നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം. ചിത്രപ്പണിയും പേരുമെഴുതി കുതിക്കുന്നവർ ശ്രദ്ധിക്കുക .. നിങ്ങൾക്ക് പിടിവീഴാം. നമ്പര്‍ പ്ലേറ്റുകളിൽ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

ഇംഗ്ലിഷ് അക്ഷരങ്ങളോടു സാദൃശ്യമുള്ള അക്ഷരങ്ങളെ തിരിച്ചും വളച്ചും ഇംഗ്ലിഷ് വാക്കുകളാക്കി നമ്പർ പ്ലേറ്റിൽ എഴുതിയ ഒട്ടേറെ വാഹനങ്ങൾ ഇതിനോടകം മോട്ടോർ വാഹന വകുപ്പിന്റെ വലയിലായിക്കഴിഞ്ഞു. 6055, 8055 എന്നീ റജിസ്ട്രേഷൻ നമ്പരുകളെ രൂപമാറ്റം വരുത്തി ഇംഗ്ലിഷിൽ ‘ബോസ്’ എന്ന് എഴുതിയിട്ടുള്ള ബൈക്കിന്റെ ഉടമയ്ക്ക് അടക്കം വകുപ്പ് നോട്ടിസ് അയച്ചുകഴിഞ്ഞു. 6045, 8045 എന്നീ റജിസ്ട്രേഷൻ നമ്പരുകളിൽ രൂപമാറ്റം വരുത്തി ‘ബോയ്സ്’ എന്ന് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചവരെയും കണ്ടെത്തി.

നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. കേന്ദ്ര സർക്കാരിന്റെ നിർദേശമാണെന്ന വ്യാപക പ്രചാരണം ഉണ്ടായതോടെയാണു സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളുടെ വിൽപന കുതിച്ചുയർന്നത്. എന്നാൽ ഇത്തരത്തിലൊരു നിബന്ധന സംസ്ഥാനത്തു നടപ്പാക്കിയിട്ടില്ലെന്നു വകുപ്പ് അറിയിച്ചു. കേന്ദ്ര മോട്ടോർ വാഹനവകുപ്പ് 50, 51 പ്രകാരമുള്ള നിബന്ധനകൾ അനുസരിച്ചു വേണം വാഹനങ്ങളുടെ നമ്പരുകൾ പ്രദർശിപ്പിക്കാ‍ൻ. ഇതു സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് ഓഫിസിൽനിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നോ ലഭിക്കും.

ചില ചരക്കു ലോറികൾ മനപ്പൂർവ്വം നമ്പർ പ്ളേറ്റ് മറച്ചു വെച്ചുകൊണ്ടാണ് റോഡിലൂടെ പോകുന്നത്. അധികമാരും ഈ കാര്യം ശ്രദ്ധിക്കാറുമില്ല. മണൽ കടത്തുന്ന ടിപ്പർ, ടോറസ് വണ്ടിക്കാരും ഇത്തരത്തിൽ ഉടായിപ്പ് പരിപാടികൾ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്പർ പ്ലേറ്റിൽ ചെളി തേച്ചുവയ്ക്കുക, പ്ലേറ്റ് ചളുക്കി രൂപമാറ്റം വരുത്തുക, ക്രാഷ് ഗാർഡ് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറയ്ക്കുക തുടങ്ങിയവയാണു പ്രധാനമായും ടിപ്പറുകളുടെയും ടോറസുകളുടെയും ഡ്രൈവർമാർ പുറത്തിറക്കുന്ന നമ്പരുകൾ. ഇക്കൂട്ടർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്. നിയമലംഘനം കണ്ടാൽ വാട്‌സാപ്പിൽ ചിത്രങ്ങൾ അയയ്ക്കാം നമ്പർ–8547639005.

കടപ്പാട് –  കേരള പോലീസ്, മനോരമ ഓൺലൈൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.