സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വര്‍ഷം തോറുംകൂടുന്നതായി കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടെയുളള കണക്കുകൾ പരിശോധിച്ചാൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കാജനകമാം വിധം വർധിച്ചുവരികയാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ മൂടപ്പെടാതെ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനുള്ള സംവിധാനങ്ങളുടെയെല്ലാം താളം തെറ്റുകയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

കാര്യങ്ങൾ ആശങ്കാജനകമായി മുന്നോട്ടു പോകുന്നതിനിടെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുത്തന്‍ പദ്ധതിയുമായി കേരള പോലീസ്. “കവചം” എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ കേരള പോലീസ് ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

“കുട്ടികൾ ശാരീരിക ലൈംഗിക പീഡനങ്ങൾക്കും കു​റ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ കവചം എന്ന പേരിൽ പൊലീസ് പുതിയ പദ്ധതി നടപ്പാക്കും.ഇതേ പേരിൽ കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തുടർ നടപടികൾക്ക് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സോഷ്യൽ പൊലീസിംഗ് വിഭാഗം ഐ.ജി വിലയിരുത്തും.

ഇതിന്‍റെ ഭാഗമായുള്ള നടപടികൾ : ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ്. ഇത്തരം കുടുംബങ്ങൾക്ക് സമൂഹത്തിലെ മ​റ്റു വിഭാഗക്കാരുമായി ബന്ധവും വിശ്വാസ്യതയും സ്ഥാപിക്കുന്നതിന് ബീ​റ്റ് ഓഫീസർമാർ മുൻകൈയെടുക്കും.

പ്രത്യേക കാരണമില്ലാതെ സ്‌കൂളിൽ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുൻപ് സ്‌കൂൾ വിട്ടുപോകുന്നവരെയും കണ്ടെത്താൻ സ്‌കൂൾ സുരക്ഷാ സമിതികൾ. കുട്ടികളോടു ചങ്ങാത്തം കൂടാൻ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

പോക്‌സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം . മികച്ച അന്വേഷണത്തിനും വിചാരണയുടെ മേൽനോട്ടത്തിനും സമർത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. പോക്‌സോ നിയമപ്രകാരം ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കു​റ്റവാളികളുടെ രജിസ്‌ട്രഷനും നിരീക്ഷണവും കർശനമാക്കും.”

ഇതേ പേരിൽ നേരത്തെ കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. ജില്ലാ തലത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടതോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരള പൊലീസ് തീരുമാനിച്ചത്. സർക്കാരിന്റെ ഈ മുൻകൈ ഉൾക്കൊണ്ടുള്ള സമീപനം പൊലീസിൽനിന്നും കോടതികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉണ്ടായാലേ, കേരളത്തെ കുട്ടികൾക്ക് ജീവിക്കാൻ കൂടുതൽ നല്ലൊരിടമായി മാറ്റാൻ കഴിയൂ.

കടപ്പാട് – കേരള പോലീസ് ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.