കേരളത്തിലെ സാധാരണക്കാരൻ്റെ വാഹനം എന്ന വിളിപ്പേരുള്ളത് വേറാർക്കുമല്ല നമ്മുടെ സ്വന്തം ഓട്ടോറിക്ഷയ്ക്ക് ആണ്. പഴയകാലത്തെ തുള്ളിച്ചാടി ഓടുന്ന ‘ലാമ്പി’ എന്ന ലാംബ്രട്ട മോഡലുകളിൽ നാം കണ്ടു ശീലിച്ച ഓട്ടോറിക്ഷ പിന്നീട് പല രൂപഭാവങ്ങളിലും നിരത്തിലിറങ്ങി. കൂടുതലാളുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന ആപ്പേ മോഡൽ ആയിരുന്നു അവസാനമായി വിജയിച്ച ഓട്ടോറിക്ഷ മോഡൽ. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് മോഡൽ ഓട്ടോറിക്ഷ നിരത്തിലിറങ്ങുവാൻ പോകുകയാണ്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ സ്വന്തം ‘ഇലക്ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) ‘നീം-ജി’ നിരത്തിലേക്കെത്തുന്നു. മറ്റ് തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ് ചെയ്യും.
സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ – ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.മണിക്കൂറിൽ 55 കി.മീ. ആണ് ഇ – ഓട്ടോയുടെ പരമാവധി വേഗത. ഇതിന്റെ ഭാരമാകട്ടെ 295 കിലോയും.
ഈയിടെ നടത്തിയ ടെസ്റ്റ് ഡ്രൈവിൽ തിരുവനന്തപുരത്തെ ഹിൽ സ്റ്റേഷനായ പൊന്മുടിയിലെ 22 ഹെയർപിൻ വളവുകൾ ഉൾപ്പെടെയുള്ള കയറ്റം ഒറ്റ ബാറ്ററിയിൽ, 480 കിലോയോളം ഭാരവും വഹിച്ചുകൊണ്ട് കയറി മുകളിൽ (അപ്പർ പൊന്മുടി) എത്തുവാൻ ‘നീം-ജി’യ്ക്ക് സാധിച്ചിരുന്നു. ഇത് ഈ വാഹനത്തിന്റെ ഗുണമേന്മ പുറത്തറിയിക്കുന്ന ഉദാഹരണങ്ങളിൽ ഒന്നാണ്.
ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വില 2.8 ലക്ഷം രൂപയാണ്. അതോടോപ്പം തന്നെ വൈദ്യുത വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 30,000 രൂപ സബ്‌സിഡി കേരളത്തിന്റെ ‘ഇ-ഓട്ടോ’യിലും ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാൽ വിലയിൽ 30,000 രൂപ ഇളവ് ലഭിക്കും. നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച് ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച് വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.
സംസ്ഥാനസര്‍ക്കാറിന്റെ പുതിയ വൈദ്യുതി നയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമെ പുതിയ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഈ ഉത്തരവ് പ്രകാരമുള്ള വിപണി സാധ്യതകളെ മുൻനിർത്തിയാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ – ഓട്ടോകളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്. കേരളത്തിലെ പ്രധാന റോഡരികുകളിൽ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയും തീരുമാനിച്ചു.
ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമാണ് വേണ്ടി വരുന്നത്. ആദ്യ ഘട്ടമെന്ന നിലക്ക് KSEBL ന്റെ ഓഫീസുകളായ ഇലക്ട്രിക്കൽ സെക്ഷൻ നേമം (തിരുവനന്തപുരം), ഇലക്ട്രിക്കൽ സെക്ഷൻ ഓലൈ (കൊല്ലം), 110 kV സബ് സ്റ്റേഷൻ കലൂർ (എറണാകുളം), 110 kV സബ് സ്റ്റേഷൻ വിയ്യൂർ (തൃശൂർ), 220 kV സബ് സ്റ്റേഷൻ നല്ലളം (കോഴിക്കോട്), 110 kV സബ് സ്റ്റേഷൻ ചൊവ്വ (കണ്ണൂർ) എന്നീ ആറിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ 2020 തുടക്കത്തിൽ സ്ഥാപിക്കുന്നതാണ്. എന്തായാലും പുക മലനീകരണവും ശബ്ദമലിനീകരണവും ഇല്ലാത്ത വാഹനങ്ങളുമായി നമ്മുടെ കേരളം എല്ലാവർക്കും മാതൃകയായി മാറട്ടെ..
വിവരങ്ങൾക്ക് കടപ്പാട് – മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, മാതൃഭൂമി.
1 comment
super………