യാത്രയ്ക്കിടയിൽ ബസ്സുകൾക്ക് എന്തെങ്കിലും ചെറിയ കേടുപാടുകളോ, ടയർ പഞ്ചറാകുകയോ മറ്റോ സംഭവിച്ചാൽ നിമിഷങ്ങൾക്കകം അതു പരിഹരിച്ചു കൊണ്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ വീണ്ടും യാത്ര തുടരുന്ന പ്രൈവറ്റ് ബസ്സുകാരുടെ രീതി പ്രശംസനീയം തന്നെയാണ്. ഒരിക്കലെങ്കിലും നമ്മൾ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലൊരു അനുഭവത്തിനു സാക്ഷ്യം വഹിച്ചിട്ടുമുണ്ടാകാം.
എന്നാൽ വലിയ ഭാരമുള്ള ടയറുകൾ കൈകാര്യം ചെയ്യുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല എന്നും അപകടസാധ്യതയില്ല എന്നും ബസ് ജീവനക്കാർ ഉറപ്പു വരുത്തേണ്ടതായുണ്ട്. ഇപ്പോൾ ഇതു പറയുവാൻ കാരണം എന്തെന്നാൽ, ദിവസങ്ങൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ വൈ.പി. സക്കീർ എന്ന ഒരു യാത്രക്കാരൻ പങ്കുവെച്ച ഒരനുഭവമാണ്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.
“ഇന്ന് കോഴിക്കോട് ചുങ്കം ബസ് സ്റ്റോപ്പിൽ ബസ് കയറാൻ ഞാനടക്കമുള്ള യാത്രക്കാർ സ്റ്റോപ്പിൽ നിൽക്കുന്ന സമയം ഈ ഫോട്ടോയിൽ കാണുന്ന സ്വകാര്യ LS ബസ് വന്ന് സ്റ്റോപ്പിനോട് ചേർന്ന് നിർത്തി. ശേഷം ചെയ്ത പണി – ഒരുത്തൻ ബസിന്റെ മുകളിലേക്ക് വലിഞ്ഞ് കയറി. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ ബസ് നിർത്തിയിട്ടതിനും സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാരുടെയും ഇടയിൽ വരുന്ന ചെറിയ സ്ഥലത്തേക്ക് ബസിന്റെ മുകളിലുണ്ടായിരുന്ന ടയർ തള്ളിയിട്ടു. അപ്രതീക്ഷിതമായ് യാത്രക്കാരുടെ മുന്നിൽ വീണ ടയർ നിലത്ത് നിന്നും വീണ്ടും ഉയർന്ന് പൊങ്ങി യാത്രക്കാരുടെ ദേഹത്തേക്ക് വന്നു.
ഞാനും മറ്റു യാത്രക്കാരും അവിടെ നിന്നും ഓടി മാറി. പെട്ടെന്ന് മാറാൻ കഴിയാത്ത എന്റെ സുഹൃത്തിന്റെ നേരേക്ക് വന്ന ടയർ അവൻ കാല് കൊണ്ട് ചവിട്ടി നിർത്തി. സുഹൃത്തിന്റെ സ്ഥാനത്ത് വല്ല സ്ത്രീകളോ കുട്ടികളോ ആയിരുന്നെങ്കിൽ സീൻ മറ്റൊന്നാകുമായിരുന്നു. ഞങ്ങളും മറ്റു യാത്രക്കാരും സംഭവം ചോദ്യം ചെയ്തപ്പോൾ ഒന്നും മിണ്ടാതെ ബസ് എടുത്ത് പോകുകയും പിന്നീട് മറ്റൊരാൾ വന്ന് ടയർ ഓട്ടോയിൽ കയറ്റി കൊണ്ടു പോകുകയും ചെയ്തു. അധിക സ്റ്റോപ്പ് ഒഴിവാക്കാനാണ് ടയർ നിലത്തിടാൻ ബസ് സ്റ്റോപ്പ് തന്നെ ഇവർ തെരഞ്ഞെടുത്തത്. വിമർശനം മറ്റൊരു രീതിയിൽ കൊണ്ടു പോകാൻ അറിയാത്തത് കൊണ്ടല്ല. ഇത്തരം വിവരക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ എഴുതിയത് എന്ന് കൂടി ചേർക്കുന്നു.”
സംഭവം വളരെ നിസ്സാരമായി തോന്നാമെങ്കിലും, വലിയൊരു അപകടം ഇത്തരം ഈസി പ്രവൃത്തികളിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന സത്യം ബസ് ജീവനക്കാർ മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഓട്ടത്തിനിടത്തിൽ സമയം നഷ്ടപ്പെടുത്താതെ ടയർ മാറ്റിയത് നല്ല കാര്യം തന്നെയാണ്. പക്ഷേ അത് ചെയ്ത സ്ഥലവും സമയവുമൊക്കെയാണ് തെറ്റിപ്പോയത്. ഇത് ഒരിക്കലും പ്രൈവറ്റ് ബസ് ജീവനക്കാരെ കുറ്റപ്പെടുത്താനുള്ള ഒരു ലേഖനമായി കണക്കാക്കരുത്. ഇനിയും ഇതുപോലെ തുടർന്നാൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകിയെന്നു മാത്രം. എല്ലാ ബസ് ജീവനക്കാരും ഈ കാര്യം ഇനി ഒന്ന് ശ്രദ്ധിക്കുമല്ലോ…