കൊറോണ വൈറസ് പടരുന്നത് മൂലം ലോകമെങ്ങും ലോക്ക്ഡൗണാണ്. നമ്മുടെ നാട്ടിലെ ഉത്സവങ്ങളും, പെരുന്നാളുകളും, വിവാഹങ്ങളും തുടങ്ങി പൊതുപരിപാടികളെല്ലാം മാറ്റി വെച്ചിരിക്കുന്ന സമയം. മാറ്റിവെക്കാൻ സാധിക്കാത്ത വിവാഹങ്ങൾ ആഘോഷങ്ങളില്ലാതെ ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. അങ്ങനെയൊരു വിവാഹച്ചടങ്ങിനിടയിലേക്ക് പോലീസ് കടന്നു വരുന്നു. വധൂവരന്മാരും ബന്ധുക്കളുമടക്കം ആദ്യമൊന്നു ഞെട്ടുന്നു. എന്നാൽ പിന്നീട് സംഭവിച്ചതോ? ആ വിശേഷങ്ങളാണ് ഒരു കുറിപ്പിലൂടെ വധുവിന്റെ ബന്ധുവും സിനിമാപ്രവർത്തകനുമായ സത്യൻ കൊളങ്ങാട് പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.
“ഭാര്യയുടെ ജ്യേഷ്ഠൻ്റെ മകളുടെ വിവാഹമായിരുന്നു. ലളിതമായ ചടങ്ങ്. ഉച്ചയോടെ വധൂവരന്മാർ ഇറങ്ങാൻ തുടങ്ങിയപ്പോൾ രണ്ടു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. “അയ്യോ പോലീസ്” എന്ന് കൂടി നിന്നവരിൽ ആരോ വിളിച്ചു പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വിവാഹമായിരുന്നു. പിന്നെന്താ പോലീസ്? പലരിലും ഉത്ക്കണ്ഠ.
ജീപ്പിൽ നിന്നിറങ്ങി കുറച്ചു പോലീസുകാർ മുറ്റത്തേക്ക് കടന്നു വന്നു. കൂട്ടത്തിൽ ഒരാൾ സ്വയം പരിചയപ്പെടുത്തി. “ഞാൻ സുധീഷ് കുമാർ; ബിനാനിപുരം CI ആണ്. ഇതെൻ്റെ സഹപ്രവർത്തകരാണ്. ഇന്ന് ഇവിടത്തെ പെൺകുട്ടിയുടെ വിവാഹമാണന്ന് സ്റ്റേഷനിൽ അറിയിപ്പു ലഭിച്ചിരുന്നു. വധൂവരന്മാരെ ഒന്ന് കാണാനിറങ്ങിയതാണ്” എന്നു പറഞ്ഞതിനു ശേഷം ഒരു പൊതി നൽകി. അതൊരു കേക്ക് ആയിരുന്നു.
ഒരു സ്വപ്നമാണോ എന്നു പോലും കൂടി നിന്നിരുന്നവർക്ക് തോന്നി. സത്യത്തിൽ അന്നു നടന്ന ലളിതമായ വിവാഹത്തെക്കുറിച്ച് ഒരു പോസ്റ്റിടണമെന്നാണ് വിചാരിച്ചത്. പക്ഷെ പോലീസുകാരുടെ ഈ സ്നേഹവായ്പിനെക്കുറിച്ച് സമൂഹത്തോട് പറയാതിരുന്നാൽ അതൊരു നന്ദികേടാവും.
ഈ കോവിഡ് കാലത്ത് ബിനാനിപുരം CI സുധീഷ് സാറും SI യും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കാണിച്ച സ്നേഹമസൃണമായ കരുതൽ പുതിയൊരു സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. വധൂവരന്മാരുടെ കൈകളിലേക്ക് നിങ്ങൾ കൈമാറിയ അപ്രതീക്ഷിതമായ ആ മധുരം അതേറ്റുവാങ്ങിയപ്പോൾ അവരുടെ കണ്ണുകൾ മാത്രമല്ല; പരിസരത്തുണ്ടായിരുന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
സ്നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങളുണ്ടെന്ന് കാണിച്ചു തന്ന, അവിചാരിതമായ ഈ അനുഭവം മനോഹരമായ ഒരു ഓർമ്മയായി ഞങ്ങളത് ഹൃദയത്തിൽ സൂക്ഷിക്കും. CI സുധീഷ് സാറിനും സഹപ്രവർത്തകർക്കും നന്ദി. Big Salute Kerala Police. കേരള പോലീസ് എന്നും ജനങ്ങളോടൊപ്പം.”