ചു..മുകളിലെ വ്യൂ പോയിന്റിൽ കയറി താഴേക്ക് നോക്കിയാൽ തമിഴ് നാടിന്റെ ഭാഗങ്ങൾ ആയ കമ്പം തേനി കാണാൻ സാധിക്കും. കുറച്ചു നേരം അവിടെ സൊറ പറഞ്ഞിരുന്നതിനു ശേഷം നമ്മുടെ ‘കതകുപലമേട്’ ക്യാമ്പിലേക്ക്.
മിടുക്കിയായ ഇടുക്കിയിലെ ഏറ്റവും സുന്ദരിയായ സ്ഥലം എന്ന് തൊണ്ടമാൻ കോട്ടയെ അക്ഷരം തെറ്റാതെ വിളിക്കാം. ആളുകളുടെ ബഹളങ്ങളും ശല്യങ്ങളും ഇല്ലാതെ ഇളം കാറ്റും കൊണ്ട് പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരിക്കാൻ പറ്റിയ ഒരിടം തന്നെയാണ്. കോട കൂടി ഉള്ള സമയം ആണെങ്കിൽ പറയുകയെ വേണ്ട. കിടിലൻ വ്യൂ ആയിരിക്കും. രാജപ്പാറ ബസ് സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ തൊണ്ടമാൻ കോട്ടയിൽ എത്താം. ഏകദേശം ഒരു കിലോമീറ്റർ മാത്രം ദൂരം ടാറു ചെയ്തിരിക്കുന്നു. ഇരുവശവും മരങ്ങളും ഏലവും നിറഞ്ഞു നില്ക്കുന്ന തോട്ടങ്ങൾ. നല്ല തണുത്ത കാറ്റും, ശുദ്ധവായുവും ശ്വസിച്ചു കൊണ്ട് ആ ഇടവഴികളിലൂടെ തൊണ്ടമാൻ കോട്ടയെ ലക്ഷ്യമാക്കി ഞങ്ങടെ ട്രാവലർ നീങ്ങി.
അവിടെ ഞങ്ങളെയും കാത്ത് ജോർജ് ചേട്ടൻ നിൽപ്പുണ്ടായിരുന്നു. 1975 ൽ പണി കഴിപ്പിച്ച പഴയ മച്ചും തട്ടിൻ പുറവുമൊക്കെ ഉള്ള ഒരു പഴയ കാല ബൺഗ്ലാവിൽ ആണ് അന്ന് താമസ സൗകര്യം ഒരുക്കിയിരുന്നത്. വൈകിട്ട് ഒരു കട്ടനും കുടിച്ചിട്ട് എല്ലാവരും ബാഗൊക്കെ വെച്ച് സെറ്റ് ആയതിനു ശേഷം 6 മണി കയിഞ്ഞപ്പോയേക്കും തൊണ്ടമാൻ കോട്ട കാണുവാൻ ആയി പോയി. അതിനു മുകളിൽ നിന്നാൽ രാത്രിയുടെ നിലാ വെളിച്ചത്തിൽ പ്രകാശ പൂർണമായ തമിഴ് നാടൻ ഭംഗി ആസ്വധിക്കാൻ ആകും. പിന്നെ 8 മണി വരെ അവിടെ കൂടി. ഇളം കാറ്റും തണുപ്പും പിന്നെ തോമസ് ചേട്ടന്റെ വക അന്താക്ഷരിയും. പലരും പാട്ടുകൾ പുതിയാതൊക്കെ ഉണ്ടാക്കി പാടി. രാത്രിയിൽ ആന ശല്യം ഉളളത് കൊണ്ട് ഒരുപാട് സമയം അവിടെ കളയാതെ ക്യാമ്പിലേക്ക് പോയി. അപ്പോയത്തേക്കും ജോർജേട്ടൻ ഫ്രൈഡ് റൈസും ചിക്കനുമായി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഭക്ഷണ ശേഷം പരിചയപ്പെടലുകളും ക്യാമ്പ് ഫയറും കലാ പരിപാടികളുമായി അങ്ങനെ കൂടി.
നാളത്തെ ട്രെക്കിങ്ങിന് വേണ്ട നിർദ്ദേശങ്ങളും പഴയ കാല ചരിത്രങ്ങളും പറഞ്ഞു ജോർജ് ചേട്ടൻ ഞങ്ങളെ പഴയ കാലത്തിലേക്ക് കൊണ്ട് പോയി. ഇനി ഒരു പഴയ കഥ സൊള്ളട്ടുമാ,, ചരിത്രത്തിലേക്ക്… തമിഴ്നാട്ടിലെ പുതുക്കോട്ട കേന്ദ്രം ആക്കി ഭരിച്ചിരുന്ന തമിഴ് രാജവംശത്തിലെ രാജാവ് ആയിരുന്നു തൊണ്ടമാൻ. തന്റെ രാജ്യം ആക്രമിച്ചു കീഴ്പെടുത്താൻ വന്ന ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടുവാൻ വേണ്ടി തമിനാടിന്റെയും കേരളത്തിന്റെയും അതിരിൽ കിടക്കുന്ന ഈ മലകയറി തൊണ്ടമാൻ രാജാവ് വന്നു. ഇവിടെ വാസസ്ഥലത്തിന് ചുറ്റും ഒരു വലിയ കോട്ട കെട്ടി. പിന്നെ രാജവംശത്തിന്റെ മുഴുവൻ സമ്പാദ്യവും ഇവിടെ ഉള്ള ഒരു മലയുടെ പാറയിൽ തീർത്ത ഒരു അറയിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാറ കല്ലുകൊണ്ട് ആ അറ അടച്ചു. പിന്നെ ആ കൽകതക് വലിച്ചു തുറക്കുവാൻ ഒരു ചങ്ങലയും പിടിപ്പിച്ചു. സമീപത്തു ഉള്ള ഒരു തടാകത്തിൽ അതിന്റെ മറ്റേ അറ്റവും ഇട്ടു. ആ ചങ്ങലയുടെ അറ്റം കണ്ടെത്തി അതു വലിച്ചാൽ നിധി വെച്ച അറയുടെ കൽകതക് തുറക്കും എന്നാണു പറയപ്പെടുന്നത്. അങ്ങനെയാണ് നിധി ഇരിക്കുന്ന മലയ്ക്ക് “കതകുപലമേട് ” എന്നും ഇവിടത്തെ കോട്ടയ്ക്ക് “തൊണ്ടമാൻ കോട്ട” എന്നും പേര് വന്നത്.
ഇവിടെ നിന്നും കതകുപലമേടിലെ നിധിയിരിക്കുന്ന മല മുകളിൽ എത്തിച്ചേരൽ ആണ് നമ്മുടെ നാളത്തെ പരിപാടി. ആനയും കാട്ടുപോത്തിന്റെയും ശല്യം ഇപ്പോൾ രൂക്ഷമായതിനാൽ രാവിലെ 9 മണിക്ക് ശേഷം കാട് കയറാം എന്നും പറഞ്ഞു. അപ്പോഴത്തേക്കും സമയം 11 കഴിഞ്ഞിരുന്നു. എല്ലാവരും നിദ്രയിലേക്ക് വീണു. വെളുപ്പിനെ 5 മണിക്ക് എല്ലാവരും അലാറം വെച്ചുവെങ്കിലും എണീറ്റപ്പോൾ 6 മണി കഴിഞ്ഞിരുന്നു. കിടന്നാൽ തന്നെ ഉറങ്ങി പോകുന്ന എന്തോ ഒരു മാന്ത്രികത ഉണ്ട്
ഈ ബംഗ്ലാവിൽ.
6 മണിക്കെ എല്ലാവരും എണീറ്റ് തൊണ്ടമാൻ കോട്ട ലക്ഷ്യമാക്കി നീങ്ങി. കേരളത്തിൽ നിന്ന് കൊണ്ട് തമിഴ് നാട്ടിലെ ഉദയം കാണാൻ ആയി കുറെ നേരം കാത്തിരുന്നു. നല്ല മേഘം ഉണ്ടായിരുന്നു എങ്കിലും ഒരുപാട് നിർത്തി ബോർ അടുപ്പിക്കാതെ ആദിത്യൻ ഭഗവാൻ വന്നുദിച്ചു. സമയം കളയാതെ ക്യാമ്പ് സൈറ്റിൽ പോയി ബ്രേക്ഫാസ്റ്റ് കഴിച്ചതിനു ശേഷം 9.30 ആയപ്പോൾ ഞങ്ങൾ കൊടും കാടിന് ഉള്ളിലൂടെ ഉള്ള ട്രെക്കിങ് ആരംഭിച്ചു..
സാധാരണ കാട്ടിലെ പോലെ മനുഷ്യർ നടന്നു പോയ നടപ്പാതകൾ ഇവിടെ കുറവായിരുന്നു. പുതിയ പുതിയ വഴികൾ വെട്ടി വെട്ടി ആണ് മല കയറി പോകേണ്ടത്. അന്തോണി ചേട്ടനും പൊണ്ടാട്ടിയും ആണ് ഞങ്ങൾക്കായി വഴികൾ ഒരുക്കി തരുന്നത്. കൂട്ടത്തിൽ കഥകൾ പറഞ്ഞു തരാൻ ജോർജ് ചേട്ടനും. അങ്ങനെ ഞങ്ങൾ ഇരുപത്തഞ്ചു ആളുകൾ തൊണ്ടമാൻ കോട്ടയിൽ നിന്നും കതകുപലമേട്ടിലെ തൊണ്ട മാൻ രാജാവിന്റെ നിധി തേടി ഒരു സാഹസിക യാത്ര തുടങ്ങി. യാത്രയുടെ തുടക്കത്തിൽ തന്നെ ഉള്ള വഴികൾ എല്ലാം പുല്ലുകൾ വളർന്നു നില്ക്കുന്നതായിരുന്നു. ഒരാൾ വലുപ്പത്തിൽ ഉള്ള വലിയ പുല്ലുകൾ. അവ വകഞ്ഞു മാറ്റി വേണം പോകാൻ. പുല്ലു നിറഞ്ഞ വഴികൾ കഴിഞ്ഞു കാട്ടിലേക്ക് കയറുന്നിടത്ത് വഴി രണ്ടായി പിരിയുന്നുണ്ട്.
അന്തോണി ചേട്ടൻ പറഞ്ഞു നമുക്ക് ഒരു വഴിയേ പോയി മറ്റേ വഴി തിരിച്ചു ഇറങ്ങാമെന്ന്. രണ്ടാൾ പൊക്കത്തിൽ ഉള്ള മരങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പലയിടങ്ങളിൽ കുനിഞ്ഞും, മുള്ളുകൾ വെട്ടിമാറ്റിയും, വലിയ കയറ്റങ്ങളിൽ പരസ്പരം കൈകൊടുത്തും പതുക്കെ പതുക്കെ മുകളിലേക്ക് കയറി. കുറെ ദൂരം പോയപ്പോൾ ആളുകൾ നടന്നപോലത്തെ വഴിച്ചാലു കണ്ടു. അതിലൂടെ അല്പം നടന്നപ്പോൾ അണ്ണൻ വീണ്ടും പേടിപ്പെടുത്തി.ഇത് വഴിച്ചാൽ അല്ല എന്നും ഇത് ആനത്താര ആണെന്നും പറഞ്ഞു. പറഞ്ഞത് സത്യം തന്നെ ആയിരുന്നു. ആനകൾ മുകളിലേക്കും താഴേക്കും സ്ഥിരം ആയി ഇറങ്ങി, ചവിട്ടി മെതിച്ചു ഉണ്ടായ ഒരു വഴി. പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആനപ്പിണ്ടങ്ങൾ, ആന ഒടിച്ചിട്ട മരച്ചില്ലകളും പല മരങ്ങളുടെയും തൊലികൾ കുത്തി പൊളിച്ചിട്ടിരിക്കുന്നതും കണ്ടു കൊണ്ട് യാത്ര തുടർന്നു ഞങ്ങൾ.
ഇടയ്ക്ക് ഇടയ്ക്ക് എത്താറായോ എത്താറായോ എന്ന് ചോദിച്ചെങ്കിലും ഇപ്പൊ എത്തും എന്ന് പറഞ്ഞു 2 മണിക്കൂർ കൊടും കാട്ടിലൂടെ നടത്തി അന്തോണി ചേട്ടൻ. വഴികൾ ഇല്ലാത്തതിനാൽ വഴികൾ ഇടയ്ക്ക് ഇടയ്ക്ക് തെറ്റി എങ്കിലും അന്തോണി ചേട്ടന്റെ പൊണ്ടാട്ടി ശരിയായ വഴി കണ്ടു പിടിച്ചു തന്നു കൊണ്ടേ ഇരുന്നു. അങ്ങിനെ ഒടുവിൽ ഞങ്ങൾ ആ മലമുകളിൽ എത്താറായി. കാട് മാറി വെയിൽ അടിച്ചു തുടങ്ങി. മനോഹരമായ കാഴ്ചകളും അതിശക്തമായ കാറ്റും ഞങ്ങളെ വരവേല്ക്കാൻ അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ മുകളിൽ എത്തി. കതകു പലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാൽ ഞങ്ങൾ നടന്നു കയറിയ തൊണ്ട മാൻ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുൻപ് കണ്ട തമിഴ് നാടൻ ഗ്രാമങ്ങൾ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല. അത്രയും മനോഹരം ആയ കാഴ്ചകളും, മറ്റും എല്ലാവരെയും ആവേശം കൊള്ളിച്ചു. കുറെ നേരം ഇളം കാറ്റും കൊണ്ട് വ്യൂ പോയിന്റും കണ്ടു കൺകുളിരണ കാഴ്ചയും കണ്ട് അവിടെ ഇരുന്നു. നല്ല വെയിൽ മൂക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ തിരിച്ച് ഇറങ്ങി.
പോയ വഴിയിൽ കൂടെ അല്ല ഞങ്ങൾ തിരിച്ച് ഇറങ്ങിയത്. കാട്ടുനാരകം പൂത്തു നിക്കുന്ന കാട്ടിലൂടെ ആയി പിന്നീടുള്ള യാത്ര. വന്ന വഴിയേക്കാളും 10 ഇരട്ടി മനോഹരമായിരുന്നു തിരിച്ചിറങ്ങിയ വഴി. കൊടും കാട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. മരങ്ങളും കാട്ട് പൂക്കളും നിറഞ്ഞ കാട്ടു വഴി. സൈഡിലൂടെ നീരുറവകളും വെള്ളച്ചാട്ടങ്ങളും ഒഴുകി ഇരുന്ന പാടുകൾ കാണാം. മഴ കാലം ആയിരുന്നെങ്കിൽ ആമസോൺ കാടുകളെ വെല്ലും ഈ കാട്. ഓരോരോ മരങ്ങളും പ്രത്യേക ഭംഗിയാണ്. പോകുന്ന വഴിക്ക് എല്ലാം വഴികൾ തെറ്റി എങ്കിലും അത് നന്നായി. നല്ല കുറെ കാഴ്ചകൾ കാണാൻ പറ്റി. അങ്ങനെ നടന്ന് നടന്ന് 2 മണി ആയപ്പോയേക്കും ഞങ്ങൾ ആ മല തിരിച്ച് ഇറങ്ങി.
താഴെ എത്തിയിട്ട് ആ മല നോക്കി എല്ലാവരും കുറെ നേരം നിന്നു. ഈ കൊടും മലയാണ് നമ്മൾ കീഴടക്കിയത് എന്ന ഭാവത്തിൽ. തൊണ്ടമാൻ രാജാവ് ഒളിപ്പിച്ച നിധി കണ്ടു പിടിക്കാൻ ആർക്കും ഇത് വരെ സാധിച്ചിട്ടില്ല എങ്കിലും കാഴ്ചയുടെ നയന വിസ്മയം എന്ന ഏറ്റവും വലിയ നിധി കിട്ടിയ സന്തോഷത്തിൽ ജോർജ് ചേട്ടൻ ഒരുക്കിയ നാടൻ ഊണും കഴിച്ചിട്ട് ആ ബംഗ്ളാവിനോട് ഞങ്ങൾ വിട പറഞ്ഞു. ഈ Trecking നെ പറ്റി കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും വിളിക്കാം Rahim : 9656720458.