വിവരണം – ശ്യാംരാജ്.
അവധി അല്ലെ എങ്ങോട്ടെങ്കിലും വിട്ടാലോ? ഞായറാഴ്ച 10 മണിയും കഴിഞ്ഞ് എണീറ്റ് കണ്ണും തിരുമ്മി വന്ന എന്റെ ചോദ്യം കേട്ട് “ഇവന് ശെരിക്കും വട്ടാണോ” എന്ന രീതിയിൽ എന്നെ തന്നെ പകച്ചു നോക്കുകയാണ് സിറ്റ്ഔട്ടിൽ ഇരുന്ന സഹമുറിയന്മാർ. “ഓ വയ്യ സഹോ ഉറങ്ങണം” എന്ന് ജിജോ. ഇവനെയൊക്കെ എടുത്ത് കിണറ്റിൽ ഇടണം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ അടുത്തിരുന്ന ഡിവിനെ നോക്കി. ലവൻ റെഡി. ഉടനെ അവന്റെ ചോദ്യം. എങ്ങോട്ടാ പോകുന്നെ? ആാാാ അതൊന്നും തീരുമാനിച്ചില്ല.. ആദ്യം നീ പോയി റെഡിയാകൂ ബാക്കി പിന്നെ. ഞാൻ മറുപടി കൊടുത്തു.
യാത്ര പോകാൻ തീരുമാനിച്ചാൽ പിന്നെ ആകെ ഒരു പോസറ്റീവ് എനർജിയാണല്ലോ. ഉറക്കച്ചടവോക്കെ മാറ്റി കുളിച്ചു റെഡിയായി വന്നു രണ്ടാളും. വൈകി ഇറങ്ങിയത് കൊണ്ട് ദൂരെ എങ്ങും പോകാൻ പറ്റില്ല. സ്ഥലങ്ങളുടെ ഫ്രെയിം പ്രിയദർശൻ സിനിമ പോലെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അവസാനം അത് ഒരിടത്ത് വന്നു നിന്നു. വണ്ണപ്പുറത്തെ സുന്ദരി സാക്ഷാൽ കാറ്റാടിക്കടവ്. മുൻപ് അങ്ങോട്ട് പോയപ്പോൾ കയറാതെ വിട്ട സ്ഥലം.
പത്തരയോടെ ബുള്ളറ്റ് ഓടി തുടങ്ങി വൈറ്റില – മൂവാറ്റുപുഴ വഴി വണ്ണപ്പുറം. രണ്ട് മണിക്കൂർ എടുത്തില്ല വണ്ണപ്പുറം ടൌൺ എത്താൻ. ബ്രേക്ഫാസ്റ്റ് കഴിച്ചിരുന്നില്ല അത്കൊണ്ട് തന്നെ വിശപ്പിന്റെ വിളിയും വന്നു. ടൗണിൽ ആദ്യം കണ്ട ചെറിയൊരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി. പാരീസ് ഹോട്ടൽ. കൈലി മുണ്ട് ഉടുത്തു അല്പം പ്രായമായ ഒരാൾ പുറത്തേക്ക് വന്നു. ഉടനെ എന്റെ ചോദ്യം ബീഫ് ഉണ്ടോ ചേട്ടാ? ഉണ്ടെന്നു മറുപടി കിട്ടിയതും അകത്തു കയറി കൈയും കഴുകി ഇരുന്നു. ബീഫ് ഫ്രൈയും മത്തി ഫ്രൈയും മോര് കറിയും തോരനും ഒക്കെ കൂട്ടി നല്ലൊരു ഊണ്. ആഹാ വയർ നിറഞ്ഞു. ഇനി മനസ്സ് നിറയണം കാശും കൊടുത്ത് ഒരു കുപ്പി വെള്ളവും വാങ്ങി നേരെ കാറ്റാടിക്കടവിലേക്ക്. ടൗണിൽ നിന്ന് കട്ടപ്പന റൂട്ടിൽ 9കിലോമീറ്റർ പോയാൽ കാറ്റാടിക്കടവ് എത്താം.
നല്ല കയറ്റം ആണ് ഇനിയങ്ങോട്ട്. പോകും വഴി കാണാം ഇടതു വശത്തായി കാറ്റാടിക്കടവ് മലനിര. അടുപ്പിച്ച് കുത്തനെയുള്ള മൂന്ന് ഹെയർപിൻ കയറി കള്ളിപ്പാറ വ്യൂ പോയിന്റിലുള്ള കടയുടെ മുന്നിൽ നിർത്തി ഓരോ ചായ പറഞ്ഞു. ചായ കുടിച്ചുകൊണ്ട് താഴെയുള്ള കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു. കാർമേഘങ്ങൾ നിറഞ്ഞ മൂടിയ അന്തരീക്ഷം. ചുറ്റും കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന മലനിരകളും ഹരിത വർണ്ണം വാരി വിതറിയ ചോല വനങ്ങളും മാത്രം.
ചായ കുടി കഴിഞ്ഞ് നേരെ ലക്ഷ്യത്തിലേക്ക്. കുറച്ചു മുന്നോട്ട് പോയപ്പോൾ പ്രവേശന കവാടം കണ്ടു. വണ്ടി വഴിയരികിൽ സ്വന്തം റിസ്കിൽ പാർക്ക് ചെയ്യാം. അവധി ദിവസം ആയതു കൊണ്ട് വണ്ടികൾ ഒരുപാടുണ്ട്. മലയിലേക്ക് കയറാൻ ഫീസ് ഒന്നുമില്ല. ഏറെ പ്രതീക്ഷയോടെ ചുവടുകൾ വച്ചു തുടങ്ങി. ആദ്യത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞാൽ കല്ലും ചെമ്മണ്ണും നിറഞ്ഞ വഴിയാണ് മേലേക്ക്. വളഞ്ഞും പുളഞ്ഞും സാമാന്യം നല്ല കയറ്റം ഉണ്ട്. പോകുന്ന വഴിയിൽ ദൂരെയായി രണ്ട് വർഷം മുൻപ് കയറിയ മീനുളിയൻ പാറ കണ്ടു. ആ ഓർമ്മകൾ ഡിവിനോട് പങ്കുവച്ചു കൊണ്ട് നടപ്പ് തുടർന്നു.
കയറ്റം കഴിഞ്ഞു… അല്പം നിരപ്പായ വഴിയിലൂടെയാണ് നടപ്പ്. കാപ്പി, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്ന ഭൂമിയാണ് ഇരുവശത്തും. രണ്ടോ മൂന്നോ ചെറിയ വീടുകളും കണ്ടു. നടപ്പിന്റെ ക്ഷീണം മാറ്റാൻ ഒരു ചെറിയ കടയുണ്ട് ഇവിടെ നാരങ്ങാ വെള്ളവും, അത്യാവശ്യം സ്‌നാക്‌സും ഒക്കെ കിട്ടും.
നിരപ്പായ വഴി തീർന്നാൽ വ്യൂ പോയിന്റിലേക്ക് കയറുന്ന വഴി കാണാം.
വീണ്ടും കയറ്റമാണ്. കയറ്റം തീരുന്നത് ഇരുമ്പ് പൈപ്പ് കൊണ്ട് വേലി കെട്ടിയ ഒരു വ്യൂ പോയിന്റിലാണ്. അല്പനേരം അവിടെ നിന്ന് കാറ്റും കൊണ്ട് കാഴ്ചകൾ കണ്ട് വിശ്രമിച്ചു. മുന്നിൽ കാണുന്ന മലയുടെ മേലെ നിൽക്കുന്ന സഞ്ചാരികളെ കണ്ടപ്പോൾ മനസ്സിലായി ആ മല കൂടി കയറണം എന്ന്. കിതപ്പ് മാറിയപ്പോൾ വീണ്ടും ലക്ഷ്യത്തിലേക്ക്.
ചെറിയൊരു ഇറക്കമാണ് ആദ്യം പിന്നങ്ങോട്ട് ആൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി വേണം കയറാൻ. ഈ മല കൂടി കയറിയാൽ കാണാൻ പോകുന്നത് എന്താണെന്ന് നന്നായി അറിയാം. പുൽത്തലപ്പ് മാറി താഴെയുള്ള കാഴ്ചകൾ തെളിഞ്ഞു തുടങ്ങി. അതെ വ്യൂ പോയിന്റ് എത്താറായി. അടുക്കുംതോറും കാലുകൾക്ക് വേഗത കൂടി…ക്ഷീണം മറന്നു…കൂടെ വന്നവനെപ്പോലും മറന്നു. അറിയാതെ വായ പൊളിച്ചു പോയ് വ്യൂ പോയിന്റിൽ വന്ന് നിന്നപ്പോൾ.
ഇത്രയും നാൾ ചിത്രങ്ങളിൽ മാത്രം കണ്ട് കാഴ്ച ഇതാ നേരിൽ കണ്ടു. മറ്റേതോ ലോകത്തിലേക്കുള്ള വഴിയെന്ന പോലെ നീണ്ടു നിവർന്നു കിടക്കുകയാണ് കാറ്റാടിക്കടവ്. ആ മലയിലൂടെ നടന്നു പോയി അതിന്റെ അറ്റം കണ്ടിട്ട് വരാൻ ഏതൊരു സഞ്ചാരിക്കും തോന്നും. താഴെ നിന്ന് കണ്ടപ്പോൾ ഇത്രയും സൗന്ദര്യം ഉണ്ടാവും എന്ന് കരുതിയില്ല. മൂടൽ മാറി വെയിൽ വീഴുമ്പോൾ ഇളം കാറ്റിൽ ആടിയുലയുന്ന പുൽത്തലപ്പുകൾക്ക് കൂടുതൽ ഭംഗി വെയ്ക്കുന്നു.
നല്ല ശുദ്ധ വായുവും ശ്വസിച്ചു കാഴ്ചകൾ കണ്ട് അവിടെ തന്നെയിരുന്നു. ദൂരെ ഒരു മലയിൽ നിന്ന് തട്ട് തട്ടായി വീഴുന്ന പേരറിയാത്ത ഒരു വെള്ളച്ചാട്ടം കാണാം. വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേൾക്കാം. എവിടെ കണ്ണെറിഞ്ഞാലും പച്ചപ്പ് നിറഞ്ഞ വന്യതയും മലനിരകളും മാത്രം. ഇടയ്ക്ക് വീശുന്ന കാറ്റ് മനസ്സും ശരീരവും തണുപ്പിച്ച് തന്നു. മഴ പെയ്തില്ല എന്നതാണ് ആകെ ഒരു കുറവ്.
നിറഞ്ഞ മനസ്സോടെ മലയിറങ്ങി. നേരത്തെ കണ്ട കടയിൽ കയറി ഓരോ ഉപ്പ് സോഡയും കുടിച്ച് കണ്ട കാഴ്ചകൾ അയവിറക്കി ഞങ്ങൾ താഴെ റോഡിൽ എത്തി. താഴെ എത്തിയാൽ വിളിക്കാൻ പറഞ്ഞതനുസരിച്ച് സുഹൃത്ത് ആദർശിനെ വിളിച്ചു. നേരെ ടൗണിൽ പോയി ഒരു ചായ കുടിച്ചിരിക്ക് അപ്പോഴേക്കും എത്താം എന്ന് പറഞ്ഞപ്രകാരം തിരികെ വണ്ണപ്പുറം ടൗണിലേക്ക്. ഒരു കട്ടൻ കുടിക്കുമ്പോഴേക്കും ആളെത്തി. അവിടുന്ന് ഞങ്ങളെ നേരെ കോട്ടപ്പാറയ്ക്കു കൂട്ടിക്കൊണ്ട് പോയി.
മുള്ളരിങ്ങാട് റൂട്ടിലാണ് സോഷ്യൽ മീഡിയ വഴി പ്രമുഖൻ ആയ കോട്ടപ്പാറ. ഹെയർപിൻ വളവുകൾ നിറഞ്ഞ കയറ്റമാണ്. സ്ഥലമെത്തിയപ്പോൾ വണ്ടി നിർത്തി നേരെ വ്യൂ പോയിന്റിലേക്ക്. വെളുപ്പിന് മഞ്ഞ് പെയ്യുന്ന സൂര്യോദയ ദൃശ്യങ്ങൾ ആണ് കോട്ടപ്പാറയെ പ്രമുഖൻ ആക്കിയത്. വൈകുന്നേരം ആ വ്യൂ കിട്ടില്ലല്ലോ. എങ്കിലും മല മുകളിൽ നിന്നുള്ള കാഴ്ചകൾ ഭംഗിയുള്ളത് തന്നെ. അല്പനേരം അവിടെ നിന്ന് സൊറ പറഞ്ഞ ശേഷം തിരികെ ടൗണിലേക്ക്.
എല്ലാം കഴിഞ്ഞിട്ട് പോകും മുൻപ് ഒരു കുളി കൂടി ഇല്ലേൽ പിന്നെങ്ങനാ. നേരെ വിട്ടു ആനചാടി കുത്തിലേക്ക്. അവിടേക്കുള്ള വഴി പറഞ്ഞു തന്നിട്ട് ആദർശ് ബൈ പറഞ്ഞു പോയി. മെയിൻ റോഡിൽ നിന്ന് തിരിയേണ്ട സ്ഥലത്ത് ബോർഡ് വച്ചിട്ടുള്ളത് കൊണ്ട് വഴി തെറ്റിയില്ല. ബൈക്ക് പാർക്ക് ചെയ്തു നേരെ വെള്ളച്ചാട്ടത്തിലേക്ക് നടന്നു. മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്ന് കുളിക്കാൻ പറ്റിയില്ല.
താഴെ നിന്നും നോക്കിയാൽ വെള്ളച്ചാട്ടവും മുകളിൽ നിന്നും നോക്കിയാൽ പാറക്കെട്ടിൽ വെള്ളം വീണ് പൂൾ പോലെ രൂപപ്പെട്ട കുറെ കുഴികളും ആണ് ഇതിന്റെ പ്രത്യേകത. പണ്ട് ആനകളുടെ വിഹാര കേന്ദ്രമായിരുന്ന ഇവിടെ വെള്ളം കുടിക്കാൻ വന്ന ആന കാൽ വഴുതി താഴെ വെള്ളച്ചാട്ടത്തിൽ വീണു ചെരിഞ്ഞു. അതിനാൽ ഇവിടം ക്രമേണ “ആനചാടികുത്ത്”എന്ന് പേര് വന്നു എന്നാണ് വായിച്ചറിഞ്ഞത്.
മഴക്കാലം ആയതിനാൽ നല്ല വെള്ളമുണ്ട്. വെള്ളത്തിനു നല്ല തണുപ്പും. ഫാമിലിയായും അല്ലതെ ഞങ്ങളെപ്പോലെ വന്ന ആളുകളുടെയും നല്ല തിരക്കുണ്ട്. വെള്ളത്തിൽ ഇറങ്ങി ആവോളം മുങ്ങിക്കുളിച്ചു. വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുമ്പോൾ മുതുകിൽ കല്ല് വന്ന് വീഴുന്ന ഫീലാണ് വെള്ളം വീഴുമ്പോൾ. നീന്തൽ അറിയില്ലെങ്കിലും പേടിക്കണ്ട കഴുത്തോളം വെള്ളമേയുള്ളൂ എന്നത് കൊണ്ട് പേടി കൂടാതെ ആർക്കും ധൈര്യമായി ഇറങ്ങാം. എന്നെപ്പോലെ. പോരാൻ മനസ്സുണ്ടായിട്ടല്ല എങ്കിലും ഇരുട്ടും മുന്നേ കുളി മതിയാക്കി തിരികെ കയറി.
പെട്ടന്നുള്ള പ്ലാൻ ആയതിനാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ് യാത്രയിലുടനീളം കിട്ടിയത്. ഒരുപക്ഷെ എന്നേക്കാൾ ഈ ട്രിപ്പ് ആസ്വദിച്ചത് ഡിവിൻ ആവണം. ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ ഒരുപിടി ഓർമ്മകളുമായി ഞങ്ങൾ വണ്ണപ്പുറത്തിനോട് ബൈ പറഞ്ഞു തിരികെ കൊച്ചിക്ക്.