ഒരു വീട് പണി പൂർത്തിയാക്കുക എന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമായിരിക്കും. എന്നാൽ അതിനു തുനിഞ്ഞിറങ്ങിയാൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചെലവുകളോ? അത് അതികഠിനം തന്നെയാണ്. വീടുപണിയ്ക്കായുള്ള സാധനങ്ങൾ ഇറക്കി വെക്കുവാനായി സാധാരണ ആളുകൾ ചുമട്ടുകാരുടെ സഹായം തേടാറാണ് പതിവ്. എന്നാൽ ആ കൂലി കൊടുക്കുവാൻ അവതില്ലാത്ത പാവപ്പെട്ടവർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അയൽക്കാരുടെയോ ഒക്കെ സഹായം തേടും. അതല്ലാതെ വേറെ വഴിയില്ലല്ലോ.

എന്നാൽ കഴിഞ്ഞ ദിവസം ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീടുപണിയ്ക്കായുള്ള സാധനങ്ങൾ അടങ്ങിയ ലോഡ് ഇറക്കുവാൻ സഹായവുമായി എത്തിയത് സാക്ഷാൽ കേരള പോലീസ് ആയിരുന്നു. കൗതുകകരമായ, എന്നാൽ നന്മയുടെ കണികകൾ നിറഞ്ഞ ആ സംഭവം ഇങ്ങനെ. ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. അതിനിടെയാണ് എൻ.എ.ഡി കവലക്കു സമീപം ആ കാഴ്ച അവർ കണ്ടത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു സഹോദരി.

ചാറ്റൽ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാൻ ആ പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറക്കുന്നത് കണ്ടപ്പോൾ സമീപത്തുളള ചിലരും സഹായിക്കാനെത്തി. എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്. അതാണ്‌ പൊലീസിന് അഭിമാനവും ഉൾക്കരുത്തും പകരുന്നത്.

ഈ മനസ്സു നിറയ്ക്കുന്ന വാർത്തയും ചിത്രങ്ങളും “ഞങ്ങൾ നോക്കി നിൽക്കാറില്ല…കൂലിയും വാങ്ങാറില്ല…” എന്ന തലക്കെട്ടോടെ കേരള പോലീസ് ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അറിഞ്ഞവർ കേരള പൊലീസിലെ നന്മയുള്ള മനസ്സിനുടമകളായ ആ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണുണ്ടായത്. ഇതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

“പോലീസ് ചെയ്യുന്ന സൽപ്രവർത്തികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വിരളമാണ്. വീഴ്ചകളെ പർവ്വതീകരിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിക്കുകയും ചെയ്യന്നതാണധികവും. അതുകൊണ്ടു തന്നെ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അപൂർവമായി തോന്നുന്നത് സ്വാഭാവികം മാത്രമാണ്” എന്നാണ് അഭിനന്ദന കമന്റുകൾക്ക് മറുപടിയായി പോലീസിന്റെ ഭാഗത്തു നിന്നും വന്ന കമന്റ്. എന്തായാലും ഈ വാർത്തയും ചിത്രങ്ങളും കണ്ട ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ “ഇതാണ് നമ്മുടെ പോലീസ്. ഇങ്ങനെയാവണം പോലീസ്. അഭിനന്ദനങ്ങൾ..”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.