ഗർഭസ്ഥ ശിശുവും പെങ്ങളുട്ടിയും ആങ്ങളയുടെ പ്രതീക്ഷകളും ചിന്തകളും, കവയെന്ന ആത്മാവും.
വിവരണം – സത്യ പാലക്കാട്.
കവയെന്ന സ്ഥലം ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ ഒരാളെ പോലെ തന്നെയാണ്. അങ്ങനെ പറയാൻ എന്താ കാരണച്ച…! സന്തോഷങ്ങളിലും വിഷമങ്ങളിലും സാധാരണ കുടുംബങ്ങളിൽ വന്നു പോകുന്ന വികാര വിചാരങ്ങളിൽ ഒരാളെ പോലെ കവ ഞങ്ങളുടെ കൂടെ ഉണ്ടായിട്ടുണ്ട്. അല്ലേൽ കവയെ തേടി പോയിട്ടുണ്ട് .അതിനിപ്പോ കാരണങ്ങളൊന്നും വേണ്ട. നിങ്ങളിൽ ചിലർക്കെങ്കിലും ഉണ്ടാകും ഒരു സ്ഥലം. പോയി കഴിഞ്ഞാൽ സകല ടെൻഷനുകളും മറന്ന് അവിടത്തെ കാഴ്ചകളും കണ്ട് സൊറ വാർത്തനവും പറഞ്ഞ് ആ നിമിഷം അങ്ങട് സമാധനപരമായി പോകും. ഈ ഒരു ഫീല് കിട്ടാൻ, അതിനിപ്പോ വല്യ ലഡാക്കോ മണാലിയോ സ്ഥലങ്ങളാകണമെന്നില്ല. മനസ്സല്ലേ എല്ലാം തീരുമാനിക്കുന്നത് .
പെങ്ങളിപ്പൊ 8 മാസ പ്രേഗ്നെൻറ് ആയതോണ്ട് തന്നെ ഒരു മാസായിട്ട് മ്മടെ വീട്ടിലാണ്. ആങ്ങളേം പെങ്ങളുമുള്ള സ്ഥിരം കച്ചറ പിച്ചറകളൊക്കെ വീട്ടിലുണ്ടാകാറുണ്ടെങ്കിലും ഇപ്പ്രാവശ്യം വളരെ കുറവാണ്. എന്നാലും വൈകുനേരം നടക്കാനും, ചായേം കുടിച്ച് സൊറ വാർത്തൊനോം പറഞ്ഞ് പാലക്കാട് ടൗണിൽ ഏതെങ്കിലും മൂലക്കുണ്ടാകും. വേനൽ കാലം ആയോണ്ട് കവയിലേക്കുള്ള പോക്ക് അവളേം കൂട്ടി നടന്നില്ല. അവൾക്ക് മഴയിൽ കുതിർന്ന കോടയിൽ ഉറഞ്ഞ് നിക്കുന്ന കവയോടുള്ള താല്പര്യം എനിക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ല.
ജൂൺ മാസം തുടക്കമായിട്ടും മഴ പോയി, തണുത്ത കാറ്റു പോലും വന്നില്ല. ദിവസങ്ങൾ കഴിഞ്ഞു. തമാശ പടം ഒറ്റക്ക് കണ്ടത്കൊണ്ട് തന്നെ, വല്യ ബഹളമൊന്നുമില്ലാതെ സമാധാനമായി കാണാനുള്ള പടമാണെന്നു പെങ്ങളോട് പറയുന്നതും പിറ്റേദിവസം അവളും ഞാനും അളിയനും കൂടെ തമാശക്ക് ടിക്കറ്റ് എടുക്കുന്നതാണ് അടുത്ത രംഗം. സിനിമ കഴിഞ്ഞ് അളിയൻ അളിയന്റെ തിരക്കുകളിലേക്ക്, ഞാനും പെങ്ങളും അരോമ തീയേറ്ററീന്ന് നേരെ പാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷനിലെ പാലം വഴി കേറാനായിരിന്നു പ്ലാൻ.
പാലത്തീന്നു നോക്കി കഴിഞ്ഞാൽ മലമ്പുഴ -കവ ഭാഗത്തെ കാലാവസ്ഥ അറിയാൻ പറ്റും. വെയിൽ കൊണ്ട് പാലത്തീന്നു ആഹ് ഭാഗത്തേക്ക് നോക്കിയാൽ കവയെ കറുത്തിരുണ്ട മേഘങ്ങളാൽ ചുറ്റപ്പെട്ടു മലയെ വിഴുങ്ങുന്ന മഴ മേഘങ്ങൾ.. ബൈക്ക് നിർത്തിയവിടെന്നു പെങ്ങളോട് പോയാലോ എന്ന് ചോദിക്കേണ്ടേ ആവശ്യം ഇല്ല , പ്രെഗ്നന്റ് ആയോണ്ട് ചോദിച്ചതും പുള്ളികാരത്തി എപ്പഴേ റെഡിയായി നിക്കുന്ന പോലെയുള്ള മുഖഭാവം ..
എന്റെ മനസിൽ ആണേൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരിന്നു. പെങ്ങള് ഇങ്ങനെയുള്ള സമയത്ത് കൊണ്ടുപോണോ എന്നുള്ളതൊക്കെ ലേശം നെഗറ്റീവായി ആലോചിക്കുമ്പോൾ. “നീ എന്താ വണ്ടി എടുക്കാതെ , വിടടാ..” ഒറ്റക്കുള്ള യാത്രകളിൽ ഒന്നിനെ കുറിച്ച് ആലോചിക്കാതെ ഫുൾ പോസിറ്റീവ് ആയിട്ടിറങ്ങുന്ന ഞാൻ എന്തിനാണ് നെഗറ്റീവ് അടിക്കുന്നത്. സന്തോഷത്തോടെ ആലോചിച്ചാൽ തന്നെ സന്തോഷകരമായ കാര്യങ്ങളെ നടക്കൂ. പോരാത്തതിന് പെങ്ങള് സന്തോഷണേൽ , വയറ്റിനകത്ത് കിടക്കുന്ന സിങ്കകുട്ടിയും സന്തോഷത്തിലാവും. ഒരു കുടുംബം മുഴുവൻ ഇഷ്ടപെടുന്ന കവയെ സിങ്കകുട്ടി ഇപ്പൊ തന്നെ അറിഞ്ഞിരിക്കട്ടെ നല്ലതല്ലേ ഏഹ് …!
30 – 40 വേഗതയിൽ പോയി കൊണ്ടിരിക്കുമ്പോൾ എന്തക്കയോ തമാശയും പറഞ്ഞ് 10 കിലോമീറ്റർ കഴിഞ്ഞത് അറിഞ്ഞില്ല. കവ ഒരു നിഗൂഢതയാണ്. ഓരോ വട്ടം ഞാൻ പോകുമ്പോളും പുതിയ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെയായിട്ടും കവ മുഴുവനായി കണ്ടെന്നു പറയാൻ പറ്റില്ല. വേണേൽ റോഡ് മുഴുവൻ വണ്ടിയോടിച്ച് എന്ന് പറയാം. ഒരു നല്ല ആവാസ വ്യവസ്ഥ നിലനിന്ന് പോകുന്ന 40 കിലോമീറ്ററുകളോളം നിവർന്നു കിടക്കുന്ന സ്ഥലമാണ് കവ. അതോണ്ട് തന്നെ പെങ്ങൾക്ക് കൊറച്ച് പുതിയതായി കാണിക്കാൻ അതെ സ്ഥലം തന്നെ, വേറെ ആംഗിളിൽ.. പക്ഷെ ലേശം കുന്ന് കേറണം. അവൾക്ക് പിന്നെ ഒരു പ്രശനോം ഇല്ലെന്നു വണ്ടീന്ന് ഇറങ്ങിയപ്പോ മനസിലായി..
വളരെ സുരക്ഷിതമായി ലേശം കരുതലോടെ അവളെ മേലെ കയ്യറ്റി വിടണം എന്നൊക്കെ ആലോചിച്ച് നിക്കുമ്പോൾ, പെങ്ങളതാ പയർമണിപോലെ നടന്നു കേറുന്നു, ഒരു കൂസലും ഇല്ലാതെ.. ഇവള് ശരിക്കും പ്രെഗ്നന്റ് ആണോ എന്ന് വരെ തോന്നിപോയി. ”ചിത്തൂ അത്യവശ്യം ഞങ്ങളെ കാണിക്കാൻ എങ്കിലും കൊറച്ച് ക്ഷീണമോ ,ബുദ്ധിമുട്ടോ ആ മുഖത്ത് വരട്ടെ…” “എടാ ചിലരൊക്കെ ഇടുപ്പിലും കൈവെച്ച് നിക്കുന്ന പോലെ എനിക്ക് പറ്റണ്ടേ. എനിക്കും തോന്നാറുണ്ട് ഞാൻ പ്രെഗ്നന്റ് ആണോ എന്നുള്ളത്. എന്ത് ചെയ്യാനാണ് ഉള്ളതല്ലേ കാണിക്കാൻ കാണിക്കാൻ പറ്റൂ…”
അങ്ങനെ അവിടെ അവളെ പതുകെ പിടിച്ച് ഇരുത്തി. കാറ്റും കൊണ്ട് കോടയും കണ്ട് ഒരു മണികൂറോളം ഇരിന്നതിനു ശേഷം, തൊട്ട്പറത്തുള്ള മലയിൽ മഴ പെയ്യുന്നത് ഇവിടുന്നു കാണാം. ”എടാ കവയിൽ വന്നിട് മഴ കൊണ്ടിലേൽ പിന്നെന്ത് കവ, എന്നെയൊന്ന് അപ്പ്രം വരെ കൊണ്ടൊകോ?” മനസിൽ “ഇവൾ എന്തിന്റെ കുഞ്ഞാണോ എന്തോ” ആഹ് വാ ഇറങ്ങാം.
ഇറങ്ങീട്ട് നേരെ അങ്ങോട്ട് എത്തുമ്പോഴേക്കും മഴ പോയി. ഇരുട്ടാവും മ്മക് ഇറങ്ങിയാലോ എന്ന് പറഞ്ഞ്, വഴിയിൽ ഇണ്ടായിരുന്ന ചായക്കടയിൽ ചായേം ഓർഡർ ചെയ്തത് കാത്തിരിക്കുമ്പോൾ, അടുത്തുണ്ടായിരുന്ന ഒരു യൂത്ത് കുടുമ്ബത്തിലെ കുടുംബസ്ഥ പെങ്ങടെ മുഖം നോക്കി – “ഇങ്ങളല്ലേ ആ മഴക്കാല യാത്രയിൽ വെള്ളത്തിൽ കുളിച്ച് നിക്കുന്ന പെൺകുട്ടി?”
പെങ്ങള് അല്ഫുത ചിരിയോടെ “ആഹ് അതെ, അത് ഒരുപാടായല്ലോ ചേച്ചി, ഇപ്പഴും ഓർമ്മയുണ്ടോ.. ഇതെന്റെ ഏട്ടനാണ്, ഇവനാണ് എഴുതിയതും ഫോട്ടോ എടുത്തതും മൊക്കെ…” ചേച്ചി “ഏയ് ഏട്ടനെ ഓർമയില്ല, നിങ്ങടെ മൊഖം മാത്രേ ഓർമയുള്ളൂ. വെള്ളച്ചാട്ടത്തിനു ഇടയിലുള്ള ആഹ് ഫോട്ടോ, ഞാൻ ആ പോസ്റ്റ് കാണുമ്പോൾ പ്രെഗ്നന്റ് ആയിരിന്നു , നേരിട്ട് കാണുമ്പോൾ ഇങ്ങള് പ്രെഗ്‌നറ്. എന്താലേ, ജീവിതത്തിന്റെ ഓരോ രസങ്ങളെ…”
നിന്നവിടെന്നു ഞാൻ പണ്ടാര പ്ലിങ്ങായി “ആഹ് ചേട്ടാ ചായ ഇനീം ആയില്ലെന്നു പറഞ്ഞു അങ്ങോട്ട് പോയി “(ഏകദേശം ഒന്നര വർഷത്തോളം മുന്നേ പോസ്റ്റ് ചെയ്ത മഴയിൽ കുതിർന്ന വിവരണത്തെ കുറിച്ചാണ് ആ ചേച്ചി പറയുന്നത്.) പെങ്ങളും അവരും അവരടെ ഒരു കുട്ടികുറുമ്പനേം കളിച്ച് അവളെവിടെ സന്തോഷായി ഇരിക്കുന്നത് കാണുമ്പോൾ വന്നത് എന്തായാലും നന്നായെന്ന് തോന്നി. പക്ഷെ എവിടെയോ വിഷമങ്ങളെ ഓർമിപ്പിച്ചു..
പെങ്ങളുടെ കല്യാണം കഴിഞ്ഞത് 2016 ൽ , നാട്ടിലെ വ്യവസ്ഥകൾ പ്രകാരം കല്യാണം കഴിഞ്ഞാൽ അടുത്ത ചോദ്യം എന്തെ വിശേഷം ഒന്നുമില്ലേ എന്നുള്ളതാണല്ലോ. അതെ ചോദ്യം പെങ്ങളുടെയും അളിയന്റെയും അടുത്തേക്ക് പലരും ചോദിച്ച് തുടങ്ങി. കുടുംബക്കാരും നാട്ടുകാരും സുഹൃത്തുക്കളും ചോദിച്ച് കൊണ്ടിരിക്കുമ്പോൾ, ആ ചിന്ത അവരുടെ മനസിലേക്ക് വിഷമമായി മാറി തുടങ്ങി. അവസാനം എത്തിയത് അമ്മയുടെ മനസിലേക്ക്. അമ്മയുടെ ടെൻഷൻ കണ്ടാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്.
“മ്മീ , അളിയനും പെങ്ങളും വല്യ വയസൊന്നും ആയിട്ടില്ല. അവർക്കിഷ്ടംപോലെ സമയം ഉണ്ടല്ലോ. ആള്ക്കാര് പറയുന്നതൊന്നും കേൾക്കാൻ നിക്കല്ലേ. അവർക്കെന്തെലും കാണുമ്പോ ചോദിച്ചോണ്ടിരിക്കും. ഒരുപകാരോം ഇല്ലാത്ത വെറുതെ ചോദിക്കുന്ന ചോദ്യങ്ങൾ.” സംഗതി ഞാൻ എന്തെങ്കിലൊക്കെ പറഞ്ഞെങ്കിലും അമ്മേടെ മനസിനെ മാറ്റാൻ കഴിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞു. പെങ്ങള് വിഷമിച്ചിരിക്കാറുണ്ട്. അളിയനും പെങ്ങളും, ചിലപ്പോൾ അവർ തമ്മിൽ സംസാരിക്കാറ് പോലുമില്ല. ഡോക്റ്റേഴ്സിനെ കാണിച്ച് മരുന്നൊക്കെ കഴിച്ച് തുടങ്ങി. പക്ഷെ മനസികമായി അവർ സന്തോഷമല്ലായിരുന്നു.
മാസങ്ങൾ കഴിഞ്ഞു. 2018 ജൂലൈയിൽ ഞാൻ രണ്ടുപേരെയും നിർബന്ധിച്ച് കൊണ്ടുപോയതാണ് അന്ന് നിങ്ങൾ സന്തോഷത്തോടെ വായിച്ച് സ്വീകരിച്ച “മഴയെ_വിറപ്പിച്ച_ഏട്ടൻ_പെങ്ങൾ_യാത്ര.” അതിനു ശേഷം അവരെ സന്തോഷമാക്കാൻ ഞാൻ ശ്രമിച്ചോണ്ടിരിന്നു. അമ്മയുടെ കാര്യങ്ങളിലും ലേശം മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു.
2018 ഡിസംബെറിൽ പെങ്ങൾ കൺസീവ് ആണെന്നുള്ള വാർത്ത ബാംഗ്ലൂരിലുള്ള എന്റെ കാതിലെത്തി . 2018 എന്നുള്ള വർഷത്തിൽ എല്ലാംകൊണ്ടും നഷ്ടങ്ങൾ മാത്രം സംഭവിച്ച എനിക്ക് അതൊരു പ്രതീക്ഷ തന്നെ ആയിരിന്നു, വല്ലാത്ത സന്തോഷവും . അത്രയും നാൾ എല്ലാവരും ഈ കാര്യം പറഞ്ഞ് വിഷമിക്കുമ്പോൾ ഞാനും ആ ഗണത്തിൽ തന്നെ ആയിരിന്നു. പക്ഷെ അതുകൊണ്ട് ഒരു കാര്യോം ഇല്ല. കൂടെ ഉള്ളോരേ സന്തോഷമാകുക എന്നത്തിലേക്ക് ഞാൻ നീങ്ങി.
കാര്യം ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും എന്ന് കരുതി എല്ലാ ദിവസവും സങ്കടപ്പെട്ട് ഇരിക്കേണ്ട ഒന്നല്ല. ഓരോ ദിവസം ഓരോ തരത്തിൽ സന്തോഷകരമായാ കാര്യങ്ങൾ ഉണ്ടാവും അല്ലെങ്കിൽ കൂടെ ഉള്ളോർക്ക് വേണ്ടി ഉണ്ടാക്കുയെങ്കിലും വേണം .! അങ്ങനെ ഉണ്ടായാണ് ആ യാത്രയും. ആ വിഷമങ്ങളിൽ നിന്നൊക്കെ ഇപ്പൊ മാറി, ദേ എന്റെ പെങ്ങള് അവിടെ അവരടെ കൂടെ സന്തോഷമായി നിക്കുന്നുണ്ട്.
ചായേം ചൂട് പഴംപൊരിയും എടുത്ത് പൊടിമഴയുടെ ഇടയിൽകൂടെ പെങ്ങളുടെ അടുത്തേക്ക്.. അവരായി കുറച്ച് നേരം സംസാരിച്ച് ഞങ്ങൾ വീണ്ടും ഇറങ്ങി. മഴ പെയ്തതെ ഇല്ല. പെങ്ങളടെ വിഷമം മാറ്റാൻ നേരെ പാലക്കാട് – മണലി റോഡിലുള്ള ക്രൂസോ കഫേയിലേക്ക്. ഏലക്ക ചായയും മസാല ചായയും ഫ്രഞ്ച് ഫ്രൈസും കഴിച്ച് കൊണ്ടിരിക്കുമ്പോ അമ്മിടെ കാൾ “ആങ്ങളയും പെങ്ങളും ഇറങ്ങീട്ട് കൊറേ നേരായല്ലോ. വേഗം വീട്ടിലേക്ക് വന്നേ.. മഴ വരാറായി.”
പെങ്ങളെയും കൂട്ടി ഇറങ്ങി. വീട് എത്തുന്നത് വരെയും ഒരു തുള്ളി മഴയില്ല. പക്ഷെ സന്തോഷത്തിന് ഒരു കുറവുമില്ല. അവളുടെ ഈ സന്തോഷമെല്ലാം കുഞ്ഞിലേക്ക് എത്തി. വാവ പുറംലോകത്തേക്കു വരുമ്പോൾ, വാവയെയും കൂട്ടി കവയിൽ എന്റെ കൂടെ സൊറ പറഞ്ഞിരിക്കാൻ വളരെ വികാരപരമായ കാത്തിരിപ്പിലാണ് ഈ മാമൻ.
ചില ചിന്തകളുടെയൊക്കെ ഉത്ഭവം നമ്മൾ നമ്മളെ തന്നെ ഒറ്റക്ക് അറിയുമ്പോഴാണ് . ജീവിതത്തോടുള്ള അടുപ്പം മനസിലാകുന്നതും എല്ലാം പോയ യാത്രകളാണ്. പല മനുഷ്യരെയും കാണുമ്പോഴാണ് നമ്മുടെ ചിന്താഗതികളൂം വളരുന്നത്. ഒരു മനുഷ്യൻ എപ്പോൾ വിഷമിക്കും എന്ത് പറഞ്ഞാൽ വിഷമമാകും, സന്തോഷമാകും എന്നതിൽ ചിലതൊക്ക മനസിലാക്കാൻ യാത്ര ഒരുപാട് സഹായിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ രണ്ടുപേർ കാണുമ്പോൾ ചുമ്മാ ചോദിക്കുന്ന കാര്യങ്ങൾ ചിലതൊക്കെ വിഷമങ്ങളുണ്ടാകും. ചോദിച്ചയാൾ ചുമ്മാ ചോദിച്ച് പോയിട്ടുണ്ടാകും.പക്ഷെ ഉത്തരം അറിയാതെ മിണ്ടാതെ നിന്നയാൾ രാത്രി കിടക്കുമ്പോൾ കൂടി ആലോചിക്കുന്നുണ്ടാകും. വിഷമങ്ങൾ തുടങ്ങുന്നതും അവിടെ നിന്നാണ്. ഇതുപോലെ പത്ത് പേര് ഒരീസം ചോദിച്ചാൽ ഏത് മനുഷ്യനായാലും ഡിപ്രെഷനിലേക്ക് വഴുതി വീഴും. എന്തിനാണ് ബാക്കിയുള്ളവരുടെ വാക്കിന് വില കൊടുക്കാൻ പോകുന്നതെന്ന് ചിലർക്ക് തോന്നാം. പക്ഷെ എല്ലാം കാര്യങ്ങളിലും അത് ബാധകമാവണമെന്നില്ല.
ദയവ് ചെയ്തത് പുതിയതായി കല്യാണം കഴിഞ്ഞവരോടും കല്യാണം കഴിഞ്ഞ് കുട്ടികൾ ഇല്ലാത്തവരോടും ഇത് മാതിരിയുള്ള ക്ലീഷേ ചോദ്യം ചോദിക്കരുത്. എന്തെന്ന് വച്ചാൽ അവർക്ക് കുട്ടികൾ വേണ്ടത് എന്ത് കൊണ്ടും ചോദിക്കുന്നവരേക്കാൾ ആഗ്രഹം അവർക്ക് തന്നെയാണ്. കുട്ടികൾ എപ്പോ വേണമെന്നുള്ളത് അവർക്ക് അറിയാം. അവർ തീരുമാനിക്കട്ടെ.
“പ്രെഗ്നന്റ് ആയ പെങ്ങളെയും കൂട്ടി എന്ത് ധൈര്യത്തിലാണ് പോയത്? എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യുമായിരുന്നു?” എന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ താല്പര്യമുള്ളവർക്കുള്ള ഒരേയൊരു ഉത്തരമാണ് – ” Am her Brother. Some close friends call me കവയുടെ കാട്ടാളൻ.. ”