അനുഭവക്കുറിപ്പ് – അപർണ നായർ.
ചില കാര്യങ്ങൾ അറിഞ്ഞാൽ സമൂഹത്തെ കൂടെ അറിയിക്കേണ്ട കടമയും കൂടിയുണ്ട് എന്നൊരു വിശ്വാസം ഉള്ളതുകൊണ്ട് ഒരു ചെറിയ കുറിപ്പ് എഴുതുകയാണ്.
ശാസ്തമംഗലം ഗവ: എൽപി സ്കൂളിൽ നിർമിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ പോകാറുണ്ട്. അത്തരം ഒരു പോക്കിലാണ് അവനെ ആദ്യമായി കണ്ടത്. 7 – 8 വയസ്സുള്ള ഒരാൺകുട്ടി. ഓട്ടിസം ഉണ്ടെന്ന് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി. അത്തരം കുട്ടികൾക്കിടയിൽ ജോലി ചെയ്തിട്ടുള്ള പരിചയം വെച്ച് അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു.
അപ്പോൾ ഹെഡ്മിസ്ട്രസ് അവനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നു. അച്ഛൻ മുഴുക്കുടിയാണ്, അമ്മ വീട്ടുവേലകൾക്ക് പോകുന്നു. ഒരു അനിയത്തിയും. അമ്മ ജോലിയെടുത്തു കൊണ്ടുവരുന്ന പണവും അച്ഛൻ കുടിക്കാൻ കൊണ്ടു പോകും. സ്കൂളിൽ എന്നും വരാറില്ല. വണ്ടിക്കൂലി ഇല്ലാത്തതാണ് കാരണം. ഇടയ്‌ക്കൊക്കെ ടീച്ചർ സഹായിക്കും, എപ്പോഴും പറ്റില്ലല്ലോ. എന്നൊക്ക അവനെ കുറിച്ചു പറഞ്ഞത് കേട്ടിരുന്നു. പിന്നീടാണ് അവന്റെ ഹൃദയത്തിനും ചെറിയ പ്രശ്‌നം ഉണ്ടെന്നറിഞ്ഞത്. പക്ഷെ എപ്പോൾ ചെന്നാലും സ്നേഹത്തോടെ ഓടിവരുന്ന മുഖങ്ങളിൽ ഒന്നു അവന്റെത് തന്നെ ആയിരിക്കും.
ഈ കഴിഞ്ഞ ദിവസം അവനു ഒരു സർജറി ആവശ്യമുണ്ടെന്നു ടീച്ചർ പറഞ്ഞത് കേട്ട് അന്വേഷിക്കാൻ പോയതാണ്. അപ്പൊ ടീച്ചർ പറഞ്ഞു, “കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി. നമ്മുടെ ഈ കുട്ടിയുടെ അച്ഛൻ മദ്യപിച്ചു വന്ന് അവന്റെ ബാഗും ബുക്കും കത്തിച്ചു കളഞ്ഞു. അവനത് വല്ലാത്ത സങ്കടമായി. പിറ്റേന്ന് രാവിലെ ഇവൻ ആരും കാണാതെ ഒരു ഓട്ടോയിൽ കയറി പോയി. ഏതൊക്കെയോ സ്ഥലപ്പേരുകൾ പറഞ്ഞ കുട്ടിയെ സംശയം തോന്നിയ ഓട്ടോഡ്രൈവർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പഠിക്കുന്ന സ്കൂളിന്റെ പേര് പറഞ്ഞത് കൊണ്ട് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു. വീട്ടുകാരും ടീച്ചറും എത്തുന്നത് വരെ ആ കുട്ടിയേ തികഞ്ഞ സ്നേഹത്തോടെയും വാത്സല്യത്തോടെയും അവിടെയുള്ള പോലീസ്‌കാർ നോക്കി. “എന്താ മോന് വേണ്ടത്” എന്നുള്ള അവരുടെ സ്നേഹം നിറഞ്ഞ ചോദ്യത്തിന് – “ഒരു ബാഗും ചെരിപ്പും” എന്നാണവൻ പറഞ്ഞത്.” ടീച്ചർ പറഞ്ഞു നിർത്തി.
പൊലീസ് മാമന്മാർ വാങ്ങി കൊടുത്ത ബാഗും ചെരിപ്പുമിട്ടു അവനെക്കുറിച്ചു എന്നോട് പറയുന്നതൊക്കെ കേട്ടു നിന്ന അവൻ ചിരിച്ചു കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു. സത്യത്തിൽ ആ പോലീസുകാരോട് തോന്നിയ ബഹുമാനം. വാക്കുകളില്ല പറഞ്ഞു തീർക്കാൻ. അവനത് വാങ്ങി കൊടുത്ത കാക്കിക്കുള്ളിലെ ആ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും.