കടപ്പാട് – അബ്ദുൽ സലിം.

നിഷാദിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഒരു നിയോഗം പോലെ അയാൾ അവിടെയുണ്ടായിരുന്നു. ചിലരുണ്ട് മരണത്തിൻെറ നൂൽപ്പാലം കടന്ന് ജീവിതത്തിലേക്ക് തിരികെക്കയറുന്നവർ. രക്ഷാപ്രവർത്തകർ ഒരു നിമിത്തം മാത്രം! വിരൽ തുമ്പിൽ ചിലപ്പോൾ ദൈവത്തിന്റെ അദൃശ്യ സ്പർശമനുഭവപ്പെടും..

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന്റെ മുന്നോടിയായുള്ള പെയിന്റിംഗ് പാച്ചുവർക്കുകൾകയാണ് മഞ്ചേരി നിലയത്തിലെ വാട്ടർടെണ്ടർ KL01 AF9988 നറുകരയിലുള്ള വി.പി.മോട്ടോർസ് എന്ന വർക്ക് ഷോപ്പിൽ ഏൽപ്പിച്ചത്. അതിന്റെ പുരോഗതി പരിശോധിക്കുവാനായാണ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എം.സുരേഷ് കുമാർ വർക് ഷോപ്പിലെത്തിയത്. അതേ വർക്ക്ഷോപ്പിൽ ടാങ്കർ ലോറിയുടെ ടാങ്കിനകത്ത് പെയിന്റ് ചെയ്യുന്നതിനിടയിൽ ശ്വാസതടസ്സം വന്ന് അബോധാവസ്ഥയിലായ മലപ്പുറം കാട്ടിങ്ങൽ സ്വദേശി പടിക്കമണ്ണിൽ നിഷാദ് എന്ന ഇരുപത്തിഒന്ന് കാരന് ജീവിതം തിരികെ കിട്ടിയത് സുരേഷ് കുമാറിന്റെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം.

ബുധനാഴ്ച രാവിലെ പത്തര മണിയോടെ ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന ടാങ്കിൽ ഊർന്നിറങ്ങി വർക്ക്ഷോപ്പിൽ താൽക്കാലികമായി ജോലിക്കെത്തിയ നിഷാദ് പെയിന്റിംഗ് ജോലി തുടങ്ങിയത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ശ്വാസതടസ്സം വന്ന് ബോധരഹിതനായി പെയിന്റിൽ കുളിച്ച നിലയിലാണ് നിഷാദിനെ ആരോ കാണുന്നത്. ടാങ്കിൽ മറ്റൊരാൾക്കിറങ്ങിച്ചെല്ലാനുള്ള സൗകര്യവുമില്ലായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങി കൂടുതൽ പേർ അകപ്പെടാനുള്ള സാധ്യതയും.

ബഹളം കേട്ട് ഓടിയെത്തിയ മഞ്ചേരി നിലയത്തിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസറായ സുരേഷ് കുമാർ വർക്ക്ഷോപ്പിലെ പെയിന്റിംഗ് ജോലികൾക്ക് തന്നെയുള്ള കംപ്രഷർ ഉപയോഗിച്ച് ടാങ്കിനകത്തേക്ക് വായു പ്രവഹിപ്പിച്ച് യുവാവിന്റെ ജീവൻ നിലനിർത്താനുള്ള സാഹചര്യമൊരുക്കി. തുടർന്ന് മഞ്ചേരി സ്റ്റേഷനിൽ വിവരമറിയിച്ചു.

എന്നിട്ട് അദ്ദേഹം വർക്ക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ ടാങ്കിലേക്ക് തലകീഴായി തൂങ്ങി നിന്ന് നിഷാദിന്റെ കാലിൽ കയറുപയോഗിച്ച് കുരുക്കിട്ട് പ്രവേശന ദ്വാരത്തിലേക്കെത്തിച്ച ശേഷം തലകീഴായി വർക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ തന്നെ ഉയർത്തി പുറത്തേക്കെടുക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം നിഷാദിനെ മഞ്ചേരിമെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചു. യുവാവ് സുഖം പ്രാപിച്ച് വരുന്നു.

മഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നും കൂടുതൽ സേനാംഗങ്ങൾ എത്തിയപ്പോഴേക്കും രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. മരണത്തിന് വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കാനുള്ള രക്ഷാപ്രവർത്തകരുടെ നിയോഗം. അഭിമാനം, സന്തോഷം….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.