ഒപ്പമുള്ള യാത്രക്കാരെ സന്തോഷിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട് ടൂറിസ്റ്റ് ബസ് ജീവനക്കാർ. ഇക്കാര്യങ്ങൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുമുണ്ട്. എന്നാലേ കൂടുതൽ ഓട്ടങ്ങൾ, പ്രത്യേകിച്ച് കോളേജുകളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഇവർക്ക് കൂടുതലായി ലഭിക്കുകയുള്ളൂ.
എന്നാൽ ഈ പ്രകടനങ്ങൾ ഇപ്പോൾ അവർക്കു തന്നെ പാരയാകുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് കോളേജ് ടൂറിനിടയിൽ വിദ്യാർത്ഥിനികളെക്കൊണ്ട് ബസ്സിന്റെ ഗിയർ മാറിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലായതും അതിനു പിന്നാലെ മോട്ടോർവാഹനവകുപ്പ് ഡ്രൈവർക്ക് പണികൊടുത്തതും. വയനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്താണ് മോട്ടോർവാഹനവകുപ്പ് ശിക്ഷ നൽകിയത്.
ഗിയർ ഡ്രൈവറുടെ വാർത്തകൾ ഒന്നു കെട്ടടങ്ങിയപ്പോൾ അതാ വരുന്നു അടുത്ത ഐറ്റം. ഇത്തവണ ബസ് ഡ്രൈവർ ബസ്സോടിച്ചുകൊണ്ട് ഒരു ഗാനമേള തന്നെ നടത്തിയിരിക്കുകയാണ്. ഒരു കൈയിൽ സ്റ്റീയറിംഗും ഒരു കൈയിൽ മൈക്കുമായി പ്രണയവർണ്ണങ്ങൾ എന്ന മലയാളചിത്രത്തിലെ “ആരോ വിരൽ..” എന്നു തുടങ്ങുന്ന ഗാനം വളരെ മനോഹരമായിത്തന്നെയാണ് ഡ്രൈവർ ആലപിച്ചിരിക്കുന്നത്.
കൊച്ചിയിലെ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരുമായി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന എക്സ്പ്ലോഡർ എന്ന ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറായിരുന്ന കോട്ടയം സ്വദേശി നിഖിൽമോനാണ് പാട്ടുപാടി ഒപ്പമുള്ളവരെയെല്ലാം സന്തോഷിപ്പിച്ചത്. രാത്രി പത്തുമണിയോടെ ബസ് വളപട്ടണം ഭാഗത്തെത്തിയപ്പോഴാണ് ഡ്രൈവറുടെ ഗാനമേള നടന്നതെന്നാണ് സൂചന.
ഒക്ടോബർ 27 നു നടന്ന സംഭവം ആരോ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവര്‍ ചേട്ടന്‍ ഇങ്ങനെ മനസ്സറിഞ്ഞ് പാടിയ സുന്ദരനിമിഷങ്ങള്‍ ഷെയർ ചെയ്തവർക്ക് മറ്റൊരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ല.പക്ഷേ ഒരു കയ്യിൽ മൈക്കും മറുകയ്യിൽ സ്റ്റിയറിങ്ങുമായി പാട്ടുപാടുന്ന നിഖിൽമോന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പണി വഴിതെറ്റാതെ നേരെ വരികയായിരുന്നു.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഇടപെടുകയും ഡ്രൈവര്‍ക്കും ബസുടമക്കും നോട്ടീസ് നല്‍കി വിശദീകരണം വാങ്ങുകയും ചെയ്തിരിക്കുകയാണ്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഷൻ ഉടനുണ്ടാകും എന്നാണ് സൂചന. മറ്റുള്ളവർക്ക് ജീവഹാനിയുണ്ടാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഈ നടപടി.
കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെ ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ പങ്കുവച്ചാണ് പൊലീസ് രംഗത്തെത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ട്രോളിലൂടെ പൊലീസ് നല്‍കുന്നത്.