കേരളം മുഴുവനും ഞെട്ടിത്തരിച്ചു പോയ നിമിഷങ്ങൾ. അതായിരുന്നു 2018 ഓഗസ്റ്റ് 15 നു തുടങ്ങിയ മഹാപ്രളയം. പ്രളയ ദിനത്തിലെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടറായ പ്രിൻസ് പാങ്ങോടൻ. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് നമുക്കൊന്ന് വായിക്കാം..

വിവരണം – Prince Pangadan.

2018 ആഗസ്റ്റ് 15 ബുധൻ – അവധി ദിവസത്തിന്‍റെ പതിവ് ആലസ്യത്തിലായിരുന്നു അന്ന്.താമസിക്കുന്ന ജേർണലിസ്റ്റ് കോളനിയിലെ അയൽപക്കത്തുള്ളവരൊക്കെ വീട്ടിലുള്ള ദിവസം.അന്ന് എല്ലാവർക്കും ഓഫ് ഡേയാണ്.പിറ്റേദിവസം പത്രമില്ല.തലേ ദിവസം തീരുമാനിച്ചതു പോലെ രാവിലെ തന്നെ പന്നിയിറച്ചി വാങ്ങാനായി ഞങ്ങൾ മൂന്ന് പേർ പട്ടത്തേക്ക് പോയി. ഡെക്കാൺക്രോണിക്കിളിന്‍റെ റസിഡന്‍റ് എഡിറ്റർ ജോൺ മേരി,റ്റി സി രാജേഷ് പിന്നെ ഞാനും എനിക്കൊപ്പം രണ്ടുവയസുകാരി മകൾ ചൂച്ചുവും.

രാവിലെ മാനം കറുത്ത് കിടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് മഴ പെയ്ത് തുടങ്ങിയിരുന്നില്ല.അവിടവിടെയായി ചെറിയ ചാറ്റലുകൾ മാത്രം.പക്ഷേ തിരുവനന്തപുരത്തിന് അപ്പുറം കൊല്ലവും കടന്നാൽ കനത്ത മഴയാണ്. പത്തനംതിട്ടയിൽ നാട്ടിലൊക്കെ കനത്ത മഴയാണ്.രണ്ട് മൂന്ന് ദിവസമായി പെയ്ത്ത് തന്നെ പെയ്ത്ത്.വൈദ്യുതി രണ്ട് ദിവസമായി പോയിട്ടെന്ന് വീട്ടിലേക്ക് വിളിച്ചപ്പോൾ എപ്പോളോ പറഞ്ഞിരുന്നു.നാട്ടിലെ , തണ്ണിത്തോട്ടിൽ മൂഴിയെന്ന ഞങ്ങളുടെ കവലയൊക്കെ വെള്ളത്തിലായ ചിത്രങ്ങൾ വാട്സ്ആപ്പിലേക്ക് വന്നിരുന്നു.പാലത്തിനു മുകളിൽ കഴുത്തറ്റം വെള്ളത്തിൽ ആളുകൾ നടന്നു പോകുന്ന ചിത്രം ഇത്തിരിയല്ലാത്ത പേടിയുണ്ടാക്കി.എത്രയോ ദിവസം മുൻപേ ഇടുക്കിയും വയനാടുമൊക്കെ മഴക്കെടുതികൊണ്ട് തകർന്നടിയാൻ തുടങ്ങിയിരുന്നു.

പന്നിയിറച്ചി അടുക്കളയിലെത്തിച്ച് ഞങ്ങൾ പതിയെ റൂഫ്ടോപ്പിലേക്ക് മാറി. അവിടെയാണ് അവധിയുടെ ആലസ്യത്തിലേക്ക് ഞങ്ങളുടെ സൗഹൃദങ്ങൾ ചെന്നെത്താറ്.

മഴ പൊടിഞ്ഞ് തുടങ്ങുന്നു. കോളനിയിലേക്ക് മഴത്തുള്ളിൽ വീണുതുടങ്ങിയ സമയത്ത് തന്നെ മൊബൈൽ ഫോൺ ചിലയ്ക്കാൻ തുടങ്ങി.ഓഫീസിൽ നിന്നാണ്.ഞാനുൾപ്പെടുന്ന ഔട്ട്പുട്ട് ഡെസ്കിന്‍റെ ചുമതലക്കാരനായി വിനു വി ജോണാണ് മറുതലയ്ക്കൽ. നീ എവിടെയാണ്.. തിരുവനന്തപുരത്തുണ്ട് എന്‍റെ മറുപടി.

എടാ, മൊത്തം പ്രശ്നമാണ്.എല്ലായിടത്തും വെള്ളപ്പൊക്കമാണ്.നമ്മൾ പരമാവധി ആളുകളെ റിപ്പോർട്ടിങ്ങിനായി വിടാൻ തീരുമാനിച്ചു.വല്ലാത്ത സാഹചര്യമാണ്.നീ പത്തനംതിട്ടയിലേക്ക് പോകണം. ശരി..പോകാം, എപ്പോഴേക്ക് എത്തണം. എത്രയും വേഗം എത്തണം.. ഒരു ചെറിയ പ്രശ്നമുണ്ട്, ഓഫ് ആയതുകൊണ്ട് ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ്. 2 ഡ്രിംങ് കഴിച്ചിട്ടുണ്ട്. നീ വേഗം ഭക്ഷണം കഴിച്ചിട്ട് , കുളിച്ച് റെഡിയായി വരൂ.ഒന്നുരണ്ട് ദിവസത്തേക്കുള്ള ഡ്രെസ്സും കരുതിക്കോളൂ… ഞാൻ ഓകെ പറഞ്ഞു..ഫോൺ സംഭാഷണം മുറിഞ്ഞു.

പിന്നെ ഒന്നും ആലോചിക്കാൻ സമയമുണ്ടായില്ല.മനസിലേക്ക് വെള്ളം ഇരച്ചുകയറി വരാൻ തുടങ്ങി.പണ്ട് വയനാട്ടിൽ വെച്ച് ചിലയിടങ്ങളിൽ വെള്ളം കയറിക്കിടക്കുന്നതും ആളുകളെ ഫയർഫോഴ്സ് ഡിങ്കിയിൽ കയറ്റി കൊണ്ടു വരുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആ ഓർമ്മയാണ് പെട്ടന്ന് മനസിലേക്ക് കയറി വന്നത്.

റൂഫ് ടോപ്പിൽ ഒപ്പമുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു.വേഗത്തിൽ ഫ്ളാറ്റിലേക്ക് മടങ്ങി.ഭാര്യയോടും കാര്യം പറഞ്ഞു.കിട്ടിയ വസ്ത്രങ്ങളൊക്കെ എടുത്ത് ബാഗിലേക്ക് വെച്ചു.മഴക്കോട്ടും ബാഗിലേക്ക് എടുത്തു വെച്ചു.ഒഫീഷ്യൽ സിംകാർഡ് ഇട്ടിരിക്കുന്ന ടാബും ചാർജ്ജറും ഭാര്യതന്നെ എടുത്ത് ബാഗിൽ വെച്ചു.എന്നാണ് മടങ്ങി വരുന്നത് എന്നറിയാത്തതിനാൽ ഞാൻ വണ്ടിയെടുക്കുന്നില്ല എന്ന് തീരുമാനിച്ചു.റ്റി സി രാജേഷ് എന്നെ ഓഫീസിലെത്തിക്കാമെന്ന് പറഞ്ഞു.

വിളി വന്ന് മുക്കാൽ മണിക്കൂർ കൊണ്ട് തയ്യാറായി ഓഫീസിലെത്തി.അപ്പോഴേക്കും മഴ പെയ്ത് തുടങ്ങി.പോകേണ്ടത് പത്തനംതിട്ടയിലേക്കാണ്.അവിടെയാന്നും കറന്‍റില്ല.മൊബൈലാണല്ലോ നമ്മുടെ പ്രധാന പണിയായുധം.അത് ഓഫായി പോയാൽ പിന്നെ ഒരു കാര്യവുമില്ല.മൊബൈൽ ഓഫായ ടെലിവിഷൻ ജേർണലിസ്റ്റ് ശവത്തിന് തുല്യമാണ്.അതുകൊണ്ട് പവ്വർ ബാങ്ക് വാങ്ങാൻ തീരുമാനിച്ചു.എഡിറ്റർ അച്ചുവിനെക്കൂട്ടി നന്ദാവനത്തുള്ള ആക്സസറീസ് കടയിലെത്തി.13000 mAh വരുന്ന ഒരു പവർബാങ്ക് വാങ്ങി.അതും വാങ്ങി പുറത്തിറങ്ങിയപ്പോഴേക്കും പിന്നെയും മഴ കനത്തു.ഷൂവിലൊക്കെ വെള്ളം കയറാൻ തുടങ്ങി.അപ്പോഴാണ് ഓർത്തത്.വെള്ളപ്പൊക്കത്തിലേക്കാണ് പോകുന്നത്.ഷൂവും കൊണ്ട് പോയാൽ കാര്യമില്ല.വെള്ളം കയറി ഇറങ്ങിപ്പോകുന്ന തരം ചെറുപ്പു വാങ്ങണം.എന്നാൽ ഷൂ പോലെ കാല് മുഴുവൻ സംരക്ഷണവും വേണം.ആവശ്യം അച്ചുവിനോട് പറഞ്ഞു.വഴുതക്കാടുള്ള കടയിൽ പോയി ചെരിപ്പും വാങ്ങി.തിരികെ ഓഫീസിലെത്തിയപ്പോളേക്കും നനഞ്ഞ് കുതിർന്നിരുന്നു.ഷൂസ് ഊരി ചിത്രം വിചിത്രം ഫ്ലോറിൽ സൂക്ഷിച്ചു വെച്ചു.പുതിയ ചെരിപ്പിട്ടു.

ലൈബ്രറിയിൽ നിന്ന് ക്യാമറയ്ക്ക് ഉപയോഗിക്കാനുള്ള മെമ്മറി കാർഡുകൾ വാങ്ങി.അപ്പോഴേക്കും എനിക്കൊപ്പം വരാനുള്ള ക്യാമറാമാൻ അക്ഷയ് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് എത്തി.യൂണിറ്റും തയ്യാറാക്കി വാഹനത്തിലേക്ക്.

പത്തനംതിട്ടയിലേക്ക് എത്താൻ എളുപ്പ മാർഗ്ഗം വാളകത്ത് നിന്ന് പത്തനാപുരം കോന്നി വഴി പോവുകയാണ്.ഞാൻ നാട്ടിലേക്ക് പോകുന്ന വഴി.ആ വഴി തന്നെ പോകാൻ തീരുമാനിച്ചു.എനിക്കും അക്ഷയ്ക്കും ഒപ്പം കോട്ടയത്തേക്ക് പോകേണ്ട അൻഷാദും അനന്തുപ്രഭയും വണ്ടിയിലുണ്ട്.ഏഴരയോടെ പത്തനാപുരം കഴിഞ്ഞ് കോന്നി റോഡിലെത്തി.അരക്കിലോമീറ്റർ കൂടി കഴിഞ്ഞാൽ കോന്നിയാണ്.ചൈനാമുക്കെന്ന സ്ഥലത്തെത്തി.വണ്ടിയുടെ സ്പീഡ് കുറയുന്ന പോലെ തോന്നി.ഹെഡ് ലൈറ്റ് ഡിം ആയി.വണ്ടി മുന്നോട്ട് നീങ്ങാൻ പാടുപെടുന്ന പോലെ തോന്നി.സൂക്ഷിച്ച് നോക്കുമ്പോളുണ്ട് ഞങ്ങൾ വെള്ളക്കെട്ടിലാണ്.മുന്നിൽ പരന്നു കിടക്കുന്ന വെള്ളം.ഇന്നോവയുടെ ഹെഡ് ലൈറ്റിനും മുകളിൽ ബോണറ്റിലേത്ത് എത്തി നിൽക്കുന്ന വെള്ളം.കാലിൽ വെള്ളം നനയുന്നുണ്ടോ എന്ന് നോക്കിയപ്പോളേക്കും വണ്ടിക്കുള്ളിൽ മുട്ടറ്റം വെള്ളം.

വെള്ളം വണ്ടിക്കുള്ളിലേക്ക് കയറുകയാണ്.ഞങ്ങൾ 5 പേരും 2 ക്യാമറാ യൂണിറ്റും.വണ്ടിക്ക് ചുറ്റും ബോണറ്റ് നിരപ്പിൽ വെള്ളം.പുറത്ത് കനത്ത ഇരുട്ട്.എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല.വണ്ടി ഓഫായാൽ തീർന്നു.മുന്നോട്ട് പോകാനാകില്ലെന്ന സത്യം ഇത്തിരി വൈകിയാണെങ്കിലും ഞങ്ങളെല്ലാവരും തിരിച്ചറിഞ്ഞു.സഹായത്തിന് പോലും ഒരാളുമില്ല ആ പ്രദേശത്ത്.മുന്നിലേക്ക് വെള്ളം തന്നെയാകും.വണ്ടിക്കുള്ളിൽ പിന്നെയും വെള്ളം കയറുകയാണ്.ക്യാമറയും മറ്റും പിൻ സീറ്റിലാണ്.വെള്ളം അത്രത്തോളം എത്തിയിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം.ഡ്രൈവർ ഏറെ പ്രയാസപ്പെട്ട് ആ വെള്ളത്തിലൂടെ വണ്ടി തിരിച്ചു.വന്ന റോഡിലേക്ക് തന്നെ എങ്ങനെയോ കയറ്റി.ഡോർ തുറന്നതും വെള്ളം പുറത്തേക്ക് പാഞ്ഞൊഴുകി.സമാധാനമായി.പ്രളയം റിപ്പോർട്ട് ചെയ്യാനെത്തി പ്രളയത്തിൽ അകപ്പെട്ട് പോയി.ഒരു പക്ഷേ ഇത്തിരി കൂടി മുന്നോട്ട് പോകാൻ ഡ്രൈവർ തിരുമാനിക്കുകയും വണ്ടി ഓഫായി പോവുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ പേടി തോന്നുന്നു.പുറത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഡോർ തുറക്കാൻ പറ്റണം എന്നില്ല.ഗ്ലാസും താഴ്ത്താനാകില്ല.ഓ‍ർക്കുമ്പോൾ ഓർക്കുമ്പോൾ പേടിതോന്നുന്നു.

അവിടെ നിന്ന് തിരികെ മറ്റൊരു വഴി പിടിച്ചു.ളാക്കൂർ-പൂങ്കാവ് വഴി പതതനംതിട്ട.പ്രമാടം കഴിഞ്ഞ് മുന്നോട്ട് പോയി.റോഡിൽ വണ്ടികളില്ല. കറണ്ടില്ലാത്തതിനാൽ തെരുവു വിളക്കുകളുമില്ല.താഴൂർക്കടവ് പാലത്തിനടുത്തെത്താൻ ഇനി ഒരു കിലോമീറ്റർ കൂടിയുണ്ട്.പക്ഷേ ആളുകൾ വണ്ടി തടഞ്ഞു.റോഡിന് കുറുകെ കയർ കെട്ടിയിരിക്കുന്നു.ഒരാൾ വണ്ടിക്കടുത്തേക്ക് എത്തിയിട്ട് പറഞ്ഞു.. “ഇതുവഴി പോകില്ല, മുന്നിൽ കഴുത്തറ്റം വെള്ളമുണ്ട്.ഒരു കിലോമീറ്ററോളം ഇങ്ങനെ തന്നെ കിടക്കുവാണ്.പോകില്ല.” അതായത് പത്തനംതിട്ടയിലേക്കുള്ള വഴികളിൽ രണ്ടെണ്ണം അടഞ്ഞെന്ന് നമ്മൾ മനസിലാക്കണം.നാല് പഞ്ചായത്തുകൾക്ക് ജില്ലാ ആസ്ഥാനവുമായുള്ള ബന്ധം മുറിഞ്ഞെന്ന് അർത്ഥം.

ഞാൻ തലച്ചോറിലെ മാപ്പിൽ പരതി.ഇനി ഏതാണ് പത്തനംതിട്ടയിലേക്ക് വഴിയുള്ളത്.ഒരു വഴി കൂടിയുണ്ട്.ഞങ്ങൾ നിൽക്കുന്നിടന്ന നിന്ന് പിന്നെയും നാല് കിലോമീറ്റർ പിന്നിലേക്ക് ഓടണം.പൂങ്കാവിൽ നിന്ന് മല്ലശ്ശേരി വഴി കുമ്പഴയിലെത്തണം.ഇനി ആ ഒരൊറ്റ വഴിയേ മുന്നിലുള്ളൂ.വേഗം പോകാന ഡ്രൈവറോട് ആവശ്യപ്പെട്ടു.വാഹനങ്ങൾ എതിരെ വരുന്നുണ്ട്.ആ റോഡ് തുറന്നു കിടക്കുന്നു എന്ന് മനസിലായി.പക്ഷേ വഴിയിൽ വാഹനങ്ങളുടെ നീണ്ട നിര.ഒരു വിധത്തിൽ മുന്നിലേക്കെത്തി.മുന്നിൽ വെള്ളക്കെട്ടാണ്.എന്നാലും കാറുകൾ പോകുന്നുണ്ട്.

പോകുന്നെങ്കിൽ വേഗം പോകണം.അവിടെയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.ആരോ ഒരാൾ ഇന്നോവയ്ക്ക് അടുത്തെത്തി പറഞ്ഞു.മുന്നിൽ പിന്നെയും വണ്ടികളുണ്ട്.ഒരു വിധത്തിൽ വെള്ളക്കെട്ടിനടുത്തെത്തി.റോഡിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.നൂറ് മീറ്ററോളം ദൂരത്തിൽ ടയറുകളുടെ പൊക്കത്തിൽ വെള്ളമുണ്ട്.പക്ഷേ പോകാതിരിക്കാനാവില്ല.ഈ വഴിയും കൂടി അടഞ്ഞാൽ ഞങ്ങൾ ഇവിടെ പെട്ടുപോകും.രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ടെടുത്തു.കുഴിയെവിടെയാണെന്നോ റോഡെവിടാണെന്നോ ഓട എവിടെയാണെന്നോ അറിയാതെ മുന്നോട്ട്.ഭാഗ്യം അപ്പുറത്തെത്തി.മല്ലശ്ശേരി മുക്ക് വഴി കുമ്പഴയിലെത്തി.അവിടെ നിന്ന് പത്തനംതിട്ട ഓഫീസിലെത്തിയപ്പോഴും മഴ ചന്നംപിന്നം പെയ്യുകയാണ്…

അൻഷാദിനും അനന്തുപ്രഭയ്ക്കും ഈ രാത്രി തന്നെ കോട്ടയത്തെത്തണം. പത്തനംതിട്ടയിൽ നിന്ന് അടൂരെത്തി എംസി റോഡ് വഴി മാത്രമാണ് കോട്ടയത്തേക്ക് പോകാനാകുന്നത്.പത്തനംതിട്ട കോട്ടയം റോഡിൽ കോഴഞ്ചേരി ടൗൺ വെള്ളത്തിനടിയിലാണ്.പമ്പാ നദി കരകവിഞ്ഞ് റോഡുകളിലെല്ലാം കഴുത്തറ്റം വെള്ളമാണ്.പലയിടത്തും നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ വരെ വെള്ളം കയറിയെന്ന് ചില സുഹൃത്തുക്കൾ വിളിച്ചതിനിടയിൽ പറഞ്ഞു.അതുകൊണ്ട് അടൂരെത്തി മാത്രമേ പോകാനാകൂ.

തട്ടഭാഗത്താണ് ആ റോഡിൽ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലം.അവിടെയും വെള്ളം കയറിയാൽ അവരും പത്തനംതിട്ടയിൽ പെട്ടുപോകും.ആ സമയത്ത് തട്ട ഭാഗത്ത് ഉണ്ടായിരുന്ന ഡി.ബിനോയിയെ വിളിച്ച് അവിടെ വെള്ളം കയറിയിട്ടില്ലെന്ന് ഉറപ്പാക്കി.ആ വഴിയിലൂടെ അൻഷാദും സംഘവും കോട്ടയത്തേക്ക് പോയി.അവർ എംസി റോഡിൽ എത്തിയതിന് ശേഷം മാത്രമാണ് ശ്വാസം നേരെ വീണത്.അവർ പോയ വഴിയൊക്കെ പിറ്റേന്ന് രാവിലെ വെള്ളത്തിലായി.പന്തളവും ചെങ്ങന്നൂരും കായലായി മാറി.അടൂരേക്കുള്ള യാത്രക്കിടയിൽ പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് ജംങ്ഷനിൽ വെച്ച് അൻഷാദിനെയും സംഘത്തെയും ഒരു പട്ടാള വണ്ടി ഓവർടേക്ക് ചെയ്ത് പോയി.അവൻ അക്കാര്യം എന്നെ വിളിച്ചു പറഞ്ഞു.

രാത്രി പത്ത് മണിയായിരിക്കുന്നു.പത്തനംതിട്ടയിൽ പട്ടാളം ഇറങ്ങിയിരിക്കുന്നു. എനിക്ക് ഓഫീസിൽ ഇരിക്കാൻ പറ്റുന്നില്ല.നല്ല യാത്രാക്ഷീണവും പിന്നെ ആകെ നനഞ്ഞതിന്‍റെ അസ്വസ്ഥതകളുമൊക്കെയുണ്ട്.എന്നാലും ക്യാമറാമൻ അക്ഷയ് യോട് മടിച്ചാണെങ്കിലും ചോദിച്ചു…നമുക്കൊന്ന് പോയി നോക്കിയാലോ എന്ന്..

പിന്നെന്താ ചേട്ടാ, പോയി നോക്കാമെന്ന് പറഞ്ഞ് അക്ഷയ് ക്യാമറയും ലൈറ്റും ട്രൈപ്പോഡുമായി റെഡിയായി.മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ഏഷ്യാനെറ്റ് ന്യൂസ് ലോഗോയുള്ള മൈക്ക് കയ്യിലെടുത്തു.പത്തനംതിട്ട ബ്യൂറോയിലെ ഡ്രൈവർ അനൂപ് വണ്ടിയെടുത്തു.കോഴഞ്ചേരി റൂട്ടിൽ വണ്ടിയോടി.ഇലന്തൂർ കഴിഞ്ഞപ്പോൾ മുന്നിൽ ഒരു ബസ്.അതിനു മുന്നിൽ കേരളാ പൊലീസിന്‍റെ ജീപ്പ്.ബസ് CH രജിസ്ട്രേഷനാണ്.അതിൽ കോമോഫ്ലാഗ് യൂണിഫോം ധരിച്ചവ‍ർ.അവരെ ഓവർടേക്ക് ചെയ്യേണ്ടതില്ലെന്ന് ഞാൻ അനൂപിനോട് പറഞ്ഞു.കാരണം അവർ എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ലല്ലോ.അവർക്ക് പിന്നാലെ പോയി.കോഴഞ്ചേരിക്കടുത്ത് തെക്കേമല ജംങ്ഷനിൽ നിന്ന് ആ രണ്ട് വണ്ടികളും ഇടത്തോട്ട് തിരിഞ്ഞു.ആറന്മുള ഭാഗത്തേക്ക്.ആ വഴിയാണ് ചെങ്ങന്നൂരേക്കും പോകുന്നത്.ആ ബസിന് പിന്നാലെ ഞങ്ങളും ആറന്മുള റോഡിലേക്ക് തിരിഞ്ഞു.ഒരു മുന്നൂറ് മീറ്റർ പോയിട്ടുണ്ടാകും.

അവിടെ മൂന്ന് ഫയർ എഞ്ചിനുകൾ. പൊലീസ് വാഹനങ്ങൾ. വലീയ പൊലീസ് ബസ്. ജനറേറ്ററിൽ അസ്കലൈറ്റ് പ്രകാശിക്കുന്നു. ഞാൻ കാറിൽ നിന്നിറങ്ങി.വിഷ്വലുകൾ എടുക്കാൻ അക്ഷയോട് പറഞ്ഞു.മൈക്കുമായി ഞാൻ മുന്നോട്ട് നടന്നു.നൂറ് മീറ്റർ നടന്നപ്പോൾ പിന്നെ വെള്ളമല്ലാതെ വേറെയൊന്നും കാണാനില്ല.എനിക്ക് കൈവെള്ളപോലെ അറിയാവുന്ന റോഡ് കാണാനില്ല.താഴെ പാടത്ത് നിന്ന് ഇത്തിരി ഉയർന്നിട്ടാണ് റോഡുള്ളത്.പക്ഷേ ഇപ്പോഴവിടെ പാടവുമില്ല റോഡുമില്ല.മൊത്തം വെള്ളം.പ്രളയം തന്നെ.ഏതൊക്കെയോ പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അവിടെയുണ്ട്.നാട്ടുകാരായ കുറേപ്പേരുമുണ്ട്.ആറന്മുള എംഎൽഎ വീണാ ജോർജ്ജ് അവിടെ മുട്ടറ്റം വെള്ളത്തിലിറങ്ങി പ്രളയജലത്തെ നോക്കി നിൽക്കുന്നു. തഹസിൽദാരുമാരായ രണ്ട് സ്ത്രീകളും ഒപ്പമുണ്ട്.എല്ലാവരുടെയും മുഖത്ത് ഭയം നിഴലിക്കുന്നത് കണ്ടു.എന്ത് ചെയ്യണമെന്നറിയാതെ പൊലീസും ഫയർഫോഴ്സും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

നോക്കി നിൽക്കുന്നതിനിടയിൽ വെള്ളം പിന്നെയും കയറി വരികയാണ്.ഞാൻ നിന്ന സ്ഥലത്ത് പാദം വെള്ളത്തിലായി കഴിഞ്ഞു.റോഡിന് വലത് വശത്ത് ഇത്തിരി ഉയർന്ന സ്ഥലത്തെ വീടിന്‍റെ മുറ്റത്ത് ആളുകൾ കൂടി നിൽക്കുന്നുണ്ട്.അപ്പോഴേക്കും പത്തനംതിട്ടയിലെ പഴയകാല സുഹൃത്തും ദേശാഭിമാനി ഫോട്ടോഗ്രാഫറുമായ ജയകൃഷ്ണൻ സ്ഥലത്തെത്തി.ഞങ്ങൾ പരസ്പരം കൈയ്യിൽ മുറുകെ പിടിച്ചു നിന്നു.മുന്നിൽ നോക്കാത്താ ദൂരത്തോളം വെള്ളം.അങ്ങനെ നിൽക്കുന്നതിനിടയിൽ ദൂരെ നിന്ന് ഒരു ടോർച്ച് മിന്നി.ആ വെളിച്ചം അടുത്തടുത്ത് വരികയാണ്.പെട്ടന്ന് കരയിൽ നിന്ന എല്ലാവരും തയ്യാറായി.ഒരു വള്ളം കരയിലേക്ക് വരികയാണ്.പൊലീസും ഫയർഫോഴ്സും വെള്ളത്തിലേക്കിറങ്ങി തയ്യാറെടുത്തു.

വേഗത്തിൽ വരുന്ന വള്ളത്തെ എല്ലാവരും ചേർന്ന് പിടിച്ചു നിർത്തി. നടുറോഡിലൂടെയാണ് ആ വള്ളം വന്നതെന്ന് ഓർക്കണം.അത്രയും വെള്ളം കയറിക്കിടക്കുകയാണ്.വള്ളത്തിലെത്തിയരൊക്കെ ക്ഷീണിതരാണ്.അവരെ അവിടെക്കിടന്ന ഒരു ആംബുലൻസിലേക്ക് കയറ്റി.ഏറെ നേരമായി അവർ വെള്ളത്തിൽ തന്നെ നിന്നവരാണ്.ആ വന്നവരുടെ കണ്ണുകളിൽ അവർ ഉപേക്ഷിച്ചു പോന്ന വീടുകളെപ്പറ്റിയുള്ള ആധിയാണ്.അവരുപേക്ഷിച്ച് പോന്ന വളർത്തു മൃഗങ്ങളെപ്പറ്റിയുള്ള സങ്കടമാണ്.അവരുമായി ആ ആംബുലൻസ് തൊട്ടടുത്ത പള്ളിയുടെ ഓ‍ഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്ന ദുരിതാശ്വാസ ക്യാംപിലേക്ക് പാഞ്ഞു.

സമയം പത്തര കഴിഞ്ഞു.കരയിലിൽ ഉറപ്പിച്ചിരിക്കുന്ന അസ്കലൈറ്റല്ലാതെ വേറൊരു വെളിച്ചവും ആ പ്രദേശത്തില്ല.ഇന്നിനി രക്ഷാപ്രവർത്തനം സാധ്യമല്ല. വെളിച്ചമില്ല.ഏതൊക്ക വഴിയിലൂടെ പോകാമെന്നോ എവിടെക്കാണ് എത്തുന്നതെന്നോ ഒരു പിടിയുമില്ല.ഒരൊറ്റ വള്ളം മാത്രമാണ് അവിടെ ആ നേരമത്രയും ആളുകളെ കരയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.വള്ളം ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഇനി ഈ രാത്രിയിൽ നടക്കില്ല.

നേരം വെളുക്കണം.അതിന് ഇനിയും മണിക്കൂറുകളുണ്ട്.വെള്ളം അടിവെച്ച് അടിവെച്ച് കയറി വരികയാണ്.പക്ഷേ ഈ രാത്രി പുലരാതെ ഇനി ഒന്നും ചെയ്യാനാകില്ല.അപ്പോഴേക്കും മൊബൈൽ ഫോണിലേക്ക് വിളികൾ വന്നുതുടങ്ങിയിരുന്നു.ഏറെപ്പേരും അവസാന ആശ്രയമെന്ന നിലയിലാണ് മാധ്യമ പ്രവർത്തകരുടെ ഫോണിലേക്ക് വിളിക്കുന്നത്.വിളികളുടെ എണ്ണം മിനിട്ടുവെച്ചെന്നോണം കൂടിക്കൂടി വന്നു.അവയൊക്കെ അപ്പപ്പോൾ ജില്ലാ ഭരണകൂടത്തിന് എത്തിച്ചുകൊടുത്തുകൊണ്ടുമിരുന്നു, പക്ഷേ നേരം വെളുക്കാതെ ഒന്നും ചെയ്യാനാകില്ല.ചുറ്റും വെള്ളവും പിന്നെ ഇരുട്ടും.

അതിനിടയിൽ അവിടെ നിന്ന് അപ്പോഴത്തെ അവസ്ഥയും നിസ്സഹായാവസ്ഥയും പിന്നെ പട്ടാളക്കാർ വന്നതുമൊക്കെച്ചേ‍ർത്ത് ഡെഫേർഡ് എടുത്ത് തിരികെ ഓഫീസിലേക്ക് പോരാൻ കാറിൽ കയറി.കുറേ നേരം കണ്ണടച്ചിരുന്നു.വെള്ളത്താൽ ചുറ്റപ്പെട്ട് വീടുകളിൽ കഴിയേണ്ടി വന്ന മനുഷ്യരെപ്പറ്റിയാണ് ഓർത്തതത്രയും. എന്തൊരു നിസ്സാഹായാവസ്ഥയാണ് അത്.തൊട്ടു തലേദിവസം വരെ എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആളുകളാണ് ഒരൊറ്റ രാത്രി വെളുത്തപ്പോഴേക്കും നിസ്സഹായരായി സ്വന്തം വീടുവിട്ട് പാലായനം ചെയ്യേണ്ടി വരുന്നത്.ഒരു ആയുസുകൊണ്ട് മൊത്തം അധ്വാനിച്ചുണ്ടാക്കിയ വീടും ചുറ്റുപാടുമാണ് വെള്ളം കയറി ഇല്ലാതെയാകുന്നത്.ആ നിസ്സഹായതയേക്കാൽ വലുതായി എന്താണ് വേറെയുള്ളത്.ഉള്ളിലൊരു ഭാരം കൂടിക്കൂടി വന്നു.അത് പതിയെ കണ്ണീരായി താഴെ വീണുപോയി.അതിനിടയിൽ ഓഫീസിലെത്തി.പുറത്ത് റൂമെടുത്തെങ്കിലും ഓഫീസ് സ്റ്റുഡിയോയിൽ ശ്യാമിന്‍റെ (പത്തനംതിട്ട റിപ്പോർട്ടർ) ബെഡ് എടുത്തിട്ട് ഞാൻ ഭാരമേറിയ മനസുമായി കിടന്നു.പതിയെ ഉറക്കം കണ്ണുകളെ പിടികൂടി.പുറത്ത് പിന്നെയും മഴയ്ക്ക് ശക്തി കൂടി.

ഉറക്കം പ്രളയ ജലത്തിനും മുകളിലെത്തി കണ്ണുകളെ ബലമായി അടപ്പിച്ചതിന്‍റെ തൊട്ടടുത്ത നിമിഷം മൊബൈൽ ഫോൺ പിന്നെയും ചിലച്ചു.തറയിൽമുക്ക് എന്ന സ്ഥലത്തു നിന്നാണ്. “രക്ഷിക്കണം സാറെ, തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിന്നാ നിങ്ങളുടെ നമ്പർ തന്നത്, രക്ഷിക്കണം.വീട്ടിൽ എട്ട് മാസം പ്രായമായ കുഞ്ഞുമായി ഒരമ്മ രണ്ടാം നിലയിൽ നിൽക്കുന്നു.രണ്ടാം നിലയുടെ തറയിൽ വരെ വെള്ളമെത്തി.വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്.കുഞ്ഞിനെ കൈയ്യിൽ എടുത്ത് പിടിച്ച് നിൽക്കുകയാണ്.രക്ഷിക്കണം.”

അതുവരെ പിടിച്ചു നിന്ന എന്‍റെ നിയന്ത്രണം പോയി.അവരോട് എന്ത് പറയും. രക്ഷിക്കാമെന്നോ, അതോ നാളെ രാവിലെ വരെ അങ്ങനെ തന്നെ നിൽക്കൂ, ആരെങ്കിലും വരുമെന്നോ.എന്താണ് അപ്പോൾ പറയേണ്ടത്.സത്യം പറയാൻ തന്നെ തീരുമാനിച്ചു. “നിലവിൽ രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണ്. വെളിച്ചമില്ല.എവിടേയ്ക്കാണ് വരേണ്ടതെന്ന് വള്ളക്കാർക്ക് അറിയാനാകില്ല. അതുകൊണ്ട് നാളെ രാവിലെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ.5 മണിവരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം.വേറെയൊന്നും ചെയ്യാനാകില്ല.”

കോൾ കട്ടായി.കിടന്നിട്ട് ഉറക്കം വരുന്നില്ല.ഒന്ന് ആലോചിച്ച് നോക്കൂ.ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് പിടിച്ച് യുവതിയായ ഒരമ്മ മണിക്കൂറുകളായി നിന്ന നിൽപ്പ് നിൽക്കുകയാണ്.വീടിന്‍റെ രണ്ടാം നിലയിൽ.അവിടെ പാദത്തോളം വെള്ളം കയറിയിരിക്കുന്നു.ഉറക്കം വരുന്നില്ല.മൊബൈലെടുത്തു.സ്ഥലത്ത് തന്നെ നിൽക്കുന്ന ജയകൃഷ്ണനെ വിളിച്ചു.കാര്യം പറഞ്ഞു.എംഎൽഎ സ്ഥലത്തുണ്ടെങ്കിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.വീണാ ജോർജ്ജിനോട് കാര്യം പറഞ്ഞു.നാളെ രാവിലെ ആദ്യത്തെ ബോട്ടിൽ അവരെ രക്ഷിക്കണമെന്ന് പറയുമ്പോൾ എന്‍റെ വാക്കുകൾ മുറിഞ്ഞിരുന്നു.

രാവിലെ തന്നെ അവരെ രക്ഷിക്കാമെന്ന് എംഎൽഎ വാക്കുതന്നു.പിന്നെയും കനംതൂങ്ങിയ മനസുമായി വെള്ളത്താൽ ഹൃദയം മുറിഞ്ഞ മനുഷ്യരെ ഓർത്ത് തിരിഞ്ഞു മറിഞ്ഞും കിടന്നു.എപ്പോഴോ ഉറങ്ങിപ്പോയി. അപ്പോഴും ആറന്മുളയിൽ വെള്ളം കയറിക്കൊണ്ടേയിരുന്നു…

മൊബൈലിലെ അലാറം പൂവൻകോഴിയുടെ ശബ്ദത്തിൽ വിളിച്ചുണർത്തി.സമയം പുലർച്ചെ നാല് മണി.5 മണിക്ക് ബുള്ളറ്റിൻ തുടങ്ങും.ഇന്നലെ പുലർച്ചെ 2നാണ് ബുള്ളറ്റിൻ അവസാനിച്ചത്.പുലർച്ചെ ആയതിനാൽ പതിനഞ്ച് മിനിട്ടുകൊണ്ട് ഓഫീസിൽ നിന്ന് തെക്കേമലയെത്താം.നാലേ കാലിന് ഓഫീസിൽ നിന്നിറങ്ങി.നാലരയ്ക്ക് വാര്യാപുരത്ത് വെച്ച് പിന്നാലെ വന്ന ഒരു ഇന്നോവ ഞങ്ങളെ കടന്നു പോയി.ആറന്മുള എംഎൽഎ വീണാ ജോർജ്ജ്.

തെക്കേമലയിൽ നിന്ന് തിരിഞ്ഞ് ആറന്മുള റോഡിലെത്തി.രാവിലെ പൊലീസും ഫയർഫോഴ്സും ഇന്നലെ രാത്രി കണ്ട പട്ടാളക്കാരുമൊക്കെയുണ്ട്.പുലർച്ചെ തന്നെ കൂടുതൽ ബോട്ടുകളെത്തി.കൊല്ലത്ത് നിന്ന് 7 ബോട്ടുകൾ ആറന്മുളയിലേക്കെത്തി. തെക്കേ മല മുതൽ റോഡരികിൽ പാണ്ടിലോറികളിൽ മൂന്നാല് ബോട്ടുകൾ കണ്ടു.വേറെ മൂന്നെണ്ണം പുലർച്ചെ തന്നെ രക്ഷാ പ്രവർത്തനത്തിനായി സജ്ജമായിക്കഴിഞ്ഞു. ഇരട്ട എഞ്ചിനുകൾ ഘടിപ്പിച്ച് വെളിച്ചം വീഴാനായി കാത്തിരിക്കുകയായിരുന്നു അവർ.നാലേമുക്കാലോടെ വെട്ടം വീണുതുടങ്ങി.ആദ്യത്തെ ബോട്ട് കരകാണാത്ത വെള്ളത്തിലൂടെ പാഞ്ഞുപോയി.കേരളത്തിന്‍റെ സൈന്യത്തിന്‍റെ ആദ്യ രക്ഷാദൗത്യം.പിന്നാലെ ബാക്കി രണ്ട് ബോട്ടുകളും രക്ഷാ പ്രവർത്തനത്തിറങ്ങി.എഞ്ചിൻ പ്രവർത്തിപ്പിക്കുന്ന ഒരാളും നാട്ടുകാരായ ഒരാളും പൊലീസിലെയും ഫയർഫോഴ്സിലെയും ഓരോരുത്തർ.പിന്നെ മത്സ്യത്തൊഴിലാളിയായ ഒരാൾക്കൂടി.അങ്ങനെ 5 പേരാണ് രക്ഷാദൗത്യത്തിനായി ഓരോ ബോട്ടിലും നിലയില്ലാ വെള്ളത്തിലേക്ക് പോയ്ക്കൊണ്ടിരുന്നത്.

ആ ബോട്ടുകൾ പോയതോടെ നേരത്തേ റോഡിലുണ്ടായിരുന്ന ബോട്ടുകളും വെള്ളത്തിലിറക്കാനായി കൊണ്ടുവന്നു.നാട്ടുകാരും മത്സ്യത്തൊഴിലാളികളും പൊലീസും ഫയർഫോഴ്സും പട്ടാളക്കാരും എല്ലാം ചേർന്ന് വളരെ ശ്രമപ്പെട്ടാണ് ഓരോ ബോട്ടും താഴെയിറക്കിയത്.അഞ്ചരയോടെ ബാക്കി നാല് ബോട്ടുകളും പ്രവർത്തന സജ്ജമായി.അതിനിടെ രക്ഷാപ്രവർത്തനത്തിന് പോയ ആദ്യബോട്ട് തിരികെയെത്തി.അതിൽ കൈക്കുഞ്ഞുമായി ഒരു അമ്മയുണ്ടായിരുന്നു.കുഞ്ഞിനെ കൈയ്യിൽ വാങ്ങി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആംബുലനസിലേക്ക് ഓടിക്കയറി.പിന്നാലെ ആ കുഞ്ഞിന്‍റെ അമ്മയെ താങ്ങിപ്പിടിച്ച് ആംബുലൻസിലേക്ക് എത്തിച്ചു.

ആ ബോട്ടിൽ മാത്രം മുപ്പതോളം പേരെയാണ് രാവിലെ തന്നെ രക്ഷപെടുത്തിക്കൊണ്ടു വന്നത്.അതോടെ രക്ഷാപ്രവർത്തനം സജീവമായി.പരിസരങ്ങളിൽ കിട്ടാവുന്ന എല്ലാ ആംബുലൻസുകളും ആറന്മുള റോഡിലെ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് എത്തി.ഓരോ ബോട്ടുകളായി കരയിലേക്ക് വന്നുകൊണ്ടേയിരുന്നു.ആംബുലനസുകൾ ഓരോ ബോട്ടിലും എത്തുന്നവരുമായി ചീറിപ്പാഞ്ഞു.വൈദ്യസഹായം വേണ്ടവർക്കായി ഡോക്ടേഴ്സ് തയ്യാറായി നിന്നു.അല്ലാത്തവർക്കായി തെക്കെമലയ്ക്ക് പരിസരങ്ങളിലായി ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

ആദ്യ ഒരു മണിക്കൂറിൽ മാത്രം മുന്നൂറിലധികം പേർ കരയ്ക്കെത്തി.അവരിൽ കൈക്കു‍ഞ്ഞുങ്ങൾ മുതൽ കിടപ്പു രോഗികൾ വരെയുണ്ടായിരുന്നു.പലരെയും എടുത്തുകൊണ്ടാണ് ആംബുലൻസിലേക്ക് എത്തിച്ചത്.ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമായി ജീവനും കൊണ്ട് വീടുകളിൽ നിന്ന് രക്ഷപെട്ടെത്തിയ മനുഷ്യർ.ചിലരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ചിലർ നിസംഗരായി.ചിലർ ഭാര്യമാരുടെ കൈചേർത്ത് പിടിച്ച് നടന്നു പോയി.ഒന്നുമറിയാതെ ഉറക്കത്തിലായി കൈക്കുഞ്ഞുങ്ങൾ.അങ്ങനെ എത്രയെത്ര മനുഷ്യരാണ് വള്ളങ്ങളിൽ വന്നിറങ്ങി ഞങ്ങൾക്ക് മുന്നിലൂടെ ആംബുലൻസുകളിലേക്ക് നടന്നു കയറിപ്പോയത്.നാളെ എങ്ങനെ ജീവിക്കും എന്നുപോലും അറിയാത്ത നിസ്സഹായരായ മനുഷ്യർ.

ഇതിനിടയിലെല്ലാം വള്ളങ്ങൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.ഏതു സ്ഥലത്താണോ ആളുകൾ കുടുങ്ങിക്കിടക്കുന്നത് ആ സ്ഥലം അറിയാവുന്ന ആളെയും വള്ളത്തിൽ കയറ്റിയാണ് മത്സ്യത്തൊഴിലാളികൾ നിലയില്ലാ വെള്ളത്തിൽ ആളുകളെ തെരഞ്ഞ് പോകുന്നത്.അതുകൊണ്ട് തന്നെ വള്ളത്തിൽ കയറിപ്പറ്റാൻ നാട്ടുകാരുടെ ബഹളമായി.ആരെങ്കിലും കയറിപ്പറ്റും.അവർ പറയുന്ന സ്ഥലത്തേക്ക് വള്ളം പോകും.കൂടുതൽ ആളുകൾ വള്ളങ്ങളിലേക്ക് കയറാന ഇരച്ചെത്തിയതോടെ പൊലീസിന് ആളുകളെ സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നു.

തത്കാലത്തേക്ക് അവിടെ നിന്ന് മാറുന്നവർ പിന്നെയും പിന്നെയും വള്ളങ്ങൾക്ക് അരികിലേക്ക് എത്താൻ തുടങ്ങി.അതോടെ മത്സ്യത്തൊഴിലാളികൾ തന്നെ ഇടപെട്ടു. ഏറ്റവും ആദ്യം എത്തേണ്ടയിടത്തെപ്പറ്റി അവർ തന്നെ ഒരു പ്ലാനുണ്ടാക്കി.കുട്ടികൾ കുടുങ്ങിക്കിടക്കുന്നത് അറിയാവുന്നവരുണ്ടെങ്കിൽ കയറൂ എന്ന് പറഞ്ഞു.പിന്നെ രോഗികളായ ആളുകളെ കൊണ്ടുവരാമെന്ന തീരുമാനം.ആരോഗ്യമുള്ള, കുറേസമയം കൂടി വെള്ളത്തിൽ നിൽക്കാൻ കഴിയുന്നവരെ ഇത്തിരി കൂടി സമയമെടുക്ക് രക്ഷപെടുത്താമെന്ന തന്ത്രപ്രധാന നിലപാടാണ് മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചത്.അതെന്നെ അത്ഭുതപ്പെടുത്തി.നമ്മുടെ പൊലീസും തഹസീൽദാരുമൊക്കെ പരാജയപ്പെട്ടിടത്താണ് സെക്കന്‍റുകൾക്കൊണ്ട് അവർ പ്രശ്നം പരിഹരിച്ചത്.

പത്തുമണിയോടെയാണ് യഥാർത്ഥ പ്രശ്നം ഉടലെടുക്കുന്നത്.വെള്ളത്തിൽ പെട്ടു കിടക്കുന്നവർ രണ്ട് ദിവസമായി കുടിവെള്ളം പോലുമില്ലാതെ കിടക്കുകയാണ്. രക്ഷാപ്രവർത്തകരെ കാണുമ്പോൾ അവർ ആദ്യം ആവശ്യപ്പെടുന്നത് വെള്ളമാണ്.പക്ഷേ വെള്ളമില്ല.ആ സമയത്താണ് നാട്ടിലെ ചെറുപ്പക്കാർ വെള്ളമെത്തിക്കാൻ തയ്യാറായത്.ഇലന്തൂരിൽ നിന്നുള്ള ചെറുപ്പക്കാരുടെ കൂട്ടം ആ ദൗത്യം ഏറ്റെടുത്തു.എന്‍റെ സുഹൃത്ത് ഉണ്ണിമാധവനാണ് അതിന് ചുക്കാൻ പിടിച്ചത്.

ആദ്യം ഇലന്തൂരെ കടകളിൽ നിന്ന് പാക്കറ്റ് കണക്കിന് കുപ്പിവെള്ളമെത്തിച്ചു. കുപ്പികൾ കളയരുതെന്നും തിരികെ എത്തിക്കണമെന്നും നിർദ്ദേശം കൊടുത്തു.കടകളിലെ സ്റ്റോക്ക് വെള്ളം തീർന്നതോടെ ഒരു കൂട്ടം ചെറുപ്പക്കാർ കുപ്പികൾ ശേഖരിക്കാൻ തുടങ്ങി.മറ്റൊരു കൂട്ടം ചെറുപ്പക്കാർ വീടുകളിൽ നിന്ന് വെള്ളം ശേഖരിക്കാനും പോയി.അര മണിക്കൂർ കൊണ്ട് കുടിവെള്ള പ്രശ്നം പരിഹരിച്ചു.രക്ഷാപ്രവർത്തകർക്കും ദുരിതത്തിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നവർക്കും ആവശ്യത്തിന് കുടിവെള്ളം സ്ഥലത്തെത്തി.മഴ പിന്നെയും തകർത്ത് പെയ്യുകയാണ്.

വെള്ളത്തിന് പിന്നാലെയാണ് ഭക്ഷണമെന്ന ആവശ്യം ഉരുത്തിരിഞ്ഞ് വന്നത്.14ന് രാത്രി മുതൽ വെള്ളത്തിലാണ് പലയിടത്തെയും ആളുകൾ.14 രാത്രിയും 15 പകലും 15ന്‍റെ രാത്രിയും പിന്നിട്ടിരിക്കുന്നു.ഭക്ഷണം കിട്ടാതെയാണ് പലരും വീടുകളിൽ കഴിയുന്നത്. ഏത് നിമിഷവും ആളുകൾ തളർന്ന് വീഴാം. മരുന്നു കഴിക്കുന്നവരുണ്ട്.അവരൊക്കെ ഏതാണ്ട് അവശ നിലയിലായിക്കഴിഞ്ഞു. അവർക്ക് ഭക്ഷണവും മരുന്നുമെത്തിക്കണം.പിന്നെയും ചെറുപ്പക്കാർ സംഘടിച്ചു. വെള്ളം കയറാത്ത വീടുകളിൽ നിന്ന് പൊതികൾ കെട്ടിത്തരാൻ ആവശ്യപ്പെട്ടുകൊണ്ട് പിന്നെയും ചെറുപ്പക്കാർ സമീപ വീടുകളിലേക്ക് ഓടി.ആ ഓടിയവരിൽ സേവാഭാരതിക്കാരും യൂത്ത്കോൺഗ്രസ്കാരും, ഡിവൈഎഫ്ഐക്കാരുമെല്ലാമുണ്ടായിരുന്നു.

ഒന്നൊന്നര മണിക്കൂർ കൊണ്ട് ആയിരത്തോളം പൊതിച്ചോറുകൾ ആറന്മുളയിലെ രക്ഷാദൗത്യം നടക്കുന്ന സ്ഥലത്തേക്കെത്തി.കടകളിൽ നിന്ന് കിട്ടാവുന്ന ഭക്ഷ്യയോഗ്യമായ എല്ലാ വസ്തുക്കളും രക്ഷാദൗത്യം നടക്കുന്ന സ്ഥലത്തേക്ക് ആളുകൾ എത്തിച്ചുകൊണ്ടേയിരുന്നു.അതിനിടയിൽ തന്നെ ബോട്ടുകൾക്കു വേണ്ട ഇന്ധനം വാങ്ങാനും അവരെ സഹായിക്കാനുമെല്ലാം ചെറുപ്പക്കാർ തയ്യാറായി വന്നു.രക്ഷാപ്രവർത്തനം അതിന്‍റെ എല്ലാ ഊർജ്ജത്തിലും ആറന്മുള കേന്ദ്രീകരിച്ച് തുടർന്നു.

അതിനിടെ ദേശീയ ദുരന്ത നിവാരണസേനയുടെ 5 ടീമുകൾ ആറന്മുളയിലെത്തി. ഡിങ്കികളുമായി അവരും തയ്യാറെടുത്തു.ചെറിയ ബോട്ടുകളാണ്.അതിൽ എഞ്ചിൻ ഘടിപ്പിച്ചാണ് അവർ രക്ഷാദൗത്യം നടത്തുന്നത്.രാജ്യത്തിന്‍റെ പല ഭാഗത്തും ദുരന്തസമയത്ത് ആളുകളുടെ രക്ഷക്കെത്തുന്ന സേന.അവരും കൂടി എത്തിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമായി.

സന്ധ്യയായി. ഇരുട്ട് വീണ് തുടങ്ങി.സൈന്യവും ദുരന്തനിവാരണ സേനയും 6 മണിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.പക്ഷേ അപ്പോഴും മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യവുമായി നിലയില്ലാത്ത വെള്ളത്തിനു മുകളിലൂടെ തുരുത്തുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നവരെ രക്ഷപെടുത്താനായി പൊയ്ക്കോണ്ടേയിരുന്നു..

അവർ പറയുന്നുണ്ടായിരുന്നു..ഞങ്ങൾ കടലിൽ പോകുന്നവരാണ്.ഈ വെള്ളമൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല.ഞങ്ങൾക്ക് ഒരു ലൈറ്റ് തന്നാൽ മതി, ഒരു ലൈറ്റ് മാത്രം..ഈ രാത്രിയിലും ഞങ്ങൾ രക്ഷാപ്രവർത്തനം നടത്താൻ തയ്യാറാണ്.ഞങ്ങൾ പോയി ആളുകളെ രക്ഷപെടുത്തിക്കൊണ്ടുവരാം.ഞങ്ങൾക്കതിനുള്ള ധൈര്യമുണ്ട്.” പക്ഷേ അവ‍ർക്കുള്ള ലൈറ്റുകൾ എത്തിച്ചുകൊടുക്കാൻ നമുക്കായില്ല.രാത്രി ഒൻപത് മണിയോടെ അവരും രക്ഷപ്രവർത്തനം അവസാനിപ്പിച്ച് കരയ്ക്ക് കയറി.ഇപ്പോൾ പക്ഷേ വെള്ളം കൂടുതലായി കയറുന്നില്ല.പക്ഷേ കയറിയ വെള്ളം ഇറങ്ങുന്നുമില്ല.അങ്ങനെ തന്നെ തുടരുകയാണ്.

തിരകെ ഓഫീസിലേക്ക് എത്തി.ഞാനും ശ്യാമും സുഭാഷും അക്ഷയും പിറ്റേദിവസത്തെ പ്ലാനിനായി ഇരുന്നു.അതിനിടയിൽ ഞാൻ ശ്യാമിനോട് പറഞ്ഞു. ശ്യാമേ നാളെ മുതൽ മൃതശരീരങ്ങൾ കരയിലേക്കെത്തും.അതിൽ പ്രായമായവരും കുഞ്ഞുങ്ങളും ഉണ്ടാകും.നമ്മളെങ്ങളെ അത് റിപ്പോർട്ട് ചെയ്യും. കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.പിന്നെ റിപ്പോർട്ട് ചെയ്തല്ലേ പറ്റൂ എന്ന് എല്ലാവരും തിരിച്ചറിഞ്ഞു.എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോഴും രക്ഷപെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിളികൾ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു.അരുതാത്ത കാഴ്ചകളൊന്നും നാളെ കാണേണ്ടി വരരുതെയെന്ന് മനസുകൊണ്ട് പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.