കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്.
14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് ഹോസ്‌റ്റലിൽ എത്തിയപ്പോഴാണ് ജലദോഷവും തൊണ്ടയ്‌ക്ക് പ്രയാസവും അനുഭവപ്പെട്ടത്. പിറ്റേന്ന് രാവിലെ ഫീവര്‍ ക്ലിനിക്കിൽ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയച്ചു. ഇതോടെ പ്രത്യേക മുറിയിൽ കഴിയാൻ നിർദേശം കിട്ടി. സമ്പർക്കമുണ്ടായവരുടെ വിവരങ്ങൾ ഡോക്‌ടർമാർ തിരക്കിയതോടെ ഉൽക്കണ്‌ഠയായി.
പിറ്റേന്ന് ശരീരം മൂടുന്ന ഉടുപ്പും മാസ്‌കുമൊക്കെ ധരിച്ച് ഡോ.ഹരികൃഷ്‌ണൻ മുറിയിലേക്ക് വന്നപ്പോൾ തന്നെ ഉറപ്പിച്ചു പരിശോധനാഫലം പോസിറ്റീവാണെന്ന്. മടിച്ചുമടിച്ചാണ് ഡോക്‌ടർ കാര്യം പറഞ്ഞത്. ചെറിയ ആശങ്ക തോന്നിയെങ്കിലും ഡോക്‌ടർമാരും സഹപ്രവർത്തകരും ധൈര്യം പകർന്നു.
രണ്ടാഴ്‌ചത്തെ ഐസൊലേഷൻ വാർഡ് വാസം അത്ര കഠിനമായിരുന്നില്ല. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല എന്ന് രേഷ്‌മ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രേഷ്‌മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ഇനി 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിന് ശേഷം കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയാറാണെന്നും രേഷ്മ പറയുന്നു. എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എഞ്ചിനീയറാണ്.
വിവരങ്ങൾക്ക് കടപ്പാട് – കെ.കെ. ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പേജ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.