മത്സരയോട്ടങ്ങൾക്കും ഓവർടേക്കിംഗിനും പേരുകേട്ടവരാണ് കേരളത്തിലെ ചില പ്രൈവറ്റ് ബസുകാർ. പ്രൈവറ്റ് ബസ്സുകാരുടെ പരാക്രമങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ റൂട്ടാണ് തൃശ്ശൂർ – പാലക്കാട്. ഈ റൂട്ടിലെ റോഡുകളെല്ലാം വീതികൂട്ടി മികച്ചതാക്കിയെങ്കിലും ഇരു ജില്ലകളുടെയും അതിർത്തി പ്രദേശമായ കുതിരാനിൽ ഇന്നും ട്രാഫിക് ബ്ലോക്ക് പതിവാണ്. ഇവിടെയാണ് പ്രൈവറ്റ് ബസ്സുകാർ സമയം നഷ്ടപ്പെടാതിരിക്കുവാൻ തങ്ങളുടെ കഴിവുകൾ പുറത്തെടുക്കുന്നതും.
കുറച്ചുനാളുകൾക്ക് മുൻപ് ഇത്തരത്തിൽ ബ്ലോക്ക് വന്നപ്പോൾ ലൈനിൽ കാത്തുകിടക്കുകയായിരുന്ന മറ്റു വാഹനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് എതിർദിശയിൽക്കൂടി പതിവുപോലെ സഞ്ചരിച്ചു മുന്നോട്ടു പോയതാണ് തൃശ്ശൂർ – പാലക്കാട് റൂട്ടിലോടിയിരുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്. എന്നാൽ എതിർദിശയിൽ വന്നത് പോലീസ് വാഹനമായിരുന്നു. മറ്റു വാഹനങ്ങൾക്ക് കടന്നു പോകുവാൻ കഴിയാത്ത വിധത്തിൽ മറു ട്രാക്കിൽ കിടന്നിരുന്ന ബസ്സുകാരോട് അതേപടി പിന്നിലേക്ക് വിട്ടോളാൻ പോലീസ് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജീവനക്കാർ ബസ് പിന്നിലേക്ക് എടുക്കുകയാണുണ്ടായത്. കണ്ടുനിന്ന മറ്റു വാഹനങ്ങളിലുള്ളവർ ഈ കാഴ്ച കണ്ടു ബസ്സുകാരെ കളിയാക്കി ചിരിക്കുകയും ചെയ്തു. മര്യാദയ്ക്ക് മറ്റു വാഹനങ്ങളോടൊപ്പം കിടന്നിരുന്നെങ്കിൽ അവരോടൊപ്പമെങ്കിലും ബസ്സിനു രക്ഷപ്പെടാമായിരുന്നു. ഇതിപ്പോൾ ഏറ്റവും പിന്നിൽ പോയി കിടക്കേണ്ട അവസ്ഥയും വന്നു.
ഈ സംഭവമെല്ലാം ബ്ലോക്കിൽ കിടന്നിരുന്ന ഏതോ ഒരു വാഹനത്തിലെ യാത്രക്കാരൻ മൊബൈലിൽ വീഡിയോ പകർത്തുകയും ടിക്-ടോക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് ഇത് പുറംലോകമറിയുന്നത്. “പേടിയല്ല നീലകണ്ഠാ, എനിക്ക് സന്തോഷമാ, നീയിറങ്ങണം, പഴയ കണക്കുകളൊക്കെ തീർക്കേണ്ടെ” – ദേവാസുരത്തിലെ ഈ സൂപ്പർ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒപ്പം കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിലും വീഡിയോ ഷെയർ ചെയ്യപ്പെട്ടു.
വൻ ബ്ലോക്കിനിടെ അമിതവേഗത്തിൽ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് കൊടുത്ത മുട്ടൻ പണി ഫേസ്ബുക്കിലും യൂട്യുബിലും ഒക്കെ വൈറലായി മാറി. മണിക്കൂറുകളായുള്ള ബ്ലോക്കിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങളെയെല്ലാം പിന്നിലാക്കി ഓവർ സ്മാർട്ട് കളിക്കാൻ നിന്ന ബസ് ഡ്രൈവറെക്കൊണ്ട് റിവേഴ്സ് എടുപ്പിച്ചാണ് പൊലീസുകാർ താരമായത്. ഒരറ്റത്തു നിന്നും ബ്ലോക്ക് ക്ലിയർ ചെയ്തു വരുന്നതിനിടെയാണ് ബസ് ട്രാഫിക് പൊലീസിന്‍റെ മുന്നിൽ പെട്ടത്.
മണിക്കൂറുകളായി ബ്ലോക്കിൽ കുടുങ്ങി കിടന്നിരുന്ന മറ്റു വാഹനങ്ങളെയെല്ലാം മറികടന്നുള്ള ഡ്രൈവറുടെ ഈ അതിസാഹസികതക്ക് നൽകേണ്ട ശിക്ഷ സംബന്ധിച്ച് പൊലീസിനൊരു സംശയവുമുണ്ടായില്ല. അങ്ങനെയാണ് വരിതെറ്റിച്ച് കയറിപ്പോയ വഴിയിലൂടെ തന്നെ റിവേഴ്സിൽ പോകാൻ ബസ് ഡ്രൈവർ നിർബന്ധിതനായത്. റിവേഴ്സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വിഡിയോ അതിവേഗത്തിലാണ് മിന്നും താരമായി മാറിയത്.
സംഭവത്തിൽ സമയം ഇല്ലാത്തതുകൊണ്ടാണ് ബസ്സുകാർ ഇത്തരത്തിൽ ചെയ്തതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും, ഇത്രയധികം ആളുകൾ കാത്തുകിടക്കുമ്പോൾ ഇല്ലാത്ത ധൃതി എന്തിനാണ് എന്നാണ് മറ്റുള്ളവരുടെ മറുചോദ്യം. ആംബുലൻസ് പോലുള്ള വാഹനങ്ങളാണ് ഇത്തരത്തിൽ മറികടന്നു പോയിരുന്നതെങ്കിൽ അതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കാമായിരുന്നു. എന്നാൽ കൂടുതൽ ബ്ലോക്ക് ആക്കുന്നതരത്തിലുള്ള ബസ്സുകാരുടെ ഇത്തരം കടന്നുകയറ്റങ്ങൾക്ക് ഇതുപോലുള്ള തിരിച്ചടികൾ അനിവാര്യം തന്നെയാണെന്നാണ് പൊതുജനാഭിപ്രായം. എന്തായാലും ഈ സംഭവത്തിൽ പോലീസുകാർ ഹീറോയാകുകയും ബസ്സുകാർ നൈസായി ചമ്മിപ്പോകുകയും ചെയ്തു എന്നതാണ് വാസ്തവം.