കേരളത്തിൽ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട് ജില്ല പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. കേരളത്തിൽ ശക്തമായ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു.

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ദുരന്തം ഉണ്ടാകുന്നത്. രണ്ട് പാടികളിലായി ആണ് പുത്തുമലയില്‍ ആളുകള്‍ താമസിച്ചിരുന്നത്. എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളി, അമ്പലം, ബംഗ്ളാവ്, വാഹനങ്ങള്‍ എന്നിവയാണ് മണ്ണിനടിയിലായത്. ചിലരെല്ലാം അപ്പോള്‍ തന്നെ ഓടിരക്ഷപ്പെട്ടു. നൂറ് ഏക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കില്‍ ഒഴുകിപോയ നിലയിലാണ്. ഇവിടെ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല.

ഉരുൾപൊട്ടൽ കണ്ടു പുത്തുമലയില്‍ ഉള്ളവര്‍ ആകെ വിറങ്ങലിച്ചു പോയി. ചിലര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മറ്റ് ചിലര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല. അത്രത്തോളം ഭയത്തിലാണ് അവര്‍. എന്നാല്‍, ഉറ്റവരും ഉടയവരുമായ ചിലരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഏറെ വേദനിക്കുന്നുമുണ്ട്. പുത്തുമലയിലെ ഉരുൾപൊട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ 550 മില്ലി മീറ്റല്‍ മഴ പുത്തുമല ഭാഗത്ത് പെയ്തതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് 22165 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. 315 ക്യാംപുകളിലായ 5936 കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ നിന്ന് മാറിയിരിക്കുന്നത്. 105 ക്യാംപുകൾ വയനാട് ജില്ലയിൽ മാത്രം തുറന്നിട്ടുണ്ട്. 9951 പേരാണ് വയനാട് ദുരിതാശ്വസ ക്യാംപുകളിൽ പ്രവേശിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങള്‍ മേപ്പാടിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടനെ മാറ്റാനുള്ള നടപടി കൈക്കൊണ്ടു കഴിഞ്ഞു.

അതുപോലെതന്നെ ദേശീയപാത 766ൽ മുത്തങ്ങ പൊൻകുഴിയിൽ വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി കിടക്കുകയാണ്. കർണ്ണാടക ഭാഗത്ത് നിന്നും എത്തിയ ചരക്കു ലോറികളും, ബസ്സുമടക്കമുള്ള വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. സമീപത്തെ പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടർന്നാണ് ദേശീയ പാതയിൽ വെള്ളം കയറിയത്. ഇതോടെയാണ് വാഹനങ്ങൾ കുടുങ്ങിയത്. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടി വരെയുള്ള ഭാഗത്താണ് ഒരാൾ പൊക്കത്തിനു മേൽ വരെ വെള്ളം കയറിയിരിക്കുന്നത്.

2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ വയനാട് സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ആവശ്യമുള്ള സാധനങ്ങൾ : പായ, കമ്പിളിപ്പുതപ്പ്‌, അടിവസ്ത്രങ്ങൾ, മുണ്ട്‌, നൈറ്റി, കുട്ടികളുടെ വസ്ത്രങ്ങൾ, ഹവായ്‌ ചെരിപ്പ്‌, സാനിറ്ററി നാപ്കിൻ, സോപ്പ്‌, ഡെറ്റോൾ, സോപ്പ്‌ പൗഡർ, ബ്ലീച്ചിംഗ്‌ പൗഡർ, ക്ലോറിൻ, ബിസ്ക്കറ്റ്‌, അരി, പഞ്ചസാര, ചെറുപയർ, പരിപ്പ്‌, കടല, വെളിച്ചെണ്ണ. Collection Centre: Collectorate, Kalpeta North PO, Wayanad, Kerala 673122, Phone: 1077 (from within Wayanad), Phone: 049361077 (from outside Wayanad).

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, Wayanad District Administration.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.