വിവരണം – അനു ഷെറിൻ.
എന്റെ ഗ്രാമമായ സിര്‍സിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ ഉണ്ട് ഉഖീമഠ് എന്ന സ്ഥലത്തേക്ക്. അവിടെ നിന്നാണ് കേദാറിലേക്കുള്ള ഡോലി പുറപ്പെടുക. രാവിലെ കൊണ്ടൂപോകാം എന്ന് ബ്രോ ഒരുപാട് പറഞ്ഞെങ്കിലും എന്റെ ആകാംക്ഷ സമ്മതിക്കുന്നില്ല. എനിക്ക് മുഴുവന്‍ കാഴ്ചകളും കാണണം. നിവൃത്തിയില്ലാതെ അവന്‍ എന്നെ ഗുപ്തകാശിയില്‍ കൊണ്ട് വിട്ടു. റോഡ് മുഴുവന്‍ അലങ്കാരങ്ങളാണ്. കുറച്ചുനേരം പോസ്റ്റായെങ്കിലും ഉഖീമഠ് ലേക്കുള്ള സുമോ കിട്ടി. അവിടെത്തിയപ്പോള്‍ ഇറങ്ങി നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു.
അമ്പലമുറ്റം നിറയെ രംഗോലിയൊരുക്കുന്ന സ്ത്രീകള്‍. ഇവിടെ ആഘോഷങ്ങളെന്നാല്‍ നിറങ്ങളാണ്. കടും നിറങ്ങളും ഡോല്‍ ന്റെ താളവും. പഹാഡി സ്ത്രീകളുടെ നദ എന്നുവിളിക്കുന്ന വലിയ മൂക്കുത്തിയും പിന്നെ കുപ്പിവള കിലുക്കങ്ങളും. പരംദ (വിവാഹിതരായ സ്ത്രീകള്‍ മാത്രം തലയില്‍ കെട്ടുന്ന തുണി) ധരിച്ച അമ്മമ്മാരും.
അവരുടെ ഇടയില്‍ കൂടണമെന്ന് തോന്നിയപ്പോള്‍ ഒരു അമ്മച്ചിയെ എന്റെ കയ്യിലെ മുറി ഗഡ്വാളി കൊണ്ട് പരിചയപ്പെടാന്‍ ശ്രമിച്ചു. അവര് തിരിച്ച് പറഞ്ഞ മറുപടി എനിക്കൊന്നും മനസ്സിലായില്ല. ഗഡ്വാളിയല്ലാത്ത ഏതോ ഭാഷയാണ്. എന്റെ ഗഡ്വാളി ഇതല്ല ഇങ്ങനെയല്ല…
കാണാപ്പാഠം പഠിച്ചതൊക്കെ വെറുതെയായോ എന്ന സങ്കടം തോന്നി. അമ്മച്ചിയാണേല് എന്റയടുത്ത് ഇങ്ങോട്ടും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. ഞാനെന്തു പറയാനാണ് അവര്‍ക്ക് ഹിന്ദിയും അറിയില്ല. എന്നാലും അമ്പലത്തിലെ ഡോല് ന്റെ താളം മുറുകും വരെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അതിനിടക്ക് എങ്ങനെയോ അവരെനിക്ക് കളര്‍ പൗഡറും തന്നു രംഗോലിയിടാന്‍ കൂട്ടുകയും ചെയ്തു. അല്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് എന്തിന് ഭാഷ.
കേരളത്തിലെ തൃശുര്‍ ജില്ലയില്‍ ജനിച്ചത് കൊണ്ടാകണം മേളമൊരു ലഹരിയാണ്. അതിപ്പോള്‍ ചെണ്ടയാണെങ്കിലും ഡോള്‍ അണെങ്കിലും പരിസരം മറന്നൊക്കെ ആസ്വദിച്ചു പോകാറുണ്ട്.
രാത്രിയേറുന്തോറും തണുപ്പേറുന്നുണ്ട്. ജാക്കറ്റൊന്നും എടുത്തട്ടുമില്ല. ഇന്നത്തെ എന്റെ താമസം അടുത്തൊരു ഗസ്റ്റ് ഹൗസിലാണ്. എന്റെ സുഹൃൂത്ത് പ്രീതയും ഹസും ഹരിദ്വാര്‍ നിന്ന് രാവിലെ പുറപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാനിവിടെ റും എടുത്തത്.
ഭൈരവ് നാഥ് പൂജ എന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കുന്നു. കേദാരനാഥന്‍ പ്രതൃേകം സജ്ജമാക്കിയ പല്ലക്കില്‍ ക്ഷേത്രത്തിന് പുറത്ത് കെട്ടിയുണ്ടാക്കിയ മണ്ഡപത്തില്‍ ദര്‍ശനം കൊടുക്കയാണ്.
ഫോണ്‍ ഇടക്കിടെ ബെല്ലടിക്കുന്നുണ്ട്. എടുത്തപ്പോള്‍ കമല്‍ ചാച്ചയാണ്. ഗസ്റ്റ് ഹൗസിന്റെ കെയര്‍ ടേക്കര്‍. എന്നെ തിരഞ്ഞു നടക്കാണ്. ഞാനാദൃം റൂമിലേക്കായിരുന്നു പോകേണ്ടിയിരുന്നത് എനിക്ക് കുറ്റബോധം തോന്നി. ഞാന്‍ റൂമില്‍ ചെല്ലുമ്പോള്‍ അദ്ദേഹം എന്നെ കാത്തുനില്‍ക്കുകയായിരുന്നു. ഞാന്‍ മുറിയിലെത്തിയപ്പോളേക്കും നല്ലൊരു ചായയും ഇട്ടു തന്നു.
യാത്രകളില്‍ കിട്ടുന്ന ചായയില്‍ സൗഹൃദത്തിന്റെ രുചിയാണുള്ളത് എന്നു പറയുന്നത് സതൃമാണ് ട്ടാ. കുറച്ചു നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഞങ്ങള്‍ നല്ല ചങ്ക്സ് ആയ്. പ്രദേശികമായ് ഉള്ള ആചാരങ്ങളും. കേദാരനാഥന്‍ ഭൈരവനാഥനായ കഥകളും പറഞ്ഞു തന്നു. അമ്പലത്തിലെ പാട്ടും കേട്ട് മന്ദാകിനി നദീകരയിലെ ഗസ്റ്റ് ഹൗസില്‍ ചെറിയൊരു കൃാംപ് ഫയര്‍ സെറ്റുമിട്ട് കഥകളൊക്കെ ഞാന്‍ മനസ്സിലേക്ക് സേവ് ചെയ്തുകൊണ്ടിരുന്നു. യാത്രകളില്‍ നമ്മളെല്ലാവരും നക്ഷത്രങ്ങളെ ആദൃമായ് കാണുന്ന കൊച്ചുകുട്ടികളെപ്പോലെയാകണം എന്ന് ആരോ എവിടെയോ പറഞ്ഞട്ടില്ലേ.
എന്തായാലും പിറ്റേന്ന് ഉണര്‍പ്പോള്‍ കമല്‍ ചാച്ചയെ കണ്ടില്ല. പകരം ഒരു പയ്യനാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് എന്തേലും ടിപ്പ് കൊടുക്കാതെ യാത്ര തുടരുന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. അമ്പലത്തിലെത്തി ചെറിയൊരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. വാങ്ങിയതുമില്ല. പകരം ക്ഷേത്രത്തിലെ പ്രസാദമൊക്കെ എനിക്ക് വാങ്ങിയും വച്ചിരിക്കുന്നു. എന്റെ അതിഥികള്‍ക്ക് സന്തോഷമായ്.
അന്നു അപ്രതീക്ഷിതമായ് എടുത്തതാണ് ഈ ഫോട്ടോ. ഉത്സവശേഷം പിന്നീടൊരു യാത്രയില്‍ ഇദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എത്രയോ ആളുകളെ യാത്രയില്‍ കാണുന്നു. പരിചയപെടുന്നു. പിരിയുന്നു. പക്ഷേ ചിലരുണ്ട് നിമിഷം കൊണ്ട് ആരൊക്കയോ ആകുന്നവര്‍. ഓര്‍മ്മകളില്‍ കൂട് കൂട്ടുന്നവര്‍. അതില് ഒരു ഏട് കമല്‍ ചാച്ചയും.
ഇതെന്റെ യാത്രാഓര്‍മ്മകളിലെ പ്രിയപ്പെട്ട വൃക്തിയാണ്. എല്ലാവര്‍ക്കും ഉണ്ടാകും ഇത്തരം ഓര്‍മ്മകള്‍. ഞാന്‍ പോയ ഓംകാരേശ്വര ക്ഷേത്രം ഉത്തരാഖണ്ഡ് ലെ രുദ്രപ്രയാഗ് ജില്ലയിലെ ഉഖീമഠ് ആണ്..