“ചേട്ടൻ ക്ഷമിക്കണം. ഒരു പോലീസ്‌കാരനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല. ചേട്ടൻ തന്നെ ഒന്ന് ഒഴിഞ്ഞു തരണം..”പതിവുപോലെ ഇന്നും സ്ഥിരം പല്ലവി തന്നെ. കുടിച്ചു കൊണ്ടിരുന്ന ചായ കപ്പ് അരമതിലിൽ വെച്ചു പതിയെ ഞാൻ എഴുനേറ്റു. എന്റെ മുഖത്തു കാര്യമായ ഒരു വെത്യാസവും വന്നിരുന്നില്ല. എത്രാമത്തെ പെണ്ണുകാണൽ ആണ്. എല്ലാവർക്കും പറയാനുള്ളത് ഈ വാക്കുകൾ മാത്രം. കാരണം ചോദിച്ചാലോ? “പോലിസുകാർ വായിനോക്കികൾ ആണത്രേ… ഒരു കുടുംബം നന്നായി നോക്കാൻ അവർക്കാവില്ല അത്രേ..”
മറുത്തൊന്നും പറഞ്ഞില്ല. ആരുടെയും അഭിപ്രായങ്ങൾ മാറ്റി മറിക്കാനും നിന്നില്ല. പെണ്ണിനെ ഇഷ്ടമായില്ല എന്നും പറഞ്ഞു പടി ഇറങ്ങി. അവൾക്കു താല്പര്യം ഇല്ലെങ്കിൽ പിന്നെ നിര്ബന്ധിക്കെണ്ടല്ലോ. തിരികെ പോകും വഴി അമ്മയുടെ ശകാരങ്ങൾ ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നു. “എത്ര പെണ്ണ് കണ്ടു ഒറ്റ ഒരാളെ ഇവനു ഇഷ്ടമാവില്ല… ഇന്ന് കണ്ട പെണ്ണിന് എന്തായിരുന്നു കുഴപ്പം.. ? ഇനി ആരു വരുമെന്നാ? ”
അമ്മയുടെ കുത്തു വാക്കുകൾ ഓരോന്നായി ഏറ്റു വാങ്ങിയപ്പോളും തിരിച്ചൊന്നും പറയാതെ നിശബ്ദനായി ഞാൻ ഇരുന്നു കൊടുത്തു. ഓർമ്മകൾ എങ്ങോട്ടോ കൂട്ടി കൊണ്ട് പോകുന്നപോലെ. ചെറുപ്പത്തിലെ ഒരു പട്ടാളക്കാരനാകാനായിരുന്നു എനിക്ക് താല്പര്യം. എന്നാൽ അമ്മേയെയും അച്ഛനെയും പിരിഞ്ഞ് അതിർത്തിയിൽ കാവലിരിക്കേണ്ടി വരുമെന്നോർത്തു പോലീസ് ആവാൻ ഞാൻ തീരുമാനിച്ചു. രാജ്യത്തെ സംരഷിക്കുന്നതു പോലെ മഹത്വരാമാണല്ലോ ജനങ്ങൾക്ക് കാവലാകുന്നത്.
വർഷം തോറും നടത്തി വരുന്ന പരീക്ഷയിൽ ഞാനും പങ്കെടുത്തു. പോലീസ്‌കാരൻ ആവാൻ പരീക്ഷ ജയിച്ചാൽ പോരല്ലോ. രാപകൽ കഷ്ടപെട്ടു ശരീരം നന്നാക്കി. ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു. എന്നും രാവിലെ കിലോമീറ്ററോളം ഓടാനും ജിമിൽ പോകാനും തുടങ്ങി. കായിക ക്ഷമതയും ശാരീക പരിശോധനയും വിജയകരമായി പൂർത്തിയാക്കി. പ്രതീക്ഷിച്ച പോലെ ജോലി കിട്ടി.
വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും സന്തോഷം ആയി. “ഗവണ്മെന്റ് ജോലി അല്ലേ. അതും പോലീസ്. ചുമ്മാ ഇരുന്നാൽ മതി ശമ്പളവും കിമ്പളവും എല്ലാം കൂടെ മാസം നല്ലൊരു തുക കിട്ടും.” ആളുകളുടെ അടക്കം പറച്ചിൽ ഞാൻ ചെവി കൊണ്ടിരുന്നില്ല. കാരണം ശമ്പളവും പെൻഷനും ഒന്നും എന്നേ സ്വാധിനിച്ചിരുന്നില്ല. സാധാരണ ആളുകളുടെ കാവൽക്കാരായി ഒരു സാധാ പോലീസ്‌കാരനായി തീരാനായിരുന്നു എന്റെ ലക്‌ഷ്യം.
55000 ബോണ്ടായി കെട്ടി വെച്ചാണ് ഓരോ പോലീസ്‌കാരനും ജോലിക്ക് കയറുന്നത്. അതൊന്നും അറിയാതെ എല്ലാർക്കും പറഞ്ഞു നടക്കാൻ ഒരാളായി തീരുകയായിരുന്നു ഞാൻ. എല്ലാവർക്കും അറിയണ്ടത് ശബളം മാത്രം. ജോലിക്ക് കയറിയ ആദ്യത്തെ ഒമ്പതു മാസത്തെ ട്രെയിനിംഗ്. ചൂടും തണുപ്പും സഹിച്ചു രാവന്തിയോളം പരിശീലനം. അതി കടിഞ്ഞമായ ശിക്ഷകൾ. ആഹാരം കഴിക്കുമ്പോൾ ഒന്ന് സംസാരിച്ചാൽ ആയിരം തവണ “ഇനി സംസാരിക്കില്ല” എന്ന് എഴുതിപ്പിക്കുമായിരുന്നു. ചൂടായാലും തണുപ്പായാലും രാവിലെ 5. 30 തുടങ്ങുന്ന പരിശീലനങ്ങൾ അത് കഴിഞ്ഞുള്ള പരേഡ്. എന്തേലും തെറ്റ് പറ്റിയാൽ തോക്കും പിടിച്ചു മൈതാനം പത്തു തവണ വരെ ഓടിപ്പിക്കും. ചിലപ്പോൾ ഒരാൾ ചെയ്യുന്ന തെറ്റിന് മറ്റുള്ളവർ കൂടെ അനുഭവിക്കും. ഇതിനിടയിൽ ഉള്ള 36 ഓളം പരീക്ഷകൾ. ഇതിനിടയിൽ നീന്തൽ, ഓട്ടം, തോക്ക് ഉപയോഗിക്കാൻ, വാഹനങ്ങൾ ഓടിക്കാനുള്ള പരിശീലങ്ങൾ വേറെയും.
എല്ലാം കഴിഞ്ഞു പോലീസ്‌കാരൻ ആയാലോ ക്യാമ്പിലേക്ക് മാറണം. എപ്പോളാണ് ഡ്യൂട്ടി എന്ന് പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പ്, പൂരം പോലുള്ളവ മുൻകൂട്ടി അറിയാം. ഹർത്താൽ, പ്രാദേശിക പ്രശ്നങ്ങൾ ഇവയൊക്കെ വന്നാൽ പെട്ടന്നാവും തയ്യാറാവേണ്ടി വരുക. അടിയന്തരമായി അവധി എടുക്കണ്ട വരുമെന്ന് പറഞ്ഞു അവധികൾ അനുവദിക്കാറില്ല. അനുവദിച്ചാൽ തന്നെ ഒന്നോ രണ്ടൊ ദിവസം. നാട്ടിൽ ഗവണ്മെന്റ് ശമ്പളം കൈപറ്റിയിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതിരിക്കണ്ട അവസ്ഥ. മറ്റുചിലർക്ക് ഭാര്യയെയും കുട്ടികളെയും.
പാവപ്പെട്ടവർക്ക് വേണ്ടി ശബ്‌ദിക്കാൻ ഞങ്ങൾ ഉണ്ട്. എന്നാൽ ഞങ്ങൾക്ക് വേണ്ടിയോ? കാണുന്നവർക്കു ഒരു പണിയുമില്ലാതെ വായി നോക്കി നടക്കുന്ന പോലീസ്‌കാരെ അറിയൂ. എന്നാൽ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു അക്രമശക്തരായ ഒരു കൂട്ടം ആളുകളെ നേരിടാൻ ഒരു ലാത്തി കൊണ്ട് പോകുന്ന സാധാരണ പോലീസ്‌കാരെ ആരേലും അറിഞ്ഞിട്ടുണ്ടോ? അതി കഠിനമായ പരിശീലങ്ങളൂം ശിക്ഷകളും അനുഭവിച്ചിട്ടാണ് ഈ യൂണിഫോം സ്വന്തമാക്കിയെന്നു ആരേലും ഓർത്തിട്ടുണ്ടോ? പെട്ടന്നുണ്ടാവുന്ന ആക്രമണത്തിൽ വടിവാളിനെയും കത്തിയെയും നെഞ്ചും വിരിച്ചു നേരിടുന്നവരെ കണ്ടിട്ടുണ്ടോ? ജോലി ഇല്ലെങ്കിൽ പോലും വീട്ടിൽ പോകനോ സന്തോഷനിമിഷങ്ങളിൽ പങ്ക്എടുക്കാൻ കഴിയാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു സാധാരണ പോലീസ്‌കാരന്റെ ജീവിതം ഇങ്ങനെയൊക്കെ ആണ്.
എല്ലാം ഓർത്തു എന്റെ മിഴികൾ നിറഞ്ഞിരുന്നു. അപ്പോളും അമ്മയുടെ ശാസന കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. “നീ ഇങ്ങനെ കെട്ടാതെ നടന്നോ. അതെ നിനക്ക് പറഞ്ഞിട്ടുള്ളൂ. കുടുംബമായാൾ ഭാര്യയും കുട്ടികളെയൊക്കെ സംരക്ഷിക്കേണ്ടി വരുമല്ലോ.” സാധാരണക്കാർക്കായി ജീവൻ പണയപ്പെടുത്തുന്ന ഞങ്ങൾക്ക് സ്വന്തം ഭാര്യയേ സംരക്ഷിക്കാനാണോ കഴിയാത്തത്? മനസ്സിൽ പറഞ്ഞത് മനസ്സിൽ തന്നെ അടക്കി വെച്ചു ഒരു ചെറു പുഞ്ചിരിയോടെ കാറിന്റെ സീറ്റിലേക്ക് ഞാൻ തല ചാരി.
ഈ നാട്ടിലെ എല്ലാ നല്ലവരായ പോലീസ്കാർക്കും സ്നേഹത്തോടെ സമർപ്പിക്കുന്നു.
കടപ്പാട് – സതീഷ് പി.റ്റി, ചിത്രം-കെൽവിൻ കാവശ്ശേരി.