ഫയർ ഫോഴ്സ് എന്നു കേൾക്കുമ്പോൾ മിക്കയാളുകളുടെയും മനസ്സിൽ തെളിയുന്നത് തീയണയ്ക്കാൻ എത്തുന്നവർ എന്നാണ്. പക്ഷെ ശരിക്കും ആ ഡിപ്പാർട്ട്മെന്റിന്റെ പേര് ‘ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്’ എന്നാണെന്ന കാര്യം അധികമാരും ഓർക്കാറില്ല. തീപിടുത്തം ഉണ്ടായാലും, ആരെങ്കിലും മരത്തിൽ കയറി പെട്ടുപോയാലും, മനുഷ്യനോ മൃഗങ്ങളോ വരെ കിണറ്റിൽ വീണാലും അവസാനം രക്ഷകരായി എത്തുന്നത് ഫയർഫോഴ്‌സുകാർ ആയിരിക്കും. ഇതുപോലെ തന്നെ കുട്ടികളുടെയോ മുതിർന്നവരുടെയോ കൈയ്യോ കാലോ ഒക്കെ എവിടെയെങ്കിലും കുടുങ്ങിയാലും ഈസിയായി ഒരു പോറൽ പോലും ഏൽപ്പിക്കാതെ രക്ഷപ്പെടുത്തുവാൻ ഫയർഫോഴ്‌സുകാർക്ക് അറിയാം. അത്തരത്തിൽ ഒരു സംഭവമാണ് (അനുഭവം) പൊന്നാനി സ്വദേശി റസാഖ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചത്.
“പൊന്നാനി ഫയർ ഫോഴ്‌സ് ടീം വേറെ ലെവലാ… ഒരു മോതിരം തന്ന എട്ടിന്റെ പണി” എന്ന തലക്കെട്ടോടെയുള്ള ആ ലേഖനം ഒറ്റനോട്ടത്തിൽ കാണുമ്പോൾ എല്ലാവർക്കും ഒരു തമാശയായി തോന്നുമെങ്കിലും ഇങ്ങനെയൊരു അവസ്ഥ വന്നാൽ പിന്നെ വേറെ മാർഗ്ഗം ഒന്നും ഇല്ലല്ലോ. ഫയർ ഫോഴ്‌സിനു നന്ദി പറഞ്ഞുകൊണ്ടുള്ള റസാഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.
“അളിയാ പണി പാളി. മോതിരം കുടുങ്ങി. പൊട്ടിച്ച് എടുത്താലോ?” രാവിലെ കൂട്ടുകാരന്റെ (നിജു) ഫോൺ. അപ്പോഴാണ് കുറച്ചു മുന്നേ ഫയർഫോഴ്‌സുകാർ മോതിരം മുറിക്കാതെ നൂലുകൊണ്ട് എടുക്കുന്ന വിദ്യ മനസ്സിൽ ഓർമ വന്നത്. പിന്നെ നേരെ പൊന്നാനി ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം അവതരിപ്പിച്ചു. ഒരു ചിരിയോടെ സ്റ്റേഷനിലേക്ക് വന്നോളാൻ പറഞ്ഞു.
ചെന്നപാടെ ഫോൺ വിളിച്ചവർ നിങ്ങളാണോ എന്നും ചോദിച്ച് ഒരു ഓഫിസർ ഞങ്ങളുടെ അടുത്തേക്ക് വന്നു. പിന്നീട് അവനെ ഒരു ചെയറിലിരുത്തി മറ്റ് സാറമ്മാര് ചുറ്റിലും കൂടി അവന്റെ വിരലിൽ നൂലുകൊണ്ടു കെട്ടി. അപ്പോൾ ഓർമവന്നത് മണവാട്ടിക് മെഹന്തി ഇട്ടുകൊടുക്കാൻ തോഴിമാർ വട്ടംകൂടി ഇരുന്നതായാണ്. കാരണം അത്ര സൗഹൃദപരമായിരുന്നു ഓഫീഫേഴ്സിന്റെ പെരുമാറ്റം എന്നത് എടുത്തു പറയാതിരിക്കാൻ വയ്യ.
3 മിനുട്ട് കൊണ്ട് മോതിരം ഊരി കയ്യിൽ തന്നു. കൂട്ടത്തിലെ ഒരു സർ “ഇനി അവൻ മേലാൽ മോതിരം ഇടത്തില്ലാ” എന്ന കമന്റ് പറയുന്നത് കേൾക്കാമായിരുന്നു. അപ്പോഴാണ് ഒരു സർ ഇതുവരെ ഇതുപോലെ ഊരിയ മോതിരങ്ങളുടേയും നട്ടുകളുടെയും ശേഖരവുമായി ഞങ്ങൾക്കു മുന്നിൽ വന്നത്. അപ്പോൾ മനസിലായി ഇതു ഇവിടെ സ്ഥിരം പരിപാടിയാണെന്ന്. നമ്മുടെ നായകന്റെ മോതിരം സ്വര്ണമായതു കൊണ്ടു ഞങ്ങൾക്കു തന്നെ തിരികെ തന്നു.
സത്യംപറയാമല്ലോ ഒരുപാട് സർക്കാർ സ്ഥാപനങ്ങളിൽ പോയിട്ടുണ്ടെകിലും ഇത്രയും സൗഹൃദപരമായി സംസാരിക്കുന്ന, വിനയത്തോടെ പെരുമാറുന്ന വേറെ ഒരു ഡിപ്പാർട്ട്മെന്റിനെ ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ വ്യക്‌തിപരമായ തോന്നലാവാം, എന്നിരുന്നാലും…പൊന്നാനി ഫയർഫോഴ്‌സ് ടീമിന് ബിഗ് സല്യൂട്ട്. NB:ആ മോതിരം നമ്മുടെ നായകന് ആര് ഗിഫ്റ്റുകൊടുത്തതാണെന്ന സത്യം ഇപ്പോഴും പുറംലോകമറിയാത്ത സത്യമാണ്.